സാമ്പത്തികസാമൂഹികവൈജ്ഞാനികമേഖലകളിലെല്ലാം നേട്ടങ്ങള്‍ കൊയ്യുന്നുവെന്ന് അഭിമാനിക്കുമ്പോഴും നമ്മുടെ അടിസ്ഥാനവികസനം തൃപ്തികരമല്ലെന്ന് കാലികമായ വാര്‍ത്തകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ഭക്ഷണവും പാര്‍പ്പിടവും ആരോഗ്യസുരക്ഷയും അടിസ്ഥാനവിദ്യാഭ്യാസവും ശുദ്ധജലലഭ്യതയും തുടങ്ങി വെറും സാധാരണമായ അടിസ്ഥാനാവശ്യങ്ങള്‍ക്കുമേല്‍ ഇന്നും വ്യക്തവും സുനിശ്ചിതവും സുദൃഢവുമായ വിജയം കൈവരിക്കാന്‍ നമുക്കായിട്ടില്ല.
ജനങ്ങള്‍ക്കു സൗഭാഗ്യം നല്‍കുന്നതിനല്ല; സൗഭാഗ്യത്തിനുവേണ്ടി പരിശ്രമിക്കുവാനുള്ള സൗകര്യം ഒരുക്കുന്നതിനാണ് ഭരണപാടവം എന്നു പറയുന്നത്. സൗജന്യങ്ങളുടെ പ്രവാഹത്തിലല്ല വികസനം വേരൂന്നേണ്ടത്; മറിച്ച്, അര്‍ഹിക്കുന്നത് ആര്‍ക്കാണെന്നു തിരഞ്ഞുകണ്ടെത്തുന്നതിലാണ്. ഉള്ളവനും ഇല്ലാത്തവനും ഉള്ളപ്പോഴും ദാരിദ്ര്യംകൊണ്ട് ആത്മഹത്യാമുനമ്പിലൂടെ സഞ്ചരിക്കുന്നവരെ കïെത്താനും അര്‍ഹമായത് അര്‍ഹമായ നേരത്തു നല്‍കുവാനും ജനപ്രതിനിധികളുടെ അവസരോചിതമായ ഇടപെടലുണ്ടാകണം. ഒരു ചെറിയകൂട്ടായ്മയില്‍ തീര്‍ക്കാമായിരുന്നത് നാടിനെ ഞെട്ടിക്കുന്ന നൊമ്പരമായി മാറുന്നത് എന്തുകൊണ്ട്? ചിന്തിക്കണം നാം.
നീതി നടത്തുവാന്‍ താമസിക്കുന്നത് അതു നിഷേധിക്കുന്നതിനു തുല്യമാണ്. രാഷ്ട്രീയം ഭൂരിപക്ഷത്തിനും ഒരു ഉപജീവനമാര്‍ഗമാണ്. തൊഴിലെന്ത് എന്ന ചോദ്യത്തിന് 'രാഷ്ട്രീയം' എന്ന് ഉത്തരം പറയുന്നതിലേക്ക് മഹാത്മജിയുടെ നാട്ടിലെ നേതാക്കള്‍ ചെറുതാകാമോ? മഹാത്മജിയുടെ വസ്ത്രധാരണത്തില്‍പ്പോലും ഒരു ദേശസ്‌നേഹത്തിന്റെ സമര്‍പ്പണമുണ്ട്. രാജ്യത്തെ ജനങ്ങളുടെ സാധാരണജീവിതം സംതൃപ്തമായി ക്രമീകരിക്കപ്പെട്ടിട്ടു മതി നേതാവിന്റെ ജീവിതമെന്നതു ശ്രദ്ധയര്‍ഹിക്കുന്ന ചിന്തയാണ്. ചുറ്റുമുള്ളവരുടെ ദാരിദ്ര്യവും പട്ടിണിയും മാറാതെ നേതാവിന്റെ സമൃദ്ധിയില്‍ അര്‍ഥമുണ്ടോ?
രിദ്രരോടും കര്‍ഷകരോടും പുലര്‍ത്തുന്ന അവഗണന രാജ്യവികസനത്തിന്റെ കാമ്പും കഴമ്പും നഷ്ടമാക്കും. ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ഥ്യങ്ങളോടുള്ള ക്രിയാത്മകമായ സമീപനമാണ് വികസനത്തിന്റെ യഥാര്‍ത്ഥമുഖം തെളിച്ചെടുക്കുന്നത്. ഉള്ളവനും ഇല്ലാത്തവനും സമൂഹത്തിന്റെ ഭാഗമായിട്ടുണ്ടാകും. പക്ഷേ, ഉച്ചനീചത്വങ്ങളിലെ ''മൃഗീയമുഖം'' സമൂഹത്തിന്റെ താളം തെറ്റിക്കും. ഒപ്പം, വികസനോന്മുഖതയുടെ ഗ്ലാമര്‍ ഇല്ലാതെയുമാക്കും! നമ്മുടെ വികസനം താഴേത്തട്ടില്‍നിന്നുമാകണം. ഇല്ലായ്മയുടെ ''പടുകുഴിയും'' ധാരാളിത്തത്തിന്റെ ''കൊടുമുടിയും'' നമ്മുടെ ഭരണകര്‍ത്താക്കള്‍ വിവേചിച്ചറിഞ്ഞ് നീതിയുടെ 'തുലാസ്' പ്രയോജനപ്പെടുത്തണം.
ജീവിക്കുവാന്‍വേണ്ടി മരിക്കാനും തയ്യാര്‍ എന്നു പറയുന്നതിലേക്ക് സാധാരണക്കാരുടെ വിഷമതകളെ തള്ളിനീക്കരുത്. പാര്‍പ്പിടം എല്ലാവര്‍ക്കും വേണ്ടതാണ്. അതുകൊണ്ടുതന്നെ 'എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതി' ഭരണകര്‍ത്താക്കളുടെ പതിവിനമാണ്. പക്ഷേ, അതു പരിപൂര്‍ണത കൈവരിക്കുന്നുണ്ടോ? അതുപോലെതന്നെ കുടിവെള്ളവും വോട്ടുരാഷ്ട്രീയപ്രസംഗങ്ങളിലെ മുഖ്യവിഷയമാണ്. എങ്കിലും എല്ലാവര്‍ക്കും കുടിവെള്ളമെന്ന 'പൊതുവികസനം' യാഥാര്‍ഥ്യമാകുന്നുണ്ടോ? അപര്യാപ്തതകളുടെ കെട്ടഴിച്ച് പിന്നാലെ നടക്കുന്ന ഇല്ലായ്മക്കാരാണ് രാഷ്ട്രീയക്കാരുടെ വല്ലാത്ത വളര്‍ച്ചയുടെ പിന്നിലെ ശക്തിയെന്നു തോന്നിപ്പോകുന്നു. ഇന്നലെവരെ സാധാരണപോലെ ജീവിച്ചവരുടെ 'ജീവിതവേദി'യില്‍ ദാരിദ്ര്യം സങ്കീര്‍ണമാകുന്നത് എന്തേ ജനപ്രതിനിധികള്‍ കാണാതെപോകുന്നു? സ്വന്തം വാര്‍ഡിലെ പ്രശ്‌നങ്ങള്‍ യഥാസമയം പരിഹരിക്കാനാകുമ്പോഴല്ലേ ജനപ്രതിനിധിയുടെ കര്‍ത്തവ്യം സാധൂകരിക്കപ്പെടുകയുള്ളൂ. എല്ലാ പ്രശ്‌നങ്ങളുടെയും കാതല്‍ ദാരിദ്ര്യംതന്നെയെന്നു പഠിച്ചാല്‍ മനസ്സിലാകും! ജീവിതം അങ്ങിങ്ങു കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരെ ഒരിക്കലും തിരിച്ചറിയുന്നില്ല.
തിരഞ്ഞെടുപ്പുകഴിഞ്ഞാലും ജനങ്ങളുടെ ആവശ്യങ്ങളുടെമേല്‍ കണ്ടറിഞ്ഞുപ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തി ഭരണസമിതികള്‍ക്കുണ്ടാകണം. എല്ലാവര്‍ക്കും വൈഫൈയും കിറ്റും ഒപ്പം ഹൈടെക് സംവിധാനങ്ങളുടെ സാമൂഹികവത്കരണവുംകൊണ്ട് വിശപ്പടങ്ങുമോ?
ഉറ്റവരും ഉടയവരും നഷ്ടപ്പെടുമ്പോഴാണ് പലരും രക്ഷകരായി ഉദയം ചെയ്യുന്നത്. ഉപകാരികളും അഭ്യുദയകാംക്ഷികളും സുമനസ്സുകളുമൊക്കെ ഓടിയെത്തേണ്ടത് ആളുകള്‍ പ്രശ്‌നങ്ങളുടെ നെരിപ്പോടില്‍ വെന്തുനീറുന്ന വേളയിലാണ്; പ്രശ്‌നപരിഹാരവും പ്രശ്‌നാധിഷ്ഠിതപങ്കുവയ്ക്കലുകളും എല്ലാവരും ജീവിച്ചിരിക്കുമ്പോള്‍തന്നെയാകണം.
ഉറ്റവരെ നഷ്ടപ്പെടുമ്പോള്‍ ആനുകൂല്യങ്ങളുമായി ഉത്സാഹത്തോടെയെത്തുന്നവര്‍ ജീവിച്ചിരിക്കുന്നവര്‍ക്കുമുന്നില്‍ മരിച്ചവരെക്കുറിച്ചുള്ള സങ്കല്പത്തിനും മാറ്റം വരുത്തിയേക്കാം; ഒരുപക്ഷേ, ജീവിച്ചിരുന്നപ്പോള്‍ കഷ്ടതകളായിരുന്നെങ്കില്‍ മരണം ഒരു 'ഉപകാര'മായി ജീവിച്ചിരിക്കുന്നവര്‍ക്കു തോന്നിക്കൂടെന്നില്ല! സാമൂഹികനീതി ഉറപ്പുവരുത്തുവാനും ജനങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായുമുള്ള ആവശ്യങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുവാനും അടുത്തറിഞ്ഞ് ഹൃദയപൂര്‍വം ഇടപെടുവാനും നല്ല നാളെകള്‍ സമ്മാനിക്കുവാനും വാര്‍ഡുതലത്തിലെ ജനപ്രതിനിധികള്‍ ഉത്സാഹിക്കണം, ആത്മാര്‍ഥത കാണിക്കണം. സകല ജനവും എന്റെയടുക്കല്‍ വന്ന് ഓച്ഛാനിച്ചുനില്‍ക്കട്ടെയെന്ന അഹങ്കാരം ജനപ്രതിനിധികള്‍ തിരുത്തണം, രാഷ്ട്രീയംതൊഴിലല്ല, ത്യാഗവും സേവനവുമാണ്.
നന്മ ചെയ്യുന്നത് എളുപ്പവും പ്രോത്സാഹജനകവുമാകുന്നതോടൊപ്പം തിന്മ ചെയ്യുന്നത് വിഷമകരവും ശിക്ഷാര്‍ഹവുമാണെന്ന് ജനങ്ങളെ അനുഭവത്തിലൂടെ ബോധവത്കരിക്കണം. ജനങ്ങളുടെ കഴിവുകളെ രാജ്യവികസനത്തിനായി പരമാവധി ഉപയുക്തമാക്കാനുള്ള ദീര്‍ഘവീക്ഷണം ഭരണകര്‍ത്താക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമുണ്ടാകണം. ജനങ്ങളെക്കൊണ്ട് ജീവിക്കുന്ന പൊതുപ്രവര്‍ത്തകരെയല്ല, ജനങ്ങളെ സൈ്വരമായും സന്തോഷമായും ജീവിക്കാന്‍ സഹായിക്കുന്ന ജാഗ്രതയുള്ള ഭരണാധികാരികളെയാണ് സമൂഹം ആഗ്രഹിക്കുന്നത്.