വയോജനങ്ങളുടെ സംരക്ഷണം ഒരു സാമൂഹികപ്രശ്‌നമായി മാറിക്കഴിഞ്ഞിരിക്കുന്നു. എണ്‍പതും തൊണ്ണൂറും വയസ്സുള്ള മാതാപിതാക്കള്‍ പെരുവഴിയില്‍ ഉപേക്ഷിക്കപ്പെടുകയോ ആരും സംരക്ഷണത്തിനില്ലാതെ ഒറ്റപ്പെട്ടു കഴിയുകയോ ചെയ്യുന്ന സ്ഥിതിവിശേഷത്തെക്കുറിച്ചു പത്രമാധ്യമങ്ങളില്‍ സ്ഥിരമായി കേള്‍ക്കുന്നു. ഇതിനേക്കാള്‍ ദയനീയമാണ് മക്കളോടൊപ്പം ''ആരുമില്ലാതെ'' കഴിച്ചുകൂട്ടുന്നത്. മനസ്സ് ആഗ്രഹിക്കുന്നിടത്ത് ശരീരം ചെന്നെത്താത്ത അവസ്ഥയില്‍ താങ്ങായി ആരുമില്ലാതെ ഒറ്റപ്പെടുന്നതു ദയനീയമാണ്.
ഇവിടെ പ്രസക്തമാകുന്ന ഒരു ചോദ്യമുണ്ട്. മക്കളെ വളര്‍ത്തി വലുതാക്കിയത് വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കുവാന്‍ വേണ്ടിയായിരുന്നോ? അല്ലെങ്കില്‍ മക്കള്‍ക്കു ജന്മം നല്‍കിയതും പോറ്റിവളര്‍ത്തിയതും വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കണമെന്ന ഗൂഢോദ്ദേശ്യത്തോടെയായിരുന്നുവോ? അങ്ങനെ ചിന്തിക്കുകയാണെങ്കില്‍ മനുഷ്യജന്മം വ്യാപ്തികുറഞ്ഞ് നിസ്സാരമായിപ്പോകില്ലേ?
മാതാപിതാക്കള്‍ കാണപ്പെട്ട ദൈവമായി കരുതുന്ന ഒരു സംസ്‌കാരത്തില്‍ വേരൂന്നിനിന്നുകൊണ്ടുതന്നെ ഈശ്വരന്റെ വരദാനമായി ലഭിച്ച സന്തതികളെ പോറ്റിവളര്‍ത്തി ഉത്തമവ്യക്തിത്വങ്ങളാക്കി മനുഷ്യവംശത്തിന്റെ നിലനില്പ് അനുസ്യൂതം തുടര്‍ന്നുപോകുവാന്‍ വഴിവയ്ക്കുകയെന്ന മഹത്തായ കര്‍ത്തവ്യം മാതാപിതാക്കള്‍ നിറവേറ്റിക്കഴിഞ്ഞാല്‍ പിന്നെ സ്വാര്‍ത്ഥതയ്ക്ക് എന്തു പ്രസക്തി? മാതാപിതാക്കള്‍ അടുത്ത ഘട്ടത്തിലേക്കു കടക്കുകയല്ലേ ചെയ്യേണ്ടത്? ബാല്യം, കൗമാരം, യൗവനം, ഗൃഹസ്ഥാശ്രമം, എല്ലാം ആഹ്ലാദപൂര്‍വം പിന്നിട്ടുകഴിയുമ്പോള്‍ എന്തിനാണ് വാനപ്രസ്ഥത്തിലേക്കു കടക്കുവാന്‍ ഭയക്കുന്നത്?
നമുക്കു വേണ്ടത് വൃദ്ധസദനങ്ങളല്ല, മറിച്ച് ആശ്രമങ്ങളാണ്. ഗൃഹസ്ഥാശ്രമത്തിലെ കടമകള്‍ നിറവേറ്റിക്കഴിഞ്ഞ് പൂര്‍ണ്ണമനസ്സോടെ മോക്ഷപ്രാപ്തിക്കായി ഇറങ്ങിച്ചെല്ലണം. അതിനുതകുന്ന ആശ്രമങ്ങള്‍ വിഭാവനം ചെയ്യണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കുവാനും മനനം ചെയ്യുവാനും മന്ത്രങ്ങള്‍ (സ്‌തോത്രങ്ങള്‍) ഉരുക്കഴിച്ച് മനസ്സിനെ ഏകാഗ്രമാക്കി ഈശ്വരസാക്ഷാത്കാരം നേടുവാനും കഴിയണം. അതില്‍പരം ഭാഗ്യം മറ്റെന്താണുള്ളത്?
ശരീരം അനുവദിക്കുന്നതുവരെ സ്വന്തം കാര്യം സ്വയം ചെയ്യുക. തീരെ നിവൃത്തിയില്ലാതാകുമ്പോള്‍ ആശ്രമത്തിലെ മറ്റംഗങ്ങള്‍ സംരക്ഷിച്ചും പരസ്പരം സഹായിച്ച് കൈകോര്‍ത്തും ഋഷിതുല്യമായ ഒരു ജീവിതം. ലൗകികതവിട്ട് ആത്മീയതലത്തില്‍ ഉന്നതി നേടുക. ജീവിതസായാഹ്നത്തില്‍ ഇതിലും മധുരതരമായി മറ്റെന്തുണ്ട്? ഈ ഒരു മാറ്റമല്ലേ നമുക്കിന്നാവശ്യം? ലൗകികതയില്‍നിന്നു മുക്തി നേടാത്ത മനസ്സുമായി തൊണ്ണൂറും നൂറും വയസ്സിലും തണുത്തുവിറച്ച് കഴിയുകയെന്നുവച്ചാല്‍? സ്വയം ശാന്തരായി, ചുറ്റുമുള്ള ലോകത്ത് ശാന്തിപരത്തി, പരിഭവങ്ങളും ആവലാതികളും ഇല്ലാതെ ജീവിതസായാഹ്നം കഴിച്ചുകൂട്ടുവാനായാല്‍ അതില്‍പരം സൗഭാഗ്യം വേറെയില്ല.