•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഗവിയിലെ കാഴ്ചകള്‍ മനസ്സിനെ കുളിരണിയിക്കും

രു യാത്രയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് പത്തനംതിട്ട ജില്ലയിലെ ഗവി. കടുത്ത വേനലിലും അസ്തമയത്തോടടുക്കുമ്പോള്‍ താപനില 10 ഡിഗ്രിയിലേക്കു താഴുന്ന ഗവിയുടെ അസാധാരണപ്രതിഭാസമാണ്  വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കാരണം. 
കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന കോടമഞ്ഞണിഞ്ഞ ഗിരിനിരകളും തഴുകിയുണര്‍ത്തുന്ന മന്ദമാരുതനും കുന്നുകള്‍ക്ക് അരഞ്ഞാണം ചാര്‍ത്തി ചുറ്റിയൊഴുകുന്ന പാലരുവികളുമെല്ലാം ചേര്‍ന്ന് ഗവി ഒരു സ്വപനം പോലെ സുന്ദരമാണ്. 
ദലമര്‍മ്മരങ്ങള്‍, ഒഴുകിയെത്തുന്ന കുയില്‍നാദം, പീലി വിരിച്ചാടുന്ന മയിലുകള്‍, തണുപ്പിന്റെ പുതപ്പണിഞ്ഞ് അലസമായി കിടക്കുന്ന മലനിരകള്‍ ഇവയെല്ലാം കൊണ്ട് സുന്ദരമാണ് ഈ പ്രദേശം. കാട് എന്ന വാക്കില്‍ നിറയുന്ന നിഗൂഢസൗന്ദര്യം അടുത്തറിയണമെങ്കില്‍ ഒരിക്കലെങ്കിലും ഗവിയിലെത്തണം.
ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സസ്യ, ജന്തു വൈവിദ്ധ്യങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണ് ഗവിയില്‍ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്. കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി, വിവിധയിനം മാനുകള്‍, കാട്ടുപന്നി, സിംഹവാലന്‍ കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയവയ്ക്കു പുറമേ 325 ഇനം പക്ഷിയിനങ്ങളാലും സമ്പന്നമാണ് ഗവി. സമുദ്രനിരപ്പില്‍നിന്നു 3399 അടി ഉയരത്തിലാണ് ഗവി സ്ഥിതിചെയ്യുന്നത്. നറുമണം പരത്തുന്ന എലക്കാടുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. വനം വകുപ്പിന്റെ എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ഇന്ന് ഗവി.
കൂട്ടം തെറ്റിയ കുട്ടിക്കൊമ്പന്മാര്‍,അരുവിയിലെ തെളിമയാര്‍ന്ന വെള്ളം ലക്ഷ്യമാക്കി നീങ്ങുന്ന മലയാട് എന്നിവ ഗവിയില്‍ മാത്രം കാണാന്‍ കഴിയുന്ന അപൂര്‍വ്വകാഴ്ചകളാണ്. പത്തനംതിട്ട ജില്ലയില്‍ സീതത്തോട് പഞ്ചായത്തിലെ റാന്നി റിസര്‍വ് ഫോറസ്റ്റിനുള്ളിലാണ് ഈ പ്രദേശം. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ് ഗവി. മലമുകളില്‍നിന്നു നോക്കിയാല്‍ ശബരിമലസന്നിധാനത്തിന്റെ വിദൂര ദൃശ്യം കാണാം.
കാട്ടിലേക്കു തുറക്കുന്ന വാതില്‍
ഗവിയിലേക്കുള്ള യാത്രയില്‍ ളാഹ എസ്റ്റേറ്റിലെത്തുമ്പോള്‍ പ്രകൃതി കൂടുതല്‍ സുന്ദരിയായി മാറുന്ന കാഴ്ച കാണാം. ആങ്ങമൂഴി എത്തുന്നതോടെ കാഴ്ച മാറുകയായി. ഇതുവരെ കണ്ടതെല്ലാം ഇവിടെ കളഞ്ഞേക്കൂ. ഇനി പുതിയ കാഴ്ച തുടങ്ങുകയായി. വനത്തിന്റെ നിഗൂഢതകളിലേക്കു വഴിമാറുകയാണ്. മഞ്ഞിന്റെ തണുപ്പും വനത്തിന്റെ വന്യതയും പച്ചപ്പിന്റെ പകിട്ടുമെല്ലാം ഇവിടെ കണ്‍നിറയെ കണ്ട് ആസ്വദിക്കാനാകും. 
കൊച്ചാണ്ടി ചെക്ക്പോസ്റ്റാണ് വനാന്തരത്തിലേക്കുള്ള ആദ്യ പ്രവേശനകവാടം. ശബരിഗിരി ജലവൈദ്യുതപദ്ധതി ഇവിടെയാണുള്ളത്. അതുകൊണ്ടു തന്നെ കര്‍ശനപരിശോധനകള്‍ക്കു ശേഷമാകും യാത്രാനുമതി. ഏതു സമയത്തും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് ബൈക്കുയാത്രക്കാരെ ഇതിനപ്പുറത്തേക്കു കടത്തിവിടില്ല. ചെറുതും വലുതുമായ പത്തോളം ഡാമുകളും ഇവിടെയുണ്ട്. ആങ്ങമൂഴിയില്‍ ചായ കുടിക്കാനുള്ള സൗകര്യമുണ്ട്. അവിടം വിട്ടാല്‍ പിന്നെ ഗവിക്കു മുമ്പുള്ള കൊച്ചുപറമ്പ് എസ്റ്റേറ്റില്‍ മാത്രമേ ഭക്ഷണം കിട്ടുകയുള്ളൂ. ഗവിയിലെ സന്ദര്‍ശനത്തിന്റെ ചുമതല വനംവകുപ്പിന്റെ ഉപവിഭാഗമായ വനം വികസന കോര്‍പ്പറേഷനാണ്. വനം വകുപ്പിന്റെ വക ഗ്രീന്‍ മാന്‍ഷന്‍ എന്നൊരു റിസോര്‍ട്ടുണ്ട്. അതു കേന്ദ്രമാക്കിയാണ് ഗവി ടൂറിസം പ്രവര്‍ത്തിക്കുന്നത്.
കാട് കാണാം 
കരള് നിറയ്ക്കാം
പത്തനംതിട്ടയില്‍ നിന്ന് നൂറു കിലോമീറ്ററോളം യാത്രചെയ്തുവേണം ഗവിയിലെത്താന്‍. വള്ളക്കടവ് ചെക്ക് പോസ്റ്റ് വരെ ജനവാസകേന്ദ്രം വഴിയാണ് യാത്ര. പെരിയാര്‍ കടുവാ സങ്കേതത്തിലേക്കു സ്വാഗതം ചെയ്യുന്ന ഒരു വലിയ കമാനം ചെക്ക്പോസ്റ്റിലുണ്ട്. ഇതു വഴിയുള്ള പ്രവേശനത്തിന് കര്‍ശനനിയന്ത്രണമുണ്ട്. ആങ്ങമൂഴി കഴിഞ്ഞാല്‍ എഴുപതു കിലോമീറ്ററോളം കാട്ടിനുള്ളില്‍ക്കൂടിയാണ് യാത്ര. വീതി കുറഞ്ഞതും വളവും തിരിവും നിറഞ്ഞതുമായ വഴി. എന്നാല്‍, കുണ്ടും കുഴിയുമില്ല. യാത്രാമദ്ധ്യേ വാഹനത്തില്‍നിന്നു പുറത്തിറങ്ങരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. ഗവി ഡാമും റിസര്‍വോയറും അതിന്റെ കരയിലുള്ള പൂന്തോട്ടവും ചേരുന്നതാണ് പ്രധാന ഭാഗം. യാത്ര ചെന്നെത്തുന്നത് ഗ്രീന്‍ മാന്‍ഷനിലാണ്. പൂന്തോട്ടത്തിന് അഭിമുഖമായി റോഡിന്റെ മറുവശത്താണ് ഗ്രീന്‍ മാന്‍ഷന്‍. മാന്‍ഷന്റെ പിന്‍ഭാഗം വനമാണ്. പ്രധാന കെട്ടിടത്തിന്റെ സമീപം തന്നെ പുതിയ ഒരു അനെക്സും പണി ചെയ്തിട്ടുണ്ട്. 
റിസര്‍വോയറിനു മറുകരയിലാണ് ട്രക്കിംഗിനുള്ള കാട്. അല്പദൂരം ഈറ്റക്കാട്ടിലൂടെയുള്ള യാത്ര കഴിഞ്ഞാല്‍ പിന്നെ കൊടുംകാടായി. കാട്ടില്‍ ഓരോ സ്ഥലവും ഓരോ രീതിയാണ്. ഒരിടത്ത് വന്‍മരങ്ങളാണെങ്കില്‍ അപ്പുറത്ത് ഈറ്റക്കാടുകള്‍, അതിനടുത്ത് പുല്‍മേടുകള്‍... ഇത്തരത്തില്‍ കാനനഭംഗിക്കു മാറ്റു കൂട്ടുന്ന ദൃശ്യങ്ങള്‍. ഒരിക്കല്‍ ഗവിയിലെത്തിയവരെ വീണ്ടും അങ്ങോട്ട് ആകര്‍ഷിക്കുന്ന ഗവിയിലെ കാഴ്ചകള്‍ വാക്കുകളില്‍ വിവരിക്കാവുന്നതല്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനനിയന്ത്രണങ്ങളുണ്ടെങ്കിലും ഗവിയിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് യാത്ര സുഖകരമാക്കും..

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)