•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നിങ്ങളുടെ കുട്ടി എന്തെടുക്കുകയാണ് ?

അതിരാവിലെ കണ്ണുതുറക്കുന്നത് പത്രങ്ങളിലെ വാര്‍ത്തകളിലേക്ക്. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ബാലലൈംഗികപീഡനങ്ങളും കൗമാരങ്ങളുടെ ആത്മാഹൂതിയും. മനുഷ്യര്‍ എത്ര അധഃപതിച്ചുപോയി! 
വീട്ടിലും പാഠശാലയിലും ആരാധനാലയങ്ങളിലും കളിസ്ഥലത്തും പൊതുവിടങ്ങളിലും നമ്മുടെ മക്കള്‍ ആണ്‍പെണ്‍വ്യത്യാസമില്ലാതെ പീഡിപ്പിക്കപ്പെടുന്നു. അതു ശാരീരികമോ മാനസികമോ ആകാം.
കുട്ടികളെ പോര്‍ണോഗ്രാഫി കാണിക്കുക, ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍ സ്പര്‍ശിക്കുക, ചൈല്‍ഡ് പോര്‍ണോഗ്രാഫി നിര്‍മ്മിക്കുക തുടങ്ങിയവ എല്ലാംതന്നെ ബാലലൈംഗികപീഡനങ്ങളാണ്.
കൂടുതല്‍ പീഡകരും കുട്ടികള്‍ക്കു പരിചിതരാണെന്നതാണു സങ്കടകരം. സുഹൃത്തുക്കള്‍, ആയമാര്‍, അയല്‍ക്കാര്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരുടെ കൂട്ടത്തില്‍ പത്തുശതമാനമേ അപരിചിതര്‍ വരുന്നുള്ളൂ. അപ്പോള്‍ ശ്രദ്ധിക്കേണ്ടത് ഓരംചേര്‍ന്നു നില്‍ക്കുന്നവരെയാണ്.
ഈ അപകടത്തില്‍നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയേ മതിയാകൂ. പ്രായത്തിനനുസരിച്ച് ലൈംഗികവിദ്യാഭ്യാസം കുട്ടികള്‍ക്കു നല്‌കേണ്ടതുണ്ട്. നല്ലതും ചീത്തയുമായ സ്പര്‍ശനങ്ങളെ കുട്ടികള്‍ തിരിച്ചറിയണം. ബാലപീഡനം പെട്ടെന്നു നടക്കുന്ന ഒന്നല്ല. സവിശേഷസൗഹൃദം, വിശേഷസമ്മാനങ്ങള്‍, മധുരവാക്കുകള്‍ എന്നിവ അനാവശ്യമായി കുട്ടിയില്‍ ചൊരിയുന്ന ആളിനെ കുട്ടി പറഞ്ഞുതന്നെ മാതാപിതാക്കള്‍ അറിയണം. അതിനുവേണ്ട സൗഹൃദവും സമയവും അടുപ്പവും സ്വാതന്ത്ര്യവും കുട്ടികളില്‍ ഉണ്ടാക്കിയെടുക്കേണ്ടതു രക്ഷിതാക്കളാണ്.
പീഡിപ്പിക്കപ്പെടുന്ന കൂട്ടി പെട്ടെന്നൊരു ദിവസം മൗനിയാകുന്നതും ഭീഷണിക്കും പ്രലോഭനത്തിനും ഇരയായി മാനസികസംഘര്‍ഷം അനുഭവിക്കുന്നതും ആദ്യം അറിയേണ്ടവരും മാതാപിതാക്കളാണ്. 
ഉള്‍വലിയുന്ന മനോഭാവം, പേടി, കിടക്കയില്‍ അവിചാരിതമായി മൂത്രമൊഴിക്കല്‍ എന്നിവയും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
കുട്ടികളോടു ധാരാളം സംസാരിക്കുക. തെറ്റും കുറ്റവും പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കുക. ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് കുട്ടി സൂചന തന്നാല്‍ വിശ്വസിക്കുകയും മാനസികമായ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഒരു കൗണ്‍സലറെ സമീപിക്കുകയും ചെയ്യുക.
പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളാണ് ഇന്നു പീഡിപ്പിക്കപ്പെടുന്നത്. കാരണം, പെണ്‍കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും കൂടുതല്‍ സമയവും വീട്ടില്‍ത്തന്നെ ചെലവഴിക്കുകയും ചെയ്യുമ്പോള്‍ ആണ്‍കുട്ടികള്‍ സ്വതന്ത്രരായി അധികസമയം പുറത്താണ്. അവര്‍ കൂടുതല്‍ പണത്തിന് ആവശ്യമുള്ളവരുമാകുന്നു. ആണ്‍മക്കള്‍ക്കുമേല്‍ രക്ഷിതാക്കള്‍ക്കുള്ള നിയന്ത്രണങ്ങളും ബലഹീനമായിക്കൊണ്ടിരിക്കുകയാണ്.
ആണ്‍കുട്ടികള്‍ക്കു മാതാപിതാക്കളുമായുള്ള അകലവും അവരുടെ പണത്തിന്റെ അത്യാവശ്യങ്ങളും പീഡനക്കാര്‍ക്ക് സുരക്ഷ നല്‍കുന്നു.
2012 ല്‍ നിലവില്‍ വന്ന പോക്‌സോ നിയമം കുട്ടികളുടെ രക്ഷയ്ക്കായി ഒരുപാടു കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പീഡനങ്ങളും ബലാത്സംഗങ്ങളും മറ്റു കുറ്റകൃത്യങ്ങളെപ്പോലെ നൂറുശതമാനവും തുടച്ചുമാറ്റാനാകില്ല. അതുകൊണ്ട്, സുരക്ഷാസേനയായി കുട്ടികളുടെകൂടെ നില്‌ക്കേണ്ടത് രക്ഷിതാക്കളാണ്.
രാത്രി മുഴുവനും കംപ്യൂട്ടറിന്റെ മുന്നില്‍ ചെലവഴിച്ചശേഷം പകല്‍ കൂടുതല്‍ സമയം കിടന്നുറങ്ങുന്ന ഒരു കുട്ടി നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ അവര്‍ രാവേറെയാകുംവരെ കംപ്യൂട്ടറില്‍ എന്തുചെയ്യുന്നു, എന്തു കാണുന്നു എന്ന് അറിയേണ്ടവര്‍ നിങ്ങളാണ്, പോലീസല്ല.
എല്ലാവിധ ചൂഷണങ്ങളില്‍നിന്നും രക്ഷനേടാനുള്ള അവകാശം കുട്ടികള്‍ക്കുണ്ട്. ചിലപ്പോള്‍ അവര്‍ക്ക് നിയമസഹായമോ സംരക്ഷണമോ വേണ്ടിവന്നേക്കാം. അത്തരം അത്യാവശ്യനടപടികള്‍ നിരസിക്കുകവഴി നാം തെറ്റു ചെയ്യുകയാണ്.
അടിസ്ഥാനനിയമങ്ങള്‍ അറിയുന്നതും കുട്ടികളുടെ അവകാശത്തെപ്പറ്റി മനസ്സിലാക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)