•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഏതാണു പ്രധാനം രോഗനിര്‍ണയമോ ചികിത്സയോ?

രോഗങ്ങളെ പൂര്‍ണമായും ശാശ്വതമായും സുഖപ്പെടുത്തുന്നതില്‍ രോഗനിര്‍ണയത്തിനോ ചികിത്സയ്‌ക്കോ കൂടുതല്‍ പ്രാധാന്യം? രണ്ടിനും തുല്യപ്രാമുഖ്യമെന്നു പറയുന്നതാവും കൂടുതല്‍ ശരി. കാരണം, എത്ര കൃത്യമായി രോഗനിര്‍ണയം ചെയ്താലും ഫലപ്രദമായ ചികിത്സ കിട്ടിയില്ലെങ്കില്‍ എന്തു പ്രയോജനം? അതുപോലെ എത്രയൊക്കെ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളുണ്ടെങ്കിലും രോഗനിര്‍ണയം ശരിയായ ദിശയിലല്ലെങ്കില്‍ ചികിത്സ പാളുകതന്നെ ചെയ്യും. ഹൃദ്രോഗചികിത്സയുടെ കാര്യത്തില്‍ ഈ വസ്തുത ഏറെ പ്രസക്തമാകുന്നു. 
ഇ.സി.ജി. യും ട്രെഡ്മില്‍ ടെസ്റ്റും
1903 ല്‍ ഡച്ചുകാരനായ വില്യം ഐന്‍ത്തോവന്‍ കണ്ടുപിടിച്ച ഇലക്‌ട്രോകാര്‍ഡിയോഗ്രാം ഹൃദ്രോഗനിര്‍ണയത്തിന് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത പരിശോധനയാണ്. ഈ അഭൂതപൂര്‍വമായ കണ്ടുപിടിത്തത്തെ ആദരിച്ചുകൊണ്ട് വില്യം ഐന്‍ത്തോവന് 1924 ലെ നൊബേല്‍സമ്മാനം നല്‍കി. ഹൃദയോത്തേജനവേളയിലുണ്ടാകുന്ന വൈദ്യുതിപ്രസരണങ്ങളെ അതീവതന്മയത്വത്തോടെ കടലാസില്‍ രേഖപ്പെടുത്തുന്ന സവിശേഷപരിശോധനാരീതിയാണ് ഇ.സി.ജി. പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദന ഹാര്‍ട്ടറ്റാക്ക് മൂലമാണോ അല്ലയോ എന്ന് നിര്‍ണയം ചെയ്യുന്നത് ഇ.സി.ജി. മുഖാന്തരമാണ്. കൂടാതെ, ഹൃദയസംബന്ധമായ തലകറക്കവും ബോധക്ഷയവും ജന്മജാതഹൃദ്രോഗം, ഹൃദയവാല്‍വുകളുടെ തകരാറുകള്‍, പ്രഷറിന്റെ ആധിക്യംമൂലം ഹൃദയഭിത്തിയിലുണ്ടാകുന്ന പരിവര്‍ത്തനം, ഹോര്‍മോണുകളുടെ  അമിതസ്രാവമുണ്ടാക്കുന്ന നെഞ്ചിടിപ്പ് തുടങ്ങിയവയെല്ലാം ഇ.സി.ജി. ഉപയോഗിച്ച് ഏറെക്കുറെ നിര്‍ണയിക്കാം.
ആയാസപ്പെടുമ്പോഴുണ്ടാകുന്ന നെഞ്ചുവേദന ഹൃദ്രോഗാനന്തരമാണോയെന്നു തിട്ടപ്പെടുത്താന്‍ ഉപയോഗിക്കുന്ന പരിശോധനാവിധിയാണ് ട്രെഡ്മില്‍ ടെസ്റ്റ്. ആയാസപ്പെടുമ്പോള്‍ അമിതാധ്വാനം ചെയ്യുന്ന ഹൃദയപേശികള്‍ക്ക് അധികമായി വേണ്ടിവരുന്ന രക്തം ബ്ലോക്കുള്ള ഹൃദയധമനികളിലൂടെ  ഒഴുകിയെത്തുകയില്ല. തന്മൂലം ഹൃദയപേശികളില്‍ രക്തദാരിദ്ര്യമുണ്ടാകുമ്പോള്‍ നെഞ്ചുവേദനയുണ്ടാകുന്നു. ഈ പ്രതിഭാസമാണ് ട്രെഡ്മില്ലിലൂടെ വേഗത്തില്‍ നടക്കുന്ന രോഗിയിലെടുക്കുന്ന ഇസിജിയില്‍ പ്രകടമാകുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ കൂടുതലായി ആവശ്യം വരുന്ന പരിശോധനകളും ചികിത്സയും സംവിധാനം ചെയ്യും. ഹൃദ്രോഗമുണ്ടോയെന്നു കണ്ടുപിടിക്കുക, ഹാര്‍ട്ടറ്റാക്കിനുശേഷം രോഗിയുടെ അവസ്ഥ അപ്പപ്പോള്‍ വിലയിരുത്തുക, മരുന്നുകളുടെ ഫലം രേഖപ്പെടുത്തുക, ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രക്രിയ തുടങ്ങിയ ചികിത്സാവിധികളുടെ ആവശ്യകത നിര്‍ണയിക്കുക തുടങ്ങി നിരവധി വിവരങ്ങള്‍ ഈ ടെസ്റ്റ് ചെയ്യുന്നതിലൂടെ ലഭ്യമാണ്. ട്രെഡ്മില്‍ടെസ്റ്റ് ചെയ്യുന്നതിന് പ്രത്യേക പ്രായപരിധിയില്ലെങ്കിലും ശാരീരികമായി മറ്റസ്വസ്ഥതകളില്ലാത്തവരിലാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. ശാരീരികമായി ഈ ടെസ്റ്റ് പൂര്‍ത്തീകരിക്കാന്‍ ത്രാണിയുണ്ടായിരിക്കണമെന്നര്‍ഥം. ഹൃദയേതരരോഗാവസ്ഥകള്‍ അമിതമുള്ളവര്‍ക്ക് ഈ ടെസ്റ്റ്  നിര്‍ദ്ദേശിക്കാറില്ല.
ഹോള്‍ട്ടര്‍ മോനിട്ടറിംഗ്
അമേരിക്കക്കാരനായ നോര്‍മല്‍ ജെഫ്‌റി ഹോള്‍ട്ടര്‍ 1962 ല്‍ കണ്ടുപിടിച്ച ഹോള്‍ട്ടര്‍ മോനിട്ടറിംഗ് ഹൃദയസ്പന്ദനത്തിലെ താളപ്പിഴകള്‍ മനസ്സിലാക്കി ചികിത്സ സംവിധാനം ചെയ്യുന്നതിന് അത്യന്താപേക്ഷിതമാണ്. കൂടക്കൂടെയുണ്ടാകുന്ന നെഞ്ചിടിപ്പ്, തലകറക്കം, ബോധക്ഷയം ഇവയുടെ കാരണം കണ്ടെത്താന്‍ ഈ ടെസ്റ്റ് ഉപയോഗപ്രദമാകുന്നു. ഒരു ചെറിയ ഇ.സി.ജി. റിക്കോര്‍ഡര്‍ 24-48 മണിക്കൂര്‍ ശരീരത്തില്‍ ഘടിപ്പിക്കുന്നു. ഈ സമയപരിധിയില്‍ ഒരാളുടെ ഹൃദയസ്പന്ദനവൈകല്യങ്ങള്‍ രേഖപ്പെടുത്തുന്നു. ഹൃദയസ്പന്ദനവേഗം കുറഞ്ഞതുകൊണ്ട് പേസ്‌മേക്കര്‍ പിടിപ്പിക്കുന്നതിനുമുമ്പ് തീര്‍ച്ചയായും ഈ പരിശോധന നടത്തി സ്ഥിതി വിലയിരുത്തണം.
എക്കോകാര്‍ഡിയോഗ്രാമും ഡോപ്‌ളറും
അതിസൂക്ഷ്മശബ്ദതരംഗങ്ങള്‍ (അള്‍ട്രാസൗണ്ട്) പ്രത്യേക ഉപകരണംവഴി ഹൃദയത്തിലൂടെ കടത്തിവിട്ട് അതിന്റെ ആനുപാതികപ്രതിധ്വനിസവിശേഷതകള്‍ മോനിട്ടറില്‍ ചിത്രീകരിക്കുന്നതാണ് എക്കോ കാര്‍ഡിയോഗ്രാഫി പരിശോധന. സ്വീഡന്‍കാരനായ ഇങ്ങെ ഏഡ്‌ലറും ജര്‍മന്‍കാരനായ ഹെല്‍മുത്ത് ഹേര്‍റ്റ്‌സുംകൂടിയാണ് ഈ പരിശോധനാസംവിധാനം 1953 ല്‍ കണ്ടുപിടിച്ചത്. ഏഡ്‌ലര്‍ ഹൃദ്രോഗവിദഗ്ധനും  ഹേര്‍റ്റ്‌സ് ഊര്‍ജതന്ത്രജ്ഞനുമായിരുന്നു. ലോകശ്രദ്ധയെ ഹഠാദാകര്‍ഷിച്ച ഈ പ്രഖ്യാതമായ കണ്ടുപിടിത്തത്തെ  പുരസ്‌കരിച്ചുകൊണ്ട് ഇവര്‍ക്ക് നൊബേല്‍സമ്മാനം നല്‍കാന്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും കിട്ടിയില്ല. 1977 ല്‍ അമേരിക്കയുടെ ലാസ്‌കര്‍ സമ്മാനം രണ്ടുപേര്‍ക്കും ലഭിച്ചു. ഹൃദയത്തിന്റെയും വലിയ ധമനികളുടെയും സമൂലമായ ഘടനയാണ് ഈ പരിശോധനയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഹൃദയത്തിലേക്കുള്ള കണ്ണാടിയെന്നു വേണമെങ്കില്‍ പറയാം. ഹൃദയഭിത്തികളുടെ ചലനശേഷി, ചലനമാന്ദ്യം, ഹൃദയഅറകളുടെ സമൂലമായ സങ്കോചനക്ഷമത, വാല്‍വുകളുടെ ഘടന, ഹൃദയത്തിലെ മഹാധമനിയുടെയും പള്‍മണറി  ആര്‍ട്ടറിയുടെയും ഘടന, ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന പെരികാര്‍ഡിയല്‍ സഞ്ചിയുടെ ഘടനാവൈകല്യങ്ങള്‍ തുടങ്ങിയ കാതലായ വിവരങ്ങള്‍ ഈ പരിശോധനയിലൂടെ ലഭിക്കുന്നു.
1842 ല്‍ ഓസ്ട്രിയക്കാരനായ ക്രിസ്റ്റ്യന്‍ യോഹാന്‍ ഡോപ്‌ളര്‍ കണ്ടുപിടിച്ച ഡോപ്‌ളര്‍ സിദ്ധാന്തത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത പരിശോധനയാണ് ഹൃദയഅറകളിലെയും ധമനികളിലെയും രക്തപ്രവാഹത്തെ വ്യക്തമായി നിരീക്ഷിക്കുന്ന ഡോപ്‌ളര്‍ പരിശോധന.  വാല്‍വുകളിലൂടെയും ആര്‍ട്ടറികളിലൂടെയും ഒഴുകുന്ന രക്തത്തിന്റെ ഗതിവിഗതികളെ മനസ്സിലാക്കി ഇവയുടെ ഘടനാവൈകല്യത്തിന്റെ കാഠിന്യം മനസ്സിലാക്കുന്നു. ഹൃദയവാല്‍വ് എത്രമാത്രം ചുരുങ്ങിയിട്ടുണ്ടെന്ന് കൃത്യമായി പഠിച്ച് ശസ്ത്രക്രിയ നിര്‍ദേശിക്കാന്‍ ഈ പരിശോധന അത്യന്താപേക്ഷിതമാണ്.
സി.റ്റി. ആന്‍ജിയോഗ്രാഫി
ഹാര്‍ട്ടറ്റാകുണ്ടാകുന്ന 30-50 ശതമാനം രോഗികളിലും മുമ്പ് യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിട്ടില്ല എന്ന യാഥാര്‍ഥ്യത്തെ പരിഗണിച്ചുകൊണ്ട് ഹൃദ്രോഗസാധ്യതയും തീവ്രതയും വിലയിരുത്താന്‍ ഇന്നു പ്രധാനമായി ഉപയോഗിക്കുന്ന പരിശോധനാസംവിധാനമാണ് കമ്പ്യൂട്ടട് ടുമോഗ്രാഫി ആന്‍ജിയോഗ്രാഫി. കൊറോണറി ധമനികളില്‍ കാണപ്പെടുന്ന കാത്സ്യം ധമനികളിലെ പൊതുവായ ജരിതാവസ്ഥയുടെ തീവ്രതയെ സൂചിപ്പിക്കുന്നു. കൊറോണറി ധമനികളില്‍ 'ഡൈ' കുത്തിവച്ച് അവ കൃത്യമായി ടുമോഗ്രാഫിയില്‍ നിരീക്ഷിച്ച് കാത്സ്യത്തിന്റെ വ്യാപനം തിട്ടപ്പെടുത്തി ഹൃദ്രോഗതീവ്രത കണ്ടുപിടിക്കുന്നു. ഹൃദ്രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ക്കൂടി ഒരു 'സ്‌ക്രീനിംഗ്' പരിശോധനയായി ഇപ്പോള്‍ സി.റ്റി. ആന്‍ജിയോഗ്രാഫി  പ്രചുരപ്രചാരം നേടുന്നുണ്ട്.
ന്യൂക്ലിയര്‍ സിന്റിഗ്രാഫിയും പെറ്റ് സ്‌കാനും
1947 ല്‍ രംഗപ്രവേശം ചെയ്ത സ്‌ട്രെസ് താലിയം സിന്റിഗ്രാഫി ഹൃദ്രോഗസാധ്യതയും തീവ്രതയും കണ്ടുപിടിക്കുന്നതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. റേഡിയോ പ്രസരണശക്തിയുള്ള പദാര്‍ത്ഥങ്ങള്‍ ചെറിയ അളവില്‍ കുത്തിവച്ച്, അവ ഹൃദയപേശികളിലെ  രക്തസഞ്ചാരമുള്ള ഭാഗത്ത് കുമിഞ്ഞുകൂടുന്നതു നിരീക്ഷിച്ച് ഹൃദ്രോഗകാഠിന്യം പഠിക്കുന്നു. ഹൃദയപേശികളില്‍ ചെന്നുപറ്റിയ റേഡിയോ ആക്ടീവ് ട്രേസറുകള്‍ പുറപ്പെടുവിക്കുന്ന ഗാമാരശ്മികള്‍ ഗാമാക്യാമറ വഴി അളന്ന് ചിത്രങ്ങളായി മോനിട്ടറില്‍ നിരീക്ഷിച്ച് ഹൃദയഭിത്തികളിലെ രക്തയോട്ടമില്ലാത്ത ഭാഗങ്ങള്‍ കണ്ടെത്തുന്നു. പല പ്രാവശ്യം ഹാര്‍ട്ടറ്റാക്ക് കഴിഞ്ഞ രോഗികളില്‍ ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസോ ചെയ്യുന്നതിനുമുമ്പ്, ഇത്തരം ചികിത്സകള്‍ രോഗിക്കു പ്രയോജനപ്പെടുമോയെന്നു  നിശ്ചയിക്കാന്‍ ഈ പരിശോധന സഹായിക്കുന്നു. വടു (സ്‌കാര്‍) ആയിപ്പോയ  ഹൃദയഭിത്തികളിലേക്കു രക്തമെത്തിച്ചുകൊടുക്കാന്‍ കൊറോണറി ധമനി തുറന്നുകൊടുത്തതുകൊണ്ട് പ്രയോജനമുണ്ടാകില്ലായെന്നോര്‍ക്കണം.
പെറ്റ് സ്‌കാന്‍ (പോസിട്രോണ്‍ എമിഷന്‍ ടുമോഗ്രാഫി) അതിസൂക്ഷ്മമായി പേശികളിലെ രോഗാതുരത അനാവരണം ചെയ്യുന്ന അതിനൂതന പരിശോധനാസംവിധാനമാണ്. റേഡിയോ ആക്ടീവ് ട്രേസറുകള്‍  കുത്തിവച്ച് അവയുടെ പ്രസരണം അളന്ന്  ഹൃദയപേശികളുടെ ഘടനയും പ്രവര്‍ത്തനക്ഷമതയും തിട്ടപ്പെടുത്തുന്നു.
എം.ആര്‍.ഐ.
1945 ല്‍ ബ്ലോഹും പര്‍സെലുംകൂടി കാന്തശക്തിയുപയോഗിച്ചുള്ള ഈ സവിശേഷപരിശോധനാസംവിധാനം കണ്ടുപിടിച്ചു. എഴുപതുകളില്‍ ദമാഡിയനും ലൗട്ടര്‍ബറുംകൂടി കാന്തപരിശോധനയെ (മാഗ്നെറ്റിക് റെസൊണന്‍സ് ഇമേജിംഗ്) കൂടുതല്‍ പരിഷ്‌കരിച്ചു. ഹൃദയഅറകളെ, ഘടനയെ, വാല്‍വുകളുടെ ഘടനയെ, സമൂലമായ പ്രവര്‍ത്തനക്ഷമതയെ അതിസൂക്ഷ്മം നിരീക്ഷിച്ച് ചികിത്സ സംവിധാനം ചെയ്യാന്‍ എം.ആര്‍.ഐ. ഏറെ പ്രയോജനപ്പെടുന്നു. ജന്മജാതഹൃദ്രോഗത്തിന്റെ നിര്‍ണയത്തിന് ഇതു വളരെ പ്രയോജനപ്പെടുന്നു. ഹൃദയപേശികളുടെ അപചയം, തടിപ്പ്, ഹൃദയത്തിലെ ട്യൂമറുകള്‍, ഹൃദയാവരണത്തിന്റെ (പെരിക്കാര്‍ഡിയം) ഘടനാവൈകല്യങ്ങള്‍ എല്ലാം രോഗനിര്‍ണയം ചെയ്യാന്‍ ഇന്ന് എം.ആര്‍.ഐ. മുമ്പന്തിയില്‍ നില്‍ക്കുന്നു.
കൊറോണറി 
ആന്‍ജിയോഗ്രാഫി

ജര്‍മനിയിലെ എബേഴ് വള്‍സില്‍ 1929 ല്‍ വേര്‍ണര്‍ ഫ്രോസ്മാന്‍ തന്റെ ഇടതുകൈയിലെ ഞരമ്പിലൂടെ ഒരു കത്തീറ്റര്‍ കടത്തി അതിന്റെ അഗ്രം ഹൃദയത്തിന്റെ വലത്തെ മേലറയിലെത്തിച്ചതാണ് കാര്‍ഡിയാക് കത്തീറ്ററെറസേഷന്റെ തുടക്കം. പിന്നീട് ഡെക്സ്റ്റര്‍ (1947), സെല്‍സിങ്ങര്‍ (1953), സോണ്‍സ് (1959), ജഡ്കിന്‍സ് (1967) തുടങ്ങിയവരെല്ലാം ഈ പരിശോധനയെ പരിഷ്‌കരിച്ച് ഏറെ ജനകീയമാക്കി. നെഞ്ചുവേദനയ്ക്കും ഹാര്‍ട്ടറ്റാക്കിനും കാരണമായ കൊറോണറി ധമനിയിലെ ബ്ലോക്ക് കണ്ടുപിടിച്ച്, അതിന്റെ തീവ്രത വിലയിരുത്തി, ആന്‍ജിയോ പ്ലാസ്റ്റിയോ ബൈപ്പാസ് സര്‍ജറിയോ ഏതു ചെയ്യണമെന്നു നിശ്ചയിക്കുന്നത് കൊറോണറി ആന്‍ജിയോഗ്രാഫി ചെയ്തുകൊണ്ടാണ്. ഹൃദയധമനികളില്‍ സവിശേഷ 'ഡൈ' കുത്തിവച്ച് അവയിലെ മാര്‍ഗതടസ്സങ്ങളെ മോനിട്ടറില്‍ നിരീക്ഷിച്ച് രോഗകാരണമായ ആര്‍ട്ടറി ഏതെന്നു തിരിച്ചറിഞ്ഞ് ആവശ്യാനുസൃതം ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസോ ചെയ്യുന്നു. കൊറോണറി ആന്‍ജിയോഗ്രാഫിക്ക് ഒരുവനെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക  മാനദണ്ഡങ്ങളുണ്ടെന്നോര്‍ക്കണം.
മേല്‍പ്പറഞ്ഞവകൂടാതെ നിരവധി ആധുനികഹൃദ്രോഗപരിശോധനോപാധികള്‍ ഈ രംഗത്തുണ്ട്. വാസ്‌കുലര്‍ അള്‍ട്രാസൗണ്ട്, എഫ്. എഫ്.ആര്‍; ഒ.സി.റ്റി., ഇ.പി. പഠനം തുടങ്ങിയവ. ഹൃദ്രോഗതീവ്രത കണ്ടുപിടിക്കാന്‍ രക്തപരിശോധനകള്‍ക്കും ഏറെ പ്രസക്തിയുണ്ട്. ട്രൊപോബിന്‍, സി.കെ.എം.ബി., മയോക്ലോബിന്‍, എന്നീ സൂചകങ്ങള്‍ ഹാര്‍ട്ടറ്റാക്കിന്റെ തീവ്രത കണ്ടുപിടിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)