•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സന്ന്യാസവഴിയിലെ നവോത്ഥാനനായകന്‍

കേരളത്തിന്റെ ചരിത്രത്തിലെ അപൂര്‍വ്വശോഭയുള്ള ഒരധ്യായമാണു നവോത്ഥാനം. നവോത്ഥാനത്തിന്റെ നടവഴിയില്‍ ഇന്നും പ്രഭാപൂരം പടര്‍ത്തിനില്ക്കുന്ന മഹാപുരുഷന്മാരില്‍ അഗ്രഗണ്യനാണ് ചാവറയച്ചന്‍. കര്‍മ്മലീത്താസന്ന്യാസസഭയുടെ (സിഎംഐ) സ്ഥാപകത്രിമൂര്‍ത്തികളിലെ - പാലയ്ക്കല്‍ മല്പാന്‍, പോരൂക്കര അച്ചന്‍ - ചാവറയച്ചന്‍ - ഇളമുറക്കാരനായിരുന്നു ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന ചാവറയച്ചന്‍. മുതിര്‍ന്നവര്‍ രണ്ടുപേരുടെയും അടുത്തടുത്തുണ്ടായ ആകസ്മികവിയോഗമാണ് മൂപ്പില്‍കുറഞ്ഞ ''മൂപ്പച്ചനെ'' സഭയുടെ പ്രഥമപ്രിയോര്‍ പദവിയിലെത്തിച്ചത്. 
ഒരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍, ചരിത്രത്തിനു മുമ്പേപറന്ന ഒരു പക്ഷിയായിരുന്നു ചാവറയച്ചന്‍. കാലത്തിനൊപ്പം നടക്കവേ, കാലത്തിനപ്പുറം കണ്ട ക്രാന്തദര്‍ശി. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ സുറിയാനിക്കത്തോലിക്കാസഭാസമൂഹത്തിനു കൃത്യമായ ദിശാബോധം നല്‍കിയ പിതാക്കന്മാര്‍ ചാവറയച്ചനും നിധീരിക്കല്‍ മാണിക്കത്തനാരും അവര്‍ക്കു രണ്ടു നൂറ്റാണ്ടു മുമ്പേ ജീവിച്ചുകടന്നുപോയ പാറേമ്മാക്കലച്ചനുമായിരുന്നല്ലോ. സഭയെയും സമൂഹത്തെയും സാഹിത്യത്തെയും ഒരുപോലെ സ്വാധീനിച്ചവര്‍.
അറുപത്തിയാറു വര്‍ഷം മാത്രമേ ചാവറയച്ചന്‍ ഭൂമിയില്‍ ജീവിച്ചുള്ളൂ. എന്നാല്‍, മറ്റുള്ളവര്‍ അറുനൂറു വര്‍ഷംകൊണ്ടു ചെയ്യുന്ന കാര്യങ്ങളാണ് അച്ചന്‍ ആറു പതിറ്റാണ്ടുകൊണ്ട് ചെയ്തുതീര്‍ത്തത്. കേരളത്തിന്റെ ആത്മീയ-സാമൂഹിക-സാഹിത്യ സാംസ്‌കാരികമണ്ഡലങ്ങളെ ഇത്ര ആഴത്തില്‍ സ്വാധീനിച്ച മറ്റൊരാള്‍ നമുക്കിടയിലില്ല. അങ്ങനെ ഏതെങ്കിലുമൊരു മഹാമനീഷിയെ നമുക്കു ചൂണ്ടിക്കാണിക്കുവാനുണ്ടെങ്കില്‍ അത് ശ്രീനാരായണഗുരുസ്വാമികള്‍ മാത്രമായിരിക്കും. ദൈവസ്‌നേഹത്തിന്റെയും മനുഷ്യസേവനത്തിന്റെയും ഒരു ഇതിഹാസമായിരുന്നു ചാവറയച്ചന്‍.
നക്ഷത്രവശാല്‍ ചാവറയച്ചനു സന്ന്യാസയോഗമായിരുന്നുവെന്നു പറഞ്ഞവരാണധികവും. എന്നാല്‍, അച്ചന്‍ അനന്യമായ കര്‍മ്മയോഗംകൊണ്ടും അനുഗ്രഹപ്രദമായ രാജയോഗംകൊണ്ടുംകൂടി ധന്യനായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
കേരളത്തിന്റെ നൂറു ശതമാനസാക്ഷരതയുടെ പിതൃത്വമവകാശപ്പെടുന്ന നേതാക്കളുടെയും പ്രസ്ഥാനങ്ങളുടെയും ബാഹുല്യം വളരെയുണ്ടെങ്കിലും നൂറു ശതമാനം സാക്ഷരതയുടെ പ്രാരംഭവിപ്ലവകാരിയാകാനുള്ള ഭാഗ്യം യഥാര്‍ത്ഥത്തില്‍ ലഭിച്ചത് ചാവറപ്പിതാവിനായിരുന്നു. സുറിയാനിക്കത്തോലിക്കരുടെ ആദ്യത്തെ തനതുവികാരിജനറാളായ ചാവറയച്ചന്‍തന്നെയാണ് കേരളത്തില്‍ വിദ്യാഭ്യാസവിപ്ലത്തിനും നാന്ദി കുറിച്ചതെന്നു പറയാം. ഓരോ പള്ളിയോടു ചേര്‍ന്നും പള്ളിക്കൂടമുണ്ടാക്കണമെന്നു കല്പനയിറക്കിയ സഭാധികാരിയായിരുന്നു അച്ചന്‍. പള്ളിക്കൂടം തുടങ്ങാന്‍ പണമില്ലെന്നു പരാതിപ്പെടുന്ന പള്ളികളോട് പള്ളിവക പൊന്‍ - വെള്ളിക്കുരിശുകള്‍ വിറ്റിട്ടായാലും പള്ളിക്കൂടം തുടങ്ങണമെന്നു കല്പനയിറക്കിയതും അച്ചന്‍തന്നെ. 
മാന്നാനത്ത് ആശ്രമം വകയായി സ്‌കൂളാരംഭിക്കുവാന്‍ നിശ്ചയിച്ചപ്പോള്‍ അതു സംസ്‌കൃതസ്‌കൂളാവട്ടെയെന്നു തീരുമാനിച്ചത് ഉറച്ച ദേശീയവാദിയായിരുന്ന ചാവറയച്ചന്‍തന്നെയാണ്. അച്ചന്‍ അക്കാലത്തു ജീവിച്ചത് അച്ചന്റെ ഭാഗ്യം. ഇന്നായിരുന്നെങ്കില്‍ ചാവറയച്ചനെയും സംസ്‌കൃതസ്‌കൂള്‍ തുടങ്ങിയ വകയില്‍ 'സംഘി' എന്നു നാം ഒരുപക്ഷേ, മുദ്ര കുത്തുവാനും മടിക്കുമായിരുന്നില്ല!
സന്ന്യാസത്തിനു പുതിയൊരു മാനം നല്‍കിയതും ചാവറയച്ചനാണ്. സന്ന്യാസത്തെ സമൂഹത്തില്‍നിന്നും ലോകത്തില്‍നിന്നുമുള്ള ഒറ്റപ്പെടല്‍ എന്നു കണ്ടിരുന്നിടത്തുനിന്നാണ് അച്ചന്‍ പുതിയ സന്ന്യാസസഭയെ ആത്മീയപരിവര്‍ത്തനത്തിനുള്ള ഉപാധിയും സാമൂഹികമാറ്റങ്ങള്‍ക്കുള്ള ഉപകരണവുമാക്കി മാറ്റിയത്. വരാന്‍പോകുന്നകാലത്ത് എഴുത്തിനും വായനയ്ക്കും ഉണ്ടാകുവാന്‍ പോകുന്ന പ്രാധാന്യത്തെ ഉള്‍ക്കാഴ്ചയോടെ കണ്ട ചാവറയച്ചന്‍ മാന്നാനത്ത് സെന്റ് ജോസഫ്‌സ് അച്ചുകൂടത്തിനും ദീപികപ്പത്രത്തിനും വഴിയൊരുക്കുകയും ചെയ്തു. കൃഷികാര്യങ്ങളിലും അച്ചന്‍ വിപ്ലവത്തിനു വിത്തുപാകിയെന്നതാണ് ശ്രദ്ധേയം. വരാപ്പുഴയില്‍നിന്നു കൊണ്ടുവന്ന മാങ്ങകളില്‍നിന്നാണ് അച്ചന്‍ പില്ക്കാലത്തു പ്രസിദ്ധമായിത്തീര്‍ന്ന 'പ്രിയോര്‍' എന്ന ബ്രാന്‍ഡ് മാങ്ങകളും പ്രചരിപ്പിച്ചത്. ഇന്നും പ്രിയോര്‍മാങ്ങകളാണല്ലോ മാമ്പഴക്കൂട്ടത്തില്‍ ജനപ്രിയബ്രാന്‍ഡ്.
യഥാര്‍ത്ഥ ആത്മീയരൊക്കെ തേജസ്വികളാണെന്നാണല്ലോ വിശ്വാസം. ചരിത്രത്തില്‍ ഇടംനേടിയവര്‍. അവരില്‍ ചരിത്രം സൃഷ്ടിച്ചവരും ചരിത്രം തിരുത്തിയവരും ചരിത്രത്തെ പുനഃസൃഷ്ടിച്ചവരുമുണ്ട്. അവരെയൊക്കെ നാം യുഗപുരുഷന്മാരെന്നാണ് കൊണ്ടാടുന്നത്. ശ്രീശങ്കരാചാര്യരും ചാവറയച്ചനും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളുമൊക്കെ ആ ഗണത്തില്‍വരും. അവരില്‍ ചിലര്‍ കാലത്തെ തിരുത്തിയവരായിരുന്നു. മറ്റു ചിലര്‍ വ്യവസ്ഥിതികളെത്തന്നെ മാറ്റിമറിച്ചവരായി. തിന്മയെ തീണ്ടാപ്പാടകലത്തില്‍നിര്‍ത്തിയവര്‍. നന്മകളുടെ പാഠങ്ങള്‍ പറഞ്ഞുതന്നവര്‍. ജീവിതംകൊണ്ടുതന്നെ സമൂഹത്തിനു പാഠപുസ്തകമായവരുമായിരുന്നു അവര്‍. കാലത്തെ പിടിച്ചുകുലുക്കിയവരും.
താനൊരു വിപ്ലവകാരിയാണെന്നോ സമൂഹത്തിന്റെ മുഖച്ഛായ മാറ്റാന്‍ നിയോഗമുള്ളവനാണെന്നോ ഒന്നും ചാവറയച്ചന്‍ ഒരിക്കല്‍പ്പോലും അവകാശപ്പെട്ടതുമില്ല. അങ്ങനെയൊന്നും ഭാവിച്ചതുമില്ല. പക്ഷേ, തന്റെ സന്ന്യാസവും പ്രാര്‍ത്ഥനയും വായനയും എഴുത്തും പ്രഭാഷണങ്ങളും പ്രഘോഷണങ്ങളുംവഴി ഒരു കാലഘട്ടത്തെ ചാവറയച്ചന്‍ ദീപ്തസമ്പന്നമാക്കിയെന്നതാണു സത്യം.
വിദ്യാഭ്യാസരംഗത്ത് അച്ചന്‍ വിപ്ലവം വിതച്ചതു സൗജന്യവിദ്യാഭ്യാസത്തെ മുന്നില്‍ക്കണ്ടാണ്. തന്റെ വക സ്‌കൂളുകളില്‍ ജാതിമതവിവേചനമില്ലാതെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് അച്ചന്‍ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചത്. പട്ടിണിക്കാരായ കുട്ടികള്‍ക്കു പിടിയരി പിരിച്ച് അച്ചന്‍ ഉച്ചക്കഞ്ഞി കൊടുത്തു. ആണ്‍കുട്ടികള്‍ക്കു മാത്രമല്ല, പെണ്‍കുട്ടികള്‍ക്കും സ്‌കൂളുണ്ടാവണമെന്ന് അച്ചന്‍ നിഷ്‌കര്‍ഷിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ബോര്‍ഡിംഗ് സ്‌കൂളുകള്‍പോലും വിഭാവനം ചെയ്തു. ചാവറപ്പിതാവ് ചരിത്രവഴിയിലെ ഒരു വിളക്കുമരമായതും അങ്ങനെയാണ്.
വിശുദ്ധ ചാവറയച്ചനെ ഒരു 'പയനിയര്‍' എന്നു വിളിക്കുവാന്‍ സങ്കോചമാവശ്യമില്ല. പുതിയ വഴിയേ ആദ്യം നടക്കുന്നവനല്ല യഥാര്‍ത്ഥത്തില്‍ മാര്‍ഗദര്‍ശി. വഴിയില്ലാത്തിടത്തു വഴി വെട്ടി ആ വഴിയില്‍ക്കൂടി ധൈര്യമായി ആദ്യം നടക്കുന്നവനാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശി. ചാവറയച്ചന്‍ വഴിയില്ലാത്തിടത്തു വഴി വെട്ടി ആ വഴി നടന്നയാളാണ്. അച്ചന്റെ ആത്മീയത മൂന്നു ഘടകങ്ങളെയാണ് ഊന്നിനിന്നിരുന്നത്-ദൈവദര്‍ശനം, ആത്മദര്‍ശനം, സ്‌നേഹദര്‍ശനം - നിയമങ്ങളുണ്ടാക്കിയ ആളാണച്ചന്‍. നിയമത്തിന്റെ തുല്യതയിലും പവിത്രതയിലും അച്ചന്‍ വിശ്വസിച്ചു. അതാണ് നീതിയെന്നതിനാല്‍ എല്ലാവരും ഒരേ നിയമത്തിനു വിധേയരാകണമെന്ന ചട്ടവും അച്ചന്‍ നടപ്പാക്കി. സ്ത്രീകള്‍ക്കും സന്ന്യാസാശ്രമം എന്നതും കാലത്തിനപ്പുറമായ  ഒരു കാഴ്ചപ്പാടായിരുന്നു.
പണ്ഡിതനായ എഴുത്തുകാരനും ഭാവാത്മകകവിയുമായിരുന്നു ചാവറയച്ചന്‍ എന്ന സന്ന്യാസ മഹാപ്രതിഭ. നിഷ്പാദുകനായ സന്ന്യാസി, നിസംഗനും. സന്ന്യാസികള്‍ക്കു സ്വന്തമായ ധനമോ സ്വത്തോ പാടില്ല എന്ന് അച്ചന്‍ ശഠിച്ചു. എല്ലാം എല്ലാവരുടേതുമെന്ന തത്ത്വവും പാഠവും സന്ന്യാസാശ്രമത്തിലെ നിയമവുമാക്കി. സമര്‍ത്ഥനായ സംഘാടകനും സാഹസികനുമായിരുന്നു ചാവറയച്ചന്‍. മികവുറ്റ പ്രഭാഷകന്‍, ധ്യാനഗുരു, ഭക്തന്‍... അച്ചനു വിശേഷണങ്ങള്‍ ധാരാളമുണ്ട്.
അച്ചന്റെ അനുശാസനങ്ങളായിരുന്നു ശ്രദ്ധേയം. അതു സന്ന്യാസികള്‍ക്കു മാത്രമല്ല, കുടുംബസ്ഥര്‍ക്കുമായിരുന്നു. തമ്മില്‍ത്തമ്മില്‍ സ്‌നേഹിക്കാനും ക്ഷമിക്കാനുമായിരുന്നു അച്ചന്റെ മാര്‍ഗോപദേശങ്ങളുടെ കാതല്‍. ഏറ്റവും സമ്പന്നമായ കുടുംബം (ദ്രവ്യമുള്ള കുടുംബം) കടമില്ലാത്ത കുടുംബമാണെന്നായിരുന്നു അച്ചന്റെ കണ്ടെത്തല്‍. പലിശയ്ക്കു കടം കൊടുക്കരുതെന്ന് അച്ചന്‍ കല്പിച്ചു. ദ്രവ്യസ്ഥന്റെ (സമ്പന്നന്റെ) ഭാവം കാണിക്കുന്നവന്‍ അവസ്ഥയില്‍ കുറഞ്ഞവനും അഹങ്കാരിയുമാണെന്ന് അച്ചന്‍ വ്യാഖ്യാനിച്ചു. വസ്തുക്കളുടെ പെരുപ്പത്തിലല്ല ഗുണത്തിലാണ് ശ്രദ്ധിക്കേണ്ടതെന്ന തത്ത്വവും അച്ചന്‍ പഠിപ്പിച്ചു.
ചാവറയച്ചന്റെ 'ചാവരുള്‍' (വില്‍പ്പത്രം) മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലുള്ള സത്യങ്ങളുടെ അനാവരണമായി. ഒസ്യത്തെന്നോ മരണശാസനമെന്നോ എന്തു പേരു വിളിച്ചാലും അത് അച്ചന്റെ ജീവിതദര്‍ശനത്തിന്റെ അകംപൊരുളായി എന്നതാണു ശരി. അച്ചന്റെ കത്തുകളും കുറിപ്പുകളും കല്പനകളുമെല്ലാം  അക്കാലത്തെ മാനദണ്ഡം വച്ചുനോക്കിയാല്‍ നല്ല നിലവാരമുള്ള സാഹിത്യസൃഷ്ടികളായി എന്നു പറയുന്നതിലും അതിശയോക്തിയില്ല. സന്ന്യാസത്തിന്റെ ചാരുതയായിരുന്നു ചാവറയച്ചന്റെ ബലം. മഹത്ത്വവും മറ്റൊന്നല്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)