മികച്ച സംരംഭകയും പാചകവിദഗ്ധയുമായ പാലാ ഞാവള്ളിമംഗലത്തില്‍ ആന്‍സി മാത്യു ക്രിസ്മസ് ഓര്‍മകള്‍ക്കൊപ്പം അനേകര്‍ക്കു പ്രചോദനമായ തന്റെ കര്‍മമണ്ഡലത്തിലെ ജീവിതാനുഭവങ്ങളും വായനക്കാരുമായി പങ്കുവയ്ക്കുന്നു:
ക്രിസ്മസ്, ആഘോഷങ്ങളുടെ കാലമാണ്. രക്ഷകന്‍ മനുഷ്യനായി മണ്ണിലവതരിച്ച സുദിനം. പ്രാര്‍ത്ഥനയും നന്ദിപറച്ചിലും ആഹ്ലാദാരവങ്ങളുമൊക്കെയായി നാം തിരുപ്പിറവി ആഘോഷിക്കുന്നു.
ക്രിസ്മസ്, കേക്കുകളുടെ ഉത്സവകാലംകൂടിയാണ്. വിവിധനിറത്തിലും തരത്തിലുമുള്ള കേക്കുകള്‍ ബേക്കറികളിലും വീടുകളിലും നിറയുന്ന കാലം.
കുട്ടിക്കാലത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ കേക്ക് കഴിച്ച ഓര്‍മകളൊന്നുമില്ല. കടകളിലൊക്കെ ചില്ലുകൂട്ടില്‍ ഇരിക്കുന്നതു കാണുന്നതല്ലാതെ വീട്ടില്‍ വാങ്ങുന്ന പതിവൊന്നുമില്ല. അഞ്ചാംക്ലാസിലെ ക്രിസ്മസ് കാലത്താണ് അമ്മവീട്ടില്‍വച്ച് കേക്കുണ്ടാക്കുന്നത് ആദ്യമായി കാണുന്നത്. അന്നു കഴിച്ച ആ കേക്കിന്റെ സ്വാദ് ഇന്നും എന്റെ നാവിന്‍തുമ്പിലുണ്ട്. അന്ന് അവിടെയുണ്ടാക്കിയ കേക്കിന്റെ പാചകവിധി ചോദിച്ചു മനസ്സിലാക്കി. എന്റെ വീട്ടില്‍വന്ന് ഞാന്‍ കേക്കുണ്ടാക്കി.
ഇന്നത്തെപ്പോലെ ആധുനിക പാചകസംവിധാനങ്ങളൊന്നുമില്ലാത്ത കാലം. മണലിലായിരുന്നു ബേക്ക് ചെയ്യുന്നതിനുള്ള അടുപ്പ് തയ്യാറാക്കിയിരുന്നത്. വലിയ പാത്രത്തില്‍ മണല്‍ നിറച്ച് ചൂടാക്കും. കേക്കിന്റെ മാവ് തയ്യാറാക്കിയത് ഒരു അലുമിനിയം പാത്രത്തിലൊഴിച്ച് നന്നായി അടച്ച് ചുട്ടുപഴുത്ത മണലില്‍ ഇറക്കിവയ്ക്കും. മീതേ ചകിരി കത്തിച്ച കനല്‍ നിരത്തും. അതാണ് അന്നത്തെ ഓവന്‍. നിശ്ചിതസമയത്തിനുള്ളില്‍ കേക്ക് പാകമാകും. പുറത്തെടുക്കുമ്പോള്‍ കടകളില്‍ കാണുന്നതുപോലെയുള്ള കേക്ക്! വളരെ അദ്ഭുതം തോന്നിയിട്ടുണ്ട്. ആ അദ്ഭുതമാണ് പാചകലോകത്തേക്ക് എന്നെ കൈപിടിച്ചു നടത്തിയത്.
2010 ലെ ഒരു ക്രിസ്മസ് കേക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതോടെയാണ് പാചകരംഗം ഒരു തൊഴില്‍മേഖലയായി തിരഞ്ഞെടുക്കാനുള്ള തീരുമാനമെടുത്തത്. ആ മത്സരത്തിനുവേണ്ടി പരമ്പരാഗതകേക്കുനിര്‍മ്മാണരീതികളില്‍നിന്നു മാറിച്ചിന്തിച്ചു. കേരളത്തില്‍ സുലഭമായ ചക്കയായിരുന്നു അന്നു ഞാന്‍ വ്യത്യസ്തതയ്ക്കുവേണ്ടി തിരഞ്ഞെടുത്തത്. ചക്കയും ചക്കക്കുരുവും ഉണക്കിപ്പൊടിച്ച് മൈദയ്ക്കു പകരം ഉപയോഗിച്ചു. അതു വളരെ വിജയകരമായിരുന്നു. അന്നത്തെ വിജയം ചക്ക ഉപയോഗിച്ച് ഉണ്ടാക്കാവുന്ന വിവിധ ആഹാരസാധനങ്ങളെക്കുറിച്ചും ചക്കയുടെ മൂല്യവര്‍ധിതോത്പന്നങ്ങളെക്കുറിച്ചുമുള്ള ഗവേഷണത്തിലേക്ക് എന്നെ നയിച്ചു.
ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍നിന്നു പുറത്തിറങ്ങാനാവാതെ, വരുമാനമൊന്നുമില്ലാതെ നിരാശയിലകപ്പെട്ടിരുന്ന നിരവധി ആളുകള്‍ക്ക് പുതിയ തൊഴില്‍ വഴികള്‍ കണ്ടെത്തുന്നതിനു സഹായകമായ ക്ലാസുകള്‍ സംഘടിപ്പിച്ചു. അങ്ങനെ തുടങ്ങിയതാണ് ഫ്‌ളേവേഴ്‌സ് ഓഫ് ആന്‍സി എന്ന യൂട്യൂബ് ചാനല്‍. പഴങ്ങളും പച്ചക്കറികളും മൂല്യവര്‍ധിതോത്പന്നങ്ങളാക്കി മാറ്റുന്നതിനും പുതിയ പാചകവിധികള്‍ കണ്ടെത്തുന്നതിനും പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഇതുവഴി സാധിക്കുന്നു. അതുകൂടാതെ വ്യവസായവകുപ്പ്, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, മഹിളാസമാജങ്ങള്‍, പള്ളിവക സ്വാശ്രയസംഘങ്ങള്‍, കുടുംബശ്രീയൂണിറ്റുകള്‍ തുടങ്ങി പല സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുംവേണ്ടി പഴങ്ങളുടെയും പച്ചക്കറികളുടെയും, പ്രത്യേകിച്ച് ചക്കയുടെ മൂല്യവര്‍ധിതോത്പന്നങ്ങളെക്കുറിച്ച് ക്ലാസുകള്‍ നടത്താറുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം ക്ലാസുകള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്.
2018 ലെ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ 'ഛില റമ്യ ളീൃ ഖമരസ ളൃൗശ'േ എന്ന പേരില്‍ ഒരു ലൈവ് കുക്കറി ഷോ അവതരിപ്പിക്കാന്‍ സാധിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ പുസ്തകമേളയാണിത്. വിവിധ രാജ്യങ്ങളില്‍നിന്നായി ഇരുപതു ലക്ഷത്തിലേറെ ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരു മഹാമേള. 'ചക്കവിഭവങ്ങള്‍' എന്ന പേരില്‍ ഒരു പുസ്തകം ഡി സിബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്. വളരെയധികം ആളുകള്‍ക്കു വിവിധ തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഈ പുസ്തകം പ്രചോദനമായിട്ടുണ്ട്.
ഈ ക്രിസ്മസിനോടനുബന്ധിച്ച് ഞാന്‍ തയ്യാറാക്കിയിട്ടുള്ളത് കറ്റാര്‍വാഴ അടിസ്ഥാനമാക്കിയിട്ടുള്ള കേക്കാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഗുണപ്രദമായ ഒരു ഔഷധസസ്യമാണ് കറ്റാര്‍വാഴ. പലതരം പഴവര്‍ഗ്ഗങ്ങളും ഡ്രൈഫ്രൂട്‌സും ഉപയോഗിച്ചുള്ള കേക്കും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
ലോക്ഡൗണ്‍ തീരാന്‍ കാത്തിരുന്നിട്ടും അവസാനമില്ലാതെ നീണ്ടുപോകുന്ന ഒരവസരത്തിലാണ് ഞാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. ധാരാളം ആളുകള്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് വീട്ടിലിരുന്നപ്പോള്‍ നടത്തിയ ഈ ക്ലാസുകള്‍ പലര്‍ക്കും വരുമാനവര്‍ദ്ധനയ്ക്കുതകിയെന്നത് സന്തോഷമുളവാക്കുന്ന കാര്യമാണ്. ഇത് ഒരു ബേക്കിംഗ് ക്ലാസ് മാത്രമായിരുന്നില്ല. പച്ചക്കറി, ഫലവര്‍ഗ്ഗങ്ങള്‍ മുതലായവയുടെ മൂല്യവര്‍ധിതോത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഒരു ക്ലാസായിരുന്നു അത്.
നാലുമണിക്കൂര്‍ നീളുന്ന ഒരു ക്ലാസാണ് ഒരു ദിവസം കൊടുക്കുന്നത്. അതില്‍ നാലോ അഞ്ചോ കേക്കുകളുടെ പാചകരീതി ഉണ്ടായിരിക്കും. അത്രയും കേക്കുകള്‍ ലൈവായി ഉണ്ടാക്കിക്കാണിക്കുകയാണു ചെയ്യുന്നത്. ക്ലാസിനുശേഷം നടത്തുന്ന ഒരു ഇന്ററാക്ഷന്‍ സെഷനിലൂടെ സംശയങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. മാത്രമല്ല, ഈ ക്ലാസുകളുടെ വീഡിയോയും പഠിതാക്കള്‍ക്കു കൊടുക്കുന്നുണ്ട്. ആഴ്ചയില്‍ പതിനായിരം രൂപയിലധികം വീട്ടിലിരുന്ന് സമ്പാദിക്കുന്ന വനിതകള്‍ ഈ ഗ്രൂപ്പിലുണ്ട്.
കേക്കുകള്‍ മാത്രമല്ല, ചോക്ലേറ്റിന്റെയും കുക്കീസിന്റെയും വിവിധയിനങ്ങള്‍ തുടങ്ങി പലതരം വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നല്‍കിവരുന്നു.