•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നൈതികതയുടെ സാഹിത്യദര്‍പ്പണം

ലിയോ ടോള്‍സ്റ്റോയി ഓര്‍മ്മയായിട്ട് നവംബര്‍ ഇരുപതിന് 110 വര്‍ഷം

നുഭൂതികളുടെ സംക്രമണമാണ് കലയുടെ പരമധര്‍മ്മം. സഹജീവികളുമായുള്ള ബന്ധസംസ്ഥാപനം അതിന്റെ മുഖ്യപ്രയോജനവും. ഒരേ അനുഭൂതിയുടെ ചരടില്‍ മനുഷ്യരെ കോര്‍ക്കുന്ന കര്‍മ്മിയായി കലാകാരനെ വീക്ഷിച്ച ലിയോ ടോള്‍സ്റ്റോയി കലാസംബന്ധിയായി സ്വകീയമായ ദര്‍ശനവും അതിന്റെ തികവുറ്റ പ്രയോഗരൂപവും ആവിഷ്‌കരിച്ച മനീഷിയാണ്. 
ക്രൈസ്തവദര്‍ശനമാണ് ടോള്‍സ്റ്റോയിയുടെ കലാചിന്തയുടെ അധിഷ്ഠാനം. എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്ന വിശുദ്ധഗ്രന്ഥവാക്യമാണ് അദ്ദേഹത്തിന്റെ ദര്‍ശനസൗധത്തിന്റെ അസ്തിവാരം. ഇതേ ആശയത്തിന്റെ വികസിതരൂപമാണ് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ 'ഏവരും സോദരര്‍' എന്ന പുതിയ ചാക്രികലേഖനം. കലാനുഭവം മനുഷ്യജനതയെ ഏകോപിപ്പിക്കുകയും ദൈവോന്മുഖമാക്കുകയും ചെയ്യുന്നുവെന്നതാണ് ടോള്‍സ്റ്റോയിയുടെ തത്ത്വം. അപരരുടെ വികാരങ്ങള്‍ കലയിലൂടെ സഹൃദയരിലേക്കു പ്രവഹിക്കുന്നു. പരസ്പരസംവേദനത്തിനുള്ള സാധ്യതയാണു  കല പ്രദാനം ചെയ്യുന്നത്. കലാകാരനും സ്വീകര്‍ത്താവിനും മധ്യേയുള്ള വിഭക്താവസ്ഥയെക്കുറിച്ചുള്ള ബോധം യഥാര്‍ത്ഥ കലാസൃഷ്ടിയില്‍ തിരോഭവിക്കുന്നു. കലയുടെ അദമ്യമായ ശക്തിവിശേഷം ഏകത്വത്തിലധിഷ്ഠിതമാണ്. തന്റെ സങ്കല്പത്തിലുള്ള ഉത്തമകലയ്ക്ക് 'ക്രൈസ്തവകല' എന്നാണദ്ദേഹം നാമകരണം ചെയ്തിട്ടുള്ളത്. ഏതു മനുഷ്യനെ സംബന്ധിച്ചും ഹൃദയംഗമമായിരിക്കും ക്രൈസ്തവകല സംവേദനം ചെയ്യുന്ന വികാരം. ഏവര്‍ക്കും അഭിഗമ്യമായ അനുഭൂതികളെ ആവിഷ്‌കരിക്കുന്ന ക്രൈസ്തവകല സാര്‍വജനീനമായിരിക്കണം. കല ആനന്ദമോ വിനോദമോ സമാശ്വാസമോ അല്ല. മനുഷ്യസാഹോദര്യബോധത്തെ അനുഭൂതിയാക്കി മാറ്റുകയാണ് അതു ചെയ്യുന്നത്. സ്‌നേഹസാമ്രാജ്യത്തിന്റെ നിര്‍മ്മിതിയാണ് കലയുടെ മഹാലക്ഷ്യം. ജീവിതംകൊണ്ട് താന്‍ സ്വരൂപിച്ച സ്‌നേഹദര്‍ശനം ജീവിതത്തെ എഴുത്തായി പകര്‍ത്തി സാഹിത്യത്തില്‍ ടോള്‍സ്റ്റോയി വിലയിപ്പിച്ചു. 
യാസ്‌നായ പോളിയാന എന്ന റഷ്യന്‍ദേശം ലോകസാഹിത്യഭൂപടത്തില്‍ മുദ്രണം ചെയ്ത് ലിയോ ടോള്‍സ്റ്റോയി ജനിച്ചത് 1828 സെപ്റ്റംബര്‍ 9 നാണ്. തഥ്യാവാദത്തിന്റെ പ്രയോഗകര്‍ത്താവായാണ് അദ്ദേഹം സാഹിത്യത്തില്‍ വ്യാപരിച്ചത്. മൂന്നു നോവലുകളും ഏതാനും നോവെല്ലകളും നിരവധി ചെറുകഥകളും അദ്ദേഹത്തിന്റെ സാഹിത്യസഞ്ചയികയെ നിറവുള്ളതാക്കുന്നു. യഥാതഥ സാഹിത്യത്തിന്റെ ഉത്തുംഗഗോപുരങ്ങളായി നിലകൊള്ളുന്നു അദ്ദേഹത്തിന്റെ 'യുദ്ധവും സമാധാനവും', 'അന്ന കരെനിന' എന്നീ നോവലുകള്‍. 1910 നവംബര്‍ 20 ന് മരണമടയുന്നതുവരെ വാസ്തവികതയുടെ വെളിപ്പെടലുകളായി തന്റെ കൃതികളെ വിഭാവനം ചെയ്യുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു ടോള്‍സ്റ്റോയി. 
ക്രിമിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ടോള്‍സ്റ്റോയിക്ക് യുദ്ധത്തിന്റെ ഭീകരതയും അതിന്റെ അര്‍ത്ഥശൂന്യതയും വ്യക്തമായി ഗ്രാഹ്യമുണ്ടായിരുന്നു. സ്വാനുഭവത്തില്‍നിന്നാവര്‍ത്തിച്ച ബോധ്യങ്ങള്‍ ചേര്‍ത്തുവച്ച് അദ്ദേഹം തന്റെ പ്രഥമ നോവല്‍ വിരചിച്ചു: 'യുദ്ധവും സമാധാനവും(1869). പരസ്പരവൈരികളായ രണ്ടു പദങ്ങളെ ഘടിപ്പിച്ച് അദ്ദേഹം സൃഷ്ടിച്ച ശീര്‍ഷകം തന്നെ എത്ര അര്‍ത്ഥവത്താണ്! സാര്‍ ഭരണകൂടകാലത്തെ റഷ്യന്‍ ജീവിതം അവതീര്‍ണ്ണമാകുന്ന ഈ കൃതിയില്‍ രാഷ്ട്രീയപരിതോവസ്ഥകള്‍ സസൂക്ഷ്മം അനുധാവനം ചെയ്തിട്ടുണ്ട്. ചരിത്രാംശവും താത്ത്വികാവലോകനങ്ങളും കഥാഗാത്രത്തിന് അവയവങ്ങളാക്കി ഘടന ചെയ്തിട്ടുള്ള ഈ ആഖ്യായികയെ നോവല്‍ എന്നു വിശേഷിപ്പിക്കാന്‍ നോവലിസ്റ്റ് മടിക്കുന്നുണ്ട്. പക്ഷേ, കാലത്തെ അതിജീവിച്ച രചനാതന്ത്രങ്ങളാല്‍ പിന്‍ഗാമികള്‍ക്ക് ഒരു മാതൃകയായി 'യുദ്ധവും സമാധാനവും' മാറി. 
ചരിത്രത്തിനു ചില പൊതുനിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള എല്ലാ ശ്രമങ്ങളെയും 'യുദ്ധവും സമാധാനവും' ശക്തിയുക്തം ചെറുക്കുന്നു. യുദ്ധംപോലെതന്നെ ചരിത്രവും യാദൃച്ഛികതയുടെ സൃഷ്ടിയാണ്. ഒരു ഘടനയ്ക്കും വഴങ്ങാത്ത, നിയതമായ ദിശകളേതുമില്ലാത്ത നിലനില്പാണവയ്ക്കുള്ളത്. മഹാവ്യക്തികളുടെ, ഭരണാധികാരികളുടെയും തത്ത്വചിന്തകരുടെയും വ്യവസായപ്രമുഖരുടെയും മറ്റും, ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുസൃതമായാണ് ചരിത്രം രൂപപ്പെടുന്നത് എന്നൊരു പൊതുധാരണയുണ്ട്. എന്നാല്‍, സാമാന്യജനങ്ങള്‍ സ്വീകരിക്കുന്ന അസംഖ്യം ചെറുനിശ്ചയങ്ങളുടെ സാകല്യമാണ് ചരിത്രത്തെ സൃഷ്ടിക്കുന്നത്. അവരുടെ ക്രിയകള്‍, പക്ഷേ, രേഖപ്പെടുത്തത്തക്ക പ്രാധാന്യമുള്ളവയാവണമെന്നില്ല. നിസ്സാരമായ ദിനവൃത്തികളാണ് ജീവിതത്തില്‍ നന്മയെയും തിന്മയെയും നിര്‍ണ്ണയിക്കുന്നത് എന്നു വിശ്വസിക്കുന്ന ടോള്‍സ്റ്റോയി ദര്‍ശനഗുരുതയുള്ള കഥാപാത്രങ്ങളായി അവതരിപ്പിച്ചിട്ടുള്ളത് ഒരു സാധാരണ പട്ടാളക്കാരനെയും ദയാലുവായ ഒരു സ്ത്രീയെയും - നിക്കോളായ്‌യെയും മരിയയെയും - ആണെന്നത് ദര്‍ശനത്തിന്റെ പ്രയുക്തതലത്തെ ഭദ്രമാക്കുന്നു.
തന്റെ പ്രഥമയഥാര്‍ത്ഥകൃതി എന്ന് ടോള്‍സ്റ്റോയി വിശേഷിപ്പിച്ച അന്ന കരെനിന (1878) നൈതികവിചിന്തനത്തിന്റെ ഭിന്നതലസ്പര്‍ശിയാണ്. മൂന്ന് അഭിജാത കുടുംബങ്ങളാണ് കഥയുടെ തട്ടകം. ഒബ്ലോന്‍സ്‌കി, കരെനിന്‍, ലെവിന്‍ കുടുംബങ്ങള്‍, കരെനിന്റെ പത്‌നി അന്നയും അലക്‌സി വ്രോന്‍സ്‌കിയും തമ്മില്‍ ഉടലെടുത്ത അഗമ്യഗമനത്തെ ഭ്രമണം ചെയ്ത് കഥ ചരിക്കുന്നു. യാഥാസ്ഥിതികതയും പരിഷ്‌കാരവും തമ്മിലുള്ള സംഘര്‍ഷത്തെ വ്യംഗ്യമായി സൂചിപ്പിച്ച് ഇവ രണ്ടിനെയും പ്രതിനിധാനം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, മോസ്‌കോ എന്നീ നഗരങ്ങളെ കഥാപശ്ചാത്തലമാക്കിയിരിക്കുന്നു. കഥയില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു രൂപകമാണ് തീവണ്ടി. കഥാസന്ദര്‍ഭങ്ങള്‍ പലതും നടക്കുന്നത് തീവണ്ടിയാത്രകളിലും റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലുമാണ്. ദ്രുതപരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്ന റഷ്യന്‍ സാമൂഹികാവസ്ഥയെ തീവണ്ടി പ്രതിനിധീകരിക്കുന്നു. കഥാന്ത്യത്തില്‍ മനഃസാക്ഷിയുടെ ചോദ്യശരങ്ങളില്‍ ക്ലേശിതയായി മൃതിയെത്തേടി അന്ന അണയുന്നതും ഓടുന്ന തീവണ്ടിയുടെ ചക്രങ്ങള്‍ക്കു കീഴിലാണ്. വസ്തുവത്കൃതമായ ഒരു സാന്നിധ്യത്തിനപ്പുറം ആശയങ്ങള്‍ പലതു പകര്‍ന്നാണ് തീവണ്ടികള്‍ ഈ കൃതിയില്‍ ഓടിക്കൊണ്ടിരിക്കുന്നത്. പഥസഞ്ചലനം പാപത്തിലേക്കും മരണത്തിലേക്കും നയിച്ച അന്നയുടെ കഥയ്ക്കു സമാന്തരമായി ഉത്തമപ്രണയത്തിലൂടെ മൃത്യുഭീതിയെ അതിജീവിക്കുന്ന ലെവിന്റെ കഥകൂടി അവതരിപ്പിച്ചാണ് ടോള്‍സ്റ്റോയി 'അന്ന കരെനിന' എന്ന നോവലിനെ നീതിഭദ്രമാക്കുന്നത്. തീവ്രപ്രണയത്തിന്റെ സൗന്ദര്യത്തെ കാലാകാലങ്ങളില്‍ വാഴ്ത്തിയിട്ടുള്ള കലാകാരന്മാര്‍ അവഗണിച്ച ഉത്തമകുടുംബങ്ങളുടെ ഗാഢമായ സ്‌നേഹമാണിവിടെ ആത്യന്തികവിജയം നേടുന്നത്. നൈതികത എന്നാല്‍ കാലാതീതമായ നിയമങ്ങളെ ഏതു സാഹചര്യത്തിലും നിബന്ധിക്കലല്ല. ഒരു ജീവിതകാലംകൊണ്ടു വികസിതമായ അവബോധത്തെ സമാശ്രയിച്ചാണ് നൈതികതയുടെ അസ്തിത്വം. സന്ദര്‍ഭാനുസൃതം മനുഷ്യര്‍ കൈക്കൊള്ളുന്ന കൊച്ചുതീരുമാനങ്ങളുടെ ശരിതെറ്റുകളില്‍നിന്നാണ് തിന്മ ആത്യന്തികമായി ആവിര്‍ഭവിക്കുന്നത്. ജീവിതനിത്യവൃത്തി അതിപ്രധാനം എന്ന തത്ത്വത്തിലേക്കാണ് അന്ന കരെനിനയും നയിക്കുന്നത്.
ടോള്‍സ്റ്റോയിയുടെ അവസാനനോവലായ പുനരുത്ഥാന(1899)ത്തിന് മുന്‍നോവലുകളെപ്പോലെ പ്രചുരപ്രചാരം സിദ്ധിച്ചില്ല. എങ്കിലും മനുഷ്യനിര്‍മ്മിതനിയമങ്ങളുടെ അനീതികളും സ്ഥാപനവത്കൃതമതത്തിന്റെ ഇരട്ടത്താപ്പും വ്യക്തമായി വരച്ചിടാന്‍ ഈ കൃതിക്കു സാധിച്ചിട്ടുണ്ട്. പൂര്‍വ്വകാലപാപത്തിന്റെ പിഴയൊടുക്കാന്‍ ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന ദിമിത്രി ഇവാനോവിച്ച് നെഖ്‌ള്യുദോവിന്റെ കഥാതന്തു വികാരതീവ്രമായിരുന്നെങ്കിലും ആവിഷ്‌കരണത്തില്‍ അത്ര ഫലപ്രദമാകാതെപോയതാണ് ഈ കൃതിയുടെ പ്രചാരലുപ്തിക്കു ഹേതു. സ്വാനുഭൂതികളെ കലയിലൂടെ അന്യരിലേക്കു പ്രക്ഷേപിക്കുക എന്ന ടോള്‍സ്റ്റോയിയുടെ ആദര്‍ശകലാധര്‍മ്മം 'പുനരുത്ഥാന'ത്തില്‍ പൂര്‍ണ്ണവിജയം പ്രാപിക്കാതെപോയെങ്കിലും കൃതിയില്‍ പരാമൃഷ്ടമാകുന്ന വിഷയത്തിന്റെ പ്രസക്തി അവഗണനീയമല്ല. ലോകസാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ നോവെല്ല എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്, ഇവാന്‍ ഇലിയിച്ചിന്റെ മരണം (1886). നിസ്സാരതകളാല്‍ നിശ്ശൂന്യമായിത്തീര്‍ന്ന ഈ ജീവിതം ക്രമികമായി മരണത്തെ പ്രാപിക്കുകയാണെന്ന അത്യന്തം അസ്തിത്വവാദപരമായ ഉള്‍ക്കാഴ്ചയാണ് ഈ നോവെല്ലയുടെ കാതല്‍. ടോള്‍സ്റ്റോയിയുടെ ആത്മസന്ദേഹങ്ങളും ജീവിതവീക്ഷണവും കൃതിയെ മുറുക്കമുള്ളതാക്കുന്നു. 'ദൈവരാജ്യം നിങ്ങളിലാണ്' (1894) എന്ന രചന ലോകചരിത്രത്തിനു മുന്നോട്ടുഗമിക്കാന്‍ ഗതികോര്‍ജ്ജം പകര്‍ന്നു. ഹിംസരഹിത പ്രതിരോധം എന്ന ആദര്‍ശത്തിന്റെ അവതരണം കൃതിയെ കാലാതീതമാക്കുന്നു. ക്രിസ്തുദര്‍ശനത്തിന്റെ അന്തഃസത്തയായി ടോള്‍സ്റ്റോയി കാണുന്നതിതാണ്. ദൈവപുത്രന്‍ കുരിശേറി നല്‍കിയ സഹനപാഠം ടോള്‍സ്റ്റോയി പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു. മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് തുടങ്ങിയ മഹത്തുക്കള്‍ക്ക് സമാധാനപാതയില്‍ പ്രതിരോധം ചമയ്ക്കാന്‍ പ്രേരകമാവുക എന്നത് 'ദൈവരാജ്യം നിങ്ങളിലാണ്' അനുഷ്ഠിച്ച ചരിത്രദൗത്യമായിരുന്നു. വിസ്താരഭയത്താല്‍ അവ കൂടുതല്‍ വിശദീകരിക്കുന്നില്ല. പഴയനിയമത്തിലെ പ്രതികാരാശയങ്ങളെ തിരസ്‌കരിച്ച ടോള്‍സ്റ്റോയ്ക്ക് ബൈബിളിലെ ഏറ്റവും ദീപ്തമായ ഭാഗം മലയിലെ പ്രസംഗമായിരുന്നു. കരുണ ചെയ്യാനും  ആലംബഹീനര്‍ക്കു തുണയേകാനും നീതിക്കായി സഹിക്കാനുമുള്ള പ്രേരണ സുവിശേഷഭാഗ്യങ്ങള്‍ അദ്ദേഹത്തിനു പകര്‍ന്നു. മനുഷ്യകുലത്തിന് ആത്മീയമായി പുരോഗമിക്കാനുള്ള ശ്രേഷ്ഠദര്‍ശനങ്ങള്‍ തന്റെ സൃഷ്ടികളില്‍ സംക്ഷേപിക്കാനുള്ള യത്‌നത്തില്‍ ക്രൈസ്തവദര്‍ശനം അദ്ദേഹത്തിനും മാര്‍ഗ്ഗമരുളി.
ആധുനിക വിമര്‍ശകനായ മിഖായീല്‍ ബഖ്തീന്‍ സാഹിത്യത്തിന്റെ അടിസ്ഥാനഗുണമായി വീക്ഷിക്കുന്നത് ബഹുസ്വരതയെയാണ്. ദെസ്തയേവ്‌സ്‌കിയുടെ കൃതികളില്‍ ഈ ഗുണം നിറഞ്ഞു പ്രസരിക്കുമ്പോള്‍ ബഹുസ്വരതയുടെ രാഹിത്യമാണ് അദ്ദേഹം ടോള്‍സ്റ്റോയിയില്‍ കാണുന്നത്. എങ്കിലും ലോകസാഹിത്യത്തില്‍ സമശീര്‍ഷരായി നിലയുറപ്പിച്ചിട്ടുണ്ടെങ്കില്‍ ടോള്‍സ്റ്റോയിയെ ധനാത്മകമായി  വ്യതിരിക്തനാക്കുന്ന ഒരു സവിശേഷഗുണം അദ്ദേഹത്തിന്റെ രചനകളില്‍ അന്തര്‍ഭവിച്ചിട്ടുണ്ടാവണം. നൈതികതയുടെ ശക്തമായ അടിയൊഴുക്കാണത്. ബഹുസ്വരത ലാവണ്യദായകമെങ്കിലും നൈതികതയുടെ ലാവണ്യം ദാര്‍ഢ്യമിയന്ന ഏകസ്വരതയാണ്. 'അപരനോടുള്ള ഉത്തരവാദിത്വമാണ് നൈതികത' എന്ന് ഇമ്മാനുവല്‍ ലെവിനാസ്. അതിന്റെ നിറമാര്‍ന്ന നിറവാണ് ടോള്‍സ്റ്റോയിക്കഥകള്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)