•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വൈറസിനെ വരുതിയിലാക്കാന്‍ വാക്‌സിന്‍ ?

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഒരു വര്‍ഷക്കാലം രാവെന്നോ പകലെന്നോ ഭേദമില്ലാതെ അധ്വാനിച്ച് വിവിധ രാജ്യങ്ങളില്‍ ഏതാണ്ട് ഒരേ സമയം കൊവിഡ് 19 നെതിരേയുള്ള പ്രതിരോധവാക്‌സിനുകള്‍ വികസിപ്പിച്ചിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ സമയമെടുത്ത് മറുമരുന്നു കണ്ടുപിടിക്കാന്‍ കഴിഞ്ഞു എന്നതില്‍ മാനവരാശിക്ക് അഭിമാനിക്കാന്‍ വകയുണ്ട്.
പത്തുകോടി ജനങ്ങളെ ബാധിക്കുകയും, 20 ലക്ഷത്തിലധികംപേരെ കൊന്നൊടുക്കുകയും ചെയ്ത കൊറോണ വൈറസുകളെ പിടിച്ചുകെട്ടാന്‍ ലോകമെമ്പാടുമുള്ള മരുന്നുകമ്പനികള്‍ മത്സരബുദ്ധ്യാ നീങ്ങിയതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. വിവിധ കമ്പനികള്‍ വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്നുകള്‍ ഇതിനോടകം 40 രാജ്യങ്ങളിലെങ്കിലും എത്തിക്കുകയും വാക്‌സിനേഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയും ചെയ്യുന്നു.
കൊറോണവൈറസുകളെ പ്രതിരോധിക്കാനുള്ള പ്രോട്ടീനുകള്‍ മനുഷ്യശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് എല്ലാ കമ്പനികളും വികസിപ്പിച്ചെടുത്തത്. കോശങ്ങളില്‍ ജനിതകമാറ്റം വരുത്താനുതകുന്ന രാസപദാര്‍ത്ഥങ്ങളാണ് വാക്‌സിനുകളിലുള്ളത്. വൈറസുകളുടെ പുറത്തുള്ള സ്‌പൈക് പ്രോട്ടീന്‍ നിര്‍മിക്കാനാവശ്യമായ കോഡാണ് mRNA വാക്‌സിന്‍ നല്‍കുന്നത്. ഇതു നിര്‍മിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട ജനിതകം ശരീരത്തില്‍ എത്തുന്നതോടെ കോശങ്ങള്‍ വൈറസിനുപുറത്തുള്ള സ്‌പൈക് പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നു. ശരീരകോശങ്ങള്‍ക്കു യോജിക്കാത്ത പ്രോട്ടീനുകളെ പുറന്തള്ളാന്‍ ശരീരം സജ്ജമാകുന്നു. പുതുതായി രൂപംകൊണ്ട പ്രോട്ടീനുകളെ നശിപ്പിക്കാന്‍ ആവശ്യമായ കോശങ്ങളെ (immune cells) ശരീരം ഉത്പാദിപ്പിക്കുകയും ശത്രുവിനെ തുരത്തുകയും ചെയ്യുന്നു.
ഈ കണ്ടുപിടിത്തത്തിലൂടെ അവിശ്വസനീയമായ ഗുണഫലങ്ങളാണ് വെളിപ്പെട്ടത്. പ്‌ഫൈസര്‍, മൊഡേര്‍ണ, ബയോണ്‍ടെക്, (pfizer, moderna, Biontech) തുടങ്ങിയ കമ്പനികള്‍ നിര്‍മിച്ച വാക്‌സിനുകളാണ് ഏറ്റവും മികച്ചവയെന്നു പറയപ്പെടുന്നുണ്ട്. കൊവിഡ് 19 നെതിരേയുള്ള ആദ്യവാക്‌സിന്‍ നിര്‍മിച്ചത് റഷ്യയിലാണെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല. 'സ്പുട്‌നിക്-5'  എന്നു നാമകരണം ചെയ്യപ്പെട്ട വാക്‌സിന്‍ സ്വന്തം രാജ്യത്തുപോലും പ്രചാരം നേടിയില്ല. 'സൈനോഫോം' എന്നു പേരിട്ട വാക്‌സിന്‍ ചൈനയുടേതാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രാസെനേക്ക  എന്ന ഗവേഷണസ്ഥാപനവും പൂനയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചു പുറത്തിറക്കിയതാണ് 'കോവിഷീല്‍ഡ്' വാക്‌സിന്‍. യുകെയില്‍ നടത്തിയ പ്രാഥമികപരീക്ഷണങ്ങള്‍ വിജയിച്ചതോടെയാണ് നമ്മുടെ രാജ്യത്തും അനുമതി നല്‍കിയത്. കൊവിഷീല്‍ഡിന്റെ ഇന്ത്യന്‍ പതിപ്പാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. 1,600 പേരിലായിരുന്നു ആദ്യപരീക്ഷണം. ഇവിടത്തെ പരീക്ഷണഫലങ്ങളും യുകെയിലെ പഠനഫലങ്ങളും സമാനമാണെന്നു കണ്ടെത്തി.
പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഹൈദരാബാദിലെ ഭാരത്  ബയോടെക്കും, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചുമായി (ICMR) സഹകരിച്ചു വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്നാണ്  'കോവാക്‌സിന്‍' തദ്ദേശീയമായി നിര്‍മിച്ചെടുത്ത കോവാക്‌സിന്‍ പരീക്ഷണങ്ങളുടെ അന്ത്യഘട്ടത്തിലാണ്. പ്രാഥമികപരീക്ഷണങ്ങള്‍ മൃഗങ്ങളിലാണു നടത്തിയത്.  ഒന്നും രണ്ടും ഘട്ടങ്ങള്‍ മനുഷ്യരില്‍ പരീക്ഷിച്ചെങ്കിലും  ഫലങ്ങള്‍ പുറത്തുവന്നിട്ടില്ല. മൂന്നാംഘട്ട പരീക്ഷണങ്ങള്‍കൂടി വിജയിച്ചെങ്കിലേ വാക്‌സിന്‍ വിപണിയിലെത്തിക്കാനാവൂ. കോവിഷീല്‍ഡിനോടൊപ്പം  കോവാക്‌സിനും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ (ഡിസിജിഐ) അനുമതി നല്‍കിയത് വിമര്‍ശനവിധേയമായിട്ടുണ്ട്. കോവാക്‌സിനെതിരേ  ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഭാരത് ബയോടെക് സിഎംഡി കൃഷ്ണ എല്ല പ്രതികരിച്ചതിങ്ങനെ: ''ഇതുവരെ 16 ല്‍പ്പരം വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്ത അനുഭവസമ്പത്ത് ഞങ്ങള്‍ക്കുണ്ട്. ക്ലിനിക്കല്‍ പരീക്ഷണങ്ങളെല്ലാം സുതാര്യമായിട്ടാണു നടത്തിയത്. ആഗോളകമ്പനിയെന്ന നിലയില്‍ യുകെയിലടക്കം പരീക്ഷിച്ചതാണ്.'' ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി നല്‍കിയതിന്റെ സന്തോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വികാരാധീനനായി പറഞ്ഞു: ''ലോകത്തെ ഏറ്റവും വലിയ പ്രതിരോധയജ്ഞത്തിനാണ് നമ്മുടെ രാജ്യം തുടക്കമിടുന്നത്. രണ്ടു വാക്‌സിനുകളും നമ്മുടെ രാജ്യത്തു നിര്‍മിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. വളരെ പ്രതികൂലസാഹചര്യങ്ങളിലും വിശിഷ്ടസേവനം കാഴ്ചവയ്ക്കുന്ന ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, കൊവിഡ് പോരാളികള്‍, ശുചീകരണത്തൊഴിലാളികള്‍, പോലീസ് സേനാംഗങ്ങള്‍ എന്നിവരോട് പ്രത്യേകമായി നന്ദി രേഖപ്പെടുത്തുന്നു. സ്വന്തം ജീവന്‍ പണയപ്പെടുത്തിയും നിരവധി ജീവനുകള്‍ രക്ഷിച്ചത് നിങ്ങളാണ്.''
''പൂര്‍ണസുരക്ഷ ഉറപ്പാക്കിയാണ് രണ്ടു വാക്‌സിനുകള്‍ക്കും അനുമതി നല്‍കിയിട്ടുള്ളത്. മുന്‍ഗണനപ്പട്ടികയിലുള്ള 3 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ 30 കോടി പേര്‍ക്ക് വാക്‌സിനേഷന്‍ നടത്തും. മൂന്നാംഘട്ടപരീക്ഷണങ്ങളുടെ ഫലം വരുന്നതോടെ കോവാക്‌സിനും ഉപയോഗിച്ചുതുടങ്ങും. അലര്‍ജി, നേരിയ പനി, ശരീരവേദന എന്നിവ ഏതു കുത്തിവയ്പിനും സ്വാഭാവികമായിട്ടുള്ളതാണ്. അതിനപ്പുറമുള്ള വിമര്‍ശനങ്ങളില്‍ കഴമ്പില്ല'' ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വി.ജി. സോമാനി വെളിപ്പെടുത്തി.
പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് കൈകളില്‍ നീര്, പനി, ശരീരവേദന എന്നിവ ഉണ്ടാകാമെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് കൊവിഡ് വിദഗ്ധനും പ്രമുഖ പള്‍മനോളജിസ്റ്റുമായ ഡോ. ടിങ്കു ജോസഫിന്റെ അഭിപ്രായം. യുഎസിലും യുകെയിലുമുള്ള തന്റെ സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ വാക്‌സിന്‍ കുത്തിവച്ചുവെന്നും യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, വാക്‌സിനേഷന്‍ എടുത്ത സ്ത്രീകള്‍ക്ക് താടി കിളിര്‍ത്താലോ, പുരുഷന്മാര്‍ മുതലകളായി മാറിയാലോ മരുന്നുകമ്പനികള്‍ക്ക് ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ ബ്രസീലിയന്‍ പ്രസിഡന്റ് ജയിര്‍ ബൊള്‍ സനാരോയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. പാര്‍ശ്വഫലങ്ങളുടെ ഉത്തരവാദിത്വം പ്‌ഫൈസര്‍ കമ്പനി ഏറ്റെടുക്കില്ലെന്ന നിലപാടിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 18 കോടിയോളം വരുന്ന ബ്രസീലിയന്‍ ജനതയില്‍ 70 ശതമാനം പേര്‍ക്ക് ഒരു വര്‍ഷത്തിനകം വാക്‌സിന്‍ നല്‍കി രാജ്യത്തെ കൊവിഡ് മുക്തമാക്കുമെന്നാണ് ബൊള്‍സനാരോയുടെ അവകാശവാദം. അതേസമയം, വാക്‌സിനേഷന്‍ എടുക്കുന്നവരില്‍ എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അവയുടെ ഉത്തരവാദിത്വം സര്‍ക്കാരിനല്ല, കമ്പനികള്‍ക്കായിരിക്കുമെന്ന് നരേന്ദ്രമോദിയും പറയുന്നു. മനുഷ്യന്‍ ഗിനിപ്പന്നികളെപ്പോലെ ഒരു പരീക്ഷണവസ്തുവായി മാറുകയാണോയെന്ന് ഇവരുടെ പ്രസ്താവനകളില്‍നിന്നു തോന്നിപ്പോകും.
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ പ്രതിരോധശേഷി  എത്ര നാളത്തേക്കു നീളുമെന്ന് പ്രവചിക്കാന്‍ നിര്‍മാണകമ്പനികള്‍ക്കു കഴിയാത്തത് ന്യൂനതയാണ്. ആറു മാസംമുതല്‍ ഒരു കൊല്ലംവരെ രോഗം വരില്ലെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. രോഗികളുമായി അടുത്തിടപഴകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും വാക്‌സിനേഷനു വിധേയരാകേണ്ടിവരും.
വാക്‌സിനേഷന്‍ രോഗപ്പകര്‍ച്ച തടയുമെങ്കിലും രോഗത്തിന്റെ പൂര്‍ണമായ ഉന്മൂലനം സാധ്യമാകില്ലെന്നാണ് പ്രമുഖ ആരോഗ്യവിദഗ്ധനായ ഡോ. ബി. ഇക്ബാലിന്റെ അഭിപ്രായം. കൊറോണവൈറസുകള്‍ക്ക് ഞൊടിയിടയില്‍ ഉണ്ടാകുന്ന ജനിതകമാറ്റമാണ് പ്രധാന കാരണം. ഒരു മഹാമാരി (pandemic) എന്ന അവസ്ഥയില്‍നിന്ന് ചുരുക്കി ഒരു പ്രാദേശികരോഗമായി (endemic) കൊവിഡിനെ ഒതുക്കിനിറുത്താമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)