പരിശുദ്ധ മറിയത്തിന്റെ അമലോദ്ഭവത്തിരുനാളിനോടനുബന്ധിച്ച് പാലാ ജൂബിലിക്കപ്പേളയില്‍ പരിശുദ്ധ കുര്‍ബാനമധ്യേ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തില്‍നിന്ന്:
ഡിസംബര്‍ എട്ടിലെ പരിശുദ്ധ അമ്മയുടെ അമലോദ്ഭവത്തിരുനാള്‍ തലമുറകളായി നാമെല്ലാവരും ഒന്നിച്ച് ആഘോഷിച്ചുപോരുന്ന വലിയ സുദിനമാണ്. കൊവിഡ് പ്രതിസന്ധിയുടെ കാലയളവിലും പാലാ അങ്ങാടിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ജൂബിലിക്കപ്പേളയില്‍ പരിശുദ്ധ കുര്‍ബാനയില്‍ ഒന്നിക്കാന്‍ സാധിക്കുന്നത് ദൈവത്തിന്റെ വലിയ കൃപയാണ്. അമലോദ്ഭവമാതാവിലൂടെ ദൈവം നമുക്കു നല്‍കുന്ന ഏറ്റവും വലിയ കാരുണ്യമായി ഈ ഒത്തുചേരലിനെ നാമെല്ലാവരും തിരിച്ചറിയുകയാണ്.
മംഗളവാര്‍ത്തക്കാലത്ത് നാം നിരന്തരമായി കേട്ട ഒരു തിരുവചനമാണ് 'കൃപനിറഞ്ഞവളേ, സ്വസ്തി.' നാം എല്ലാ ദിവസവും സന്ധ്യയ്ക്കു പ്രാര്‍ത്ഥിക്കുന്നതാണിത്; നന്മനിറഞ്ഞ മറിയമേ, സ്വസ്തി. 'സ്‌ലാം ലേഹ് മറിയം മലിയസ് തൈബൂസ' എന്ന് സുറിയാനിയില്‍ നമ്മുടെ പൂര്‍വ്വികര്‍ പ്രാര്‍ത്ഥിച്ചിരുന്നു. ''കൃപനിറഞ്ഞവളേ, സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ.'' ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട് മറിയത്തോടു പറഞ്ഞ ഈ തിരുവചനമാണ് മംഗളവാര്‍ത്തയുടെ കാതല്‍. 'നിനക്ക് ഒരു ശിശു ജനിക്കും. അവന്‍ പരിശുദ്ധനായിരിക്കും. അവന് ഈശോ എന്നു പേരിടണം.' നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനഘടകമായി കരുതുന്ന യാഥാര്‍ത്ഥ്യവും അതാണ്.
സകല തലമുറകളും ഭാഗ്യവതി എന്നു പ്രഘോഷിക്കുന്ന ഏകവ്യക്തി മര്‍ത്ത് മറിയമാണ്, പരിശുദ്ധ അമ്മയാണ്. പിശാചിന്റെ തല തകര്‍ത്തവള്‍ എന്നു വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നത് പരിശുദ്ധ അമ്മയെക്കുറിച്ചാണ്. കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരുവാന്‍ എനിക്കെന്തു യോഗ്യത എന്ന് ആരെക്കുറിച്ചു പറഞ്ഞുവോ ആ വ്യക്തിയെയാണ് കര്‍ത്താവിന്റെ അമ്മ, ദൈവത്തിന്റെ അമ്മ എന്ന് പിന്നീട് സൂനഹദോസുകള്‍ വിശേഷിപ്പിച്ചത്.
'അമലോദ്ഭവം' എന്ന വാക്കു വിശേഷിപ്പിക്കുംപോലെ ഉദ്ഭവത്തില്‍ അമലയായിട്ടുള്ളത്, ജന്മപാപത്തിന്റെ കറ പുരളാത്തത് എന്ന വലിയ വിശ്വാസസത്യമാണ് പരിശുദ്ധ അമ്മയുടെ അമലോദ്ഭവത്തിരുനാളില്‍ നാം ഓര്‍ക്കുന്നത്. 1854 ല്‍ ഒമ്പതാം പീയൂസ് മാര്‍പാപ്പായാണ് അമ്മയുടെ അമലോദ്ഭവം ഒരു വിശ്വാസസത്യമായി ലോകത്തെ അറിയിച്ചത്. സഭയുടെ പിതാക്കന്മാരില്‍നിന്നു കൈക്കൊണ്ട തിരുവചനങ്ങള്‍ ഈ സത്യത്തിനു കൂടുതല്‍ ഉറപ്പുനല്‍കുന്നു. വി. അപ്രേമിന്റെ വാക്കുകളില്‍, ''നിന്നില്‍ കളങ്കമില്ലാത്തതുപോലെ അല്ലയോ ദൈവമേ, നിന്റെ അമ്മയും കളങ്കരഹിതയാണ്. നീയും നിന്റെ അമ്മയും മാത്രമേ പൂര്‍ണ്ണമായും പാപരഹിതരായിട്ടുള്ളൂ.'' മാര്‍ അപ്രേമിന്റെ ഈ വാക്കുകളാണ് അമലോദ്ഭവം എന്ന വിശ്വാസസത്യത്തിന്റെ അടിസ്ഥാനതത്ത്വമായി സഭ സ്വീകരിച്ചത്. അമ്മ ജന്മദോഷമില്ലാത്തവളാണ് എന്ന് കാന്റര്‍ബറിയിലെ വി. എഡ്മര്‍ പ്രഘോഷിച്ചത് മൂന്നു ലത്തീന്‍ വാക്കുകളിലൂടെയാണ്. പൊത്തൂയിറ്റ് - ദൈവത്തിന് മറിയത്തെ അമലോദ്ഭവയാക്കാന്‍ സാധ്യമായിരുന്നു. ദേക്കൂയിറ്റ് - ദൈവത്തിന് ഈ സ്ത്രീയെ ഇങ്ങനെയാക്കുക ഉചിതമായിരുന്നു. ഫേച്ചിറ്റ് - അതുകൊണ്ട് ദൈവം ആ കര്‍മ്മം നിര്‍വ്വഹിച്ചു. ഈ മൂന്നു വാക്കുകളാണ് മരിയശാസ്ത്രത്തില്‍ അമ്മയുടെ അമലോദ്ഭവത്തിലേക്കു വരാനുള്ള അടിത്തറയായി നിന്നത്.
നാലാം നൂറ്റാണ്ടില്‍ വി. ആഗസ്തീനോസ് ധ്യാനിച്ചെഴുതിയ ഒരു പ്രാര്‍ത്ഥന കൊറോണയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അര്‍ത്ഥവത്താണ്. അതിപ്രകാരമാണ്: 'നാഥാ, വിലപിക്കുന്നവര്‍ക്കും ഉണര്‍ന്നിരിക്കുന്നവര്‍ക്കും ഉറങ്ങുന്നവര്‍ക്കും അവിടുന്ന് കാവലായിരിക്കണമേ. മാലാഖമാരുടെ കാവല്‍ ഉറക്കത്തിലായിരിക്കുന്നവര്‍ക്കും നല്‍കണമേ. രോഗികളെ സംരക്ഷിച്ചുകൊള്ളണമേ. പരിക്ഷീണിതര്‍ക്ക് ആശ്വാസം നല്‍കണമേ. മരിക്കുന്നവരെ അനുഗ്രഹിക്കണമേ. ക്ലേശിതരെ സാന്ത്വനപ്പെടുത്തണമേ. ദുരിതത്തില്‍ കഴിയുന്നവരോട് കരുണയായിരിക്കണമേ. സന്തോഷത്തില്‍ ആയിരിക്കുന്നവരെ കാത്തുകൊള്ളണമേ. എല്ലാം അവിടുത്തെ സ്‌നേഹത്തെപ്രതി മാത്രമായിരിക്കണമേ.'
പരിശുദ്ധ അമ്മയിലൂടെയാണ് നമ്മുടെ ഹൃദയങ്ങളെ സ്വര്‍ഗത്തിലേക്കു നാം ഉയര്‍ത്തുന്നത്. അമ്മയെക്കുറിച്ചു ധ്യാനിക്കുമ്പോഴാണ് നമ്മുടെ കണ്ണുകള്‍ ദൈവത്തെ കാണുന്നത്. ആ ഒരു വലിയ കാഴ്ചപ്പാടാണ് ഈ അമലോദ്ഭവത്തിരുനാളില്‍ നമുക്കുള്ളത്. നമ്മുടെ രൂപതയെയും ഈ അങ്ങാടിയെയും കാത്തുസൂക്ഷിക്കുന്ന പരിശുദ്ധ അമ്മയോടുള്ള ആദരവ് നമുക്ക് വാക്കുകളില്‍ ഒതുക്കാവുന്നതല്ല.
പരിശുദ്ധ അമ്മയോടു ബന്ധപ്പെട്ടുള്ള, കാര്‍ഷികമേഖലയോടു ബന്ധപ്പെട്ടുള്ള മൂന്നു പ്രധാനപ്പെട്ട തിരുനാളുകള്‍ സഭയിലുണ്ട്. പൗരസ്ത്യസഭകളായ മാറോനീത്താ സഭയും അന്ത്യോക്യന്‍ സഭയും സുറിയാനിസഭകളുമെല്ലാം മൂന്നു തിരുനാളുകള്‍ കാര്‍ഷികരംഗത്തോടു ബന്ധപ്പെടുത്തി ആഘോഷിച്ചുവരുന്നുണ്ട്: 1. ഛൗൃ ഘമറ്യ ീള വേല ടലലറ(െവിത്തുകളുടെ മാതാവിന്റെ തിരുനാള്‍) 2. ഛൗൃ ഘമറ്യ ീള വേല ഒമൃ്‌ലേെ (വിളവെടുപ്പിന്റെ നാഥയായ മറിയത്തിന്റെ തിരുനാള്‍ 3. ഛൗൃ ഘമറ്യ ീള വേല ഏൃമുല(െമുന്തിരിപ്പഴങ്ങളുടെ നാഥയായ മറിയത്തിന്റെ തിരുനാള്‍).
നമ്മുടെ രാജ്യത്ത് ഒരു പഴഞ്ചൊല്ലുണ്ട്: ഭാരതീയകര്‍ഷകര്‍ ദാരിദ്ര്യത്തില്‍ പിറന്ന്, ദാരിദ്ര്യത്തില്‍ വളര്‍ന്ന്, ദാരിദ്ര്യത്തില്‍ മരിക്കുന്നുവെന്ന്. ഒരു പരിധിവരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെങ്കിലും അതു ശരിയാണ്. അത്രയും കഠിനമായ ദാരിദ്ര്യമില്ലെങ്കിലും, മാന്യമായ ഒരു ദാരിദ്ര്യം അനുഭവിക്കുന്നവരാണ് നമ്മളല്ലാവരും. അത്യാവശ്യമുള്ള ഭക്ഷണവും പാര്‍പ്പിടവുമൊക്കെ നമുക്കുണ്ട്. അത്തരത്തില്‍ ദാരിദ്ര്യത്തിന്റെ ബാലപാഠങ്ങള്‍ നമുക്കറിയാം. ജോണ്‍ ഇരുപത്തിമൂന്നാം മാര്‍പാപ്പാ പലപ്പോഴും പറയുമായിരുന്നു: 'എന്റെ വീട്ടില്‍ മാന്യമായ ഒരു ദാരിദ്ര്യമായിരുന്നു ഉണ്ടായിരുന്നത്.' അത്യാവശ്യം ജീവിക്കാനുള്ള കാര്യങ്ങളൊക്കെയുണ്ട് എന്നാണല്ലോ അതിന്റെ അര്‍ത്ഥം. കാര്‍ഷികമേഖല ഈ രാജ്യത്തിന്റെ ഐക്യത്തിന്റെയും ആത്മീയതയുടെയും ഒരു മേഖലയാണ്.
ഇന്നു നമ്മുടെ രാജ്യത്തെ കര്‍ഷകരാകെ സമരത്തിലാണ്. സര്‍ക്കാര്‍ മുമ്പോട്ടുകൊണ്ടുവന്ന മൂന്നു കാര്‍ഷികബില്ലുകള്‍ അതേപടി അംഗീകരിക്കാന്‍ തങ്ങള്‍ക്കാവില്ല എന്നു കര്‍ഷകര്‍ പറയുമ്പോള്‍, അതു നമ്മുടെയും ഒരു കാര്യമായി മാറേണ്ടതുണ്ട്. നമ്മുടേതായ വിചിന്തനങ്ങള്‍ നല്കുമ്പോള്‍, അതു രാജ്യദ്രോഹപരമായ ഒരു കാര്യമായി കരുതരുത്. കര്‍ഷകരോടുള്ള, നമുക്കു പരസ്പരമുള്ള ആദരവിന്റെ കാര്യമായാണ് നാം എടുക്കേണ്ടത്. നാമെല്ലാവരും മുഴുവന്‍ സമയ കര്‍ഷകരാകണമെന്നല്ല ഉദ്ദേശിക്കുന്നത്. എല്ലാവരും കലപ്പയും തൂമ്പായും അരിവാളും എടുക്കണമെന്നല്ല. പക്ഷേ, അവയെ ചുറ്റിപ്പറ്റിയുള്ള ഒരു ആത്മീയത നാം അവഗണിക്കരുത്.
കാര്‍ഷികബില്ലുകള്‍ നടപ്പിലാക്കിയാല്‍ കോര്‍പ്പറേറ്റ് മുതലാളിമാരും കോടീശ്വരന്മാരും രംഗപ്രവേശം ചെയ്യും. കാര്‍ഷികമേഖലയുടെ സംരക്ഷണം നാം വളരെയേറെ ശ്രദ്ധിച്ചു ചെയ്യേണ്ടതാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ശാസ്ത്രി ഒരിക്കല്‍ പ്രസംഗിച്ചു: ജയ് ജവാന്‍, ജയ് കിസാന്‍. എത്രയോ അര്‍ത്ഥവത്തായ വാക്യമാണിത്. ഈ രാജ്യം സംരക്ഷിക്കണമെങ്കില്‍ പട്ടാളക്കാര്‍ വേണം. ആളുകള്‍ക്ക് ആരോഗ്യം വേണമെങ്കില്‍ കൃഷിക്കാരുണ്ടാവണം. അദ്ദേഹം പറഞ്ഞ ഒരു വലിയ ദാര്‍ശനികതയായിട്ടാണ് ഞാന്‍ എന്നും അതുള്‍ക്കൊണ്ടിട്ടുള്ളത്. വന്‍കിടശക്തികള്‍ കാര്‍ഷികരംഗത്തേക്കു കടന്നുവരുമ്പോള്‍ വീണ്ടും ഒരു തരത്തിലുള്ള വിദേശാധിപത്യമാണ് നടക്കുന്നത് എന്നു നാം തിരിച്ചറിയണം. ചെറുകിടകര്‍ഷകര്‍ അപ്രത്യക്ഷരാകും, ഭക്ഷ്യവൈവിധ്യങ്ങള്‍ കുറയും, കര്‍ഷകമാര്‍ക്കറ്റുകള്‍ ഇല്ലാതാകും. ഇടനിലക്കാര്‍ തഴയപ്പെടും, കര്‍ഷകനു താത്പര്യമുള്ള വിളകള്‍ അവന്റെ ഇഷ്ടപ്രകാരം വില്‍ക്കാന്‍ സാധിക്കാതെ വരും. വന്‍കിട കോര്‍പ്പറേറ്റുകള്‍ കരാറുകാരെ തങ്ങള്‍ക്കിഷ്ടമുള്ള കൃഷി മാത്രം ചെയ്യാന്‍ നിര്‍ബന്ധിക്കും.
നമുക്ക് നല്ലൊരു ഫാമിംഗ് എത്തിക്‌സ് (ളമൃാശിഴ ലവേശര)െ ആവശ്യമാണ്. ഫാമിലി എത്തിക്‌സ് കുടുംബധാര്‍മികതപോലെതന്നെ പ്രധാനപ്പെട്ടതാണ് കൃഷിയിടങ്ങളോടും കൃഷിക്കാരോടും ബന്ധപ്പെട്ടുള്ള ഒരു ധാര്‍മികത. അതിന്റെ അടിസ്ഥാനം സമ്പന്നമായ ജൈവവൈവിവിധ്യ(ആശീ റശ്‌ലൃശെ്യേ)മാണ്. വിവിധങ്ങളായ കാര്‍ഷികവിളകളാല്‍ സമ്പന്നമാണ് നമ്മുടെ നാട്.
ഫാമിലി എത്തിക്‌സിന്റെ മറ്റൊരു മുഖമാണ് നമ്മുടെ കുടുംബങ്ങളിലെ പാചകരീതികള്‍. ഇടവകകളില്‍ വിസീത്തയ്ക്ക് എത്തുമ്പോഴെല്ലാം ഞാന്‍ കൂടക്കൂടെ പറയാറുണ്ടല്ലോ; കുടുംബങ്ങളിലെ ആണ്‍കുട്ടികള്‍ കൃഷിയിടങ്ങളും പെണ്‍കുട്ടികള്‍ അടുക്കളയും പരിചയപ്പെടണമെന്ന്. നമ്മുടെ പാചകവൈവിധ്യം എത്രയോ വിശിഷ്ടമാണ്. സുറിയാനിക്കുടുംബങ്ങളുടെ, മീനച്ചില്‍ താലൂക്കിന്റെ പ്രധാനപ്പെട്ട ഒരു മുഖമെന്നു കരുതുന്നത് വൈവിധ്യമാര്‍ന്ന നമ്മുടെ ഭക്ഷണപാചകരീതികളാണ്. അതെല്ലാം ഇന്നു നഷ്ടപ്പെടുന്നത് ദുഃഖകരമായ കാര്യമാണ്. നമ്മുടെ നാടിന്റെ തനതുരുചികള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തും നമുക്കു മാര്‍ക്കറ്റില്‍ കിട്ടും, അവിടെച്ചെന്നു വാങ്ങിച്ചാല്‍ മതി എന്ന തരത്തിലുള്ള ഒരു ആഗോളീകരണം വ്യാപകമായി നടക്കുന്നുണ്ട്. ഇതിലെല്ലാം ഒരു പുനര്‍ജന്മം, പുനര്‍വിചാരം ഉണ്ടാവണം. എത്രയോ വിശിഷ്ടമായ വിഭവങ്ങളാണ് നമ്മുടെ തീന്‍മേശയിലുള്ളത്. നമ്മുടെ പൂര്‍വികര്‍ ഇക്കാര്യത്തില്‍ ദത്തശ്രദ്ധരായിരുന്നു. ഈ ജൈവവൈവിധ്യമാണ് കേരളത്തിലെ കാര്‍ഷികരംഗത്തിന്റെ തന്മ. നമുക്ക് നല്ലയൊരു കൃഷി സര്‍വേയും നടത്തേണ്ടതായിട്ടുണ്ട്. ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതാണ്. രാസവളപ്രയോഗങ്ങള്‍ ഉപേക്ഷിക്കണം.
കാര്‍ഷികത്തിരുനാളുകളുടെ മദ്ധ്യസ്ഥയായ മര്‍ത്ത് മറിയത്തിന്റെ അമലോദ്ഭവത്തിരുനാള്‍ ദിവസം, നമ്മുടെ രാജ്യം നേരിടുന്ന കാര്‍ഷികപ്രതിസന്ധിയെ നേരിട്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും അവസരമാക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. കര്‍ഷകനു നിശ്ചയദാര്‍ഢ്യത്തോടെ അവന്റെ കൃഷിയിടത്തില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. നമുക്കുള്ള ജൈവവൈവിധ്യങ്ങളെ മുറുകെപ്പിടിക്കാനുള്ള അവസരമായിരിക്കട്ടെ ഈ തിരുനാള്‍. കാര്‍ഷികമേഖലയെ ഒരിക്കലും കൈവിട്ടുകളയാന്‍ പാടില്ല. അടുത്ത പത്തുവര്‍ഷത്തെ നമ്മുടെ മുഖ്യധാരാചിന്താവിഷയവും ഇതുതന്നെയായിരിക്കണം.
വരുന്ന പത്തുവര്‍ഷത്തേക്ക് നമ്മുടെ രൂപതയുടെ മുന്‍ഗണന ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കേന്ദ്രമാക്കിക്കൊണ്ടുള്ള കാര്‍ഷികമേഖലയിലുള്ള പ്രവര്‍ത്തനങ്ങളായിരിക്കും. മാതൃരാജ്യത്തിലെ എല്ലാ കര്‍ഷകരോടുമുള്ള ഐകദാര്‍ഢ്യം ഉറപ്പിക്കാനുള്ള അവസരമാകട്ടെ ഈ അമലോദ്ഭവത്തിരുനാള്‍.