•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ആദര്‍ശധീരനായ ഗാന്ധിയന്‍

തര്‍ത്ഥത്തില്‍ നോക്കിയാലും ഇന്ത്യ ഇന്നേവരെ കണ്ടിട്ടുള്ള പ്രധാനമന്ത്രിമാരില്‍ തികച്ചും വ്യത്യസ്തനായിരുന്നു മൊറാര്‍ജി ദേശായി. കാഴ്ചയിലും വസ്ത്രധാരണത്തിലും സ്വഭാവത്തിലും  ജീവിതചിട്ടകളിലും ഭക്ഷണരീതികളിലും വ്യത്യസ്തന്‍. എന്തിന്? ജന്മദിനത്തിന്റെകാര്യത്തില്‍പ്പോലും മൊറാര്‍ജി വ്യത്യസ്തനായി. ഫെബ്രുവരി 29 നു ജനിച്ചതുകൊണ്ട് മൊറാര്‍ജി ദേശായിക്ക് ജന്മദിനംപോലും നാലുവര്‍ഷത്തിലൊരിക്കല്‍ മാത്രമായി. വിശാല ബോംബെ സംസ്ഥാനത്തെ ശക്തനായ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും പിന്നീട് കേന്ദ്രഗവണ്‍മെന്റില്‍ ദീര്‍ഘകാലം കോണ്‍ഗ്രസ് മന്ത്രിയുമായ മൊറാര്‍ജിതന്നെയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയുമായത്.
തികഞ്ഞ ഒരു ഗാന്ധിഭക്തനായിരുന്നു മൊറാര്‍ജി. ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു അദ്ദേഹം. താന്‍ മുഖ്യമന്ത്രിയായിരുന്ന വിശാലബോംബെ സംസ്ഥാനം വിഭജിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിനോട്  മൊറാര്‍ജിക്കു താത്പര്യമുണ്ടായിരുന്നില്ല. പ്രക്ഷോഭകാരികള്‍ അക്രമാസക്തരായതോടെ പോലീസിനെ ഉപയോഗിച്ചും പട്ടാളത്തെ വിളിച്ചും മൊറാര്‍ജി കലാപം അടിച്ചമര്‍ത്തുകതന്നെ ചെയ്തു. ജനസമ്മതിക്ക് ഇടിവു വരുമെന്നു കണ്ടപ്പോഴും മൊറാര്‍ജി നിലപാടു മാറ്റാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ പ്രഥമ ഉത്തരവാദിത്വം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയെന്നതാണെന്ന് മൊറാര്‍ജി നിലപാടു കടുപ്പിച്ചു. അതിന്റെ പേരില്‍ പ്രധാനമന്ത്രി നെഹ്‌റുവിനോടു പോലും കലഹിച്ചു. പിന്നീട് മുഖ്യമന്ത്രിപദമൊഴിഞ്ഞപ്പോള്‍ നെഹ്‌റു മൊറാര്‍ജിയെ തന്റെ മന്ത്രിസഭയില്‍ വാണിജ്യവകുപ്പു മന്ത്രിയാക്കി.
ഖാദിയോടും ഹിന്ദിയോടുമായിരുന്നു എന്നും മൊറാര്‍ജിക്കു മമത. സസ്യാഹാരമായിരുന്നു എപ്പോഴും പഥ്യം. കാപ്പിയോ ചായയോപോലും ഉപയോഗിച്ചിരുന്നില്ല. മാമ്പഴവും പഴച്ചാറുകളുമായിരുന്നു ബലഹീനത. എക്കാലവും ഒരു മദ്യവിരോധിയും. മുഖ്യമന്ത്രിയായിരിക്കേ, ബോംബെയില്‍ മദ്യനിരോധനം കൊണ്ടുവന്നതും മൊറാര്‍ജി തന്നെ. തൂവെള്ള ഖദറായിരുന്നു ഡ്രസ്‌കോഡ്. ഖാദിയില്‍ത്തന്നെ ജാക്കറ്റും പിന്നെ വെള്ള ഗാന്ധിത്തൊപ്പിയും. കുളിക്കുന്നതിനോ ഷേവിംഗിനോപോലും സോപ്പുപയോഗിച്ചിരുന്നില്ല. ചന്ദനത്തൈലത്തിന്റെ ചെറിയൊരു സൗരഭ്യം എപ്പോഴും ചുറ്റും പ്രസരിപ്പിച്ചിരുന്നു മൊറാര്‍ജി. തൊണ്ണൂറാംവയസ്സിലും പതിനെട്ടുകാരന്റെ തുടിപ്പും ശോഭയുമായിരുന്നു മുഖത്ത്. ചുളിവുകള്‍ ഉണ്ടായിരുന്നതേയില്ല. നടപ്പും പിന്നെ നീന്തലുമായിരുന്നു വ്യായാമമുറകള്‍. അടിയന്തരാവസ്ഥക്കാലത്തു തീഹാര്‍ ജയിലില്‍ തടവുകാരനായി ക്കഴിയുമ്പോഴും പതിവുള്ള ഒരു മണിക്കൂര്‍ പ്രഭാതനടത്തം മുടക്കിയിരുന്നതുമില്ല. ജീവിതത്തില്‍ മാത്രമല്ല ജീവിതച്ചിട്ടകളിലും വളരെ കര്‍ക്കശക്കാരനായിരുന്നു മൊറാര്‍ജി. തന്നോടുപോലും കടുപ്പക്കാരനായിരുന്നു രാഷ്ട്രീയത്തിലെ ഈ ആത്മീയവാദി.
പ്രധാനമന്ത്രിയായിരുന്നപ്പോള്‍പോലും മൊറാര്‍ജിഭായി തനിക്കു വരുന്ന കത്തുകള്‍ കഴിയുന്നിടത്തോളം തനിയെ വായിച്ചു മറുപടി എഴുതാന്‍ ശ്രദ്ധിച്ചിരുന്നു. നിവൃത്തിയുള്ളിടത്തോളം പോസ്റ്റുകാര്‍ഡുകളില്‍ എഴുതി മറുപടി അയയ്ക്കുന്നതായിരുന്നു മൊറാര്‍ജിയുടെ ശീലം. പുസ്തകങ്ങളും തന്റെ വ്യക്തിപരമായ സമ്പാദ്യങ്ങളുമെല്ലാം ഗുജറാത്ത് വിദ്യാപീഠത്തിന് എഴുതിവച്ച അദ്ദേഹം അവസാനംവരെ താമസിച്ചത് ബോംബെയിലെ ഒരു വാടകഫ്‌ളാറ്റിലായിരുന്നു. സര്‍ക്കാര്‍സര്‍വ്വീസില്‍ ഡെപ്യൂട്ടി കളക്ടറായി സേവനം ചെയ്യുമ്പോഴാണ് ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ഉദ്യോഗം രാജിവച്ച് ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വാതന്ത്യസമരത്തില്‍ സജീവമായതോടെ പല പ്രാവശ്യം തടവുശിക്ഷയ്ക്കു വിധേയനായി. തൊണ്ണൂറ്റിയൊമ്പതാംവയസ്സില്‍ അന്തരിക്കുംവരെ മൊറാര്‍ജി ഗാന്ധിമാര്‍ഗ്ഗത്തില്‍നിന്ന് അണുവിട വ്യതിചലിച്ചതുമില്ല.
രാവിലെ നാലുമണിക്കുണരുന്നതായിരുന്നു ദേശായിയുടെ പതിവ്. പതിവായി ഒരു മണിക്കൂര്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍പ്പ്. പിന്നീട് ഒരു മണിക്കൂര്‍ നടത്തം. രണ്ടുനേരം മാത്രമായിരുന്നു ഭക്ഷണം.  ഓരോ പത്തു മിനിട്ടിലും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതും ശീലമാക്കിയിരുന്നു. സൂര്യനസ്തമിക്കുംമുമ്പ് അത്താഴം. അവസാനകാലത്തു രാത്രി ധാന്യഭക്ഷണവും ഒഴിവാക്കിയിരുന്നു. പഴങ്ങളും പഴച്ചാറും മാത്രം. ഉച്ചയുറക്കമില്ല. രാത്രി ഒന്‍പതുമണിയുടെ വാര്‍ത്ത കേട്ടാല്‍ പിന്നെ ഉറങ്ങാന്‍ പോകുന്നതായിരുന്നു പതിവ്. അടിയന്തരാവസ്ഥയെ ത്തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ സൂററ്റില്‍നിന്നാണ് ലോക്‌സഭയിലേക്കു മത്സരിച്ചത്.രാത്രി ഒന്‍പതായപ്പോഴും അവസാന വോട്ടെണ്ണല്‍ കഴിഞ്ഞു ഫലപ്രഖ്യാപനമായില്ല. ഇനി രാവിലെ നാലു മണിക്കുശേഷം തിരഞ്ഞെടുപ്പുഫലം അറിയിച്ചാല്‍മതിയെന്നു പറഞ്ഞ് മൊറാര്‍ജി പതിവു തെറ്റിക്കാതെ ഉറങ്ങാന്‍പോയി എന്നു പിന്നാമ്പുറം!
കാമരാജ് പദ്ധതിയിലൂടെ നെഹ്‌റുമന്ത്രിസഭയില്‍നിന്നു താന്‍ ഒഴിവാക്കപ്പെടുകയാണെന്ന് മനസ്സിലായപ്പോഴും മൊറാര്‍ജി മറുത്തൊന്നും പറഞ്ഞില്ല. അപ്പോള്‍ത്തന്നെ രാജിക്കത്തു നല്‍കുകയായിരുന്നു. ആരൊക്കെ വിചാരിച്ചാലും തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതില്‍നിന്നു തടയാനാവുകയില്ലെന്ന് മൊറാര്‍ജി ഉറപ്പിച്ചിരുന്നു. അടുപ്പമുള്ളവരോട് അതു പറയുകയും ചെയ്തിരുന്നു. പില്ക്കാലത്ത് നെഹ്‌റുവിന്റെ പിന്‍ഗാമിയായി കാമരാജിന്റെ നേതൃത്വത്തില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ വാഴിച്ചപ്പോഴും മൊറാര്‍ജി നിശ്ശബ്ദത പാലിച്ചു മാറി നില്ക്കുകയാണുണ്ടായത്. എന്നാല്‍, ശാസ്ത്രിയുടെ അപ്രതീക്ഷിതമരണത്തെത്തുടര്‍ന്ന് സീനിയര്‍ നേതാക്കള്‍ ചേര്‍ന്ന് തന്റെ പ്രധാനമന്ത്രിപദപ്രവേശനത്തിന് ഇന്ദിരാഗാന്ധിയെ മുന്നില്‍ നിര്‍ത്തി തടയിടുവാന്‍ ശ്രമിച്ചതോടെ മത്സരരംഗത്തു താനുണ്ടാകുമെന്ന് മൊറാര്‍ജി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് രഹസ്യബാലറ്റ് വഴി വേണമെന്നും നിലപാടെടുത്തു. ശക്തമായ മത്സരത്തില്‍ ഇന്ദിര ജയിച്ചെങ്കിലും മൊറാര്‍ജിക്ക് ഇഷ്ടപ്പെട്ട ധനകാര്യവകുപ്പും പുറമേ ഡെപ്യൂട്ടി പ്രധാനമന്ത്രിപദവും നല്‍കിയാണ് ഇന്ദിര തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയെ അനുനയിപ്പിച്ചത്.
എന്നാല്‍, രാഷ്ട്രപതിയായിരുന്ന ഡോ. സക്കീര്‍ഹുസൈന്റെ അപ്രതീക്ഷിതവിയോഗം ഇന്ത്യന്‍ രാഷ്ട്രീയചരിത്രം തന്നെ മാറ്റിയെഴുതി.
ബാംഗ്ലൂര്‍ എ.ഐ.സി.സി. യില്‍ താന്‍ നിര്‍ദ്ദേശിച്ച ജഗ്ജീവന്‍ റാമിനു പകരം ലോക്‌സഭാസ്പീക്കറായിരുന്ന സഞ്ജീവറെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനു ഭൂരിപക്ഷപ്രകാരം കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിച്ചതോടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തുകയാണുണ്ടായത്. അത് കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ത്തന്നെ ഒരു വന്‍പിളര്‍പ്പിലേക്കു നയിച്ചു. ധനകാര്യവകുപ്പ് പ്രധാനമന്ത്രി ഏറ്റെടുക്കുകയും ബാങ്കുകള്‍ ഓര്‍ഡിനന്‍സ് വഴി ദേശസാത്കരിക്കുകയും ചെയ്തുകൊണ്ട് പാര്‍ട്ടിയിലെ ഭിന്നത നയപരമായതാണെന്നു വരുത്തുവാന്‍ ഇന്ദിരയ്ക്കായി. അതോടെ കോണ്‍ഗ്രസും ഫലത്തില്‍ രണ്ടായി. ഇന്ദിരാവിഭാഗവും നിജലിംഗപ്പാ-മൊറാര്‍ജി-കാമരാജ് വിഭാഗവും. തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ ഇന്ദിരയ്ക്കായിരുന്നു ജയം.
പില്ക്കാലത്തു തിരഞ്ഞെടുപ്പുകേസില്‍ അലഹബാദ് കോടതി ഇന്ദിരയെ അയോഗ്യയാക്കിയതോടെ രാജിവയ്ക്കുന്നതിനുപകരം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷനേതാക്കളെയെല്ലാം - ജയപ്രകാശ് നാരായണനും മൊറാര്‍ജിയുമുള്‍പ്പെടെ - തടവിലാക്കിയും അധികാരത്തില്‍ തുടര്‍ന്നു. 1977 ലെ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച ജനതാതരംഗത്തില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കു സ്വന്തമണ്ഡലമായ റായ്ബറേലിയിലും അടിപതറി. തുടര്‍ന്ന് 1977 ല്‍ മൊറാര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ കോണ്‍ഗ്രസിതരസര്‍ക്കാര്‍, കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ദേശീയരാഷ്ട്രീയത്തില്‍ ദിശാമാറ്റമുണ്ടായെങ്കിലും രണ്ടു വര്‍ഷത്തിനുള്ളില്‍ ജനതാപാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങളില്‍പ്പെട്ട് മൊറാര്‍ജി സര്‍ക്കാരിനു രാജിവയ്‌ക്കേണ്ടിവന്നു. പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയവരോടു സംസാരിക്കുവാന്‍പോലും മൊറാര്‍ജി കൂട്ടാക്കിയില്ല. അച്ചടക്കം ലംഘിക്കുന്നവരുമായി അനുരഞ്ജനമുണ്ടാക്കി അധികാരത്തില്‍ തുടരാന്‍ താത്പര്യമില്ലെന്ന ഉറച്ച നിലപാടാണ് അന്ന് മൊറാര്‍ജി സ്വീകരിച്ചത്. അവിശ്വാസപ്രമേയചര്‍ച്ചയ്ക്കു മറുപടി പറഞ്ഞുകൊണ്ട് മൊറാര്‍ജി പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗം ചരിത്രത്തില്‍ ഇടംനേടി. തികഞ്ഞ ഗാന്ധിയന്‍നിസ്സംഗതയോടെയാണ് മൊറാര്‍ജി പ്രധാനമന്ത്രിപദമൊഴിഞ്ഞത്.
ആദര്‍ശത്തിന്റെ മാത്രമല്ല ആത്മവിശ്വാസത്തിന്റെയും പ്രതീകമായിരുന്ന മൊറാര്‍ജി, ഗാന്ധിയന്‍ മൂല്യങ്ങളുടെ കാവലാളും പ്രചാരകനുമായിരുന്നു. ആദര്‍ശത്തിന്റെ വെണ്മ, ധരിക്കുന്ന വസ്ത്രത്തില്‍ മാത്രമല്ല, സ്വന്തം ജീവിതത്തിലും സാക്ഷ്യപ്പെടുത്തിയ നേതാവും. മരിക്കുമ്പോള്‍ നൂറെത്താന്‍ ഏതാനും മാസങ്ങള്‍കൂടി മതിയായിരുന്നു. വഹിച്ച പദവികളുടെയെല്ലാം (പ്രധാനമന്ത്രിപദമുള്‍പ്പെടെ) പകിട്ടേറ്റിയ നേതാവും മൊറാര്‍ജി മാത്രം. ഭഗവദ്ഗീതയുടെ ഭാഷയില്‍ പറഞ്ഞാല്‍, എന്നും സ്ഥിതപ്രജ്ഞന്‍!~ ഇന്ത്യന്‍ രാഷ്ട്രീയംകണ്ട കറ കളഞ്ഞ ആത്മീയനും ആദര്‍ശവാദിയുമായിരുന്നു. ഗാന്ധിജിയുടെ സംസ്ഥാനത്തുനിന്നു വന്ന ഇന്ത്യയുടെ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി. എന്നാല്‍, ജീവിതകാലം മുഴുവനും മനസ്സുകൊണ്ടു കോണ്‍ഗ്രസുകാരനും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)