•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ജനാലയ്ക്കരികിലെ വികൃതിക്കുട്ടി

കുട്ടികള്‍ വായിച്ചിരിക്കേണ്ട വിശിഷ്ടഗ്രന്ഥങ്ങളെ ഹൃദ്യമായി പരിചയപ്പെടുത്തുന്ന പംക്തി ഈ ലക്കംമുതല്‍

''പന്നിവാലുപോലെ മുടി പിന്നിയിടുന്നത് ടോട്ടോച്ചാന്റെ സ്വപ്നമാണ്. മുതിര്‍ന്ന പെണ്‍കുട്ടികള്‍, നീണ്ട മുടി പിന്നിയിടുന്നതു കാണുമ്പോള്‍ അവള്‍ കൊതിയോടെ നോക്കിനില്‍ക്കും. ഒന്നാം ക്ലാസുകാരിയാണെങ്കിലും ടോട്ടോച്ചാന് നീണ്ട മുടിയുണ്ടായിരുന്നു.
ഒരുദിവസം അമ്മ അവളുടെ മുടി രണ്ടു ഭാഗത്തായി പിന്നിക്കൊടുത്തു. ചെറിയ തലയില്‍ കുഞ്ഞു പന്നിവാലുകള്‍. കണ്ണാടിയില്‍ നോക്കിയപ്പോള്‍ സന്തോഷമായി. അവള്‍ തല ഉയര്‍ത്തിപ്പിടിച്ചു. തീവണ്ടിയില്‍ കയറുമ്പോള്‍ പന്നിവാലുകള്‍ക്ക് കോട്ടംതട്ടാതിരിക്കാനായി അവള്‍ തല അനക്കമില്ലാതെ പിടിച്ചു.
''ഹായ്, മനോഹരമായിരിക്കുന്നല്ലോ''
അങ്ങനെയൊരു വാക്ക് തീവണ്ടിയില്‍നിന്ന് ആരെങ്കിലും പറയുമെന്ന പ്രതീക്ഷയില്‍ അവളിരുന്നു. പക്ഷേ,  ആരും അവളെ ശ്രദ്ധിച്ചതുകൂടിയില്ല.'' 
''ടോട്ടോച്ചാന്‍ - ജനാലയ്ക്കരുകിലെ വികൃതിക്കുട്ടി''
ബാല്യത്തിന്റെ നിറം പകര്‍ന്ന ഓര്‍മകള്‍ നേഞ്ചോടു ചേര്‍ത്തുവയ്ക്കാത്തവരായി ആരുംഉണ്ടാവില്ല. ബാല്യകാലത്തു പകര്‍ന്നുകിട്ടിയ സൗരഭ്യത്താല്‍ ഹൃദയം തുറന്നെഴുതി ലോകത്തെങ്ങുമുള്ള വായനക്കാരുടെ മനംകവര്‍ന്ന പ്രിയപ്പെട്ട എഴുത്തുകാരി തത്സുകോ കുറോയാനഗി അഥവാ ടോട്ടോച്ചാന്‍ അവരുടെ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് ജനാലയ്ക്കരുകിലെ  വികൃതിക്കുട്ടി. ബാല്യത്തിന്റെ കൗതുകങ്ങളിലും കലഹങ്ങളിലും കരച്ചിലുകളിലും കുട്ടികളിലെ സ്വാഭാവികതയും തന്മയത്തവും ആവോളം ഉമ്മവയ്ക്കുന്ന ഈ പുസ്തകം കുട്ടികള്‍ക്കു മാത്രമല്ല ഏതു പ്രായത്തിലുള്ളവര്‍ക്കും വായിച്ചാല്‍ ഏറെ ഇഷ്ടം തോന്നുന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. അലങ്കാരങ്ങളുടെ ആര്‍ഭാടമില്ലാതെയാണ് രചന എന്നതും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. 
കുസൃതിക്കുടുക്കയായിരുന്ന ടോട്ടോച്ചാന് അവളുടെ കുസൃതികള്‍ അടക്കിനിര്‍ത്താന്‍ കഴിയുമായിരുന്നില്ല. ക്ലാസില്‍ ടീച്ചര്‍ക്കു പഠിപ്പിക്കാന്‍പോലും സാധിക്കാത്ത രീതിയില്‍ അവളുടെ കുറുമ്പുകള്‍ വളര്‍ന്നു. അവസാനം, ടീച്ചറുടെ നിര്‍ദേശപ്രകാരം മറ്റൊരു സ്‌കൂളില്‍ പ്രവേശനത്തിന് സാധ്യത തേടി അവളുടെ അമ്മ എത്തിച്ചേര്‍ന്നത് റ്റോമോ എന്ന സ്‌കൂളിലായിരുന്നു. അവള്‍ പഠിച്ചിരുന്ന സ്‌കൂളുകളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു റ്റോമോ. ഗേറ്റിനുപകരം രണ്ടു മരങ്ങളും ട്രെയിനിന്റെ ബോഗികള്‍പോലെയള്ള ക്ലാസ്മുറികളുമുള്ള വേറിട്ട ഒരു ലോകം. കാടും കളിസ്ഥലങ്ങളും പോരാത്തതിനൊരു നീന്തല്‍ക്കുളവും. സ്‌കൂളില്‍ ആകെയുള്ളത് അന്‍പതു കുട്ടികള്‍ മാത്രവും. കുട്ടികളെ സ്‌നേഹിക്കാനും അവരെ മനസ്സിലാക്കാനും അറിയാവുന്ന വ്യക്തിയായിരുന്നു കൊബായാഷി എന്ന അവിടത്തെ ഹെഡ്മാസ്റ്റര്‍. കുട്ടികളുടെ ആത്യന്തികമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റര്‍ തന്റെ വിദ്യാലയത്തില്‍ നടപ്പിലാക്കിയിരുന്നു. ടോമോ
സ്‌കൂളില്‍ കുട്ടികള്‍ക്ക് സിലബസ് ഇല്ല, യുണിഫോം ഇല്ല, ഉച്ചഭക്ഷണത്തിന് കടലില്‍നിന്നും മലയില്‍നിന്നും ഒരു വിഭവം ഉണ്ടാവണം. ഏതെങ്കിലും ഒന്നില്ലെങ്കില്‍ മാസ്റ്റര്‍ വിളമ്പും. ബിരുദങ്ങള്‍ ഉണ്ടെങ്കിലേ ടോമോയില്‍ അധ്യാപകനാകാന്‍ കഴിയൂ എന്നില്ല, കൃഷി പഠിപ്പിക്കാന്‍ കൃഷിക്കാരനെ കൊണ്ടുവരും മാസ്റ്റര്‍. കുട്ടികളെ പാടത്ത് കൊണ്ടുപോയി ഞാറുനടുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കുകയും അവരെ കൃഷിക്കാരായി പാടത്ത് ഇറക്കുകയും ചെയ്യും.
കൊബായാഷി മാസ്റ്റര്‍ക്ക് പ്രിയങ്കരിയായിരുന്നു ടോട്ടോച്ചാന്‍. അവളെ  കേട്ടിരിക്കാന്‍  ഒട്ടും മടുപ്പു തോന്നാത്തൊരാള്‍. അവളെ മനസ്സിലാക്കാനും അവളുടെ വിശേഷങ്ങള്‍ കേട്ടറിയാനും ആളുണ്ടെന്ന ബോധം അവളെ കൂടുതല്‍ ഉന്മേഷവതിയും ഉത്സാഹഭരിതയുമാക്കി. 'ടോട്ടോ, ഇനി നീ ഈ സ്‌കൂളിലെ കുട്ടിയാണ്' എന്ന മാസ്റ്ററുടെ വാക്കുകള്‍ കേട്ടനിമിഷംമുതല്‍, സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ എങ്ങനെയെങ്കിലും അടുത്ത പ്രഭാതമാകാന്‍വേണ്ടി കൊച്ചുടോട്ടോ കാത്തിരിക്കുമായിരുന്നു, അവളുടെ പ്രിയപ്പെട്ട സ്‌കൂളിലെത്താന്‍. ആ സ്‌കൂളിലെ കായികദിനം വ്യത്യസ്തമാണ്. ഓട്ടവും ചാട്ടവും ഒന്നുമില്ല. മീനിന്റെ വായില്‍ക്കൂടി കയറി വാലില്‍ക്കൂടി പുറത്തുവരണം. എത്ര നിസ്സാരം എന്നു ചിന്തിക്കണ്ട. കാരണം, ഉള്ളില്‍ ഇരുട്ടാണ്, മിക്ക കുട്ടികളും വായില്‍ക്കൂടി കയറി വായില്‍ക്കൂടിത്തന്നെ പുറത്തുവരും. വിജയികള്‍ക്ക് ട്രോഫി ഒന്നുമല്ല സമ്മാനം. നല്ല പച്ചക്കറികള്‍ കൊടുക്കും. വീട്ടില്‍ കൊണ്ടുപോയി സ്വന്തമായി അധ്വാനിച്ചു കിട്ടിയതാണെന്ന് പറഞ്ഞ് അമ്മയെ ഏല്പിക്കാന്‍ പറയും മാസ്റ്റര്‍. പോളിയോ ബാധിച്ച കുട്ടികള്‍ ഉണ്ട്, വടംവലിയില്‍ അവരായിരിക്കും മേല്‍നോട്ടക്കാര്‍. നീന്തലിന്റെ കാര്യം എടുക്കാം, നഗ്‌നരായി കുളത്തില്‍ ഇറങ്ങാന്‍ അവര്‍ക്ക് അനുവാദമുണ്ട്. മറ്റൊന്നിനുമല്ല, ശാരീരികമായി ആണും പെണ്ണും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞുവളരാന്‍... അങ്ങനെയങ്ങനെ നമ്മുടെ ടോട്ടോച്ചാന്റെ ടോമോ സ്‌കൂള്‍ മാന്ത്രികത ഒളിപ്പിച്ചുവയ്ക്കാത്ത ഒരു അദ്ഭുതലോകമായിരുന്നു.
അധ്യാപനം അഭിരുചിയായി എടുത്തവരും ജീവിതത്തിന്റെ വളവുതിരിവുകളില്‍ കറങ്ങിത്തിരിഞ്ഞ് അധ്യാപകരായിത്തീര്‍ന്നവരുമുണ്ട്. ജീവിതോപാധി മാത്രമായി അധ്യാപനത്തെ എടുക്കുന്നവര്‍ കടന്നുവരുമ്പോളാണ് പൊതുവിദ്യാഭ്യാസത്തില്‍ നിലവാരത്തകര്‍ച്ചയുണ്ടാകുകയും  അധ്യാപകന്‍ കേവലം കൂലിത്തൊഴിലുകാരനാവുകയും ചെയ്യുന്നത്. സ്വഭാവരൂപവത്കരണത്തില്‍ അധ്യാപകന്റെ പങ്ക് നിസ്സീമമാണ്. മൂല്യബോധമുള്ള, ആത്മവിശ്വാസമുള്ള പൗരന്മാരായി തലമുറ മാറണമെങ്കില്‍ സാമൂഹികബോധമുള്ള അധ്യാപകര്‍ കലാലയങ്ങളിലുണ്ടാകണം. വിവരം അറിവും അറിവ് ജ്ഞാനവുമായി മാറുമ്പോഴേ അധ്യാപനം പൂര്‍ണമാകൂ. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ചിന്തിക്കാനുള്ള ഒരുവന്റെ കഴിവിനും (സ്വാതന്ത്ര്യത്തിനും)ഒക്കെയുള്ള വലിയ ഒരു തടയാണ് ഇപ്പോഴത്തെ വിദ്യാഭ്യസരീതി. കുട്ടികള്‍ രത്‌നങ്ങളാണെന്നും അവര്‍ വിദ്യാഭ്യാസത്തിന് അടിമപ്പെടുമ്പോഴാണു മാറ്റു കുറയുന്നതെന്നും വായിച്ചതായി ഓര്‍ക്കുന്നു. അച്ചടിച്ച കട്ടിക്കടലാസിലെ ബിരുദങ്ങളാണു വ്യക്തിയുടെ വില നിശ്ചയിക്കുന്നത് എന്ന രീതിയിലുള്ള ഈ കാലഘട്ടത്തിലാണ് ടോട്ടോച്ചാന്റെയും ടോമോ സ്‌കൂളിന്റെയും അവളുടെ പ്രിയപ്പെട്ട കൊബായാഷി മാസ്റ്ററുടെയും പ്രസക്തി.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)