•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കോഴക്കഥ പറയും ഐ ഫോണുകള്‍

ചോരത്തിളപ്പുള്ള ഏതൊരു പോലീസുകാരനും ഒരു വട്ടപ്പേര് ഉണ്ടാവും. അതു ലോകാംഗീകാരം നേടിയ ഒരു നാട്ടുനടപ്പ്. അതേപോലെ അഴിമതിവീരന്മാരായ ഉദ്യോഗസ്ഥ-രാഷ്ട്രീയപ്രഭുക്കന്മാര്‍ക്കും കാലത്തിന്റെ കയ്യൊപ്പുചാര്‍ത്തിയ സവിശേഷമായ ഓരോ വിശേഷണം ഉണ്ടാവും. അത്തരമൊരു വിശേഷണമായിരുന്നു ''മിസ്റ്റര്‍ റ്റെന്‍ പെര്‍സെന്റ്.'' പാക്കിസ്ഥാന്‍ പ്രധാനമന്ത്രിപദംവരെ എത്തിയ ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയെ സ്വദേശ-വിദേശ മാധ്യമങ്ങള്‍ ഒരേ സ്വരത്തില്‍ വിശേഷിപ്പിച്ചത് അങ്ങനെയാണ്. ബേനസീറിന്റെ ഭരണകാലത്തായിരുന്നു അത്. പാക്കിസ്ഥാനില്‍ എന്തും നടക്കും, ആസിഫ് അലി സര്‍ദാരിയെ കാണേണ്ടതുപോലെ കണ്ടാല്‍ എന്നായിരുന്നു മാധ്യമാരോപണം. വികസനപ്രവര്‍ത്തനങ്ങളുടേതടക്കം കരാര്‍ ലഭിക്കാന്‍ അടങ്കല്‍തുകയുടെ 10 ശതമാനമാണത്രേ സര്‍ദാരി ആവശ്യപ്പെട്ടിരുന്നത്. മാധ്യമങ്ങള്‍ ഉയര്‍ത്തിയ തുക ആരോപണം പോകെപ്പോകെ അക്ഷരാര്‍ത്ഥത്തില്‍ ഒരു പരസ്യവാചകംതന്നെയായി മാറുന്ന കാഴ്ചയാണു പാക്കിസ്ഥാനില്‍ കണ്ടത്. അതുവഴി സര്‍ദാരിക്കു പ്രസ്തുത വിളിപ്പേരു പതിച്ചുകിട്ടി: 'മിസ്റ്റര്‍ റ്റെന്‍ പെര്‍സെന്റ്.' 
സര്‍ദാരിയും അദ്ദേഹത്തിന്റെ വട്ടപ്പേരും ഓര്‍മയിലെത്തിച്ചത് വടക്കാഞ്ചേരി ലൈഫ് ഫ്‌ളാറ്റുമായി ബന്ധപ്പെട്ടു പുറത്തുവന്ന കോഴയുടെ വിവരങ്ങളാണ്. ഇത്രയും കാലംകൊണ്ടു പറഞ്ഞും പറയിപ്പിച്ചും അതു കേവലം വിവാദം എന്നതില്‍നിന്ന് യഥാതഥമായ ഒരു സംഭവകഥതന്നെയായി പരിണമിച്ചിരിക്കുന്നു. കോഴക്കഥയുടെ ചെപ്പുതുറന്ന സ്വപ്ന സുരേഷിനെക്കാള്‍ ഡീറ്റെയ്‌ലായി ഭരണപക്ഷക്കാര്‍തന്നെ സംഭവകഥ മാലോകര്‍ക്കായി വിവരിച്ചുനല്‍കിയതും കേരളീയര്‍ക്കാകമാനം കൗതുകമായി. അതുകേട്ട് തുറന്ന പ്രതിപക്ഷക്കാരുടെ വായ ഇപ്പോഴും ശരിയാംവണ്ണം അടഞ്ഞിട്ടില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ? വടക്കാഞ്ചേരി ലൈഫ് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി മൊത്തം കിട്ടിയത് 20 കോടി. കമ്മീഷന്‍ പണമായി മാത്രം 4.48  കോടി. ശതമാനക്കണക്കു നോക്കിയാല്‍ 22 ശതമാനത്തില്‍ കൂടുതല്‍. തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയ പാക് മാധ്യമാരോപണം ശരിയായിരുന്നു എന്നുതന്നെ വയ്ക്കുക. സര്‍ദാരി എത്രയോ മര്യാദക്കാരന്‍. 10 ശതമാനം കമ്മീഷനേ വാങ്ങിയിരുന്നുള്ളൂ. ഇവിടെ അതുക്കും എത്രയോ മേലെ? അരിയാഹാരം മാത്രമല്ല, നുറുക്കുഗോതമ്പും കഞ്ഞിയും ചപ്പാത്തിയുമൊക്കെ സ്ഥിരമാക്കിയവര്‍ക്കും കാര്യം തുടക്കത്തിലേ ശരിയായവിധം മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെ, കോടികളുടെ കോഴക്കഥകേട്ടു കോള്‍മയിര്‍കൊണ്ടിരുന്ന നാട്ടുകാരുടെ അറിവിലേക്കു മറ്റൊരു കാര്യംകൂടി എത്തി. 4.48 കോടി മാത്രമല്ല കമ്മീഷന്‍. ഇതുവരെയുള്ള കണക്കുപ്രകാരം ഏഴ് ഐ ഫോണുകളും ഉണ്ട്. അരലക്ഷംമുതല്‍ ഒന്നരലക്ഷംവരെ വിലയുള്ള ഐ ഫോണുകള്‍. ബെലേഭേഷ്! പിഴിയുന്നെങ്കില്‍ ഇന്തമാതിരിതാന്‍ പിഴിയണം. കരാര്‍ ഒപ്പിച്ചുകിട്ടിയ യൂണിടാക്കുകാരന്‍ മുതലാളി തലയിലും നെഞ്ചിലും ഒരേപോലെ കൈവച്ചിരിക്കും തീര്‍ച്ച. ഏഴ് ഐഫോണുകളില്‍ ഏറ്റവും വിലപിടിപ്പുള്ളതു നല്‍കിയത് യു.എ.ഇ. കോണ്‍സല്‍ ജനറലിന് ആണത്രേ. ആദ്യം വാങ്ങിനല്‍കിയ 1.14 ലക്ഷം രൂപയുടെ ഫോണ്‍ നിരസിച്ചതിനെത്തുടര്‍ന്നാണ് അതിനെക്കാള്‍ വിലയ്ക്കുള്ള ഫോണ്‍ വാങ്ങി നല്‍കിയതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കരാറുകാരന്‍ വ്യക്തമാക്കിയിരുന്നു. ഐ.ടി. സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനു നല്‍കിയത് ഒരുലക്ഷം വിലയുള്ള ഫോണ്‍. പരസ്യക്കമ്പനിയുടമ, എയര്‍ അറേബ്യ മാനേജര്‍, അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍, ഒരു കൊല്ലം സ്വദേശി എന്നിവര്‍ക്കും ഐ ഫോണുകള്‍ വാങ്ങി നല്‍കിയത്രേ. ഇതില്‍ രസകരമായ മറ്റൊരുകാര്യം അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഐ ഫോണ്‍ പൊതുഭരണവകുപ്പില്‍ തിരിച്ചേല്പിച്ചു എന്നതാണ്. ബുദ്ധിമാനായ അദ്ദേഹം സിം മാറ്റി, രേഖകളെല്ലാം മായ്ച്ചുകളഞ്ഞാണത്രേ ഫോണ്‍ കൈപ്പറ്റിയത്. ചെയ്തതു നിയമവിരുദ്ധം. അതു മറയ്ക്കാനായി ചെയ്തത് അതിനെക്കാള്‍ നിയമവിരുദ്ധം. ഗവണ്‍മെന്റ് സര്‍വീസ് റൂള്‍ എന്നൊരു സംഗതി ഇവിടുണ്ട്. 1960 ല്‍ നിലവില്‍ വന്നതാണ്. അതുപ്രകാരം സര്‍ക്കാര്‍ ജീവനക്കാരോ കുടുംബാംഗങ്ങളോ സര്‍ക്കാര്‍ അനുമതിയില്ലാതെ നയാപൈസയുടെപോലും പാരിതോഷികം സ്വീകരിക്കാന്‍ പാടില്ല. വേറൊരുകാര്യം, സഹജീവിസ്‌നേഹത്തിന്റെ അതിരേകത്താല്‍ സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ കോഴമുതല്‍ സൂക്ഷിപ്പുകേന്ദ്രമാക്കിയ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വബോധത്തിനു മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്താതിരിക്കാന്‍ ആവുന്നില്ല.
അഴിമതിക്കു പക്ഷമില്ല എന്ന വസ്തുത വെളിപ്പെടുത്തിത്തരുന്നു ഓരോ അഴിമതിക്കഥയും. അതില്‍ ആദ്യത്തേതല്ല വടക്കാഞ്ചേരി ലൈഫ് ഫ്‌ളാറ്റ്. അവസാനത്തേതും ആയിരിക്കില്ല എന്നു തീര്‍ച്ച. അഴിമതിരഹിതസമൂഹം എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. ഗവണ്‍മെന്റ് സര്‍വീസ് റൂള്‍തന്നെ അതിന്റെ തെളിവാണ്. എത്രയോ ശക്തമായ നിയമം. 60 വര്‍ഷം മുന്‍പ് അതു കൊണ്ടുവന്നവരുടെ ദീര്‍ഘവീക്ഷണം അപാരം. പക്ഷേ, എന്തുഫലം? അഴിമതി നിര്‍ബാധം തുടരുന്നു. പുതിയ നിയമം ഒന്നുംതന്നെവേണ്ട ഈ രാജ്യത്തെ അഴിമതി ഇല്ലാതാക്കാന്‍; മറിച്ച്, ഉള്ള നിയമം പ്രയോഗിച്ചാല്‍ മാത്രം മതി എന്ന പരമാര്‍ത്ഥവും നമുക്കു മുന്നില്‍ തെളിയുന്നു. കോഴക്കഥ പറയും ഐ ഫോണുകള്‍ ഉണ്ടാവുന്നത് ഒരു പ്രബുദ്ധസമൂഹത്തിനു കടുത്ത അപമാനം തന്നെയാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)