അനവസരത്തില്‍ ജീവിതനാടകവേദിവിട്ട് ശൂന്യത സൃഷ്ടിക്കുന്നവരുടെ എണ്ണം പെരുകിവരുന്നു. ജോലിയിലെ പരാജയം, പരീക്ഷയിലെ മാര്‍ക്കുകുറവ്, മത്സരത്തിലെ തോല്‍വി, സാമ്പത്തികപരാധീനത, പ്രേമനൈരാശ്യം തുടങ്ങി നിസാരകാര്യങ്ങളുടെ പേരിലാണിതെല്ലാം.
ചിറകറ്റു വീഴാനല്ല ചിറകടിച്ചുയരാനാണ് സ്വപ്നങ്ങള്‍. അമ്പിളിമാമനെ പിടിച്ചുതരാമെന്നൊക്കെപ്പറഞ്ഞ് കുഞ്ഞുങ്ങളെ ചോറൂട്ടുന്നതും താരാട്ടുപാടുന്നതുമൊക്കെ സാധാരണം. എന്നാല്‍, പ്രായമാകുന്തോറും അമ്പിളിമാമനെന്ന യാഥാര്‍ത്ഥ്യം കൈയെത്തുംദൂരത്തിനപ്പുറമാണെന്നും കൈപ്പിടിയിലൊതുക്കാവുന്നതല്ലെന്നും മക്കളറിയണം. സ്വപ്നങ്ങള്‍ നല്ലതാണ്; പക്ഷേ, അതു ജീവിതത്തെ കൂടുതല്‍ പ്രത്യാശാഭരിതമാക്കാനുതകണം!
മനുഷ്യനുണ്ടെങ്കിലേ അറിവിനും നേട്ടത്തിനും അര്‍ത്ഥമുള്ളൂവെന്ന പ്രാഥമിക അറിവു നാം നേടണം. സ്വപ്നത്തേക്കാള്‍ യാഥാര്‍ത്ഥ്യം ജീവന്‍ നേടണം. എല്ലാവിധ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കിയെന്ന അഭിമാനത്തിനിടയിലും ഞെട്ടിക്കുന്ന ആത്മഹത്യകള്‍ സ്വപ്നങ്ങളുടെ ചിറകു കരിക്കുന്നു. ഏതോ ഒരു അസംതൃപ്തിയുടെ അടിയൊഴുക്കുകള്‍ സ്വപ്നങ്ങളില്‍ വിള്ളല്‍ തീര്‍ക്കുന്നതായി ഇന്നു കാണുന്നു.
അച്ചടക്കവും അനുസരണവും വീട്ടിലും വിദ്യാലയത്തിലും പ്രവര്‍ത്തനമണ്ഡലത്തിലും ശക്തിപ്രാപിക്കണം. ജീവിതത്തെ പിടിച്ചുനിര്‍ത്താനുതകുന്ന പരിശീലനം പഠനങ്ങളില്‍ തെളിയണം.
ഇത് ഒറ്റപ്പെടലിന്റെ കാലമാണ്! ഒറ്റപ്പെടുമ്പോഴും പിടിച്ചുനിന്നു മുന്നേറുവാനുള്ള ഇച്ഛാശക്തിയുണ്ടാകേണ്ട കാലം! കുരുമുളകുചെടിയെക്കുറിച്ച് കര്‍ഷകര്‍ പറയുന്ന ചില അപൂര്‍വ്വതകളില്‍ ഒന്നാണ് വാടുന്തോറും തളിര്‍ത്തുയര്‍ന്ന് സമൃദ്ധമായി വിളവു തരുമെന്നത്. ഒരുപക്ഷേ, കരിഞ്ഞുവെന്നുപോലും തോന്നാം. എന്നാല്‍, പുതുമഴയത്ത് ഈ ചെടികള്‍ തളിര്‍ത്തുയര്‍ന്നു ഫലം നല്‍കുന്നു. തളരുന്തോറും തളിര്‍ത്തുയരാനുള്ള ആര്‍ജ്ജവം നാം സ്വന്തമാക്കണം. ഓരോ അനുഭവവും ഒറ്റപ്പെടലെന്നതിനെക്കാള്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജമേകുന്ന 'ഗുരു'വായി മാറണമെന്നു സാരം!
ആരെങ്കിലും കാണാനുള്ള മത്സരത്തെക്കാളും ആര്‍ക്കെങ്കിലുമൊക്കെ ഒപ്പമെത്താനുള്ള ശ്രമത്തെക്കാളും ഞാന്‍ ഞാനായിരിക്കാനുള്ള ഒരു പാടുപെടല്‍ നമ്മില്‍നിന്ന് ദൈവം ആവശ്യപ്പെടുന്നു. മരണത്തിലേക്കുള്ള എടുത്തുചാട്ടം ഒരു നേട്ടത്തിനും കാരണമാകുന്നില്ല. അതു വിധിയല്ല; മറിച്ച്, വിധിയാളനെ പരീക്ഷിക്കലാണ്. അസാധ്യമെന്നു തോന്നുമ്പോഴും നമുക്കായി ഒരുക്കിയിരിക്കുന്ന സാധ്യതകള്‍ കണ്ടെത്താന്‍ കഴിയണം. നാല്‍ക്കവലകളില്‍ തെളിയുന്ന റെഡ് സിഗ്നലുകള്‍ നമ്മുടെ യാത്രയെ മുടക്കുകയല്ല, സുഗമവും സുരക്ഷിതവുമാക്കുകയും ഒപ്പം മറ്റുള്ളവര്‍ക്കു യാത്രാസൗകര്യം ഒരുക്കുകയുമാണ്.
ആധുനികതയുടെ തിരക്കില്‍ ആരും ആരെയും ശ്രദ്ധിക്കുന്നില്ല. മനസ്സുതുറക്കാന്‍ വിശ്വസ്തരെ കിട്ടാനില്ലാത്ത കാലം. കൂട്ടുകൂടാനും കൂടിയിരിക്കാനും പങ്കുവയ്ക്കാനും സമയമില്ലാത്തവിധം 'മെസേജു ടോണുകള്‍' റിംഗു ചെയ്തുകൊണ്ടിരിക്കുന്നു. സ്മാര്‍ട് ഫോണുകള്‍ സജീവമാകുമ്പോള്‍ നമ്മുടെയൊക്കെ 'സ്മാര്‍ട്‌നെസ്' നഷ്ടമാകുന്നു; അലസത കൊണ്ടുപിടിക്കുന്നു. ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്നു പറയുമല്ലോ; നമ്മുടെ മനസ്സിന്റെ ഉള്ളറകളില്‍ മറഞ്ഞിരിക്കുന്നതിനെ ഒന്നു തുറന്നുവിടാന്‍ ചാലുകീറുന്നതാണ് തുറന്ന സംഭാഷണം. മനസ്സിന്റെ പാരവശ്യത്തെ ഒന്നു പങ്കിട്ട് പരിശുദ്ധിയുടെ പരിമളമുതിര്‍ക്കുന്ന ഇടങ്ങളായി മാറ്റാനാകണം. നേരും നേരംപോക്കുമാകാന്‍ നമ്മുടെ മനസ്സില്‍ വര്‍ത്തമാനശേഖരമുണ്ടാകണം. കുശലാന്വേഷണത്തിനുതകുന്ന കുഞ്ഞുഹൃദയം നമുക്കുണ്ടാകണം. ജീവിതനോവിന്റെ വേളകളില്‍ ഒരു സാന്ത്വനമാകാന്‍ മറ്റുള്ളവര്‍ ഉണ്ടാകണം.
തുറന്ന സംസാരത്തിനു തുറവുള്ളവരുടെ സാന്നിധ്യം അനിവാര്യം; പ്രശ്‌നരഹിതമായ മുന്നോട്ടുള്ള പ്രയാണത്തിനു പ്രാര്‍ത്ഥനയുടെ മനുഷ്യരായി ഏവരും മാറുകയും വേണം!
പഠനത്തോടൊപ്പം പഠിതാവിന്റെ അഭിരുചിയെ കണ്ടെത്തേണ്ടത് കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും ചുമതലയാണ്. എവിടെയോ നിശ്ചയിക്കപ്പെട്ട സിലബസും കരിക്കുലവും ഒപ്പം മാതാപിതാക്കളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും കൂടി മക്കളില്‍ സാധിതപ്രായമാക്കേണ്ടതല്ല വിദ്യാഭ്യാസം.
എല്ലാവര്‍ക്കുമെല്ലാമാകാമെന്ന 'തത്ത്വചിന്ത' മാറ്റി എനിക്കു മാത്രമാകാവുന്ന ഒന്നുണ്ട് എന്ന വ്യക്തിത്വവികാസത്തിനാവശ്യമായ ബോധനമുണ്ടാകണം. തളരാതെയും തകരാതെയും ജീവിക്കാനുതകുന്ന ഒരു ആത്മവിശ്വാസം മനുഷ്യരില്‍ രൂഢമൂലമാകണം. നമുക്കു ലഭിച്ചിരിക്കുന്ന 'ലൈഫ് ട്രാക്ക്' കിടയറ്റ പ്രവര്‍ത്തനംകൊണ്ട് ആകര്‍ഷണീയമാക്കേണ്ടത് ഓരോ വ്യക്തിയുടെയും കര്‍ത്തവ്യമായിരിക്കേ, അനവസരത്തില്‍ ട്രാക്കുവിട്ട് മടങ്ങുന്നത് സമൂഹത്തിനാകെ നൊമ്പരമുളവാക്കുമെന്നറിയണം.
മനസ്സറിയാനും മനസ്സിനെ 'ട്രീറ്റ്' ചെയ്യാനുമാകുന്ന ഹൃദ്യമായ കണ്ടെത്തലുകള്‍ക്കായി ചുറ്റുമുള്ളവര്‍ ശ്രമിക്കുമ്പോള്‍ ആത്മഹത്യകള്‍ മാറിനില്‍ക്കും. മാര്‍ക്കു കുറയാനാഗ്രഹിക്കാത്ത മാതാപിതാക്കള്‍ മക്കള്‍ എന്തിലാണ് 'മാര്‍ക്കു' ചെയ്യപ്പെടേണ്ടതെന്നുകൂടി കണ്ടെത്തണം. മാതാപിതാക്കളും അധ്യാപകരും പ്രഭാഷകരാകാതെ ജീവിതം ജീവിച്ചുതീര്‍ക്കാനുള്ളതാണെന്നു തലമുറയെ ബോധ്യപ്പെടുത്തണം. ഒരു പാത്രത്തില്‍നിന്നു മറ്റൊരു പാത്രത്തിലേക്കു പകരുന്ന നിറമുള്ള ദ്രാവകമല്ല വിദ്യാഭ്യാസം.
മറ്റുള്ളവരുമായി മാറ്റുരയ്ക്കുമ്പോള്‍ പരാജയം പ്രതീക്ഷിക്കാമെന്നും വിജയിയെ അംഗീകരിക്കണമെന്നും നാമറിയണം, പഠിക്കണം. വേദിയിലിരിക്കാനുള്ള പരിശ്രമത്തോടൊപ്പം സദസ്സിലിരുന്ന് കൈയടിക്കാനുമാകുന്ന പക്വതയും വിശാലതയും വളര്‍ത്തിയെടുക്കണം. എനിക്കൊപ്പം അപരനുമുണ്ടെന്ന ഒരു സാധാരണചിന്ത ജീവിതത്തിലുണ്ടാകണം. തോല്‍ക്കുമ്പോള്‍ നിരാശരായി രംഗം വിടാതെ തന്റെ മത്സരം മറ്റൊരു ട്രാക്കിലാകാമെന്ന ഒരു ശുഭാപ്തിവിശ്വാസം രൂപപ്പെടുത്തണം. ഒപ്പം തനിക്കും സമ്മാനമുണ്ടെന്ന തിരിച്ചറിവും ഉണ്ടാകണം. ദൈവത്തിന്റെ പദ്ധതിയില്‍ ഓരോ വേഷത്തിനും സമാനമായ സമ്മാനവുമുണ്ട്; പക്ഷേ, വേഷത്തിന്റെ പൂര്‍ണതയിലേക്കു നാം വളരണമെന്നു മാത്രം! ഓരോ ശ്വാസനിശ്വാസങ്ങളിലും ദൈവത്തോടു നന്ദി പറയാനാകുമെങ്കില്‍ അകാലത്തിലും അസ്ഥാനത്തും ജീവിതം വലിച്ചെറിയില്ല. തന്നിഷ്ടം ഒരു ദുരന്തമാണെന്നറിയണം; തന്നെക്കൊണ്ട് തനിക്കും മറ്റുള്ളവര്‍ക്കും ആവശ്യങ്ങളുണ്ടെന്നറിയുക. തനിക്കു തന്നോടുതന്നെയുള്ള സ്‌നേഹം വളര്‍ന്ന് ആത്മീയതയില്‍ വേരൂന്നണം. ജീവന്‍ നഷ്ടപ്പെടുത്തുവാനുള്ളതല്ലെന്നും ജീവിതം വിലപ്പെട്ടതാണെന്നും സ്വയമറിയണം. ഏതു പരാജയത്തിലും ഒളിഞ്ഞിരിക്കുന്ന ഒരു വിജയമുണ്ട് എന്ന വലിയ ഒരു ബോധനം ജീവിതത്തോടു ചേര്‍ക്കുമെങ്കില്‍ ആരും ജീവന്‍ നഷ്ടമാക്കില്ല.