പാലാ രൂപതയുടെ പ്രഥമാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനിയുടെ 34-ാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് പാലാ കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനാശുശ്രൂഷാമദ്ധ്യേ, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ അനുസ്മരണപ്രസംഗത്തില്‍നിന്ന് :
നസ്രാണിസമുദായത്തിന്റെ പ്രൗഢിയും പാലായുടെ തെളിമയും ഉയര്‍ത്തിപ്പിടിച്ച പാലാരൂപതയുടെ പ്രഥമാചാര്യന്റെ സ്മരണകള്‍ നമ്മില്‍ ഒരു ജ്വലനം സൃഷ്ടിക്കുന്നുണ്ട്. കനവും ആഴവുമുള്ള ദര്‍ശനങ്ങള്‍ ഇടയലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം നല്കിക്കൊണ്ടിരുന്നു. മനുഷ്യത്വത്തില്‍ ഊന്നിയ ഒരു ദൈവികതയ്ക്കാണ് വയലില്‍പിതാവ് പ്രാധാന്യം നല്കിയത്. അതുകൊണ്ട് അല്മായരെ വളരെയേറെ അടുത്തു നിര്‍ത്തുന്നതിനും അവരോട് ഇടപെടുന്നതിനും പിതാവിനു സാധിച്ചു. നിര്‍ണ്ണായകാവസരങ്ങളില്‍ ആശയങ്ങള്‍ അസ്ത്രമൂര്‍ച്ചയോടെ കുറിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. വിനയാന്വിതനായ ഒരു വ്യക്തിക്കു മാത്രമേ ഇത്ര വലിയ കാഴ്ചപ്പാടുകള്‍ കൊണ്ടുനടക്കാന്‍ കഴിയുകയുള്ളൂ. ഏതു സങ്കീര്‍ണ്ണതകളെയും ക്രാന്തദര്‍ശിത്വത്തോടെ അദ്ദേഹം കൈകാര്യം ചെയ്തു. ഋഷിതുല്യമായ നിര്‍മമതയോടെയും ശിശുസഹജമായ നൈര്‍മല്യത്തോടെയും ആശയാവിഷ്‌കരണം നടത്തിയ വയലില്‍പിതാവ് ആയിരങ്ങള്‍ക്ക് ആവേശമായിത്തീര്‍ന്നു. സമര്‍പ്പിതര്‍, രൂപത വൈദികര്‍, മിഷനറി വൈദികര്‍ തുടങ്ങിയ ഒരുപറ്റം ആളുകള്‍ നമ്മുടെ രൂപതയില്‍നിന്ന് ആ കാലഘട്ടത്തില്‍ ജന്മമെടുത്തു. ഇത്ര ലളിതമായി, സൗമ്യമായി, നിഷ്‌കളങ്കമായി ഇടപെടാന്‍ വയലില്‍പിതാവിനു മാത്രമേ കഴിയൂ. രൂപതയിലൂടെ ഒരു അന്തര്‍വാഹിനിയായി പിതാവ് ഒഴുകി. നിതാന്തജാഗ്രതയോടെ ഉണര്‍ന്നിരുന്നു.
സത്യസഭയുടെ വിശ്വാസം സംരക്ഷിക്കാന്‍ നിരന്തരം പഠിക്കുകയും എഴുതുകയും ചെയ്തുകൊണ്ടിരുന്നു. തന്നെ ഭരമേല്പിച്ച ദൈവജനത്തെ മുഴുവന്‍ തൊട്ടുതലോടിയ ഒരു മന്ദമാരുതനായിരുന്നു പിതാവ്. സങ്കീര്‍ണ്ണതകളെ ഏറ്റവും ലളിതമായ രീതിയില്‍ കൈകാര്യം ചെയ്തു. നഷ്ടമാകുന്ന ഒരു മാനവികതയെപ്പറ്റി പിതാവ് സങ്കടപ്പെട്ടുകൊണ്ടിരുന്നു. രാഷ്ട്രീയദര്‍ശനങ്ങള്‍ ആഴത്തിലുള്ളതായിരുന്നു. വിദ്യാഭ്യാസദര്‍ശനങ്ങള്‍ ഹിമാലയത്തിന്റെ ഔന്നത്യമുള്ളവയും. വാക്കുകള്‍ കടഞ്ഞെടുത്തതും അഗ്നിസ്ഫുലിംഗങ്ങള്‍ പോലെയുമായിരുന്നു. വാക്കുകളില്‍ വഴിവിളക്കുകള്‍ ഉണ്ടായിരുന്നു. പകരംവയ്ക്കാനില്ലാത്ത ഒരു ആശയധാരയുടെ ഉറവയായിരുന്നു വയലില്‍പിതാവ്. ഇടയലേഖനങ്ങള്‍ മലയാളത്തിന്റെ ചന്തവും ഓജസ്സും വെളിപ്പെടുത്തി. ആശയങ്ങളുടെ ഗാംഭീര്യവും അവസരങ്ങളുടെ ഔചിത്യവും ഒരുപോലെ വെളിപ്പെടുത്തി. സംസ്‌കൃതസാഹിത്യപദങ്ങളും ഗ്രാമ്യപദങ്ങളും നാട്ടുമൊഴികളും വര്‍ത്തമാനഭാഷാശൈലികളും അടുക്കളഭാഷയും കാര്‍ഷകഭാഷയും എല്ലാം ഒരുപോലെ പിതാവിന്റെ രചനകളില്‍ ഒഴുകിയെത്തിയിരുന്നു.
കലക്കവും കലര്‍പ്പും ഇല്ലാത്ത മലയാളത്തിലൂടെയാണ് പിതാവ് മക്കളെ പഠിപ്പിച്ചത്. മാതൃഭാഷയില്‍ നല്ല പ്രാവീണ്യം നേടിയിരുന്നു. സര്‍ക്കാരുകളും മറ്റു സംവിധാനങ്ങളും ഉറങ്ങിപ്പോയപ്പോഴും പിണങ്ങിപ്പോയപ്പോഴും വയലില്‍പിതാവ് ഉറങ്ങാത്ത കാവല്‍ക്കാരനായിരുന്നുകൊണ്ട് ജനോപകാരപ്രദമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്നു. പിതാവ് വാത്സല്യത്തിന്റെ ആള്‍രൂപമായിരുന്നു. ഒപ്പം ലക്ഷ്യബോധത്തില്‍നിന്ന് വിട്ടുവീഴ്ചയില്ലാത്ത അജപാലനസമീപനങ്ങളും. പിതാവിന്റെ ഇടപെടലുകള്‍ പലര്‍ക്കും അനുഗ്രഹങ്ങള്‍ക്ക് ഇടയായിട്ടുണ്ട്. സ്വാഭാവികവും നിഷ്‌കളങ്കവും ആയിരുന്നു ആ പുഞ്ചിരി. വിയോജിപ്പുകളെ വികാരപരമായി കാണാതെ അവയെക്കുറിച്ച് ആഴമായി ചിന്തിച്ച്, അവഗണിക്കേണ്ടവയെ അകറ്റിനിര്‍ത്തുകയും പരിഗണിക്കേണ്ടവയെ അടുപ്പിച്ചുനിര്‍ത്തുകയും ചെയ്തു. പരിചയസമ്പത്തിലൂടെ പക്വമായ ഒരു ജീവിതശൈലിയുടെ ഉടമയായിരുന്നു. നല്ല നര്‍മ്മബോധവും കൈമുതലായി രുന്നു. പരി.കുര്‍ബാന അര്‍പ്പണരീതിയും സുറിയാനി ഭാഷാപ്രേമവും ദൈവാലയ കൂദാശാകര്‍മ്മങ്ങളും തിരുപ്പട്ടാഭിഷേകപ്രാര്‍ത്ഥനകളും സ്വര്‍ഗ്ഗാനുഭൂതികള്‍ നല്കിയിരുന്നു. ഭാരതനസ്രാണി ചരിത്രത്തെയും സെക്കുലര്‍ മേഖലകളെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ മേഖലകളെയുംകുറിച്ച് പിതാവിന് വിശാലവും മൂല്യാധിഷ്ഠിതവുമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.
സംസ്‌കാരസമ്പന്നനായ ആചാര്യോത്തമനായിരുന്നു വയലില്‍ പിതാവ്. എല്ലാത്തരം കാപട്യങ്ങളെയും എതിര്‍ത്തിരുന്നു. കേമത്തവും വങ്കത്തവും നടിക്കുന്നവരോട് ഉള്ളില്‍ നീരസമായിരുന്നു. ഭരണപരമായ കാര്യങ്ങളില്‍ അന്നുവരെ കാണിച്ചിരുന്ന പരമ്പരാഗത അളവുകോലുകള്‍ മാറ്റി സ്വന്തമായ നിലപാടുകള്‍ കൈമുതലാക്കി.
മേലധ്യക്ഷശുശ്രൂഷാപദവിയുടെ യശസ്സ് ഉയര്‍ത്തിയ ആളാണ് വയലില്‍ പിതാവ്. മാസ്റ്റര്‍ ഷെപ്പേര്‍ഡായ ഈശോയില്‍നിന്ന് സ്വന്തം കര്‍മ്മപഥങ്ങളിലേക്ക് ഊര്‍ജ്ജം ശേഖരിച്ചവനും വിതരണം ചെയ്തവനുമായിരുന്നു വയലില്‍ പിതാവ്. ഹൃദയത്തിലാണ് സൂക്തങ്ങള്‍ ഉദിച്ചുയരുന്നത്. മാനവഹൃദയങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായി നില്ക്കുന്ന സൂക്തങ്ങളായിരുന്നു പിതാവിന്റേത്. വിപുലമായ ഒരു പാസ്റ്ററല്‍ പ്ലാനിംഗ് പിതാവിനുണ്ടായിരുന്നു. ഭക്തനായിരുന്നു പിതാവ്, ഒപ്പം ലിറ്റര്‍ജിസ്റ്റും. നല്ല ഭരണകര്‍ത്താവും, വായിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന നേതാവുമായിരുന്നു. സഭയുടെ മിഷണറിസ്വഭാവം, ജനാധിപത്യം, സ്വാതന്ത്ര്യം, ബഹുസ്വരത, സമുദായബോധം, സാംസ്‌കാരികവൈവിധ്യങ്ങള്‍ തുടങ്ങിയവയെല്ലാം പിതാവിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. നിഷ്പക്ഷത പാലിക്കുവാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു. ആദ്യനാളുകളില്‍ അധ്യാപനത്തോളം വയലില്‍ പിതാവിന് ഇഷ്ടമുള്ള വേറൊന്നുമില്ലായിരുന്നു. കേരളത്തില്‍ തെളിഞ്ഞ ഇന്ത്യയുടെ പ്രസാദാത്മകമായ മുഖമായിരുന്നു പിതാവ്.
പാലായ്ക്ക് ഒരിക്കലും മായാത്ത കൈയൊപ്പു ചാര്‍ത്തിക്കൊണ്ടാണ് പിതാവ് സ്വര്‍ഗ്ഗസ്ഥനായിരിക്കുന്നത്. സമസ്ത മേഖലകളിലും ഇടപെട്ട് കൃതഹസ്തത തെളിയിച്ച മികവുറ്റ ആത്മീയാചാര്യനായിരുന്നു അദ്ദേഹം. സമര്‍ത്ഥനായ മേലദ്ധ്യക്ഷന്‍, കേരളം കണ്ട ഏറ്റവും നല്ല പ്രഭാഷകന്‍, ചടുലനായ നേതാവ്, നിപുണനായ ഭരണാധികാരി, ദേശീയവാദി, സമുദായസ്‌നേഹി എന്നീ നിലകളിലെല്ലാം പിതാവു ശ്രദ്ധേയനായി. വിട്ടുവീഴ്ചയില്ലാത്ത സഭാദര്‍ശനം, ചരിത്രദര്‍ശനം, ലിറ്റര്‍ജിക്കല്‍ ദര്‍ശനം, നസ്രാണി സഭയുടെ ആത്മാംശമായിട്ടുള്ള സമുദായബോധം, സുറിയാനി ഭാഷാസ്‌നേഹം ഇതെല്ലാം പിതാവിന്റെ കൈമുതലായിരുന്നു. പണ്ഡിതനായ വിദ്യാഭ്യാസപ്രവര്‍ത്തകനായിരുന്നു വയലില്‍ പിതാവ്. സെന്റ് തോമസ് കോളജ്, അല്‍ഫോന്‍സാ കോളജ്, ബി.എഡ് കോളജ് തുടങ്ങിയവയെല്ലാം അതിന്റെ ഉദാഹരണങ്ങളാണല്ലോ. ഒന്നാംകിട മിഷനറിയായിരുന്നു പിതാവ്. എം.എസ്.റ്റി നല്ല ഉദാഹരണമാണ്. തലശ്ശേരി, ഉജ്ജയിന്‍ എന്നീ രൂപതകള്‍ പിതാവിന്റെ ഹൃദയത്തില്‍ നിറഞ്ഞുനിന്ന യാഥാര്‍ത്ഥ്യങ്ങളായിരുന്നു. ഒരിക്കലും വിഭാഗീയതയുടെ വിത്തു പാകിയില്ല. മികച്ച മാദ്ധ്യസ്ഥ്യപാടവം കൊണ്ടുനടന്നു. ദേശീയത വാക്കുകളിലും കത്തുകളിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു. പാറേമ്മാക്കല്‍ തോമാക്കത്തനാര്‍, നിധീരിക്കല്‍ മാണിക്കത്തനാര്‍, അല്‍ഫോന്‍സാമ്മ, തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍, കദളിക്കാട്ടില്‍ മത്തായിയച്ചന്‍, അന്ത്രയോസ് മല്പാനച്ചന്‍, കുടക്കച്ചിറയച്ചന്‍, കടവില്‍ ചാണ്ടിയച്ചന്‍ എന്നിവരെക്കുറിച്ചെല്ലാം പിതാവ് രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ കണ്ടാല്‍ നമുക്ക് വിസ്മയവും ആവേശവും തോന്നും. കാലഹരണപ്പെടാത്ത ചിന്തകളും ദിശാബോധവും പിതാവു നല്കി. ഉറപ്പോടും വെടിപ്പോടുംകൂടി തന്റെ മനസ്സ് പറഞ്ഞ വഴിയേ മാത്രമേ സഞ്ചരിച്ചുള്ളൂ. തുല്യനീതിയും തുല്യപങ്കാളിത്തവും രൂപതയ്ക്കുള്ളില്‍ ഉറപ്പാക്കി.
സ്വയം ഒരുക്കലിനുള്ള അവസരമാണ് പിതാവിന്റെ ഓര്‍മ്മത്തിരുനാള്‍ദിവസം. വയലില്‍ പിതാവ് ദൂരത്തല്ല, സമീപത്താണ്. സഭാത്മകബോധംകൊണ്ടും ചരിത്രപഠനംകൊണ്ടും ദൈവാരാധനയിലുള്ള താത്പര്യംകൊണ്ടും സമുദായബോധംകൊണ്ടും പിതാവിനോടുള്ള നമ്മുടെ അകലം ഓരോ ദിവസവും നമുക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. പൈതൃകത്തിന്റെ പിന്‍തുടര്‍ച്ച മുറിയാതെ കൊണ്ടുപോകേണ്ടതിന്റെ ഉത്തരവാദിത്വം നമുക്കാണ്.
വയലില്‍ പിതാവിന് ഓരോ വ്യക്തിയോടും ഓരോ സംഭവത്തോടും എങ്ങനെയാണ് ഇടപെടേണ്ടത് എന്നറിയാമായിരുന്നു. കുടുംബവും മാതാപിതാക്കളും മക്കളും ദൈവവിളിയുമെല്ലാം വയലില്‍ പിതാവിന്റെ ഹൃദയാന്തരങ്ങളില്‍ സ്ഥാനംപിടിച്ച വിഷയങ്ങളായിരുന്നു. പിതാവിന്റെ വാക്കുകള്‍ : ''മാതാപിതാക്കള്‍ക്ക് ശിശുക്കളെക്കാള്‍ വിലയേറിയ എന്തു സമ്പത്താണുള്ളത്? ശിശുക്കള്‍ നമ്മുടെ അമൂല്യനിധികളാണ്. രാജ്യത്തിന്റെയും സമുദായത്തിന്റെയും ഭാവിഭാഗധേയം അവരെയാണ് ആശ്രയിച്ചിരിക്കുന്നത്. ശിശുക്കള്‍ ദൈവത്തിന്റെ സ്‌നേഹഭാജനങ്ങളും മിശിഹായുടെ രക്തത്തോളം വിലയുള്ളവരുമാണ്.''
കുടുംബത്തെക്കുറിച്ച്: ''ജീവിതത്തിന്റെ പ്രഥമവും അടിസ്ഥാനപരവുമായ പാഠങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂള്‍ കുടുംബവും അവിടത്തെ അദ്ധ്യാപകര്‍ മാതാപിതാക്കളുമാണ്.''
ദൈവവിളിയെക്കുറിച്ച് : പരിശുദ്ധ മദ്ബഹയിലേക്കു വേണ്ട പുഷ്പങ്ങള്‍ ശേഖരിക്കുവാനുള്ള തോട്ടങ്ങള്‍ യഥാര്‍ത്ഥത്തില്‍ കത്തോലിക്കാകുടുംബങ്ങളാണ്.''
സെമിനാരിക്കാരെക്കുറിച്ച്: ''വിദ്യാഭ്യാസം അതിപാവനമായ ഒരു പ്രേഷിതപ്രവൃത്തിയാണ്. വിദ്യാലയങ്ങളില്‍ പാവനമായ ഒരു അന്തരീക്ഷം പരിരക്ഷിക്കുന്നതിനുള്ള കടമ അധ്യാപകരില്‍ നിക്ഷിപ്തമാണ്. വിദ്യാര്‍ത്ഥികള്‍ അവരില്‍ മാതൃകാപുരുഷന്മാരെയാണ് കാണുന്നത്.'' ഇതുപോലെ ഏതു വിഷയത്തെക്കുറിച്ചും വയലില്‍ പിതാവ് എഴുതാതെയും പറയാതെയുമിരുന്നിട്ടില്ല.