•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ദൈവമഹത്ത്വം എല്ലാവര്‍ക്കും കാണാം

ജനുവരി 6 ദനഹാത്തിരുനാളില്‍ പാലാ കത്തീഡ്രല്‍ പള്ളിയില്‍ 
വി. കുര്‍ബാനമധ്യേ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തില്‍നിന്ന്:


ദനഹാത്തിരുനാളിലാണ് പൗരസ്ത്യസഭകളെല്ലാം കര്‍ത്താവിന്റെ മാമ്മോദീസാ അനുസ്മരിക്കുന്നതും ആഘോഷിക്കുന്നതും. അക്കൂട്ടത്തില്‍ പൂജരാജാക്കന്മാരുടെ സന്ദര്‍ശനവും സാന്നിധ്യവും  അവര്‍ക്കു കിട്ടുന്ന ദര്‍ശനങ്ങളുമെല്ലാം ചേര്‍ത്തുവച്ചുകൊണ്ടാണ് ഒട്ടുമിക്ക ദേവാലയങ്ങളിലും ഈ തിരുനാള്‍ ആഘോഷിക്കുന്നത്.
91-ാം സങ്കീര്‍ത്തനം അഞ്ചു മുതല്‍ ഏഴു വരെയുള്ള തിരുവചനങ്ങള്‍ കൊറോണാ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തവും ആശ്വാസദായകവുമാണെന്നാണ് എനിക്കു തോന്നുന്നത്. ''രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ട. ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ട. നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍ മരിച്ചുവീണേക്കാം, നിന്റെ വലതുവശത്ത് പതിനായിരങ്ങളും; എങ്കിലും, നിനക്ക് ഒരനര്‍ഥവും സംഭവിക്കുകയില്ല.''
വലിയ മഹാമാരി ഇരുട്ടിലോ നട്ടുച്ചയ്‌ക്കോ വരുമ്പോഴും നമ്മുടെ ഇടത്തും വലത്തുമുള്ളവര്‍ മരിച്ചുവീഴുമ്പോഴും  നാം ഭയപ്പെടേണ്ട, കര്‍ത്താവ് നമ്മുടെ കൂട്ടത്തിലുണ്ട്. ഈ മഹാമാരികളൊക്കെ വരുമ്പോഴും അതിന്റെ അനേകം മടങ്ങു കാരുണ്യം ദൈവം നമ്മോടു കാണിക്കുന്നു. അതാണ് നമ്മുടെ ആത്മീയതയുടെ അടിത്തറ. എത്ര വലിയ താത്പര്യത്തോടെയാണ് ദൈവം ഈ നാളുകളില്‍ അവിടുത്തെ കാരുണ്യം കാണിച്ചുകൊണ്ടിരിക്കന്നത്. ആരോഗ്യവിദ്യാഭ്യാസസാമൂഹികമേഖലകളില്‍ വിവിധ സന്നദ്ധസംഘടനകളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും ദൈവം തന്റെ കാരുണ്യം മള്‍ട്ടിപ്ലൈ ചെയ്യുന്നുണ്ട് എന്നതാണു സത്യം. ആ സത്യം നമ്മള്‍ തിരിച്ചറിയണം.
മറ്റൊരു സങ്കീര്‍ത്തനത്തില്‍ നാം വായിക്കുന്നുണ്ടല്ലോ: ''തീയിലും വെള്ളത്തിലുംകൂടി അങ്ങു ഞങ്ങളെ നടത്തി; മറ്റുള്ളവര്‍ ഞങ്ങളുടെ തലയില്‍ ചവിട്ടി നടക്കുവാന്‍ നീ അനുവദിച്ചു. എങ്കിലും അതിന്റെയെല്ലാം അവസാനം ആനന്ദത്തിലേക്കു നീ  ഞങ്ങളെ നയിച്ചു.''  ഇസ്രായേക്കാരുടെ വിശ്വാസം അതായിരുന്നു. എല്ലാ ക്രൈസ്തവരുടെയും വിശ്വാസം അതാ ണ്. ഈ ദനഹായിലും നമ്മള്‍ പ്രഖ്യാപിക്കുന്ന ദൈവത്തിന്റെ ഓര്‍മയും നമുക്ക് ദൈവത്തിലുള്ള വിശ്വാസവും അതുതന്നെയാണ്. 
രാക്കുളിത്തിരുനാള്‍ നമ്മെ സംബന്ധിച്ച്, രാത്രിയില്‍ മീനച്ചിലാറ്റിലിറങ്ങി മുങ്ങിക്കുളിച്ച് കരയിലേക്കു കയറുമ്പോള്‍, ഈശോ യോര്‍ദ്ദാന്‍ നദിയില്‍നിന്ന് മാമ്മോദീസാ സ്വീകരിച്ച് കരയിലേക്കു കയറിയതിന്റെ പ്രതീകാത്മകമായ അനുസ്മരണമാണ്. രാത്രിയില്‍ കുളിച്ചുകയറുന്നതുകൊണ്ടാണ് രാക്കുളി എന്നുള്ള പേര് അതിനു നല്കപ്പെട്ടത്. ഈശോയുടെ മാമ്മോദീസാ പാലാക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ഒരു പ്രാദേശികാവിഷ്‌കരണമായാണ് രാക്കുളിത്തിരുനാളായി നിലനിര്‍ത്തിപ്പോരുന്നത്.
'ദനഹാ' എന്നാണ് സുറിയാനിയില്‍ ഈ തിരുനാളിനെ വിശേഷിപ്പിക്കുന്നത്. പ്രത്യക്ഷീകരണം, മഹത്ത്വമുള്ള വെളിപ്പെടുത്തലുകള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. കാനായിലെ അദ്ഭുതത്തെയും ദനഹാ ആയിക്കരുതുന്ന വേദപണ്ഡിതന്മാരുണ്ട്. ഈശോ തന്റെ ആദ്യമഹത്ത്വം വെളിപ്പെടുത്തിയത് അവിടെയാണ്. കാനായില്‍ സംഭവിച്ചതും പൂജരാജാക്കന്മാരുടെ സന്ദര്‍ശനവേളയില്‍ അവര്‍ക്കു വെളിപ്പെടുത്തപ്പെട്ട രഹസ്യവും ഈശോയുടെ മാമ്മോദീസായുടെ സമയത്തു വെളിപ്പെടുത്തപ്പെട്ട രഹസ്യവും അതാണ്. ദനഹാ അഥവാ വലിയ വെളിപ്പെടുത്തലുകള്‍, മഹത്ത്വമുള്ള വെളിപ്പെടുത്തലുകള്‍ എന്നൊക്കെയാണ് അറിയപ്പെടുന്നത്.
വേദപുസ്തകത്തിന്റെ ഗ്രീക്ക് ഭാഷയില്‍ 'എപ്പിഫാനിയ' എന്നാണ് ഈ തിരുനാളിനെ വിശേഷിപ്പിക്കുന്നത്. എപ്പിഫാനിയ ദൈവമഹത്ത്വം. എല്ലാവര്‍ക്കും അതു കാണാം. ഏറ്റവും വലിയ മഹത്ത്വം ആട്ടിടയന്മാരാണ് കണ്ടത്, പുല്‍ക്കൂട്ടില്‍. പിന്നീടു കണ്ടത് പൂജരാജാക്കന്മാരാണ്. പിന്നീട് ആ മഹത്ത്വം വെളിപ്പെട്ടതു കാനായില്‍വച്ചാണ്. ഏറ്റവും വലിയ വെളിപ്പെടുത്തല്‍ നടന്നത് യോര്‍ദ്ദാന്‍ നദിയിലാണ്. എപ്പിഫിഫാനിയ കണ്ടു മനസ്സിലാക്കിയ വലിയ ഒരു സമൂഹത്തിന്റെ സജീവഭാഗമായി നില്ക്കുകയാണ് നാം. സുറിയാനിസഭകള്‍ ഈ ദനഹായെ, കര്‍ത്താവിന്റെ മാമ്മോദീസായെ, എപ്പിഫാനിയയെ കണ്ട രണ്ടു വിധങ്ങളിലൊന്നായിരുന്നു രാക്കുളി.
അതോടൊപ്പംതന്നെ പ്രധാനപ്പെട്ടതാണ് 'എല്‍പ്പയ്യാ' എന്നുച്ചരിച്ചുകൊണ്ട് ദീപങ്ങള്‍ തെളിച്ച് കര്‍ത്താവ് ലോകത്തിന്റെ പ്രകാശമാകുന്നുവെന്ന വലിയ സത്യത്തെ ഓര്‍മപ്പെടുത്തുന്ന ചടങ്ങും. ഏല്‍ - ദൈവം, പയ്യാ - പ്രകാശം, ഏല്‍പ്പയ്യാ, ദൈവം പ്രകാശമാകുന്നു. അതാണ് നമ്മള്‍ ഒരു വിളക്കു തെളിക്കുമ്പോള്‍, ഒരു കല്‍ക്കുരിശിനു സമീപം ഒരു ദീപം തെളിക്കുമ്പോള്‍ അര്‍ഥമാക്കുന്നത്.
ഏല്‍പ്പയ്യാ - ഹെബ്രായക്കാര്‍ക്ക് വളരെ ഇഷ്ടമുള്ള പദമായിരുന്നു. ഈശോതന്നെയും ഉച്ചരിച്ച വാക്കാണ്. നമ്മളും ഈ നൂറ്റാണ്ടുകളിലൂടെയൊക്കെ കാത്തുസംരക്ഷിച്ച് കൈമാറ്റം ചെയ്തു നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായി, അഭിമാനമായി കരുതുന്ന വാക്കാണ്. വിശുദ്ധ കുര്‍ബാനയുടെ ആദ്യഭാഗം അരമായ - സുറിയാനിഭാഷയില്‍ അര്‍പ്പിക്കുന്നതും അതുകൊണ്ടാണ്. വളരെ ചരിത്രപരമായിട്ടും ഈശോയുടെ സുവിശേഷവത്കരണ ദൗത്യത്തോടു ചേര്‍ന്നു ഈശോ പറഞ്ഞ സുവിശേഷത്തിലെ വാക്കുകളോടു ബന്ധപ്പെട്ടും നോക്കുമ്പോള്‍, അരമായ -  സുറിയാനി ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഷയാണ്. ആ ഭാഷയില്‍ ദൈവാരാധന (ലിറ്റര്‍ജി) നമുക്ക് കിട്ടിയതും ഭാഗികമായെങ്കിലും അതു പരികര്‍മം ചെയ്യുന്നതുമൊക്കെ വളരെ പ്രസക്തിയുള്ള കാര്യമാണ്. 
ഇന്നത്തെ കുര്‍ബാനയില്‍ അനാഫൊറാഭാഗം മൂന്നാമത്തെ ക്രമമായ നെസ്‌തോറിയസിന്റെ കൂദാശക്രമമാണ് ചൊല്ലുന്നത്. ദൈവശാസ്ത്രപരമായി, കൂടുതല്‍ ഭദ്രമായ രണ്ടു ക്രമങ്ങളാണ് തിയഡോറിന്റെയും നെസ്‌തോറിയസിന്റെയും. രണ്ടു ക്രമങ്ങളും നാല്, അഞ്ച് നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ടതാണ്. അപ്പോഴേക്കും ദൈവശാസ്ത്രം വളര്‍ന്നു. അദ്ദായി - മാറിയുടെ ക്രമം വളരെ പുരാതനമാണ്. അത് നൂറ്റാണ്ടുകള്‍ പിറകിലാണ്. അതിനുശേഷം വലിയ കൗണ്‍സിലുകള്‍ - നിഖ്യാ കൗണ്‍സിലും കാല്‍സിഡണ്‍ കൗണ്‍സിലും - വന്നു. ആ കൗണ്‍സിലുകളില്‍ വലിയ ദൈവശാസ്ത്രചിന്തകള്‍ രൂപപ്പെട്ടു. അതിന്റെകൂടി പശ്ചാത്തലത്തില്‍ എഴുതപ്പെട്ട കുര്‍ബാനക്രമങ്ങളാണ് തിയഡോറിന്റെയും നെസ്‌തോറിയസിന്റെയും. അതുകൊണ്ട് കൂടുതല്‍ സമ്പന്നമായ പ്രാര്‍ഥനകളാണ് ഇവയിലുള്ളതെന്നു മനസ്സിലാകും. നമ്മുടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള കുര്‍ബാനക്രമമാണ് ഇതെന്ന് ജീവിതാനുഭവത്തില്‍നിന്ന് നമുക്കു മനസ്സിലാക്കാം.
ഈശോ യോര്‍ദാന്‍ നദിയില്‍നിന്നു കയറുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെടുന്നു. സ്വര്‍ഗം തുറന്നിരിക്കുന്നത്ഈശോ കണ്ടു. അതുമാത്രമല്ല, പരിശുദ്ധ റൂഹാ പ്രാവിന്റെ രൂപത്തില്‍ ഇറങ്ങുന്നതും കണ്ടു. പിതാവായ ദൈവത്തിന്റെ 'ഇവന്‍ എന്റെ പ്രിയപുത്രനാകുന്നു' എന്നസ്വരവും കേട്ടു. അതാണ് ദനഹായുടെ പ്രത്യേകത. ഈ ദൈവശാസ്ത്രമാണ് ഈ തിരുനാളിന്റെ പ്രത്യേകത. ബാഹ്യമായി അനുഷ്ഠിക്കുന്ന കാര്യങ്ങളൊക്കെ അതിന്റെ ഒരു അംശം മാത്രമേ ആകുന്നുള്ളൂ. ദനഹായില്‍ സ്വര്‍ഗം തുറക്കുന്നു. ഈശോ കരയില്‍ നില്ക്കുന്നു. ദൈവപിതാവ് സംസാരിക്കുന്നു, പരിശുദ്ധ റൂഹാ ഇറങ്ങിവരുന്നു. അതാണ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള രഹസ്യവും സഭയുടെ സമസ്തരഹസ്യവും. ഈ രഹസ്യമാണ് നാം കൈമാറ്റം ചെയ്യേണ്ടത്. രാക്കുളിയില്‍ നമ്മള്‍ പകര്‍ന്നുകൊടുക്കേണ്ടതും ഈ രഹസ്യമാണ്. വിശുദ്ധ കുര്‍ബാനയില്‍ നമ്മള്‍ വിശദീകരിച്ചുകൊടുക്കേണ്ടതും ഈ രഹസ്യമാണ്. 
ഈശോ യോഹന്നാന്‍ മാംദാനായില്‍നിന്ന് മാമ്മോദീസാ സ്വീകരിക്കാനായി വന്നതുതന്നെ നമുക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി ഒന്നുകൂടി തിരിച്ചുനല്കുന്നതിനുവേണ്ടിയായിരുന്നു. പൂജാരാജാക്കന്മാരുടെ യാത്രയുടെ, അവര്‍ കണ്ട ദനഹായുടെ, അവര്‍ക്കു നല്കപ്പെട്ട വെളിപ്പെടുത്തലിന്റെ അനുസ്മരണംകൂടിയാണിത്. അവര്‍ കിഴക്കുനിന്നുള്ളവരാണ്. അവര്‍ കിഴക്കുനിന്ന് നക്ഷത്രം നോക്കി യാത്രചെയ്തു. അവര്‍ എല്ലാം വിറ്റ് ദിവ്യപൈതലിനെ കാണണമെന്നുള്ള വലിയ ആഗ്രഹത്തോടെ യാത്രചെയ്തു. ഹേറോദേസിന്റെ സിംഹാസനത്തിന്റെ പരിസരത്തുചെന്നപ്പോള്‍ അവരും ഒന്നു പരുങ്ങി. ഈ കെട്ടുപാടുകളും ആഘോഷങ്ങളും ഒക്കെ നല്ലതാണല്ലോ എന്നോര്‍ത്ത് അവര്‍ അവിടെ ചുറ്റിപ്പറ്റി കയറിക്കൂടി. ദൈവത്തിന്റെ നക്ഷത്രം നമ്മെ നയിക്കുമ്പോഴും ലോകത്തിന്റെ ശക്തികള്‍ നമ്മെ വഴിതെറ്റിക്കും. ദൈവത്തിന്റെ പ്രത്യേകമായ ഇടപെടല്‍കൊണ്ട് അവര്‍ ഹേറോദേസിന്റെ ചതിയില്‍പ്പെടാതെ വീണ്ടും കൊട്ടാരത്തിനു പുറത്തിറങ്ങി നക്ഷത്രവെളിച്ചത്തില്‍ ഉണ്ണിയീശോ കിടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേര്‍ന്നു.
ജീവിതത്തില്‍ ദൈവം നമുക്കു തന്ന വെളിച്ചം എത്ര മഹത്ത്വമുള്ളതാണ്. എത്രയോ നക്ഷത്രങ്ങള്‍ ദൈവം നമുക്കുവേണ്ടി അയച്ചു. എന്തെല്ലാം കാര്യങ്ങള്‍ ദൈവം നമ്മുടെ മനഃസാക്ഷിയിലൂടെ സംസാരിച്ചു. അതൊക്കെ കേള്‍ക്കാതെ, ആ വെളിച്ചം തള്ളിക്കളഞ്ഞുകൊണ്ട് നമ്മുടെ സ്വാര്‍ത്ഥപരമായ കാര്യങ്ങള്‍ക്കുവേണ്ടി നമ്മള്‍ പോയ ഒരുപാട് അവസരങ്ങളുണ്ട്.
സുവിശേഷത്തില്‍ നമ്മള്‍ വായിക്കുന്നു: ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കണം. ഇടുങ്ങിയ വാതിലാണ് സുവിശേഷം. സഭാപിതാക്കന്മാര്‍ എല്ലാവരും പറയുന്നു: ഈ ഇടുങ്ങിയ വാതില്‍ സുവിശേഷത്തിലെ അഷ്ടസൗഭാഗ്യങ്ങളാണ് (ആലമശേൗേറല)െ. അതാണ് ഇടുങ്ങിയ വാതിലില്‍ക്കൂടി പ്രവേശിക്കുമ്പോള്‍ നമുക്കു ലഭിക്കുന്നത്. അതിന്റെ ചൈതന്യത്തില്‍ ജീവിച്ചാല്‍ നമ്മള്‍ മഹത്ത്വം കാണുകയാണ്, ദനഹാ എന്താണെന്നു മനസ്സിലാക്കുകയാണ്, ദൈവത്തിന്റെ മഹത്ത്വം എന്താണെന്നു തിരിച്ചറിയുകയാണ്. 
ജീവിതത്തില്‍ ദൈവം നമുക്കു നല്കുന്ന നക്ഷത്രങ്ങളെ തിരിച്ചറിയാനുള്ള ഒരു അവസരമായിട്ടുകൂടി ഈ തിരുനാളിനെ നമ്മള്‍ എടുക്കണം. എമരിത്തൂസ് ബനഡിക്ട് പാപ്പാ അനേകം തവണ പറഞ്ഞ ഒരു കാര്യമാണ്; നമ്മുടെ സഭയിലെ യുവാക്കളാണ് 'സ്റ്റാര്‍ ഓഫ് ഫെയ്ത്ത്' ആയി വരേണ്ടത്. വിശ്വാസത്തിന്റെ നക്ഷത്രങ്ങളായി സഭയിലെ യുവാക്കള്‍ യാത്രചെയ്യുമ്പോഴാണ് പൂജരാജാക്കന്മാരുടെ കൂട്ടത്തില്‍ ആകുന്നത്; കര്‍ത്താവിന്റെ മാമ്മാദീസായുടെ ചൈ തന്യം നിലനിര്‍ത്തുന്നത്. യുവാക്കളാണ് തിരുനാളിന്റെ എപ്പിഫനിക് ആയിട്ടുള്ള ഒരു ഡൈമന്‍ഷന്‍ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കേണ്ടത്. 
'ദനഹാ' എന്നതില്‍ത്തന്നെ ഒരുപാട് എപ്പിഫനികളുണ്ട്. പല ദനഹാകളുണ്ട്. ഏറ്റവും വലിയ ദനഹാ ത്രിത്വരഹസ്യം വെളിപ്പെടുത്തപ്പെട്ടു എന്നതാണ്. അതിനോടു ചേര്‍ന്നുള്ള രണ്ടാമത്തെ വലിയ രഹസ്യം എപ്പിഫനി ഓഫ് ക്രൈസ്റ്റ് - മിശിഹായാണ് ഏറ്റവും വലിയ മഹത്ത്വം. മൂന്നാമത്തേത്, എപ്പിഫനി ഓഫ് ദ ചര്‍ച്ച് - സഭയാണ് ഈ മഹത്ത്വം. നാലാമത്തേത്, നാമോരോരുത്തരുമാണ് ഈ ദനഹാ.  നാമോരോരുത്തരെയും കാണുമ്പോള്‍, ഈശോയെ കൊണ്ടുനടക്കുന്നവര്‍, സുവിശേഷത്തിന്റെ ഒരു അംശം കൊണ്ടുനടക്കുന്നവര്‍ എന്ന ചിന്ത മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുമ്പോള്‍, ദനഹായുടെ വാഹകരായി നമ്മള്‍ മാറുകയാണ്. അതുകൊണ്ട് ഈ തിരുനാള്‍ നമ്മെ സംബന്ധിച്ച് ഒരു സ്പിരിച്വല്‍ എപ്പിഫനി ആയിരിക്കണം. ആത്മീയചൈതന്യം നമ്മില്‍ ഉണര്‍ത്തുന്ന ഒരു തിരുനാളായി മാറണം.
പൂജരാജാക്കന്മാര്‍ ഉണ്ണിയെയും മറിയത്തെയും - സമസ്തരഹസ്യങ്ങളും-കണ്ടു മറ്റൊരു വഴിയേ മടങ്ങി. അവര്‍ പിന്നീട് പഴയ വഴിയിലേക്കു തിരിച്ചുപോയില്ല. സാവൂള്‍ പൗലോസായി. പിന്നീടൊരിക്കലും അദ്ദേഹം സാവൂളിലേക്കു തിരിച്ചുനടന്നില്ല. മഗ്ദലനാമറിയം  കര്‍ത്താവിന്റെ പാദാന്തികത്തിലിരുന്ന് തൈലം പകര്‍ന്ന് കര്‍ത്താവിന്റെ മരണോത്ഥാനത്തെ മുന്‍കൂട്ടിക്കണ്ടു, വിശുദ്ധയായി. ഉത്ഥാനത്തിന്റെ രഹസ്യം ആദ്യം സ്വീകരിച്ചു. അവള്‍ പിന്നീടൊരിക്കലും പഴയ മഗ്ദലനാമറിയം ആയില്ല. ആഗസ്തീനോസ് വളരെ മോശമായി ജീവിച്ച ഒരാളായിരുന്നു. ഇറ്റലിയിലെ മിലാനില്‍ ചെന്ന് അംബ്രോസ് മെത്രാനുമായി കൂട്ടുകൂടി. പിന്നീടൊരിക്കലും അദ്ദേഹം പഴയ ആളായില്ല. എല്ലാവരും മറ്റൊരു വഴിയേ യാത്ര ചെയ്തു. നമുക്കും എടുക്കേണ്ട ഒരു തീരുമാനം അതാണ്. നമ്മുടെ വഴികള്‍ സംശുദ്ധമാവണം. നമ്മുടെ ജീവിതത്തില്‍ ശുദ്ധമായ വഴികള്‍ തിരഞ്ഞെടുക്കാനുള്ള ഒരവസരമായി ഈ തിരുനാളിനെ നമ്മള്‍ കാണണം.
പൂജരാജാക്കന്മാര്‍ നമ്മളുമായി ബന്ധമില്ലാത്തവരാണെന്നു കരുതരുത്. അവര്‍ ഇന്നത്തെ ഭരണാധികാരികളാണ്. കര്‍ത്താവിനെ അന്വേഷിക്കുന്നതിനുള്ള താത്പര്യം ജനിപ്പിക്കേണ്ടവരാണവര്‍. അവര്‍ ഇന്നത്തെ ശാസ്ത്രജ്ഞന്മാരാണ്. അവര്‍ മാനുഷികമായ കണ്ടുപിടിത്തങ്ങളില്‍ മാത്രം നില്‌ക്കേണ്ടവരല്ല. അവര്‍ മറ്റു മതങ്ങളിലെ സ്ഥാപകന്മാരോ നേതാക്കന്മാരോ ആകാം. 
ഒരുപറ്റം ആളുകള്‍ കിഴക്കന്‍ പ്രദേശത്തുനിന്ന് കര്‍ത്താവ് പിറന്നു എന്നുകേട്ടപ്പോള്‍, ഒരു ഉദയരശ്മി ഉന്നതത്തില്‍ നിന്നുവന്നു എന്നു കേട്ടപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടവരാണ്. അതാണ് പുറപ്പാട്. നമ്മുടെ ഭരണാധികാരികളും മതനേതാക്കന്മാരും ശാസ്ത്രജ്ഞന്മാരും സാങ്കേതികവിദഗ്ധരും നമ്മളുമാണ് ഈ യാത്ര നടത്തേണ്ടവര്‍. ഒരു പില്‍ഗ്രിമേജ് ആണത്. ഈ തീര്‍ത്ഥാടനത്തില്‍ നാം കണ്ടെത്തുന്ന യാഥാര്‍ത്ഥ്യമാണ് പുല്‍ക്കൂട്ടിലെ ഉണ്ണിമിശിഹാ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)