അപഹരിക്കപ്പെടുന്ന വെളിച്ചത്തെക്കാള്‍ നമ്മെ ഭയപ്പെടുത്തേണ്ടതും അസ്വസ്ഥമാക്കേണ്ടതും അതേ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്ന ഹിംസാത്മകമായ ഇരുട്ടാണ്.
''എല്ലാം പറഞ്ഞും പ്രവര്‍ത്തിച്ചും കഴിയുമ്പോള്‍ ജീവിതത്തിലെ ഒരേയൊരു വലിയ ദുരന്തം ഒരു വിശുദ്ധനാകാത്തതാണ്.''
'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ ലിയോണ്‍ ബ്ലോയിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഫ്രാന്‍സീസ് മാര്‍പാപ്പാ നല്കുന്ന സന്ദേശമാണിത്. വിശുദ്ധനാകാതെ ഒരാള്‍ ഈ ലോകത്തില്‍നിന്നു കടന്നുപോയി എന്നതിനര്‍ത്ഥം അയാള്‍ക്കുവേണ്ടി രൂപക്കൂടു പണിയപ്പെട്ടില്ല എന്നതോ അയാള്‍ അദ്ഭുതപ്രവര്‍ത്തകനോ രക്തസാക്ഷിയോ ആയിരുന്നില്ല എന്നതോ മാത്രമാണോ? കാലം നമുക്കു മുന്നിലേക്കു വച്ചു നീട്ടുന്ന അനുഭവങ്ങളോരോന്നിനോടും; അവ നല്ലതോ ചീത്തയോ ആകട്ടെ, നാം പ്രതികരിക്കുമ്പോഴും ഒളിഞ്ഞോ തെളിഞ്ഞോ കടന്നുവരുന്ന അവസരങ്ങളെ ഉപയോഗിക്കുമ്പോഴും തമ്പുരാന്റെ ചുറ്റുവട്ടങ്ങളില്‍ നാമെവിടെയായിരുന്നു എന്നതല്ലേ വിശുദ്ധിയുടെ ഏറ്റവും ലളിതമായ വ്യാഖ്യാനം?
ഒരു തീരുമാനമെടുക്കുന്നതിനു മുന്‍പോ ആരുടെയെങ്കിലും നെഞ്ചിലേക്ക് വാക്കിന്റെ ലാവയൊഴുക്കുംമുന്‍പോ സെക്കന്റിന്റെ ചെറിയൊരംശംകൊണ്ടെങ്കിലും ദൈവത്തോടൊരു വാക്കു ചോദിക്കാന്‍ ശീലിപ്പിക്കപ്പെട്ട മനസ്സ് നമുക്കുണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടി സമാധാനപൂര്‍ണവും അനുഗ്രഹപൂര്‍ണവുമാകുമായിരുന്നു നമ്മുടെയൊക്കെ ലോകം.
അമ്മയുടെ നെഞ്ചിലാണ് പറ്റിക്കിടക്കുന്നത് എന്ന ഒരേയൊരുറപ്പിന്മേല്‍ കിനാവുകണ്ടുറങ്ങിയ കുഞ്ഞുങ്ങളെത്രയാണ് ആഴക്കയങ്ങളില്‍ കാരണമറിയാതെ പിടഞ്ഞൊടുങ്ങിയത്! അച്ഛനാണ് വിളിക്കുന്നത് എന്നയുറപ്പില്‍ യാത്ര പറഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെത്രയാണ് കഴുത്തിലിറങ്ങുന്ന കഠാരത്തിളക്കം കണ്ട് അച്ഛായെന്നയൊടുക്കത്തെ നിലവിളിയുടെ നിസ്സഹായതയോടെ ജീവിച്ചു കൊതിതീരാതെ കടന്നുപോയത്! ഓര്‍മിക്കാനും ഓര്‍മിപ്പിക്കാനും ഇഷ്ടമില്ലാത്ത ഇത്തരം എത്രയോ സംഭവങ്ങളുടെ ഭാരം പേറിയാണ് നാമിന്ന് ദിവസങ്ങള്‍ പിന്നിടുന്നത്?
ഒരാളുടെ ജീവിതം വിശുദ്ധമാകുന്നില്ല എന്നതിനര്‍ത്ഥം അയാളുടെയും അയാളുടെ ജീവിതപരിസരങ്ങളിലുള്ളവരുടെയും നന്മയുടെ വെളിച്ചമണഞ്ഞുപോകുന്നു എന്നതു മാത്രമാണോ? അപഹരിക്കപ്പെടുന്ന വെളിച്ചത്തെക്കാള്‍ നമ്മെ ഭയപ്പെടുത്തേണ്ടതും അസ്വസ്ഥമാക്കേണ്ടതും അതേ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്ന ഹിംസാത്മകമായ ഇരുട്ടാണ്. കാരണം, വിശ്വസിക്കാന്‍പോലുമാകാത്ത തരത്തിലുള്ള പൈശാചികവും നികൃഷ്ടവുമായ കര്‍മങ്ങളിലേക്ക് അത് മനുഷ്യനെ കൊണ്ടുചെന്നെത്തിക്കും. ആനന്ദിന്റെ 'ഗോവര്‍ധന്റെ യാത്രകള്‍' എന്ന നോവലില്‍ ഒരു രംഗമുണ്ട്: വൃത്തിഹീനമായ തെരുവിലൂടെ നടന്നുപോകുന്ന ഗോവര്‍ധന്‍ വഴിവക്കിലെ തണലില്‍ വട്ടമിട്ടിരുന്ന് എന്തോ വിനോദത്തിലേര്‍പ്പെട്ടിരിക്കുന്ന കുറച്ചു കുട്ടികളെ കാണുന്നു. കൗതുകത്തോടെ അടുത്തുചെന്നു നോക്കുമ്പോള്‍ ഭയാനകമായ കാഴ്ചയാണ് അയാള്‍ കാണുന്നത്. കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പൂച്ചയെ കുട്ടികളില്‍ ചിലര്‍ ബലമായി പിടിച്ചുവയ്ക്കുകയും മറ്റു കുട്ടികള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അതിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. ചോരചിതറുന്ന കണ്ണുകളും പ്രാണനെടുക്കുന്ന നിലവിളിയുമായി പൂച്ചക്കുട്ടി നിലത്തുവീണുരുളുമ്പോള്‍ കുട്ടികള്‍ അതിനെ അനുകരിച്ച് ശബ്ദമുണ്ടാക്കുകയും ആഹ്ലാദനൃത്തം ചവിട്ടുകയും ചെയ്യുന്നു. ശബ്ദംകേട്ട് എങ്ങുനിന്നോ വന്ന അന്ധനായ ഒരു നായ മണംപിടിച്ച് പൂച്ചക്കുട്ടിയുടെ അടുത്തെത്തി അതിനെ ആശ്വസിപ്പിക്കാനെന്നവണ്ണം അതിന്റെ പിടയുന്ന ശരീരത്തെ മുഖംകൊണ്ടുതലോടുന്ന ചിത്രവും ആനന്ദ് ഇവിടെ കാണിച്ചുതരുന്നുണ്ട്.
നാം കുറച്ചുകൂടി വിശുദ്ധരായിരുന്നെങ്കില്‍ നമ്മുടെ ജീവിതവും നമുക്കു ചുറ്റുമുള്ളവരുടെ ജീവിതവും നമ്മുടെ പ്രകൃതിയുമൊക്കെ കുറച്ചുകൂടി സുന്ദരവും സുരക്ഷിതവുമായിരുന്നേനെ എന്നു തോന്നേണ്ട കാലമല്ലേ ഇത്?
റോബര്‍ട്ട് പിര്‍സിജിന്റെ 'സെന്‍ ആന്‍ഡ് ദി ആര്‍ട് ഓഫ് മോട്ടോര്‍സൈക്കിള്‍ മെയിന്റനന്‍സ്' എന്ന കൃതിയുടെ കവര്‍ച്ചിത്രം ഇലയുടെ ഞെട്ടില്‍നിന്ന് ഒരു സ്പാനര്‍ മുളച്ചുവരുന്ന
താണ്. പ്രകൃതിദത്തമായ ലോകത്തെ മനുഷ്യനിര്‍മിതമായ സാങ്കേതികതയുടെ ലോകം മാറ്റിമറിക്കുന്നതിന്റെ ആശയമാണ് ചിത്രം നല്കുന്നത്. മനുഷ്യന്‍ മനുഷ്യനോടു കാട്ടുന്ന ക്രൂരതയുടെയും നെറികേടിന്റെയും നൂറിരട്ടി ഏറ്റുവാങ്ങി മുടിയുന്ന പ്രകൃതിയും ജീവജാലങ്ങളും നമ്മുടെ അവിശുദ്ധജീവിതത്തിന്റെ ഇരകളല്ലെന്നു പറയാനാവുമോ? തൂങ്ങിമരിക്കുന്ന കര്‍ഷകര്‍ക്കു ധനസഹായം പ്രഖ്യാപിക്കുകയും സമരം ചെയ്യുന്ന കര്‍ഷകരെ രാജ്യദ്രോഹികളായി കരുതുകയും ചെയ്യുന്ന നിലപാട് ഒരേസമയം മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവു
മാണ്. മണ്ണില്‍ പണിയെടുക്കുന്ന അവസാനത്തെ മനുഷ്യനും പരാജയപ്പെട്ടു പിന്മാറുമ്പോള്‍ നാളെ മുതല്‍ അന്നത്തിനായി നാം കൈനീട്ടേണ്ടത് ആരുടെ മുമ്പിലായിരിക്കുമെന്ന് അറിയാത്തവരായി ആരുമില്ലല്ലോ. കൃഷിയുടെ ആദിമവും വിശുദ്ധവുമായ സംസ്‌കൃതിയെ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കളങ്കപ്പെടുത്തി വലിച്ചെറിയുകയാണ് 'കര്‍ഷകരക്ഷകരായ' ഭരണകര്‍ത്താക്കള്‍പോലും.
'ഈ ഭൂമി നമ്മുടെ പൂര്‍വപിതാക്കളില്‍നിന്നു നമുക്കു പൈതൃകമായി കിട്ടയതല്ല. മറിച്ച്, നാമിത് നമ്മുടെ കുഞ്ഞുങ്ങളില്‍നിന്നു കടം കൊണ്ടതത്രേ' എന്നൊരു ചൊല്ലുണ്ട്. നാം പുലര്‍ത്തുന്ന കുറ്റകരമായ ചില നിസംഗതകള്‍ക്കും മൗനങ്ങള്‍ക്കും വിലകൊടുക്കേണ്ടിവരുന്നവര്‍ നമ്മുടെ കുഞ്ഞുങ്ങളായിരിക്കുമെന്ന സത്യം മറക്കരുത്. അമിതചൂഷണത്തിന്റെയോ അത്യാഗ്രഹത്തിന്റെയോ പരദ്രോഹത്തിന്റെയോ കറപുരളാത്ത കൃത്യമായ ഒരു ആത്മീയത പ്രകൃതിയോടു ബന്ധപ്പെടുത്തി പുലര്‍ത്തിയവരായിരുന്നു നമ്മുടെ പൂര്‍വികര്‍. മനുഷ്യനെയും ദൈവത്തെയും മാനിച്ചുപോന്നിരുന്ന വിശുദ്ധമായ ഇന്നലെകളെ നാളേക്കു വേണ്ടിയെങ്കിലും നമുക്കു തിരിച്ചുപിടിക്കണം. ഉള്ളിലെ വിശുദ്ധി നഷ്ടമാകുമ്പോള്‍ നാം തകര്‍ക്കുന്ന രണ്ട് ഇടങ്ങളാണ് നമ്മുടെ കുടുംബങ്ങളും പ്രകൃതിയും.
'സമയപ്രവാഹവും സാഹിത്യകലയും' എന്ന പുസ്തകത്തില്‍ ദൈവാനുഗ്രഹത്തിന്റെതായ ഒരു കാലത്തെ അന്വേഷിക്കുന്ന എഴുത്തുകാരെക്കുറിച്ച്
കെ.പി. അപ്പന്‍ സൂചിപ്പിക്കുന്നുണ്ട്. ഭോഗതൃഷ്ണകൊണ്ടു ഭൂമി തരളിതമാകുമ്പോള്‍ അവയുടെ എല്ലാ പ്രലോഭനമണ്ഡലങ്ങളെയും അതിജീവിക്കുന്ന മനുഷ്യര്‍ ഭൂമിയുടെമേല്‍ ഒരു സ്വര്‍ഗീയകാലത്തെ അന്വേഷിക്കുമെന്നും രാഷ്ട്രീയമായും സാംസ്‌കാരികമായും ധാര്‍മികമായും കേരളം തകര്‍ച്ചയെ നേരിട്ട കാലത്ത് ഈ ധര്‍മം നിറവേറ്റിയ കവിയായിരുന്നു എഴുത്തച്ഛന്‍ എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇതിഹാസപുരാണങ്ങളിലെ വിശുദ്ധവും സനാതനവുമായ മൂല്യങ്ങളെ ഹൃദയഹാരിയായ ഭാഷയിലും ശൈലിയിലും തന്റെ കാലത്തെ മനുഷ്യരുടെ ചിന്തയിലേക്കു കൈമാറുകയാണ് ഭാഷാപിതാവ് ചെയ്തത്. പതിനാറാം നൂറ്റാണ്ടില്‍ മാത്രമല്ല ഏതു നൂറ്റാണ്ടിലും മനുഷ്യജീവിതം അര്‍ത്ഥവത്താകുന്നത് ആത്മീയതയുടെ വെളിച്ചം വേണ്ടുവോളം കടന്നുവരാനുള്ള സാഹചര്യം സംജാതമാകുമ്പോഴാണ്.
എനിക്ക് ബുദ്ധനെ ജീവനോടെ കാണണം എന്നു പറഞ്ഞ് തന്നെ കാണാനെത്തിയ മനുഷ്യനോട് സെന്‍ഗുരു ഇപ്രകാരം പറഞ്ഞു: ''നീ ഉടന്‍ വീട്ടിലേക്കു മടങ്ങുക. അവിടെ ബുദ്ധന്‍ നിന്നെ കാത്തിരിക്കുകയാണ്. നീ രാത്രി വൈകിയാകും അവിടെയെത്തുന്നത്. വാതിലില്‍ മുട്ടിവിളിക്കുക. അപ്പോളകത്തുനിന്ന് ഒരാളെണീറ്റുവരും. തിരക്കില്‍ പാദുകങ്ങള്‍ പരസ്പരം മാറ്റി ധരിച്ചും വസ്ത്രങ്ങള്‍ വാരിവലിച്ചുടുത്തും വിളക്കേന്തി വാതില്‍ തുറക്കുന്നത് സാക്ഷാല്‍ ബുദ്ധനായിരിക്കും!'' അയാള്‍ വീട്ടിലേക്കു പോയി. പാതിര കഴിഞ്ഞ് അയാള്‍ അവിടെയെത്തി. ഉടന്‍തന്നെ അകത്തുനിന്ന് കാലൊച്ച കേട്ടു തുടങ്ങി. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന മഹാപ്രതീക്ഷയോടെ വാതില്ക്കലേക്ക് അയാള്‍ ഉറ്റുനോക്കി. അവിടെ അയാളുടെ വൃദ്ധയായ അമ്മ ഒരു കൈയില്‍ ദീപമേന്തി, തിരക്കില്‍ വസ്ത്രങ്ങള്‍ വാരിവലിച്ചുടുത്ത്, ചെരിപ്പുകള്‍ തെറ്റായി ധരിച്ച് മകനെ സ്‌നേഹത്തോടെ നോക്കി...
പുതുവര്‍ഷമാണ്. ഉള്ളിലൊരു ദൈവം ഉറങ്ങാതിരിക്കുന്നു എന്ന ബോധ്യത്തോടെ നടന്നുതുടങ്ങാം. എന്നോ എവിടെയോ മറ്റാരിലോ സംഭവിക്കുന്ന മഹാദ്ഭുതമല്ല വിശുദ്ധി എന്നു തിരിച്ചറിയാം.