•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കണ്ണീരുപ്പു ചേര്‍ന്ന കരോള്‍ഗാനം

ത്തോലിക്കാസഭയിലെ എട്ടാമത്തെ മാര്‍പാപ്പായായിരുന്ന വി. ടെലസ്‌ഫോറസിന്റെ ഭരണകാലത്തു രചിക്കപ്പെട്ട ''ഗ്ലോറിയ ഇന്‍ എക്‌സ്‌ചെള്‍സിസ് ദേ ഓ (Gloria in Excelsis Deo) ആണ് ആദ്യത്തെ ക്രിസ്മസ് കരോള്‍ എന്നു വിശ്വസിക്കപ്പെടുന്നു. തിരുപ്പിറവിസമയത്ത് മാലാഖമാര്‍ ആലപിച്ച, ''അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി'' എന്ന ഗാനമാണ് അതിന്റെ വരികള്‍. പിന്നീടുണ്ടായ കരോളുകളില്‍ ആദ്യം ശ്രദ്ധേയമായത് മിലാനിലെ മെത്രാനായിരുന്ന വിശുദ്ധ അംബ്രോസ് രചിച്ച ''വേനി റെഡംപ്‌തോര്‍ ജെന്‍സിയും'' (Veni Redemptor Gentium   ജനതകളുടെ രക്ഷകാ, വരൂ) ആണ്. 
തനിക്കുമുമ്പ് ആയിരത്തിലധികം വര്‍ഷങ്ങളായി ക്രിസ്മസ് കരോളുകള്‍ ഉപയോഗത്തിലിരുന്നിട്ടും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജനിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസാണ് ക്രിസ്മസ് കരോളുകളുടെ പിതാവ് എന്നറിയപ്പെടുന്നത് എന്നത് ഒരു വിരോധാഭാസമായിത്തോന്നാം. അദ്ദേഹത്തിന്റെ സ്വാധീനഫലമായി ഇന്നത്തെ ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ പ്രദേശങ്ങളില്‍ സ്വദേശഭാഷകളില്‍ നിരവധി ക്രിസ്മസ് കരോളുകള്‍ രചിക്കപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ധത്തില്‍ ഇംഗ്ലണ്ടുകാരനായ ജോണ്‍ ഓഡ്‌ലേ രചിച്ച 'ക്രിസ്മസ് കരോളുകള്‍' എന്ന കൃതിയാണ് ആംഗലഭാഷയില്‍ പ്രസിദ്ധീകൃതമായ ആദ്യത്തെ ക്രിസ്മസ് കരോള്‍ സമാഹാരം. പത്തൊമ്പതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഒട്ടേറെ ക്രിസ്മസ് കരോള്‍ സമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായതോടെ കരോളുകളുടെ ജനപ്രീതി വീണ്ടും വര്‍ദ്ധിച്ചു.
ഇന്നു ലോകത്തില്‍ ഏറ്റവും അറിയപ്പെടുന്ന 'സൈലന്റ് നൈറ്റ് ഹോളി നൈറ്റ്' (Silent Night, Holy Night)  എന്ന കരോള്‍ ഓസ്ട്രിയയുടെ സംഭാവനയാണ്. രാജ്യത്തിന്റെ ദേശീയനിധി എന്നാണ് ഓസ്ട്രിയന്‍ ജനത അതിനെ വിശേഷിപ്പിക്കുന്നത്. അതിലളിതവും ശ്രവണസുന്ദരവുമായ ഈ കരോള്‍ മൂന്നൂറിലധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ക്രിസ്മസ് കാലത്ത് ലോകമെങ്ങും നൂറ്റിനാല്പതോളം ഭാഷകളില്‍ ഇത് ആലപിക്കപ്പെടുന്നുമുണ്ട്. അതിന്റെ രചയിതാവ് ജോസഫ് മോര്‍ എന്ന കത്തോലിക്കാവൈദികനും അതിന് ഈണം പകര്‍ന്നത് ഫ്രാന്‍സ് ഗ്രൂബര്‍ എന്ന  ഓര്‍ഗനിസ്റ്റുമായിരുന്നു.
1816 ല്‍ മരിയാപ്ഫാര്‍ എന്ന ഓസ്ട്രിയന്‍ ഗ്രാമത്തിലെ ദൈവാലയത്തില്‍ സഹവികാരിയായി ഫാദര്‍ മോര്‍ സേവനം ചെയ്യുന്ന കാലം. ശൈത്യകാലത്തെ ഒരു സായാഹ്നത്തില്‍ അദ്ദേഹം ഗ്രാമത്തിലൂടെ നടക്കാനിറങ്ങി. അതിനിടെ ഒരു ഇടവകാംഗത്തിന്റെ ഭവനത്തില്‍പ്പോയി ഒരു നവജാതശിശുവിനെ സന്ദര്‍ശിക്കാനും അദ്ദേഹം സമയം കണ്ടെത്തി. തിരിച്ചു പള്ളിമേടയിലെത്തിയപ്പോഴേക്കും സൂര്യനനസ്തമിക്കുകയും ശക്തിയായ ഹിമപാതം ആരംഭിക്കുകയും ചെയ്തിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വീടുകളുടെ മേല്‍ക്കൂരകളും പരിസരം മുഴുവനും വെണ്‍മഞ്ഞില്‍ പൊതിഞ്ഞു. അന്നുകണ്ട പൈതലിന്റെ മാലാഖയ്ക്കു തുല്യമായ സൗകുമാര്യവും ആകര്‍ഷകത്വവും അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞുനിന്നു. കുറച്ചുനാള്‍ മുമ്പുവരെ നെപ്പോളിയന്റെ സൈനികാക്രമണത്തിലെ വെടിയൊച്ചയും ദീനരോദനങ്ങളും മുഴങ്ങിനിന്നിടത്ത് ഇതാ പരിപൂര്‍ണ്ണനിശ്ശബ്ദതയും സ്വര്‍ഗീയമായ ശാന്തിയും! ഫാദര്‍ മോറിന്റെ ഭാവനയും സര്‍ഗശക്തിയും ഉണര്‍ന്നെഴുന്നേല്ക്കുകയായി. ഒട്ടും താമസിച്ചില്ല, അദ്ദേഹം കുറിച്ചു:
Silent night, Holy night
All is calm, all is bright
‘Round yon virgin Mother and Child
Holy Infant so tender and mild
Sleep in heavenly peace
Sleep in heavenly peace.
ആകെ ആറു വരികളില്‍ തീര്‍ത്ത തന്റെ രചന അത്ര വലിയ കാര്യമൊന്നുമല്ല എന്നു കരുതി ഫാദര്‍ മോര്‍ മാറ്റിവച്ചു. രണ്ടു വര്‍ഷത്തോളം അതു പൊടിപിടിച്ചിരുന്നു. അതിനിടെ, 1817 ല്‍ അദ്ദേഹം ഒബേണ്‍ഡോര്‍ഫ് (Oberndorf) എന്ന സ്ഥലത്തെ സഹവികാരിയായി സ്ഥലം മാറിപ്പോയി.
ഒബേണ്‍ഡോര്‍ഫില്‍ 1818 ലെ ക്രിസ്മസിനായി ഫാദര്‍ മോറും ഗായകസംഘവും തയ്യാറെടുക്കുന്നതിനിെട, പാശ്ചാത്യദൈവാലയസംഗീതത്തിന് ഒഴിച്ചുകൂടാനാവാത്ത ഉപകരണമായ ഓര്‍ഗണ്‍ പ്രവര്‍ത്തനരഹിതമായി. എത്ര ശ്രമിച്ചിട്ടും ക്രിസ്മസിനുമുമ്പ് അതു നന്നാക്കി കിട്ടിയതുമില്ല.
എന്തു ചെയ്യണമെന്നറിയാതെ ഫാദര്‍ മോറും ഓര്‍ഗനിസ്റ്റായ ഫ്രാന്‍സ് ഗ്രൂബറും  കുഴങ്ങി. പെട്ടെന്ന് ഫാദറിനൊരു ബുദ്ധി തോന്നി. ഓര്‍ഗനു പകരം ഗിത്താറിന്റെ അകമ്പടിയില്‍ ആലപിക്കാവുന്ന മറ്റെന്തെങ്കിലും ഗാനം തയ്യാറാക്കി ക്രിസ്മസ് രാത്രിയില്‍ ആലപിക്കുക. രണ്ടുവര്‍ഷം മുമ്പു താന്‍ രചിച്ച സൈലന്റ് നൈറ്റ് എന്ന കൃതി പുറത്തെടുത്ത്, അതു ഗിത്താറിനു ചേര്‍ന്ന രീതിയില്‍ ചിട്ടപ്പെടുത്താന്‍ അദ്ദേഹം ഗ്രൂബറോട് അഭ്യര്‍ത്ഥിച്ചു. മികച്ച സംഗീതജ്ഞനെങ്കിലും ഗിത്താര്‍ വാദനത്തില്‍ അത്ര വൈദഗ്ധ്യമില്ലാതിരുന്ന ഗ്രൂബര്‍ പറഞ്ഞു, തനിക്കു ഗിത്താറില്‍ മൂന്നു കോര്‍ഡുകള്‍ മാത്രമേ വായിക്കാനറിയൂ എന്ന്. അങ്ങനെയെങ്കില്‍ മൂന്നു കോര്‍ഡുകള്‍ മാത്രമുപയോഗിച്ച് പാടാവുന്നവിധം സംഗീതം നല്കുക  എന്നായി ഫാദര്‍ മോര്‍. അങ്ങനെ വെറും രണ്ടുമൂന്നു മണിക്കൂറിനുള്ളില്‍ അവര്‍ ചരിത്രം രചിച്ചു. ആ ക്രിസ്മസ് രാവില്‍ ഒബേണ്‍ഡോര്‍ഫ് ദൈവാലയത്തിലെ ഇടവകജനത്തിനുമുമ്പില്‍ ഇരുവരും ചേര്‍ന്ന് ആ കരോള്‍ ആലപിച്ച് ഏവരെയും ആനന്ദത്തിന്റെയും ഭക്തിയുടെയും കൊടുമുടിയിലെത്തിച്ചു. 
കാലം കുറെ കടന്നുപോയി. ഓര്‍ഗണ്‍ നിര്‍മ്മിക്കുന്നതിലും കേടുതീര്‍ക്കുന്നതിലും അതിവിദഗ്ധനായിരുന്ന കാള്‍ മൗറാഖര്‍ ഒരു ദിവസം ഒബേണ്‍ഡോര്‍ഫ് ദൈവാലയത്തിലെ കേടായ ഓര്‍ഗണ്‍ നന്നാക്കാനെത്തി. ജോലിക്കിടയില്‍ സൈലന്റ് നൈറ്റിന്റെ ഒരു മൂലകൈയെഴുത്തുപ്രതി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അതു പകര്‍ത്തിയെടുത്ത് അദ്ദേഹം തന്റെ ഗ്രാമവാസികളായ ചില നാടോടിഗായകരെ പരിശീലിപ്പിച്ചു. പ്രസ്തുത ഗായകര്‍ ക്രിസ്മസ് കാലങ്ങളില്‍ ഉത്തരയൂറോപ്പിലെങ്ങും സഞ്ചരിച്ച് ഈ കരോളിനു വന്‍പ്രചാരം നല്‍കി. കാലക്രമേണ പ്രഷ്യന്‍  രാജാക്കന്മാരായ ഫ്രഡറിക് വില്യം മൂന്നാമന്‍,  ഫ്രഡറിക് വില്യം നാലാമന്‍ ഓസ്ട്രിയന്‍ ചക്രവര്‍ത്തിയായ ഫ്രാന്‍സ് ജോസഫ് ഒന്നാമന്‍ തുടങ്ങിയവരുടെ രാജസദസ്സുകളില്‍ സൈലന്റ് നൈറ്റ്  അവതരിപ്പിക്കപ്പെട്ടു. ഫ്രഡറിക് വില്യം നാലാമന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിസ്മസ് കരോള്‍ ഇതുതന്നെയായിരുന്നു. ക്രിസ്മസ് കാലത്ത് എല്ലാവര്‍ഷവും ഇത് ആലപിക്കണമെന്ന് കത്തീഡ്രല്‍ ഗായകസംഘത്തോട് അദ്ദേഹം ആജ്ഞാപിച്ചു.
സൈലന്റ് നൈറ്റിന്റെ സംഗീതക്രമീകരണത്തിലും ഗാനത്തിന്റെ വരികളിലും കാലക്രമേണ ചില്ലറ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അമേരിക്കയില്‍ ക്രിസ്മസിനു മുമ്പുള്ള ഒരു മാസക്കാലം അസംഖ്യം ക്രൈസ്തവദൈവാലയങ്ങളിലും ഒട്ടുമിക്ക സാംസ്‌കാരികകേന്ദ്രങ്ങളിലും ക്രിസ്മസ് കരോളുകള്‍ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചുവരുന്ന ഒരു പതിവു ചടങ്ങാണ്. തിരഞ്ഞെടുക്കാന്‍ നൂറുകണക്കിനു കരോള്‍ഗാനങ്ങളുണ്ടെങ്കിലും അത്തരം ഒരു പ്രോഗ്രാമിലും 'സൈലന്റ് നൈറ്റ്' ഒഴിവാക്കപ്പെടാറില്ല എന്നതാണു സത്യം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)