•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അതിജീവനത്തിന്റെ അനശ്വരപുസ്തകം

പ്രതീക്ഷിതമായി എത്തിയ മഹാമാരിയും അതു സമ്മാനിച്ച അടച്ചുപൂട്ടല്‍ ദിനങ്ങളും വല്ലാതെ അസ്വസ്ഥമാക്കി നമ്മുടെയൊക്കെ ജീവിതങ്ങളെ. തടസ്സങ്ങളേതുമില്ലാതെ കൂടിയിരുന്നു കളിതമാശകള്‍ പങ്കിട്ടിരുന്ന നമുക്ക് അകലം സമ്മാനിച്ച അസ്വസ്ഥത അല്പമൊന്നുമായിരുന്നില്ല. എന്നാല്‍, നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ജീവിതകാലം മുഴുവന്‍ ഒരു വീല്‍ ചെയറിലോ കിടക്കയിലോ മാത്രമായി കഴിയേണ്ടിവരുന്ന, പരസഹായമില്ലാതെ ഒന്നനങ്ങാന്‍പോലും സാധിക്കാത്ത അനേകം മനുഷ്യരുടെ ജീവിതപോരാട്ടത്തെക്കുറിച്ച്? അത്തരം ഓര്‍മകളുണ്ടായാല്‍, ആ ജീവിതങ്ങളിലേക്കൊന്നു കണ്ണോടിച്ചാല്‍ നമുക്കു മനസിലാവും, ലോക്ഡൗണോ (സാമൂഹിക അകലമോ ഒന്നും ഒരു ബുദ്ധിമുട്ടല്ലെന്ന്; പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാന്‍ കഴിയുന്നതുപോലും എത്ര വലിയ അനുഗ്രഹമാണെന്ന്! വായനയില്‍ അത്തരം വെളിച്ചം തന്നൊരു പുസ്തകമുണ്ട് - ഴാന്‍ ഡൊമിനിക് ബോബിയുടെ   (Jean Dominique Bauby) 'The Diving Bell And The Butterfly' ''എന്ന പുസ്തകം. ''ഡൈവിംഗ് കവചവും ചിത്രശലഭവും'' എന്ന പേരില്‍ ഡോ. ബി ഉമാദത്തനും പ്രഫ. ബി ലളിതയും ചേര്‍ന്ന് ഈ പുസ്തകം മനോഹരമായി മലയാളത്തിലേക്കു മൊഴിമാറ്റിയിട്ടുണ്ട്. ഡി സി ബുക്‌സാണ് പ്രസാധകര്‍.
ഗ്രന്ഥകാരനായ ഴാന്‍ ഡൊമിനിക് ബോബിയുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ പുസ്തകം. ഒരുപക്ഷേ, എഴുത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഒരാള്‍ ഒരു പുസ്തകമെഴുതുവാന്‍ ഇത്രയേറെ പ്രയത്‌നിച്ചിട്ടുണ്ടാവില്ല. അതിന്റെ കാരണമറിയുവാന്‍ ഗ്രന്ഥകാരന്റെ ജീവിതകഥയറിയണം. ലോകപ്രശസ്തമായ 'എല്‍' എന്ന ഫ്രഞ്ച് ഫാഷന്‍ മാസികയുടെ മുഖ്യപത്രാധിപരായിരുന്നു ഴാന്‍ ഡൊമിനിക് ബോബി. പണത്തിനു പണം. പ്രശസ്തിക്കു പ്രശസ്തി. ആരാധകരുടെ നീണ്ട നിര. ആരും കൊതിക്കുന്ന സുഭിക്ഷവും സുന്ദരവുമായ ജീവിതം. എന്നാല്‍, പ്രതീക്ഷിക്കാതെ കടന്നുവന്ന ഗുരുതരമായൊരു മസ്തിഷ്‌കാഘാതം ആ ജീവിതത്തിന്റെ ഗതി അപ്പാടെ മാറ്റിമറിച്ചു. നീണ്ട ഇരുപതു ദിവസം ബാറക്ക് നേവല്‍ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞതിനുശേഷം ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും അരോഗദൃഢഗാത്രനായിരുന്ന ആ യുവാവില്‍ അപ്പോള്‍ ആകെ അവശേഷിച്ചിരുന്നത് ഇടതുകണ്‍പോളയുടെ ചലനം മാത്രമായിരുന്നു, ആഴക്കടലില്‍ മുങ്ങുവാനായി നീന്തല്‍വിദഗ്ദ്ധര്‍ ഉപയോഗിച്ചിരുന്ന ഒരു ഡൈവിങ്കവചത്തിനുള്ളിലായ പ്രതീതിയായിരുന്നു ബോബിക്ക്. എന്നാല്‍, അദ്ദേഹത്തിന്റെ കാഴ്ചയ്‌ക്കോ കേള്‍വിക്കോ ചിന്തകള്‍ക്കോ തകരാറൊന്നും സംഭവിച്ചിരുന്നുമില്ല. നിശ്ചലമായ ആ ശരീരത്തിനുള്ളിലെ മനസ്സ്, ഒരു ചിത്രശലഭത്തെപ്പോലെ പാറി നടന്നു.
ബോബിയുടെ ശരീരത്തില്‍ ചലനശേഷി ബാക്കിയായത് ഇടംകണ്ണില്‍ മാത്രമായിരുന്നുവെന്നു നാം കണ്ടു. ആ ഇടതുകണ്‍പോളകൊണ്ടാണ് ബോബി ഈ പുസ്തകം എഴുതിയിരിക്കുന്നത്. പ്രസാധകനായ റോബര്‍ട്ട് ലഫോങ് അയച്ചുകൊടുത്ത ക്ലോഡ് മെന്‍ഡിബല്‍ എന്ന സ്‌പെഷ്യലിസ്റ്റ് നേഴ്‌സിന്റെ സഹായത്തോടെയാണ് അദ്ദേഹം ഈ ഗ്രന്ഥമെഴുതുന്നത്. ക്ലോഡ് ഒരു ബോര്‍ഡില്‍ അക്ഷരമാലയിലെ അക്ഷരങ്ങളെല്ലാം എഴുതും. തുടര്‍ന്ന് ആ അക്ഷരങ്ങളിലൂടെ അവര്‍ വിരലോടിക്കുമ്പോള്‍ ശരി എന്നതിന് ബോബി ഒരു തവണ കണ്ണുചിമ്മും. തെറ്റെങ്കില്‍ രണ്ടു തവണയും. ഇങ്ങനെ രണ്ടു ലക്ഷത്തിലേറെത്തവണ കണ്ണുചിമ്മിയാണ് ബോബി ഈ കുഞ്ഞുപുസ്തകം പൂര്‍ത്തിയാക്കിയത്! ആത്മവിശ്വാസവും ഇച്ഛാശക്തിയും കൈകോര്‍ത്ത അനശ്വരപുസ്തകം. കരളുനോവും, കണ്ണിമകളാല്‍ ബോബി തീര്‍ത്ത ആ അക്ഷരങ്ങളിലൂടെ കടന്നുപോകുമ്പോള്‍. മരവിച്ച തന്റെ കൈകാലുകളുടെ ഒരിഞ്ചിന്റെ ഒരംശമെങ്കിലും ഒന്നനക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. എന്നാല്‍, അതിനാവില്ലെന്ന യാഥാര്‍ത്ഥ്യത്തെ അയാള്‍ സംയമനത്തോടെതന്നെ ഉള്‍കൊള്ളുകയും ചെയ്യുന്നു. ആ ദേഹം തളര്‍ന്നെങ്കിലും മനസ്സിലിപ്പോഴും തളരാത്ത സ്വപ്നങ്ങളുണ്ട്. പ്രത്യാശയുടെ വര്‍ണ്ണച്ചിറകുള്ള സ്വപ്നശലഭങ്ങള്‍ ആ ജീവിതത്തെ ജീവസ്സുറ്റതാക്കുന്നു.
എങ്കിലും ചില വേള ബോബിയുടെ മനസ്സ് വലിയ ദുഃഖഗര്‍ത്തങ്ങളില്‍ ആണ്ടുപോകും. ചാരേ നില്‍ക്കുന്ന തന്റെ പൊന്നുമക്കളെ ചേര്‍ത്തണയ്ക്കാന്‍ തനിക്കു കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, കണ്ണുനീരിന്റെ കടലു തന്നെ ഉള്ളിലൊതുക്കി നില്‍ക്കുന്ന തന്റെ പ്രിയതമയോട് സാരമില്ലെന്നൊരു വാക്കുപോലും പറയാന്‍ തനിക്കാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ആ ഹൃദയം ദുഃഖത്താല്‍ നിറയും. എന്നാല്‍, അധികനേരം ആ സങ്കടസാഗരത്തിലാണ്ടു കിടക്കാന്‍ ബോബി സ്വയം അനുവദിക്കാറില്ല. അയാള്‍ ശുഭാപ്തിവിശ്വാസം വീണ്ടെടുക്കും.
ചലനമറ്റ തന്റെ വലത്തെ കണ്‍പോള സൂചിയും നൂലും ഉപയോഗിച്ച് തുന്നി അടയ്ക്കുന്ന രംഗത്തെക്കുറിച്ച് ബോബി എഴുതുന്നുണ്ട്. കണ്‍പോളകള്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ നേത്രപടലം ഉണങ്ങി വ്രണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാലാണ് അങ്ങനെയൊരു തുന്നല്‍ വേണ്ടിവന്നത്. എന്നാല്‍, തന്റെ ഇടത്തെ കണ്ണുകൊണ്ട് കൂട്ടുകാരുടെ കത്തുകള്‍ വായിക്കുന്ന ബോബി, പെയിന്റിംഗുകള്‍ കണ്ടാസ്വദിക്കാനും ശ്രമിക്കുന്നു. തന്റെ വികാരവിചാരങ്ങളെ ഓര്‍മ്മകളെ, സ്വപ്നങ്ങളെ, സന്തോഷങ്ങളെ വേദനകളെ ഒക്കെയും പുറംലോകത്തെത്തിക്കാന്‍ ബോബിക്കു മുന്നിലുള്ള ഏകമാര്‍ഗ്ഗമാണ് ആ ഇടംകണ്ണ്. ആ മിഴിയില്‍ തന്റെ ജീവിതത്തിന്റെ പ്രത്യാശ നിലനിര്‍ത്തുന്നു ഗ്രന്ഥകാരന്‍. ഇടയ്‌ക്കെല്ലാം ആ മിഴി നിറയുന്നുണ്ട്. എങ്കിലും നിറഞ്ഞ മിഴികളില്‍ പിന്നെ തെളിയുന്നത് നിരാശയുടെ കൂരിരുട്ടല്ല, പ്രതീക്ഷയുടെ പുലര്‍വെളിച്ചമാണ്.
1997 ലാണ് ഈ പുസ്തകം പുറത്തിറങ്ങുന്നത്. പ്രസിദ്ധീകരിച്ച ദിവസംതന്നെ വിറ്റഴിഞ്ഞത് 25000 കോപ്പികളാണ്. രണ്ടു ദിവസത്തിനുശേഷം രണ്ടാം പതിപ്പിന്റെ അച്ചടി പുരോഗമിക്കവേ ബോബി ഈ ലോകത്തോടു വിട പറഞ്ഞു. വേണമെങ്കില്‍ സ്വയം ശപിച്ചും ലോകത്തെ പഴിച്ചും നരകമാക്കാന്‍ കഴിയുമായിരുന്നു ബോബിക്കു തന്റെ ജീവിതത്തെ. അപ്രതീക്ഷിതാഘാതങ്ങളില്‍ പലപ്പോഴും സംഭവിക്കുന്നതും അങ്ങനെയൊക്കെത്തന്നെ. എന്നാല്‍, ബോബിയാവട്ടെ അവസാനശ്വാസത്തോളം തന്റെ ആത്മവിശ്വാസത്തിന്റെ തിരിനാളം ഉലയാതെ കാത്തു. ആ വെളിച്ചത്തില്‍ പിറന്ന അതിജീവനത്തിന്റെ ഈ അനശ്വരപുസ്തകം മനുഷ്യരാശി നിലനില്‍ക്കുന്നിടത്തോളംകാലം വായിക്കപ്പെടുക തന്നെചെയ്യും. 
 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)