തിരുവിതാംകൂറില്‍ ഒരു കാലത്ത് മഹാരാജാവും ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരും ഒഴിച്ച് സര്‍വരും ''സര്‍'' എന്ന വിശേഷണം ചേര്‍ത്തു സംബോധന ചെയ്തിരുന്ന ഒരാളേയുണ്ടായിരുന്നുള്ളൂ: അതു പട്ടം താണുപിള്ളയാണ്. ഒരു നിയോഗംപോലെ തിരുവിതാംകൂറിലും തിരുക്കൊച്ചിയിലും പിന്നെ കേരളത്തിലും മുഖ്യമന്ത്രിയാകുവാന്‍ യോഗമുണ്ടായതും പട്ടത്തിനുമാത്രം. പിന്നീട് കുറച്ചുകാലം പഞ്ചാബിലും തുടര്‍ന്ന് ആന്ധ്രയിലും അദ്ദേഹം ഗവര്‍ണറായി. പക്ഷേ, ചരിത്രത്തില്‍ പട്ടത്തിന്റെ അപൂര്‍വസ്ഥാനം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് എന്ന നിലയിലാണ്. പാര്‍ട്ടിയിലുണ്ടായിരുന്ന കാലത്തോളം അദ്ദേഹംതന്നെയായിരുന്നു പാര്‍ട്ടി പ്രസിഡന്റ്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറേണ്ടിവന്നേക്കുമെന്ന സംശയം വന്നപ്പോഴേ പാര്‍ട്ടിയില്‍നിന്നുതന്നെ രാജിവയ്ക്കുകയും ചെയ്തു. പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിന്റെയും ചെയര്‍മാനായിരുന്നു പട്ടം. കേരളജനതപത്രത്തിന്റെ പത്രാധിപരും. പട്ടം ഗവര്‍ണറായിപ്പോകുംവരെ ആ പാര്‍ട്ടിക്ക് കേരളത്തില്‍ മറ്റൊരു ചെയര്‍മാനുണ്ടായിരുന്നില്ല.
കൃഷിവകുപ്പില്‍ സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിട്ടായിരുന്നു തുടക്കം. സര്‍ക്കാരുദ്യോഗം വിട്ട് വക്കീലായി. നിയമസഭാംഗമായി. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാപകപ്രസിഡന്റും പി.എസ്.സിയുടെ സ്ഥാപകചെയര്‍മാനുമായി. മൂന്നുതവണ മുഖ്യമന്ത്രിയായി. തിരുവിതാംകൂറിലെ ആദ്യത്തെ മുഖ്യമന്ത്രി മാത്രമല്ല ആദ്യത്തെ പ്രതിപക്ഷനേതാവുമായി. മത്സരിച്ച നിയമസഭാതിരഞ്ഞെടുപ്പുകളിലെല്ലാം ജയിച്ചു. ഒരേ മണ്ഡലം - തിരുവനന്തപുരം രണ്ട്. പരാജയപ്പെട്ടതും തിരുവനന്തപുരത്തുനിന്ന് ഒരിക്കല്‍, പാര്‍ലമെന്റിലേക്കു മത്സരിച്ചപ്പോള്‍ മാത്രം. വാസ്തവത്തില്‍ അമിതമായ ആത്മവിശ്വാസംകൊണ്ടു സംഭവിച്ച ഒരു രാഷ്ട്രീയാബദ്ധമായിരുന്നു അത്. തോറ്റതു വെറും ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കും. താണുപിള്ളയുടെ മനസ്സില്‍ ഒരിക്കലും കരിയാത്ത ഒരു മുറിവായിത്തീര്‍ന്നു തിരുവനന്തപുരത്തുണ്ടായ ആ ഒരേയൊരു തിരഞ്ഞെടുപ്പുപരാജയം. തിരുവനന്തപുരത്തുകാര്‍ക്കു മഹാരാജാവ് കഴിഞ്ഞാല്‍ ഏറ്റവും ആരാധ്യനായിരുന്നതും താണുപിള്ളസാര്‍തന്നെ. തിരുവനന്തപുരത്ത് താണുപിള്ളസാറും, പൊന്നമ്മസാറും ഒരു കാലഘട്ടത്തെ അപ്പാടെ തങ്ങളുടെ സ്വന്തം കൈയില്‍ കൊണ്ടുനടന്നവരായിരുന്നു. വിചിത്രമായിത്തോന്നാമെങ്കിലും പൊന്നമ്മ സാറും താണുപിള്ളസാറെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ആകൃതിയിലും പ്രകൃതിയിലും സവിശേഷവ്യക്തിത്വമായിരുന്നു പട്ടത്തിന്. ആളുകള്‍ അദ്ദേഹത്തെ എപ്പോഴും പട്ടമെന്നുപറഞ്ഞു. നേരില്‍ താണുപിള്ള സാറെന്നും വിളിച്ചു. നില്പിലും നടപ്പിലും വാക്കിലും നോക്കിലും അധികാരവും ആജ്ഞാശക്തിയും പ്രസരിപ്പിച്ച പട്ടം അധികാരത്തിലിരിക്കുമ്പോഴും അധികാരപദവികള്‍ക്കു പുറത്തുനിന്നപ്പോഴും 'ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുകയില്ല' എന്ന പ്രമാണത്തെയാണ് പ്രതിഫലിപ്പിച്ചത്. ആരോ ഒരിക്കല്‍ പറഞ്ഞുവത്രേ, ആരു രാജാവായാലും തിരുവനന്തപുരംകാര്‍ക്ക് ഒരു രാജാവേയുള്ളൂ - ശ്രീ ചിത്തിരതിരുനാള്‍. ആരു മുഖ്യമന്ത്രിയായാലും തിരുവനന്തപുരംകാര്‍ക്ക് ഒരു മുഖ്യമന്ത്രിയേയുള്ളൂ - പട്ടം താണുപിള്ള. ഒരു തിരുമേനിയേയുള്ളൂ തിരുവനന്തപുരംകാര്‍ക്ക് - ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ്, തിരുവനന്തപുരത്തിന്റെ മനഃശാസ്ത്രമാണത്രേ അത്. പട്ടത്തുള്ള തന്റെ വസതിയില്‍നിന്നു വലിയൊരു വളഞ്ഞകാലുള്ള കുടയുംചൂടി താണുപിള്ളസാര്‍ തലയെടുപ്പോടെ നടന്ന് എന്നും രാവിലെ പുളിമൂട്ടിലെ ഓഫീസിലേക്കു പോകുന്നത് ആളുകള്‍ ആദരവോടെ നോക്കിനിന്നിരുന്നുവത്രേ. വഴിയോരത്തെ കടകളിലുള്ളവര്‍പോലും എഴുന്നേറ്റുനില്‍ക്കുന്നതും പതിവായിരുന്നു. തന്റെ നേരേനോക്കി ആദരവോടെ കൈകൂപ്പുന്നവര്‍ക്കുനേരേ അദ്ദേഹവും ഒന്നു ചിരിച്ചിരുന്നു. ആരുടെ മുമ്പിലും തലകുനിക്കുന്ന ശീലമില്ലാതിരുന്നതുകൊണ്ടാവാം താണുപിള്ളസാര്‍ തന്നെ വണങ്ങുന്നവരെപ്പോലും തിരിച്ചുവണങ്ങുമായിരുന്നില്ല. രാജാവിന്റെ മുന്നില്‍ മാത്രമാണ് താണുപിള്ളസാര്‍ തൊഴുതിരുന്നത്. രാജഭരണത്തിനെതിരേ പ്രക്ഷോഭണം നയിക്കുമ്പോഴും പട്ടം താണുപിള്ളയുടെ രാജഭക്തിക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല എന്നതായിരുന്നു ശ്രദ്ധേയം. കവടിയാറിനോടുള്ള (കൊട്ടാരം) തന്റെ ഭക്തി പട്ടം ഒരിക്കലും ഒട്ടും ഒളിപ്പിച്ചതുമില്ല. വൈരുധ്യങ്ങളേറെയുണ്ടായിരുന്ന ആ വ്യക്തിത്വം സമാനകളില്ലാത്തതായിരുന്നു.
ജനാധിപത്യകേരളത്തിന്റെ രാഷ്ട്രീയാചാര്യനായിരുന്ന താണുപിള്ള പക്ഷേ, ഒരു ജനാധിപത്യവാദിയാണെന്നൊന്നും ആരും ഒരിക്കലും കരുതിയിട്ടില്ല. പട്ടവും അങ്ങനെ വാദിച്ചില്ല. ഒരിക്കലും അങ്ങനെ ഭാവിച്ചതുമില്ല.
മുഖ്യമന്ത്രിയെന്ന നിലയില്‍ സാങ്കേതികമായി അദ്ദേഹവും സമന്മാരില്‍ ഒന്നാമനായിരുന്നുവെന്നു പറയാമെങ്കിലും സഹമന്ത്രിമാരെപ്പോലും തന്റെ സഹപ്രവര്‍ത്തകരായി ഒരിക്കലും അദ്ദേഹം കണ്ടിരുന്നില്ല. താന്‍ നേതാവും മറ്റുള്ളവര്‍ അനുയായികളുമെന്നേ അദ്ദേഹം കരുതിയിരുന്നുള്ളൂ. മുതിര്‍ന്ന നേതാക്കളായിരുന്ന സി. കേശവനോ, ടി.എം. വര്‍ഗ്ഗീസിനോപോലും മറിച്ചൊരു പരിഗണന പട്ടത്തില്‍നിന്ന് ഒരിക്കലും കിട്ടിയതുമില്ല. അതായിരുന്നു പട്ടം താണുപിള്ളയുടെ നേതൃത്വശൈലി.
പക്ഷേ, പാര്‍ലമെന്ററി നടപടിക്രമങ്ങളെ അങ്ങേയറ്റം ആദരിക്കുവാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. പാര്‍ലമെന്ററി അല്ലാത്തതൊന്നും നിയമസഭയില്‍ ഒരിക്കലും പട്ടം പറഞ്ഞില്ല, ചെയ്തതുമില്ല. ചെയറിനെ എപ്പോഴും അങ്ങേയറ്റം ആദരിച്ചു. തന്നെക്കാള്‍ ഏറെ ജൂണിയറായവര്‍ സ്പീക്കര്‍മാരായപ്പോഴും അവരെ സ്പീക്കര്‍സാര്‍ എന്നും സംബോധന ചെയ്യാന്‍ അദ്ദേഹത്തിന് അശേഷം വിഷമമുണ്ടായില്ല. എന്നാല്‍, പട്ടത്തെ ബഹു.മെമ്പര്‍ എന്നു പറയുവാന്‍ മിക്ക സ്പീക്കര്‍മാര്‍ക്കും വല്ലാത്ത മാനസികസമ്മര്‍ദം അനുഭവിക്കേണ്ടിവന്നിരിക്കുമെന്നതില്‍ തര്‍ക്കവുമില്ല.
സ്വതേ ഒട്ടൊരു ഗൗരവപ്രകൃതിയായിരുന്നു താണുപിള്ള. നേതൃത്വത്തിന്റെ ഒരകലം പാലിക്കുവാനും പട്ടം ശ്രദ്ധിച്ചിരുന്നു. പക്ഷേ, നിയമസഭയില്‍ ടി.എം. വര്‍ഗീസിന്റെയും കൊച്ചീക്കല്‍ ബാലകൃഷ്ണന്‍തമ്പിയുടെയും ജോസഫ് ചാഴികാടന്റെയുമൊക്കെ നര്‍മം അദ്ദേഹം നന്നായി ആസ്വദിക്കുകയും ചെയ്തു. പക്ഷേ, നിയമസഭയിലോ സദസ്സിലോ പട്ടം ഒരിക്കലും തമാശ പറയുമായിരുന്നില്ല.
മൂന്നു തവണ മുഖ്യമന്ത്രിയായപ്പോഴും അധികാരത്തിലേക്കുയര്‍ത്തിയവര്‍തന്നെ പിന്നീട് പട്ടത്തെ അധികാരത്തില്‍ നിന്നിറക്കുകയായിരുന്നു. ആദ്യതവണ അതിനു നേതൃത്വം നല്‍കിയതു സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായിരുന്ന ടി.എം. വര്‍ഗീസും സി. കേശവനുമായിരുന്നെങ്കില്‍ തിരുക്കൊച്ചി മുഖ്യമന്ത്രിപദത്തില്‍നിന്നു താഴെയിട്ടതാകട്ടെ പനമ്പിള്ളിയുടെ നേതൃത്വത്തില്‍ പുറത്തുനിന്നു പിന്തുണനല്‍കിയ കോണ്‍ഗ്രസ് തന്നെയായിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ ഭരിക്കുമ്പോഴും പിന്‍താങ്ങിപ്രതിപക്ഷമെന്നു പട്ടം പലപ്പോഴും കോണ്‍ഗ്രസിനെ പരിഹസിച്ചിരുന്നുവെന്നതു മറ്റൊരു കാര്യം.
മൂന്നാം പ്രാവശ്യവും പട്ടത്തിനു മുഖ്യമന്ത്രിപദം പോയെങ്കിലും പഞ്ചാബ് ഗവര്‍ണറായിട്ടായിരുന്നു അത്തവണത്തെ മാറ്റം. കോണ്‍ഗ്രസ് - പി.എസ്.പി. ബന്ധം വല്ലാതെ വഷളായ സന്ദര്‍ഭം. കോണ്‍ഗ്രസില്‍ ആര്‍. ശങ്കറും പി.റ്റി. ചാക്കോയും കൈകോര്‍ത്തു നിന്നതോടെ അധികാരമത്സരം രൂക്ഷമായി. ആദ്യം പട്ടത്തിന്റെ വിശ്വസ്തനായിരുന്ന പി.റ്റി. ചാക്കോ പിന്നീട് പട്ടത്തിനെതിരേ ശങ്കറിനോടൊപ്പം ചേര്‍ന്നതോടെ പട്ടം വല്ലാതെ ക്ഷുഭിതനായി. ചാക്കോയോടദ്ദേഹം ഒരിക്കലും ക്ഷമിച്ചതുമില്ല. പട്ടത്തെ ഗവര്‍ണറായി പഞ്ചാബിലേക്കയയ്ക്കുവാന്‍ ലാല്‍ബഹദൂര്‍ശാസ്ത്രിയോട് ബുദ്ധി ഉപദേശിച്ചതും ചാക്കോ തന്നെയാണെന്നായിരുന്നു താണുപിള്ളയുടെ വിശ്വാസം. മുഖ്യമന്ത്രിപദത്തിലായിരുന്നു പട്ടത്തിന് എന്നും താത്പര്യം. എന്നാല്‍, ഗവര്‍ണര്‍പദവിയുടെ പകിട്ടു പട്ടത്തിനു കുറച്ചൊക്കെ ആകര്‍ഷകമായി തോന്നാതെയുമിരുന്നില്ല. പൊന്നമ്മസാറും ഒരു മാറ്റത്തോടനുകൂലിച്ചതോടെ പട്ടം അന്നു ശാസ്ത്രിയുടെ ഓഫര്‍ സ്വീകരിക്കുകയാണുണ്ടായത്.
രണ്ടു വര്‍ഷം പഞ്ചാബിലും പിന്നീട് ആന്ധ്രയിലും ഗവര്‍ണറായ പട്ടം കാലാവധി പൂര്‍ത്തിയാക്കി തിരുവനന്തപുരത്തു തിരിച്ചെത്തുമ്പോഴേക്കും പ്രായം കുറെയേറെ കടന്നിരുന്നു. രോഗങ്ങളും താണുപിള്ളയെ വല്ലാതെ ക്ലേശിപ്പിച്ചു. പക്ഷേ, രോഗശയ്യയിലും അദ്ദേഹം സ്വതഃസിദ്ധമായ പ്രതാപത്തോടെതന്നെ
കിടന്നു.
അക്കാലത്തൊരിക്കല്‍ ഞാന്‍ സന്ദര്‍ഭവശാല്‍ പട്ടത്തുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് താണുപിള്ളസാറിനെ കാണാന്‍ ഇടയായത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. അന്നു ഞാന്‍ പാലാകോളജില്‍ അധ്യാപകനാണ്. മറ്റേതോ കാര്യത്തിനു തിരുവനന്തപുരത്തു ചെന്നതാണ്. എന്തുകൊണ്ടെന്നറിയില്ല, താണുപിള്ളസാറിനെ ചെന്നുകാണമെന്നു തോന്നി. മകളാണു വന്നു വാതില്‍ തുറന്നത്. പാലായില്‍നിന്നാണു വരുന്നതെന്നും ആര്‍.വി. തോമസിന്റെ മകനാണെന്നും താണുപിള്ളസാറിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. അച്ഛനോടൊന്നു പറഞ്ഞിട്ടുവരാമെന്നായി അവര്‍. ഞാന്‍ വരാന്തയില്‍ കാത്തുനിന്നു. അര മിനിട്ടിനുള്ളില്‍ അവര്‍ തിരികെവന്നു. അകത്തോട്ടു ചെല്ലാമെന്ന് ആഗ്യംകാട്ടി.
ഞാന്‍ ചെല്ലുമ്പോള്‍ സാമാന്യം വിശാലമായ മുറിയില്‍ വലിയൊരു കട്ടിലിലാണു കിടക്കുന്നത്. പട്ടത്തിന്റെ പദവിക്കൊത്തുതന്നെ കിടപ്പ്. ഞാന്‍ തല കുനിച്ചു കൈകൂപ്പി തൊഴുതു. അദ്ദേഹം ചെറുതായൊന്നു വലതുകൈ ഉയര്‍ത്തിയതേയുള്ളൂ. കട്ടിലിനടുത്തിട്ടിരുന്ന കസേരയിലിരിക്കുവാന്‍ നോട്ടംകൊണ്ടാംഗ്യം കാണിച്ചു. ഇരുന്നപ്പോള്‍ എന്റെ നേര്‍ക്കുനോക്കി ഹൃദ്യമായി ചിരിച്ചു. എനിക്കും ധൈര്യമായി. സാറിനെ കാണാന്‍ വന്നതാണെന്നു പറഞ്ഞപ്പോള്‍ നന്ദിസൂചകമായി വീണ്ടും ചെറിയ ചിരി.
ആര്‍.വി.ക്ക് എത്ര മക്കളാണെന്നു ചോദിച്ചു. എട്ടെന്നുപറഞ്ഞപ്പോള്‍ വീണ്ടും ചിരി. എന്നിട്ട് എന്റെ നേരേ നോക്കാതെ പറഞ്ഞു: ''ആര്‍.വി. ഒന്നും സമ്പാദിച്ചില്ല അല്ലേ?'' ഞാന്‍ തല കുലുക്കിയതേയുള്ളൂ. എന്നിട്ടു വീണ്ടും ചോദ്യമായി ''മിസ്സിസ്സ് ആര്‍.വി.?'' അമ്മ സുഖമായിരിക്കുന്നു. ഇപ്പോള്‍ യാത്രയൊന്നുമില്ല എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ഒന്നു മൂളിയതേയുള്ളൂ. എന്നിട്ട് എന്റെ നേര്‍ക്കു നോക്കിപ്പറഞ്ഞു: ''നന്നായിവരും.''
ഞാന്‍ എഴുന്നേറ്റു. അദ്ദേഹം കിടന്ന കട്ടിലിനോടു ചേര്‍ന്ന് ഒരു മുട്ടിന്മേല്‍ ആശീര്‍വാദം തേടി എന്ന മട്ടില്‍ നിന്നപ്പോള്‍ അദ്ദേഹം രണ്ടു കൈകളും സാവധാനം എന്റെ നിറുകയില്‍ ചേര്‍ത്തുവച്ചു. താണുപിള്ളസാറിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്റെ കണ്ണുകളെ എനിക്കും നിയന്ത്രിക്കാനായില്ല. കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്റെ നേര്‍ക്കു വീണ്ടും ഞാന്‍ തലകുനിച്ചു കൈകൂപ്പി വണങ്ങി. അദ്ദേഹം നിശ്ശബ്ദം എന്റെ നേര്‍ക്കുതന്നെ നോക്കി കിടന്നു, തികച്ചും രാജകീയമായി.