•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പയറഞ്ഞാഴി

''ഒന്നരാടന്‍!'' ഇത് ഒരു തനിനാടന്‍ പ്രയോഗം. ''ഒന്നിടപെട്ട'' എന്നാണ് വാച്യാര്‍ത്ഥം, ഉദാഹരണം: ഒന്നരാടന്‍ ദിവസങ്ങള്‍. ''കേള്‍വിക്കുറവ്'' എന്നാണു വ്യംഗ്യാര്‍ത്ഥം, അതു രണ്ടു വിധത്തിലാകാം. ഒന്നുകില്‍ രണ്ടു ചെവിക്കുമുള്ള കേള്‍വിക്കുറവ് അല്ലെങ്കില്‍ ഒരു ചെവിക്കുമാത്രമുള്ള കേള്‍വിക്കുറവ്, രണ്ടാമത്തേതിനാണു ശൈലിയോടു കൂടുതല്‍ ചേര്‍ച്ച. വ്യംഗ്യാര്‍ത്ഥത്തിന് ഒരു അന്തരാര്‍ത്ഥംകൂടിയുണ്ട്, കുറവ് മറയാക്കിക്കൊണ്ടു മറ്റുള്ളവരെ പറ്റിക്കുന്ന ഏര്‍പ്പാടാണത്. ''പൊട്ടന്‍തട്ടിക്കുക'' എന്നതു സമാനമായ മറ്റൊരു ശൈലിയാണ്. ഇതു പ്രയോഗത്തിലാക്കാന്‍ ഒരു ''അടവ്'' ഉണ്ട്. അതു വളരെ ലളിതമാണ്. അനിഷ്ടമായതു കേട്ടില്ലെന്നു നടിക്കുക!
ഈ വിദ്യ വിജയകരമായി പ്രയോഗിച്ചുകൊണ്ടിരുന്ന ഒരു 'മൂപ്പില്‍സി'നെ ഓര്‍ക്കുന്നു. ആ മൂപ്പില്‍ കാലഹരണപ്പെട്ടിട്ടുതന്നെ അരനൂറ്റാണ്ടാകുന്നു. മൂപ്പില്‍സ് ഈ ഒന്നരാടന്‍ സുഖക്കേട് അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് തീണ്ടലും തൊടീലുമൊക്കെ പ്രാബല്യത്തിലുണ്ടായിരുന്നു. പാടത്തു പണിയെടുക്കുന്ന കീഴ്ജാതിക്കാര്‍ക്ക്, വീട്ടിനുള്ളില്‍ പോയിട്ട്, മുറ്റത്തുപോലും പ്രവേശനമില്ലാത്ത കാലം. പ്രോട്ടോക്കോള്‍ അനുസരിച്ച്, അവര്‍ നില്‍ക്കേണ്ടത് 'മാട്ടിന്‍ തൊണ്ടില്‍' അല്ലെങ്കില്‍ തൊടിയിലാണ്. പണികഴിഞ്ഞു സന്ധ്യമയങ്ങുമ്പോള്‍ പണിക്കാര്‍ കൂലി വാങ്ങാന്‍ വന്നാല്‍ തൊടിയില്‍ നിന്നുകൊണ്ട് 'തമ്പ്രാ' എന്നു വിളിക്കും. അന്നു 'ക്യാഷ്' ആയിട്ടല്ല 'കൈന്‍ഡ്' ആയിട്ടാണ്, കൂലി കൊടുക്കുന്നത്. നെല്ല്, തേങ്ങ, ചക്ക എന്നിങ്ങനെയൊക്കെ... എന്നാല്‍, വിവാഹംപോലുള്ള വിശേഷാവസരങ്ങളില്‍ 'ക്യാഷ് കൊടുക്കുന്ന പതിവുമുണ്ട്. അന്നൊരിക്കല്‍, മൂപ്പില്‍സിന്റെ പാടത്ത് പണിയെടുക്കുന്ന പുലയന്റെ കുടിലില്‍ കല്യാണം വന്നു. വിവരം മൂപ്പില്‍സ് അറിയുകയും ചെയ്തു. പണം ചോദിക്കാന്‍ പുലയന്‍ വരുമെന്ന കാര്യം മൂപ്പില്‍സിനറിയാം. അതുകൊണ്ട്, 'ഒന്നരാടന്‍' പ്രയോഗത്തിനൊരുങ്ങിയാണു മൂപ്പില്‍സ് ഇരുന്നത്. 
അന്ന്, പണികഴിഞ്ഞ് സന്ധ്യ മയങ്ങിയപ്പോള്‍ പുലയന്‍ തൊടിയില്‍ വന്നുനിന്നുകൊണ്ടു വിളിച്ചു: ''തമ്പ്രാ'', പക്ഷേ, ഒരനക്കവുമില്ല. പുലയന്‍ നീട്ടിവിളിച്ചു. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല. അവസാനം, സര്‍വ്വശക്തിയുമെടുത്ത് ഒരു വിളി. ചാരുകസേരയില്‍ കിടന്നിരുന്ന മൂപ്പില്‍സ് തല ഉയര്‍ത്തി ഒന്നുനോക്കി. എന്നിട്ടു വിളിച്ചുപറഞ്ഞു: ''എടാ, ആ തെക്കേ അറ്റത്തു നില്ക്കുന്ന പ്ലാവേന്ന് ഒരു ചക്ക ഇട്ടോണ്ടു പൊക്കോ'' പുലയന്‍ പോകാതെ നില്ക്കുന്നതു കണ്ടപ്പോള്‍, അല്പംകൂടി സ്വരം ഉയര്‍ത്തിപ്പറഞ്ഞു: ''എന്നാല്‍, വടക്കേ അറ്റത്തെ പ്ലാവേന്നും ഒരെണ്ണം ഇട്ടോ.'' പുലയന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ''തമ്പ്രാ, കുടീല്‍ കല്യാണാ... ഇത്തിരിക്കാശ്.'' അതിനും മറുപടി വന്നു: ''എടാ, പൊഴിഞ്ഞുകിടക്കുന്ന തേങ്ങാ ഉണ്ടെങ്കില്‍ ഒന്നോ രണ്ടോ എടുത്തോണ്ടു പൊക്കോ.'' അത് അവസാനവാക്കായിരുന്നു. മൂപ്പില്‍സ് അകത്തോട്ടു വലിഞ്ഞു.
ഈ പഴയ അടവ് ഇന്നു വൈറലായിരിക്കുകയാണ്; അടര്‍ക്കളമാകട്ടെ, ടി വി ചാനലും. മുഖ്യമായ പ്രയോക്താക്കളോ? വിപ്ലവവീര്യംകൊണ്ട് വീര്‍പ്പുമുട്ടിനില്ക്കുന്ന ചില രാഷ്ട്രീയപ്പാര്‍ട്ടികളിലെ 'യൂത്ത'ന്മാരും. പ്രതിയോഗികളോ അവതാരകരോ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം മുട്ടുമ്പോള്‍ ഈ 'രോഗം' ബാധിക്കും. പിന്നെ, പ്രതിരോധം ശക്തമാക്കാന്‍, മുപ്പില്‍സ് ചക്ക, തേങ്ങ എന്നൊക്കെ പറഞ്ഞപ്പോള്‍ ഒച്ച കൂട്ടിയിരുന്നതുപോലെ ഇവറ്റകള്‍ ഒച്ച കൂട്ടും. ഒച്ചവയ്ക്കുന്നതാകട്ടെ, 'വായിക്ക് വരുന്നതു കോതയ്ക്കു പാട്ട്' എന്നു പറഞ്ഞതുപോലെയും. ''അരിയെന്തേരേ'' എന്ന ചോദ്യത്തിനു ''പയറഞ്ഞാഴി'' എന്ന മട്ടിലാകും ചിലരുടെ മറുപടി. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന അടവാണു മറ്റു ചിലര്‍ക്ക്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നവരുമുണ്ട്. പൂച്ച പാലു കുടിക്കുന്നതുപോലെ കണ്ണടച്ചു പിടിച്ചുകൊണ്ടാണ് ചിലര്‍ പ്രതികരിക്കുന്നത്. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നവരുമുണ്ട്. ചിരിച്ചുകൊണ്ട് ചീത്ത വിളിക്കുന്നവരാണു പലരും. ഞങ്ങളുടെ പാര്‍ട്ടിക്ക് മാന്യമായ ഒരു  സംസ്‌കാരപാരമ്പര്യമുണ്ട് എന്ന ആമുഖത്തോടെയായിരിക്കും ഇതു ചെയ്യുന്നതെന്നും ഓര്‍ക്കണം. പ്രതിയോഗി യുക്തിഭദ്രമായി വാദമുഖങ്ങള്‍ നിരത്തി മുന്നേറുമ്പോള്‍, അദ്ദേഹം പറയുന്നത് അബദ്ധമാണെന്നു വരുത്തിത്തീര്‍ത്ത് സ്വന്തം ജാള്യം മറയ്ക്കാന്‍ പുച്ഛച്ചിരി പാസ്സാക്കി, തലകുലുക്കിയും താളം പിടിച്ചുമിരുന്ന് വിഡ്ഢിവേഷം കെട്ടുന്നവരെയും കാണാറുണ്ട്. അങ്ങനെ ഞെളിഞ്ഞിരിക്കുമ്പോള്‍ പ്രതിയോഗി നര്‍മ്മം കലര്‍ത്തി മര്‍മ്മത്തുകൊള്ളുന്ന ആക്ഷേപഹാസ്യം തൊടുത്തുവിട്ടാല്‍, തൊട്ടാല്‍ ചുരുളുന്ന അട്ട നൊന്താല്‍ പുളയുന്നതുപോലെ പുളയുന്നതും കാണാം. കോടികളുടെ വെട്ടിപ്പിന്റെയും തട്ടിപ്പിന്റെയും കണക്കുകള്‍ അക്കമിട്ട് ഉദ്ധരിച്ചുകൊണ്ട് വസ്തുതകള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സമര്‍ത്ഥിക്കുമ്പോള്‍, അതിനു മറുപടി പറയുന്നതിനുപകരം സ്വന്തം പാര്‍ട്ടിയുടെ നേട്ടങ്ങളുടെ നീണ്ട പട്ടിക നിരത്തി നെടുങ്കന്‍ പ്രസംഗം തട്ടിവിട്ടും പ്രതിയോഗിയെയും അവതാരകനെപ്പോലും വിരട്ടിയും പെരട്ടിയും തെരുവുഗുണ്ടകളെപ്പോലെ ഉറഞ്ഞുതുള്ളുന്നു ചിലര്‍!     തെറിക്കുത്തരം മുറിപ്പത്തലെന്നപോലെ, മറുഭാഗത്തുനിന്നു കച്ചമുറുക്കി കളത്തിലിറങ്ങുന്നതോടെ, പ്രകടനം ഏതാണ്ട് ബാലിസുഗ്രീവയുദ്ധസമാനമാകും. രാമായണത്തില്‍ എഴുത്തച്ഛന്‍ അതു വിവരിക്കുന്നതിങ്ങനെ:
പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും
നില്ലുനില്ലെന്നണഞ്ഞോരുനേരം തദാ
മുഷ്ടികള്‍ കൊണ്ടു താഡിച്ചിതുബാലിയെ 
ദുഷ്ടനാം ബാലി സുഗ്രീവനെയും തഥാ.
ചാടിപ്പതിക്കയും കൂടെക്കുതിക്കയും
മാടിത്തടുക്കയും കൂടെ കൊടുക്കയും
ഓടിക്കഴിക്കയും വാടി വിയര്‍ക്കയും
മാടി വിളിക്കയും കോപിച്ചടുക്കയും
ഇതുപോലെ, ഒരേ ചാനലിലിരുന്നു കടിപിടികൂടിയവര്‍ പിറ്റേന്നുള്ള അന്തിച്ചര്‍ച്ചയില്‍ അതേ ചാനലില്‍ത്തന്നെ വന്നു കെട്ടിപ്പിടിച്ചുമ്മവച്ചിരിക്കയും ചെയ്യുന്നതു കാണേണ്ട ഗതികേടിലാണു പാവം ജനങ്ങള്‍.
അതിലും വിചിത്രം, ഇതെല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടാണിരിക്കുന്നതെന്നും പറഞ്ഞുകൊണ്ടുള്ള ജനങ്ങള്‍ക്കിട്ടുള്ള 'തള്ള്' ആണ്. എന്നിട്ട്, തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും എന്നുള്ള താങ്ങുംകൂടി! ഇത് വാദിയും പ്രതിയും ഒരുപോലെ പറയും എന്നുള്ളതാണ് അതിലെ തമാശ! പ്രിയപ്പെട്ട നേതൃമ്മന്യന്മാരേ, നിങ്ങളുടെ എല്ലാ കുതന്ത്രങ്ങളും കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും മണ്ടത്തരങ്ങളുമൊക്കെ കണ്ടും കേട്ടും   സഹികെട്ടിരിക്കയാണു ജനങ്ങള്‍. കുഞ്ഞുണ്ണി മാഷോടു ചേര്‍ന്നു പറഞ്ഞുപോകുന്നു: 
നിങ്ങള്‍ ആത്മഹത്യ ചെയ്യുവിന്‍
എന്തുകൊണ്ടെന്നാല്‍
എനിക്കു നിങ്ങളെ കൊല്ലാനുള്ള കഴിവില്ല!
എല്ലാം ഒരു വക ഒത്തുകളി! കമ്മ്യൂണിസ്റ്റുകാര്‍ പറയും ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുന്നെന്ന്. ബിജെപി പറയും കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും ഒത്തുകളിക്കുന്നുണ്ടെന്ന്. കോണ്‍ഗ്രസ് പറയും കമ്മ്യൂണിസ്റ്റുകാരും ബിജെപിയും ഒത്തുകളിക്കുന്നെന്ന്. വിഷയദാരിദ്ര്യം ഉണ്ടാകുമ്പോള്‍ ചാനലുകള്‍, അയല്‍പക്കത്തെ വേലിക്കകത്ത് കന്നുകാലിയെ അഴിച്ചുവിട്ടു തീറ്റുന്നതുപോലെ, ഇവറ്റകളെയെല്ലാം ചാനലുകളിലൂടെ അഴിച്ചുവിട്ടു തീറ്റിപ്പോറ്റും. എല്ലാംകൂടി കൂട്ടിക്കെട്ടി കെട്ടുപിണച്ചിട്ട് പാവം മനുഷ്യരെ വട്ടംകറക്കി വിഡ്ഢികളാക്കുന്ന ഇടപാട്! പാര്‍ട്ടികളുടെ 'തൊഴിലുറപ്പു പദ്ധതി' പ്രകാരം ഏര്‍പ്പാടാക്കിയിട്ടുള്ള സൈബര്‍ ഗുണ്ടകളെയും ചര്‍ച്ചത്തൊഴിലാളികളെയും ഇതര രാഷ്ട്രീയകോമരങ്ങളെയും കള്ളന്മാരെയും കൊള്ളക്കാരെയും സിനിമാക്കാരെയും ബാറുകാരെയും എന്നുവേണ്ട, എല്ലാ നാരകീയശക്തികളെയും ഈ മണ്ടന്‍ പെട്ടിക്കുള്ളിലാക്കി സന്ധ്യയാകുമ്പോള്‍ മനുഷ്യരുടെ മുമ്പില്‍ കൊണ്ടുവന്ന് അഴിച്ചുവിടുന്ന മാധ്യമ(അ)ധര്‍മ്മം! എല്ലാവരോടും ഒന്നേ പറയാനുള്ളൂ: 'പൊതുജനം കഴുത' എന്നതു പണ്ടായിരുന്നു. എറിഞ്ഞുപൊട്ടിച്ചാല്‍ നഷ്ടപ്പെടുന്നതു സ്വന്തം ടിവി ആയതിനാല്‍ സ്വിച്ച് ഓഫാക്കി അരിശം ശമിപ്പിക്കുന്ന മനുഷ്യരും ഇന്നാട്ടിലുണ്ടെന്നോര്‍ത്തുകൊള്ളുക.... 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)