•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വിഷാദച്ചില്ലയില്‍ പ്രതീക്ഷ പൂക്കുമ്പോള്‍

ജീവിതമങ്ങനെയാണ്. കൊടിയ നിരാശകള്‍ക്കുള്ളിലും പ്രതീക്ഷയുടെ നേര്‍ത്തൊരു വെളിച്ചം അതു ബാക്കിവയ്ക്കും. എന്നാല്‍, വിഷാദത്തിന്റെ ഇരുള്‍ക്കയങ്ങളിലാണ്ടുപോയാല്‍ ആ വെളിച്ചം മനുഷ്യന്റെ കണ്‍മുമ്പില്‍ തെളിയാതെപോകുന്നു. അതുകൊണ്ടാണ് ഒരു കയര്‍ത്തുമ്പിലോ ഒരു തുടം വിഷത്തിലോ മരണവേഗമുള്ളാരു റെയില്‍വേപ്പാളത്തിലോ ഓരോ നാല്പതു സെക്കന്‍ഡിലും ഓരോ മനുഷ്യന്‍ അഭയം തേടുന്നത്. ജീവിതമെന്ന കൊടുംവേനലിനുത്തരമായി അവര്‍ മരണമെന്ന മഹാകുട നിവര്‍ക്കുന്നു. ഇങ്ങനെ മരണക്കുടക്കീഴില്‍ അഭയം തേടാന്‍ തീരുമാനിക്കുന്നൊരു യുവാവ്, ജീവിതത്തിന്റെ സ്വപ്നവീഥികളിലേക്കു തിരികെനടക്കുന്നതിന്റെ കഥയാണ് അനീഷ് ഫ്രാന്‍സിസ് 'വിഷാദവലയങ്ങള്‍' എന്ന ആദ്യനോവലിലൂടെ പറയുന്നത്. 

''ജോയലിന്റെ ദിവസങ്ങള്‍ മരണത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടു തുടങ്ങുകയും അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ട് അവസാനിക്കുകയും ചെയ്തു പോരുകയായിരുന്നു.'' മരണത്തിന്റെ തണുപ്പരിച്ചിറങ്ങുന്ന ഈ വരിയില്‍നിന്നാണ് നോവലിന്റെ തുടക്കം. ജോയല്‍ മൃത്യുദേവതയെ ഇങ്ങനെ പ്രണയിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. കാരണം, ജീവിതത്തിന്റെ സ്വപ്നവര്‍ണ്ണങ്ങളൊക്കെയും അയാള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. അയാളുടെ പിതാവ് മരിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. അമ്മ മറ്റൊരു ദേശത്തേക്ക് ഒളിച്ചോടിപ്പോയി. പിന്നീട് ജീവിതത്തിലാകെ ഉണ്ടായിരുന്ന പ്രതീക്ഷ പ്രണയിനിയായിരുന്നു. എന്നാല്‍, ഒരപകടത്തില്‍ ജോയല്‍ വീല്‍ചെയറിലായതോടെ തന്റെ പ്രാണന്റെ പാതിയായി എക്കാലവും കൂടെയുണ്ടാകുമെന്നു കരുതിയിരുന്ന കാമുകിയെയും അയാള്‍ക്കു നഷ്ടമാകുന്നു. കോടിക്കണക്കിനു രൂപ ആസ്തിയുണ്ട് ജോയലിന്. എന്നാല്‍, കോര്‍ത്തുപിടിക്കാനൊരു കരമില്ലെങ്കില്‍, ചേര്‍ത്തുപിടിക്കാന്‍ ഒരു സ്‌നേഹമില്ലെങ്കില്‍ ഈ കോടികള്‍ കൊണ്ടെന്തു കാര്യം! അതുകൊണ്ടാണയാള്‍ മരണത്തിനായി കൊതിക്കുന്നത്; ജീവിതം അയാള്‍ക്കൊരു ബാധ്യതയായി മാറുന്നത്. 
മരണത്തിന്റെ കറുത്ത കൊടി അയാള്‍ തന്റെ ജീവിതത്തിനു നടുക്ക് നാട്ടിക്കഴിഞ്ഞിരിക്കുന്നു. ''എനിക്കിപ്പോള്‍ ഏറെ ഇഷ്ടം കറുപ്പുനിറമാണ്. കറുത്ത ഭിത്തി. കറുത്ത പൂക്കള്‍, കറുത്ത വെള്ളം, കറുത്ത വീട്, കറുത്ത മരങ്ങള്‍, കറുത്ത ആകാശം - കറുപ്പില്‍ ഒരു സുരക്ഷിതത്വമുണ്ട്. അതൊരു പുതപ്പുപോലെയാണ്. അതു നിങ്ങളെ മറയ്ക്കുന്നു.'' പ്രതീക്ഷകളസ്തമിച്ചവന്റെ, ഇനിയൊരു നാളും വെളിച്ചത്തെ പ്രതീക്ഷിക്കാത്തവന്റെ ഇരുള്‍മൂടിയ, മനോനിലയായിരിക്കുന്നു ജോയലിന്. തന്റെ മുറിക്കു പുറത്തിറങ്ങാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. ആളുകളെക്കാണാന്‍ അയാള്‍ ഇഷ്ടപ്പെടുന്നില്ല. മരണവിചാരങ്ങളില്‍, മൃതിയുടെ കിനാക്കളില്‍ അയാളുടെ ദിനരാത്രങ്ങള്‍ കടന്നുപോകുന്നു.
മരണവിചാരങ്ങളില്‍ ഇങ്ങനെ കാലം കഴിക്കവേയാണ്, തന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ നാലു പേര്‍ മരിച്ചവരാണെന്ന കാര്യം ജോയല്‍ ശ്രദ്ധിക്കുന്നത്. അവരുടെ പ്രൊഫൈലുകളിലെ ആദരാഞ്ജലി പോസ്റ്റുകളാണ് ജോയലിന്റെ ഈ നിഗമനത്തിനാധാരം.
മരിച്ചുവെന്നു കരുതപ്പെടുന്ന ആ മനുഷ്യരെക്കുറിച്ചന്വേഷിക്കാന്‍ ജോയല്‍ തയ്യാറാകുന്നതോടെ നോവലിന്റെ കഥാഗതി മാറിമറിയുന്നു. ആ അന്വേഷണമാണ് മരണത്തിന്റെ ഇരുള്‍വഴികളില്‍നിന്നു ജീവിതത്തിന്റെ പ്രകാശവഴികളിലേക്ക്  അയാളെ തിരികെയെത്തിക്കുന്നത്. കഥയുടെ ഈ ഗതിമാറ്റം അതിതത്ത്വശാസ്ത്രങ്ങളാല്‍ അലങ്കോലമാക്കാതെയും, ഉദ്വേഗമല്പവും ചോര്‍ന്നുപോകാതെയും ഹൃദ്യമായി ആവിഷ്‌കരിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.
ചില ചോദ്യങ്ങള്‍ നമ്മെ കൊണ്ടുപോവുക നാമൊട്ടും പ്രതീക്ഷിക്കാത്ത ഉത്തരങ്ങളിലേക്കാവും. ചിലപ്പോഴാകട്ടെ ഉത്തരങ്ങള്‍, നമ്മളെ പുതിയ ചോദ്യങ്ങളിലേക്കു ക്ഷണിച്ചെന്നും വരാം. നോവലിലെ നായകനായ ജോയല്‍ ആത്മഹത്യയെന്ന ഉത്തരം ഉപേക്ഷിച്ച്, ജീവിതമെന്ന ചോദ്യക്കടലാസില്‍ പ്രതീക്ഷയുടെ പുത്തനുത്തരങ്ങള്‍ എഴുതിത്തുടങ്ങുന്നു. ജീവിതത്തിന്റെ പുത്തന്‍തളിര്‍പ്പുകള്‍ വിടര്‍ന്ന ആ പുതിയ പ്രഭാതത്തില്‍ അയാള്‍ക്കുവേണ്ടി ഒരു പുതിയ ഇല കാവല്‍ മാലാഖയുടെ കൈയിലെ ചില്ലയില്‍ തളിരിടുന്നുണ്ട്. സ്വപ്നങ്ങള്‍ തിരികെയെത്തുന്ന നവജീവിതത്തിന്റെ പ്രതീകമായി ഒരു പുത്തന്‍ ഇല.
'ഭയക്കേണ്ട, നിരവധി തവണ നിങ്ങള്‍ മരിക്കും. ഒടുവിലീ ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിക്കുംവരെ ' എന്ന് അന്ന കാമിയെന്‍സ്‌കയുടെ കവിത.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)