അനശ്വരസംഗീതജ്ഞന്‍ ബീഥോവന്റെ 250-ാം ജന്മവാര്‍ഷികമായിരുന്നു ഡിസംബര്‍ 16 ന്
സിംഫണി എന്നു കേട്ടാല്‍ ആദ്യംതന്നെ മനസ്സിലുയരുന്ന പേര് ലുഡ്‌വിഗ് വാന്‍ ബീഥോവന്‍ എന്നാകും. കാല്പനികസംഗീതത്തിനു തുടക്കമിട്ടതും മതേതരസ്വഭാവം സിംഫണിക്കു കൈവന്നതും ബീഥോവന്റെ കാലത്താണ്.
1770 ല്‍ ജര്‍മ്മനിയില്‍ ജോണ്‍ വാന്‍ ബീഥോവന്റെയും മരിയ മഗ്ദലനയുടെയും മകനായി ജനനം. പിതാവ് നല്ല സംഗീതജ്ഞനായിരുന്നതിനാല്‍ പുത്രനെ തീരെ ചെറുപ്പത്തില്‍ത്തന്നെ സംഗീതവും വയലിനും പിയാനോയും അഭ്യസിപ്പിക്കാന്‍ തീരുമാനിച്ചു. ആദ്യഗുരുവും പിതാവു തന്നെ. അക്കാലത്ത് ഏറ്റവും പ്രസിദ്ധനായ സംഗീതജ്ഞന്‍ മൊസാര്‍ട്ടിനെപ്പോലെ തന്റെ മകനും ആയിത്തീരണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പുത്രനെ ഏറെ ശകാരിച്ചും ക്രൂരമായി പീഡിപ്പിച്ചും ഉപകരണങ്ങള്‍ പ്രാക്ടീസു ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു. ആജ്ഞകള്‍ അനുസരിക്കാന്‍ കൊച്ചുബീഥോവന്‍ മനസ്സാ തയ്യാറായിരുന്നു. വളരെപ്പെട്ടെന്നുതന്നെ പിയാനോയില്‍ കഴിവു നേടി. വയലിനും വയോളയും ഭംഗിയായി വായിക്കാനും പരിശ്രമിച്ചു.
അധികംതാമസിയാതെ ഓസ്ട്രിയായിലെ ബോണില്‍ അക്കാലത്തുണ്ടായിരുന്ന പ്രസിദ്ധ സംഗീതജ്ഞന്‍ ജോസഫ് ഹെയ്ഡന്റെ ശിഷ്യത്വം സ്വീകരിച്ച് പിയാനോയില്‍ അതീവപ്രഗല്ഭനായി. പിന്നീട് ബോണില്‍ നിന്നു വിയന്നയിലേക്കു താമസം മാറ്റി. പിതാവിന്റെ ആഗ്രഹപ്രകാരം, മൊസാര്‍ട്ടിനെ സമീപിക്കാനാണ് വിയന്നയിലെത്തിയത്. ആ ആഗ്രഹം സഫലമായില്ല. കാരണം; അവിടെയെത്തിയ ഉടന്‍ ബീഥോവന് ഒരു കത്തു കിട്ടി. അതിന്റെ ഉള്ളടക്കം ആ യുവാവിനെ ഞെട്ടിച്ചു! അമ്മ മരിച്ചു! വേഗം തിരിച്ചുവരുക. ദുഃഖഭാരത്താല്‍ തിരിച്ചുപോന്ന ബീഥോവന്‍ കാണുന്നത് നിരാശനായ പിതാവ്, മദ്യത്തിനടിമയായിത്തീര്‍ന്നതാണ്.
ആയിടയ്ക്ക് ബീഥോവന്‍ ഒരു ഓര്‍ക്കസ്ട്രാ ട്രൂപ്പില്‍ വയോള വായിച്ചിരുന്നു. അതോടൊപ്പം സ്വന്തം കമ്പോസിങ്ങും ആരംഭിച്ചിരുന്നു. ധാരാളം സുഹൃത്തുക്കള്‍ ബീഥോവനുണ്ടായി. എല്ലാവരുംതന്നെ സംഗീതജ്ഞാനമുള്ളവരും നാട്ടിലെ പ്രധാന വ്യക്തികളും ധനാഢ്യരുമായിരുന്നു. അവരുടെ പ്രേരണയും സഹായവുംകൊണ്ട് 1792 ല്‍ ബീഥോവന്‍ വീണ്ടും വിയന്നായിലെത്തി. ഒരിക്കല്‍ പൂര്‍ത്തീകരിക്കാനാവാതിരുന്ന ആഗ്രഹം; മൊസാര്‍ട്ടിനെ കണ്ടു ശിഷ്യത്വം സ്വീകരിക്കുക! അതിനായി അടുത്ത ശ്രമം. പക്ഷേ; ദൗര്‍ഭാഗ്യമെന്നു പറയട്ടെ ആയിടെ ആ മഹാസംഗീതപ്രതിഭ അന്തരിച്ചു. അതുമാത്രമല്ല, ആദ്യകാലഗുരു, ഹെയ്ഡന്‍ ഇംഗ്ലണ്ടിലേക്കു താമസവും മാറ്റി. എല്ലാം ബീഥോവന് ആഘാതമായി മാറി. എങ്കിലും തളര്‍ന്നില്ല, അത്ര പ്രസിദ്ധനല്ലെങ്കിലും പ്രഗല്ഭനായ ഒരധ്യാപകനെ കണ്ടെത്തി-ആല്‍ബര്‍ട്ട് ബര്‍ഗ്ഗര്‍! ചുരുങ്ങിയകാലംകൊണ്ട് നല്ലൊരു മ്യൂസിക് കമ്പോസര്‍ക്കു വേണ്ടതായ ടെക്‌നിക്കുകള്‍ എല്ലാം അദ്ദേഹം തന്റെ ശിഷ്യനു പകര്‍ന്നുകൊടുത്തു.
വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ഏതാണ്ട് ഇരുപതു വയസ്സോടടുത്തപ്പോള്‍ അദ്ദേഹത്തിന്റെ കേള്‍വിശക്തി കുറഞ്ഞുകുറഞ്ഞു വന്നിരുന്നു. ഇത്, സംഗീതം കൈകാര്യം ചെയ്യുന്ന ഏതൊരാള്‍ക്കും ജീവിതത്തിലുണ്ടാകാവുന്ന ഏറ്റവും വലിയ ആഘാതമായിരിക്കുമല്ലോ! ആദ്യമൊക്കെ ബീഥോവന്‍ ഇക്കാര്യം ആരെയും അറിയിക്കാതെ രഹസ്യമാക്കിവച്ചു. എന്നാല്‍, പൂര്‍ണബധിരതയിലേക്ക് അദ്ദേഹം നീങ്ങുകയായിരുന്നു. എങ്കിലും സിംഫണികള്‍ സൃഷ്ടിക്കാന്‍ ബദ്ധശ്രദ്ധനായി എന്നതാണു മഹാത്ഭുതം. പ്രസിദ്ധങ്ങളായ അനേകം സൃഷ്ടികള്‍ ഈ ബധിരതയ്ക്കിടയിലാണ് ഉണ്ടായത് എന്നതും സംഗീതലോകം പിന്നീട് ആശ്ചര്യത്തോടെ അറിഞ്ഞു.
ബാല്യത്തിലുണ്ടായ അച്ഛന്റെ ക്രൂരപീഡനവും വിഷാദരോഗവും കരള്‍രോഗവും വാതവും നേത്രരോഗവും ത്വഗ്രോഗവും എല്ലാം യുവത്വത്തിലേക്കു കടന്നപ്പോള്‍ കൂടിക്കൂടി വന്നിരുന്നു എന്നത് ജീവിതം ദുരിതപൂര്‍ണമാക്കി. കേള്‍വിക്കുറവിനൊപ്പം വിട്ടുമാറാത്ത വയറുവേദനയും ഇരുപതാംവയസ്സുമുതല്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ആത്മഹത്യ ചെയ്താലെന്തെന്നുപോലും ആലോചിച്ചിരുന്നു. ഇതിനെല്ലാമിടയിലാണ് ലോകോത്തരസിംഫണികള്‍ അദ്ദേഹം സൃഷ്ടിച്ചെടുത്തത് എന്നത് അവിശ്വസനീയം!
ബധിരനായശേഷം സൃഷ്ടിച്ച ഒന്‍പതാമത്തെ സിംഫണി മഹാവിസ്മയമായി മാറി. രസകരമായ ഒരു സംഭവമുണ്ടായി. ആ സിംഫണി 1824-ല്‍ വിയന്നയില്‍ അരങ്ങേറിയപ്പോള്‍ വേദിയില്‍ പുറംതിരിഞ്ഞുനിന്ന് കണ്ടക്ട് ചെയ്യുകയായിരുന്നു ബീഥോവന്‍. സിംഫണി അവസാനിച്ചപ്പോള്‍ ഉണ്ടായ ഹര്‍ഷാരവങ്ങളും കരഘോഷങ്ങളും ആസ്വദിക്കാന്‍ ബധിരനായ അദ്ദേഹത്തിനു കഴിഞ്ഞില്ല. ആരോ വന്ന് തോളില്‍ തട്ടി തിരിച്ചുനിര്‍ത്തിയപ്പോഴാണ് ആ മനുഷ്യമഹാസമുദ്രത്തിന്റെ സന്തോഷപ്രകടനങ്ങളും അലയടിയും അദ്ദേഹം കണ്ടത്! സദസ്സിലെ ആയിരങ്ങളിലെ പലര്‍ക്കും ബധിരനായ മ്യൂസിക് കണ്ടക്ടറുടെ പരാധീനതയെപ്പറ്റി ഒന്നും മനസ്സിലായില്ല.
കണക്കിന്റെ കാര്യത്തില്‍ വളരെ പിന്നിലായിരുന്നു അദ്ദേഹം. ഗുണിക്കാന്‍ അറിയാത്തതിനാല്‍ സംഖ്യകള്‍ ആവര്‍ത്തിച്ചെഴുതി കൂട്ടുകയായിരുന്നു. കണക്കും സംഗീതവുമായി ഏറെ ബന്ധമുണ്ടെന്ന് ഏതു ഭാഷയിലെ സംഗീതപണ്ഡിതര്‍ക്കും അറിവുള്ളതാണ്. തന്റെ സംഗീതപ്രകടനം ആരെങ്കിലും ശ്രദ്ധിക്കാതിരുന്നാല്‍ സദസ്സില്‍ വച്ചുതന്നെ അദ്ദേഹം പ്രതികരിക്കുമായിരുന്നു. സംഗീതം കേട്ടാസ്വദിക്കാനുള്ളതാണെന്ന് ഉദ്‌ഘോഷിച്ച് ശ്രോതാക്കളെ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യുമ്പോള്‍ ആ ലോകോത്തരസൃഷ്ടിയുടെ ഉപജ്ഞാതാവിന് കേള്‍വി ഒട്ടുമില്ലെന്നുള്ളത് സദസ്യര്‍ അറിയുന്നില്ല. അദ്ദേഹത്തിന്റെ മനഃശക്തി അപാരമായിരുന്നു. അതൊന്നുകൊണ്ടു മാത്രം സംഗീതം ആസ്വദിച്ചിരുന്ന ലോകത്തിലെ ഒരേയൊരു വ്യക്തി (സംഗീതസംവിധായകന്‍) ബീഥോവന്‍ മാത്രമായിരിക്കും.
സിംഫണിയോടൊപ്പം സഹകരിക്കാന്‍ കഴിയാഞ്ഞതിനാല്‍ സൃഷ്ടിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പിന്നീട്. തന്റെ പ്രസരിപ്പ് പ്രകടിപ്പിക്കാന്‍പോലും കഴിയാതെ രോഗാതുരനായിരിക്കുമ്പോഴും പ്രസിദ്ധമായ പിയാനോ സൊനാറ്റാ നമ്പര്‍ 14 'മ്യൂണ്‍ ലൈറ്റ്' എന്ന പേരിട്ടു സൃഷ്ടിച്ചു. അതു തന്റെ ഗേള്‍ഫ്രണ്ട് - ഗുല്ലെറ്റാ ഗുച്ചിയാര്‍ഡിക്കുവേണ്ടിയായിരുന്നു. പരിപൂര്‍ണ്ണബധിരനായ ബീഥോവനെ ആ പതിനാറുകാരി കൈവെടിഞ്ഞതു ജീവിതത്തിലെ മറ്റൊരു ദുര്യോഗമായിരുന്നു. പക്ഷേ; ഇതൊന്നും സിംഫണി സ്രഷ്ടാവിനെ തളര്‍ത്തിയില്ല. ആ പ്രക്രിയ അനുസ്യൂതം തുടര്‍ന്നു.
സിംഫണി നമ്പര്‍ 5, സിംഫണി നമ്പര്‍ 6, എന്നിവയോടൊപ്പം ചില പിയാനോ കണ്‍സേര്‍ട്ടോകളും രചിച്ചു. ആകെ 9 സിംഫണികള്‍. 5 പിയാനോ കണ്‍സേര്‍ട്ടോകള്‍. 10 വയലിന്‍ സൊനാറ്റ, 5 സെല്ലോ സൊനാറ്റ, 35 പിയാനോ സൊനാറ്റ എന്നിവ കൂടാതെ 'ഫിഡിലിയോ' എന്നൊരു ഓപ്പറായും (1805) ബീഥോവന്റേതായുണ്ട്.
ഒരു കുടുംബജീവിതം അദ്ദേഹത്തിനു വിധിച്ചിരുന്നില്ല. ധാരാളം ആരാധകരായ സ്ത്രീജനങ്ങള്‍ അദ്ദേഹത്തിന്റെ പരിചയ-സൗഹൃദത്തിലുണ്ടായിരുന്നെങ്കിലും ആരും ജീവിതസഖിയാകുവാന്‍ തയ്യാറായില്ല. 1801 ല്‍ ഒരു സുഹൃത്തിനു തന്റെ ബധിരതയെക്കുറിച്ചും മറ്റു രോഗങ്ങളെക്കുറിച്ചും വ്യഥയോടെ എഴുതിയ ഒരു കത്ത് 1827 മാര്‍ച്ച് 26 ന് 56-ാം വയസ്സില്‍ അദ്ദേഹത്തിന്റെ മരണശേഷമാണ് ലോകം കണ്ടത്! സംസ്‌കാരകര്‍മ്മം നടന്ന ട്രിനിറ്റിയിലെ ദൈവാലയത്തില്‍ ഏതാണ്ട് മുപ്പതിനായിരത്തോളം ആരാധകര്‍ എത്തിയിരുന്നു. എന്നാണു കണക്ക്. ലോകമുള്ള കാലംവരെ ബീഥോവന്‍ താന്‍ മെനഞ്ഞ സിംഫണികളിലൂടെ ജീവിക്കും!