പുതുവര്‍ഷം സാധാരണമായി പുത്തന്‍ തീരുമാനങ്ങളെടുക്കുന്ന ഒരു സന്ദര്‍ഭമാണല്ലോ. എന്നാല്‍, 2020 ല്‍ നമ്മള്‍ എടുത്ത പല തീരുമാനങ്ങളും കൊറോണ അപ്രസക്തമാക്കി. നശ്വരമായ ഈ ലോകത്തെ ലക്ഷ്യമാക്കി തീരുമാനങ്ങളെടുക്കാതെ അനശ്വരമായ സ്വര്‍ഗം ലക്ഷ്യമാക്കി തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ ഈലോകശക്തികള്‍ക്ക് നമ്മുടെ തീരുമാനങ്ങളെ തകര്‍ക്കാന്‍ സാധിക്കുകയില്ല. ദൈവത്തില്‍ പൂര്‍ണ്ണമായി പ്രതീക്ഷയര്‍പ്പിച്ച് നഷ്ടപ്പെടുത്തിയ അനുഗ്രഹങ്ങളെക്കുറിച്ച് ആവലാതിപ്പെടാതെ ആത്മീയതയിലൂന്നി നമുക്കു പുതുവര്‍ഷത്തെ സ്വീകരിക്കാം. ദൈവസ്‌നേഹവും നീതിയുമായിരിക്കട്ടെ പുതുവര്‍ഷത്തില്‍ നമ്മുടെ തീരുമാനങ്ങളെ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍. എന്താണ് സ്‌നേഹം? എന്താണ് സ്‌നേഹത്തിന്റെ പ്രാധാന്യം? സീനായ് മലമുകളില്‍വച്ച് ദൈവം മോശയ്ക്കു നല്‍കിയ പത്തു കല്പനകളെ രണ്ടായി സംഗ്രഹിക്കുമ്പോള്‍ 'എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്‌നേഹിക്കണം, തന്നെപ്പോലെ തന്നെ മറ്റുള്ളവരെ സ്‌നേഹിക്കണം' എന്നാണല്ലോ.
ദൈവം മനുഷ്യരില്‍നിന്ന് ആവശ്യപ്പെടുന്നത് സ്‌നേഹം മാത്രമാണ്. മറ്റൊരാള്‍ക്ക് നന്മ കൈവരട്ടെ എന്നുള്ള ഒരുവന്റെ ആത്മാര്‍ത്ഥമായ ആഗ്രഹമാണ് സ്‌നേഹം. സ്‌നേഹം നമുക്ക് പലവിധത്തില്‍ പ്രകടിപ്പിക്കാവുന്നതാണ്. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ല എന്ന് കര്‍ത്താവുതന്നെ അരുള്‍ചെയ്തിട്ടുണ്ടല്ലോ. പാപത്തിന് അടിമയായിരുന്ന മാനവകുലത്തോടുള്ള സ്‌നേഹത്തിന്റെ ആധിക്യംനിമിത്തമാണ് തന്റെ അവസാനത്തുള്ളി രക്തംകൂടി ചിന്തി അവിടുന്ന് കുരിശുമരണം പ്രാപിച്ചത്.
ഈശോ തന്റെ മരണശേഷം ഉത്ഥാനം ചെയ്തു നാല്പതാംനാള്‍ സ്വര്‍ഗാരോഹണം ചെയ്തു. അങ്ങനെ മരണത്തെ ജയിച്ച്, ഉയിര്‍ക്കുവാനും സ്വര്‍ഗത്തെ പ്രാപിക്കുവാനുമുള്ള അവകാശം ഈശോ നമുക്ക് സമ്പാദിച്ചുതന്നു. കൂടാതെ, നമ്മെ വിശുദ്ധരാക്കുവാന്‍ അവിടുന്ന് ഏഴു കൂദാശകള്‍ സ്ഥാപിച്ചു. അതാണ് ദൈവസ്‌നേഹത്തിന്റെ വിശാലത.
മനുഷ്യരായ നമുക്ക് എങ്ങനെ മറ്റുള്ളവരെ സ്‌നേഹിക്കാം? മൃഗങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നതെങ്ങനെയാണെന്നു നമുക്കറിയാം. എന്നാല്‍, മൃഗങ്ങളെക്കാള്‍ ഉപരിയായി ദൈവം നമുക്കു തന്നിരിക്കുന്ന വിശിഷ്ടമായ ഒരു ദാനമാണ് നാവിന്റെ ഉപയോഗം. മൃഗങ്ങളെ അപേക്ഷിച്ച് നാവുകൊണ്ട് അയല്‍ക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമായി നന്മ ചെയ്യാനുള്ള മനുഷ്യന്റെ സാധ്യത അപാരമാണ്.
നമ്മില്‍ എത്രപേര്‍ ഈ ദാനം നന്നായി വിനിയോഗിക്കുന്നുണ്ട്? നമുക്ക് നാവുകൊണ്ട് അയല്‍ക്കാരെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും നല്ല വാക്കുകള്‍ പറയുവാനും, സമയോചിതമായി നല്ല ഉപദേശങ്ങള്‍ നല്‍കുവാനും സാധിക്കും. പലവിധ രോഗങ്ങളാലും കടബാധ്യതയാലും കഴിയുന്നവര്‍ക്ക് സ്‌നേഹിതരുടെ ആശ്വാസവാക്കുകള്‍ പ്രത്യാശയ്ക്കു വഴിതെളിക്കാറുണ്ട്. 'ഉചിതമായ വാക്ക് വെള്ളിത്തകിടില്‍ പതിച്ചുവച്ച സ്വര്‍ണനിര്‍മ്മിതമായ ആപ്പിള്‍ പഴംപോലെയാണ്' (സുഭാ:25-11). ഒരുവന്‍ തെറ്റു ചെയ്യുന്നതു കണ്ടാല്‍ ശാസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നത് യുക്തമാണ്.
ചിലര്‍ തെറ്റു ചെയ്യുന്നത് ജ്ഞാനത്തിന്റെ കുറവുമൂലമാണെങ്കില്‍ മറ്റുള്ളവര്‍ അവരുടെ ബലഹീനതമൂലമായിരിക്കും തെറ്റില്‍ നിപതിക്കുന്നത്. അവരുടെ തെറ്റുകള്‍ ബോധ്യപ്പെടുത്തിക്കൊടുത്ത് നമുക്ക് അവരെ നന്മയിലേക്കു നയിക്കാന്‍ സാധിക്കും. 'നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രം ആയിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക' (മത്തായി 18-15).
സ്‌നേഹം ദൈവികമായിരിക്കണം. മിശിഹായുടെ മൗതികശരീരത്തിലെ സജീവാംഗങ്ങളാണല്ലോ നാമെല്ലാവരും. നാം മറ്റുള്ളവരെ ശാസിക്കുമ്പോഴും ഉപദേശിക്കുമ്പോഴും നമ്മുടെ ഉദ്ദേശ്യം പരിശുദ്ധമായിരിക്കണം. വാക്കാല്‍ മാത്രമുള്ള നമ്മുടെ സ്‌നേഹപ്രകടനം പൂര്‍ണ്ണമല്ല. നമ്മുടെ വാക്കിനനുസരിച്ചുള്ള പ്രവൃത്തിയും നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കുക, വസ്ത്രമില്ലാത്തവര്‍ക്കു വസ്ത്രം നല്കുക, അറിവില്ലാത്തവര്‍ക്ക് അറിവു പകര്‍ന്നു നല്‍കുക, മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുക, അയല്‍ക്കാരന്റെ ന്യൂനതകള്‍ സഹിക്കുക തുടങ്ങിയ കാര്യങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം. 'ദരിദ്രരോട് ദയ കാണിക്കുന്നവന്‍ ഭാഗ്യവാന്‍. കഷ്ടതയുടെ നാളുകളില്‍ അവനെ കര്‍ത്താവ് രക്ഷിക്കും' (സങ്കീര്‍ത്തനം:41-1).
ഈ പുതുവര്‍ഷത്തില്‍ സ്‌നേഹത്തോടൊപ്പം ചേര്‍ത്തുപിടിക്കാവുന്ന മറ്റൊരു പുണ്യമാണ് നീതി. എല്ലാ മനുഷ്യരുടെയും എല്ലാ അവകാശങ്ങളെയും ആദരിച്ച് അവര്‍ക്ക് എന്തൊക്കെയാണോ അവകാശപ്പെട്ടത്, അതു മുഴുവന്‍ കൊടുക്കാനുള്ള മനഃസ്ഥിതിയും അതിനനുസരിച്ചുള്ള പ്രവൃത്തിയുമാണ് നീതി. ചിലരുടെ അവകാശങ്ങളെ മാനിക്കുകയും മറ്റുചിലരുടെ അവകാശങ്ങളെ മനപൂര്‍വ്വം ലംഘിക്കുകയും ചെയ്യുന്നതാണ് അനീതി. എല്ലാ മനുഷ്യരുടെയും എല്ലാ അവകാശങ്ങളും മാനിക്കപ്പെടണം. നീതിയുടെ ഈ നിയമം വ്യക്തിയിലും, രാജ്യങ്ങളിലും ഒരുപോലെ ബാധകമാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ അവകാശത്തില്‍ കടന്നുകയറുന്നതാണ് പല യുദ്ധങ്ങളുടെയും മൂലകാരണം.
കുടുംബത്തിലും രാജ്യങ്ങളിലും ലോകം മുഴുവനിലും സമാധാനം ഉണ്ടാകണമെങ്കില്‍ എല്ലാവരും നീതിനിഷ്ഠയോടുകൂടി ജീവിക്കണം. 'നീതിയുടെ ഫലം സമാധാനമായിരിക്കും, നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയുമായിരിക്കും' (ഏശയ്യ: 32-17). സ്‌നേഹവും നീതിയും പരസ്പരബന്ധിതമാണ്. സ്‌നേഹമുള്ളിടത്ത് നീതിയുണ്ടാകും, നീതി സ്‌നേഹത്തിന്റെ പ്രതിഫലനമാണ്. ജീവിതത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ദൈവസ്‌നേഹവും നീതിയും നമുക്കുറപ്പാക്കാം.