ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലേക്ക് മലയാളമണ്ണിനെ ഇഴചേര്‍ത്തുനിര്‍ത്തുകയും ഐക്യകേരളം എന്ന സ്വപ്നത്തിന് വിത്തു വിതയ്ക്കുകയും ചെയ്ത കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) നിലവില്‍ വന്നിട്ട് ഒരു നൂറ്റാണ്ടു തികയുകയാണ്. 1921 ജനുവരി 30 ന് കോഴിക്കോട്ട് ചേര്‍ന്ന യോഗമാണ് കെ. മാധവന്‍നായര്‍ സെക്രട്ടറിയും യു. ഗോപാലമേനോന്‍ ജോയിന്റ് സെക്രട്ടറിയുമായി കേരള പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്. കേരളപ്പിറവിക്കുമുമ്പേ ഐക്യകേരളം എന്ന സങ്കല്പം സൃഷ്ടിച്ച ചരിത്ര സംഭവമായിരുന്നു ഈ തീരുമാനം. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളിലായി ഭിന്നിച്ചുകിടന്നിരുന്ന മലയാളക്കരയില്‍ ഒരു ഏകതാബോധം ഉടലെടുക്കുന്നതും ദേശീയതയുടെയും, സ്വാതന്ത്ര്യ വാഞ്ഛയുടെയും കനലുകള്‍ കത്തിപ്പടരുന്നതും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ രൂപീകരണത്തോടെയാണ്.
1920 ഡിസംബറില്‍ നാഗ്പൂരില്‍ വച്ചുനടന്ന അഖിലേന്ത്യ കോണ്‍ഗ്രസ്‌കമ്മിറ്റിയാണ് ഭാഷാടിസ്ഥാനത്തില്‍ പ്രാദേശികകമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും, കെ. മാധവന്‍നായരും ഉടന്‍തന്നെ കെ.പി.സി.സി. (കേരള പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റി) എന്ന ആശയം മുന്‍പോട്ടു വയ്ക്കുകയും സമ്മേളനസ്ഥലത്ത് വെച്ചുതന്നെ കമ്മറ്റി രൂപീകരിക്കാന്‍ അനുമതി അഭ്യര്‍ഥിച്ചുകൊണ്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ഈ ആവശ്യം വിശദീകരിച്ചുകൊണ്ട് അബ്ദുറഹ്മാന്‍ സാഹിബ് നാഗ്പൂര്‍ സമ്മേളനത്തില്‍ പ്രസംഗിക്കുകയും ചെയ്തു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേരള പ്രൊവിന്‍സ് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരണത്തിന് അഖിലേന്ത്യകോണ്‍ഗ്രസ് കമ്മറ്റി അനുമതി നല്‍കുകയും പിന്നീട് ഇത് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയായി മാറുകയുമാണ് ചെയ്തത്.
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നിലവില്‍ വരുന്നതിനും മുമ്പ് മലയാളക്കരയില്‍ ശക്തമായ കോണ്‍ഗ്രസ് പ്രവര്‍ത്തനം ഉണ്ടായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1885 ഡിസംബര്‍ 28 ന് ബോംബെയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണയോഗത്തില്‍ പങ്കെടുത്ത 72 പ്രതിനിധികളില്‍ തിരുവനന്തപുരത്തുനിന്നുള്ള ഒരു കേശവപിള്ളയും ഉണ്ടായിരുന്നതായി രേഖകളുണ്ട്. ഒറ്റപ്പാലം സ്വദേശിയായ സര്‍. സി. ശങ്കരന്‍നായരാണ് 1897ല്‍ അമരാവതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷനായത്. 1910 ല്‍ സി. കുഞ്ഞിരാമമേനോന്‍ സെക്രട്ടറിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യശാഖ കോഴിക്കോട്ട് സ്ഥാപിതമായി.
1915 ല്‍ കെ.പി. കേശവമേനോന്‍ ഇംഗ്ലണ്ടില്‍നിന്നു കോഴിക്കോട്ടെത്തി വക്കീലായി പ്രാക്ടീസ് ആരംഭിക്കുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി കോണ്‍ഗ്രസ് പ്രവര്‍ത്തനം മലബാറില്‍ വളരെയധികം സജീവമാകുകയും ചെയ്തു. കെ.പി. കേശവമേനോന്‍ സെക്രട്ടറിയും, കെ.പി. രാമന്‍മേനോന്‍ പ്രസിഡന്റുമായി കോണ്‍ഗ്രസ് കമ്മിറ്റി രൂപംകൊണ്ടു. 1916 മാര്‍ച്ച് നാലിനും അഞ്ചിനും ആനിബസന്റിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ മലബാര്‍ ജില്ലാസമ്മേളനം പാലക്കാട്ട് നടക്കുകയുണ്ടായി. ഈ സമ്മേളനത്തില്‍ രാജ്യത്തിന് സ്വയംഭരണം വേണമെന്ന പ്രമേ യം അവതരിപ്പിച്ചത് കെ.പി. കേശവമേനോനായിരുന്നു. കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയസമ്മേളനമായിരുന്നു ഇത്.
1919 ല്‍ കൊച്ചിയിലും തിരുവിതാംകൂറിലും കോണ്‍ഗ്രസ് കമ്മിറ്റികള്‍ നിലവില്‍ വന്നു. 1921 ഏപ്രില്‍ 23 മുതല്‍ നാലു ദിവസം ഒറ്റപ്പാലത്ത് ഭാരതപ്പുഴയുടെ തീരത്തുവച്ചു നടന്ന ഒന്നാമത് അഖില കേരള രാഷ്ട്രീയസമ്മേളനമാണ് കെപിസിസിയുടെ വളര്‍ച്ചയില്‍ നാഴികക്കല്ലായി മാറിയത്. കെപിസിസിയുടെ പ്രഥമ യോഗമായിരുന്നു ഇത്. കേരളത്തില്‍ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിനിധികള്‍ ഒത്തുചേരുന്നത് ഇത് ആദ്യമായിട്ടായിരുന്നു. യോഗം ചേരുവാനുള്ള തീരുമാനം പുറത്തുവന്ന ഫെബ്രുവരിയില്‍ത്തന്നെ കെപിസിസി സെക്രട്ടറി കെ. മാധവന്‍നായരെയും യു. ഗോപാലമേനോന്‍, കെ. മൊയ്തീന്‍ കോയ, യാക്കൂബ് ഹസ്സന്‍ എന്നിവരെയും അറസ്റ്റുചെയ്ത് ആറുമാസത്തേക്കു തടങ്കലിലിട്ട് സമ്മേളനം പൊളിക്കാനുള്ള സകല ആസൂത്രണവും ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായി.
1921 ലെ ഒറ്റപ്പാലം സമ്മേളനം ഒരു അഖില കേരള സമ്മേളനമായിരുന്നു. തിരുവിതാംകൂറില്‍നിന്നും കൊച്ചിയില്‍നിന്നും ധാരാളം പ്രതിനിധികള്‍ പങ്കെടുത്തു. കേരളത്തെ സംബന്ധിച്ച് വിവിധ രാഷ്ട്രീയ, സാമൂഹികവിഷയങ്ങള്‍ ചര്‍ച്ച ചെയ്തത് ആ സമ്മേളനത്തിലാണ്. ഈ സമ്മേളനത്തില്‍ പങ്കെടുത്ത ഖിലാഫത്ത് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പോലീസ് മര്‍ദിച്ചതാണ് മലബാര്‍ കലാപത്തിന് വിത്തുപാകിയ ആദ്യസംഭവം.
കോണ്‍ഗ്രസിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ കെ.പി. കേശവമേനോന്‍ പത്രാധിപരായി 1923 മാര്‍ച്ച് 18 ന് കോഴിക്കോട്ടുനിന്നു 'മാതൃഭൂമി' പത്രം പ്രസിദ്ധീകരിച്ചു. ഗാന്ധിജിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ ജയിലിലടച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലായിരുന്നു ഇതിന്റെ പ്രസിദ്ധീകരണം. 1924 ഏപ്രില്‍ മാസത്തില്‍ ചേര്‍ന്ന കെപിസിസി യോഗം സംഘടനയ്ക്ക് പ്രസിഡന്റ് വേണമെന്നു തീരുമാനിച്ചു. 1925 ജൂലൈ 20ന് ചേര്‍ന്ന കെപിസിസി യോഗം കെ. മാധവന്‍നായരെ സംഘടനയുടെ ഒന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കേരളത്തിലെ ദേശീയപ്രസ്ഥാനചരിത്രത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് 1928 മേയ് 25, 26, 27 തീയതികളില്‍ നടന്ന പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനം. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണസ്വാതന്ത്ര്യപ്രമേയം അവതരിപ്പിച്ചത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അധ്യക്ഷനായ ഈ സമ്മേളനത്തില്‍ വച്ചായിരുന്നു. സമ്മേളനത്തില്‍ പൂര്‍ണസ്വാതന്ത്ര്യപ്രമേയം കെ. കേളപ്പന്‍ അവതരിപ്പിച്ചു.
1930 മാര്‍ച്ച് 12 ന് ഗാന്ധിജി ആരംഭിച്ച ദണ്ഡിയാത്രയുടെ അലകള്‍ കേരളത്തിലെങ്ങും ആവേശം സൃഷ്ടിച്ചു. 78 അനുയായികളുമായി ഗാന്ധിജി നടത്തിയ ഈ മാര്‍ച്ചില്‍ സി. കൃഷ്ണന്‍നായര്‍, ടൈറ്റസ്, എന്‍.പി. രാഘവപൊതുവാള്‍, ശങ്കര്‍ജി എന്നീ മലയാളികളും ഉണ്ടായിരുന്നു. പയ്യന്നൂരായിരുന്നു കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിനുവേണ്ടി ഏപ്രില്‍ 23 ന് പയ്യന്നൂരില്‍ ചരിത്രപ്രസിദ്ധമായ ഉപ്പുനിയമലംഘനം നടന്നു. ഇതോടെ മലബാറിന്റെ പല ഭാഗങ്ങളിലും നിയമലംഘനവും വിദേശവസ്ത്രബഹിഷ്‌കരണവും വ്യാപകമായി.
കെപിസിസിയുടെ പ്രവര്‍ത്തനം മലബാര്‍ കേന്ദ്രീകരിച്ച് ആയിരുന്നെങ്കിലും തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളിലും വ്യത്യസ്ത പേരുകളില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ഭാഗമായിത്തന്നെ ഉത്തരവാദിത്വഭരണത്തിനും അതോടൊപ്പം ജനകീയ ഭരണകൂടങ്ങള്‍ക്കും വേണ്ടി ഇവര്‍ പൊരുതി. മലബാര്‍ കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ നടന്ന ഇത്തരം മുന്നേറ്റങ്ങളുടെ സൃഷ്ടികൂടിയാണ് ഐക്യകേരളം. 1938 ഫെബ്രുവരിയില്‍ ഹരിപുരയില്‍ ചേര്‍ന്ന എഐസി സി സമ്മേളനം നാട്ടുരാജ്യങ്ങളിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ സജീവമായി ഇടപെടേണ്ടതില്ലെന്നും രാഷ്ട്രീയപ്രക്ഷോഭങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സ്വതന്ത്ര രാഷ്ട്രീയസംഘടനകള്‍ക്ക് പ്രോത്സാഹനം നല്‍കാമെന്നും തീരുമാനിച്ചു. എഐസിസി യുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി മാസത്തില്‍ത്തന്നെ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് എന്ന പേരില്‍ സ്വതന്ത്രരാഷ്ട്രീയകക്ഷി രൂപവത്കരിക്കാന്‍ തീരുമാനിച്ചു. പട്ടം എ. താണുപിള്ളയെ അതിന്റെ പ്രസിഡന്റായും പി.എസ്. നടരാജപിള്ളയെ സെക്രട്ടറിയായും തിരഞ്ഞെടുത്തുകൊണ്ട് താത്കാലികസമിതിയും രൂപവത്കരിച്ചു. എ. നാരായണപിള്ള, പി.എസ്. നടരാജപിള്ള, ആനി മസ്‌ക്രീന്‍, ടി.എം. വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങാനുള്ള തീരുമാനത്തോടെ സ്റ്റേറ്റ് കോണ്‍ഗ്രസ് നിലവില്‍ വന്നു.
1938 ഓഗസ്റ്റ് 26 ന് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രത്യക്ഷസമരം ആരംഭിച്ചു. ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭത്തെ ജനാധിപത്യവിരുദ്ധമായ രീതിയില്‍ അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ നേരിട്ടു. പട്ടം താണുപിള്ളയെയും തുടര്‍ന്നുവന്ന അക്കാമ്മ ചെറിയാന്‍ ഉള്‍പ്പെടെയുള്ള 10 പ്രസിഡന്റുമാരെയും അറസ്റ്റ് ചെയ്തു. തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്ന് അറിയപ്പെടുന്ന അക്കാമ്മ ചെറിയാന്റെ ധീരമായ നേതൃത്വം തിരുവിതാംകൂറിലെങ്ങും സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് ആവേശം നല്‍കി. ഐക്യകേരളം രൂപീകരിക്കപ്പെടുവാനുണ്ടായ സാഹചര്യങ്ങളില്‍ നിര്‍ണായകമാണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ഇടപെടലുകള്‍.
1940 നു ശേഷം കെപിസിസി ഐക്യകേരളവാദത്തിന് ശക്തികൂട്ടി. കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നവര്‍ ചേര്‍ന്ന് കൊച്ചി നാട്ടുരാജ്യത്ത് 1941 ല്‍ രൂപീകരിച്ച കൊച്ചിരാജ്യപ്രജാമണ്ഡലവും ഐക്യകേരള രൂപീകരണത്തിനു നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഐക്യകേരളത്തിനുവേണ്ടി കോണ്‍ഗ്രസ് ഒരു കമ്മിറ്റിയെ ഏര്‍പ്പെടുത്തി. ഈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 1946 ല്‍ ചെറുതുരുത്തിയില്‍ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഐക്യകേരളസമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. 1947 ഏപ്രിലില്‍ ഇതിന്റെ ഭാഗമായി തൃശൂരില്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കൊച്ചി മഹാരാജാവ് കേരളവര്‍മ നേരിട്ടെത്തി ഐക്യകേരളത്തെ അനുകൂലിച്ചു. നിരന്തരമായ സമരങ്ങളുടെ അവസാനം 1947 സെപ്തംബര്‍ നാലിന് തിരുവിതാംകൂര്‍ മഹാരാജാവായ ശ്രീ ചിത്തിര തിരുനാള്‍ ഉത്തരവാദഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
പിന്നീട് പല സ്ഥലങ്ങളിലും സമ്മേളനങ്ങള്‍ നടന്നു. അങ്ങനെ, ദേശീയസ്വാതന്ത്ര്യസമരത്തിനൊപ്പം ആവേശപൂര്‍വം പങ്കുചേര്‍ന്ന മലയാളക്കരയ്ക്ക് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനൊപ്പം ഐക്യകേരളവും സഫലമായി. ഇപ്പോള്‍ ഒരു നൂറ്റാണ്ടിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ഐക്യകേരളത്തിലേക്കു നയിക്കപ്പെട്ട സംഭവങ്ങളുടെ വലിയ പങ്ക് 1921 ലെ കെപിസിസിയുടെ രൂപീകരണവും തുടര്‍ന്ന് ദേശീയ സ്വാന്ത്ര്യത്തിനുവേണ്ടി നടത്തിയ സമരങ്ങളോടുചേര്‍ന്ന് ഐക്യകേരളത്തിനുവേണ്ടി നടത്തിയ ശ്രമങ്ങളുമാണെന്ന് നിസംശയം പറയാം.