•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കൊവിഡ് ഭാവിതലമുറയ്ക്ക് ദുരന്തമോ?

രാജ്യത്തിന്റെ സമ്പത്തായ കുട്ടികളുടെ അവകാശങ്ങള്‍, സുരക്ഷിതത്വം, വിദ്യാഭ്യാസം, പരിചരണം, മെച്ചപ്പെട്ട ഭാവിജീവിതം എന്നിവയുടെ പ്രാധാന്യം അനുസ്മരിപ്പിക്കുന്നതിനും വര്‍ദ്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുമായി ഇന്ത്യയില്‍ നവംബര്‍ 14 കുട്ടികളുടെ ദിനമായി ആഘോഷിക്കുന്നു. കുട്ടികള്‍ ഒരു രാജ്യത്തിന്റെ ശക്തിയും അടിത്തറയുമാണെന്നും യഥാകാലം കുട്ടികള്‍ അറിവിന്റെ ഉന്നതപടവുകള്‍ കടന്ന് വിദ്യാഭ്യാസം നേടണമെന്നും വാദിച്ച ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയും കുട്ടികളുടെ ചാച്ചാജിയുമായ ജവഹര്‍ലാല്‍ നെഹൃവിന്റെ ജന്മദിനാഘോഷം ഈ ദിനത്തില്‍ നമ്മുടെ രാജ്യത്തിലുടനീളം നടക്കുന്നു.
1959 നവംബര്‍ 20 ന് ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശപ്രഖ്യാപനം യു.എന്‍. ജനറല്‍ അസംബ്ലിയില്‍വച്ചു നടത്തി. 1989 നവംബര്‍ 20 ന് യു.എന്‍.സി.ആര്‍.സി.(ദി യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദി റൈറ്റ്‌സ് ഓഫ് ദി ചൈല്‍ഡ്) വിളിച്ചുകൂട്ടുകയും അന്നുമുതല്‍ കുട്ടികളുടെ അവകാശ ഉടമ്പടി നിലവില്‍ വരികയും ചെയ്തു. അന്നുമുതല്‍, നവംബര്‍ 20 യൂണിവേഴ്‌സല്‍ ചില്‍ഡ്രന്‍സ് ഡേ ആയി ആചരിക്കുന്നു. എന്നാല്‍ നമ്മുടെ രാജ്യത്ത് നവംബര്‍ 14 ആണ് ശിശുദിനമായി ആഘോഷിക്കുന്നത്.
കുട്ടികളുടെ അവകാശ ഉടമ്പടിയില്‍, കുട്ടികളുമായി ബന്ധപ്പെട്ട 54 ആര്‍ട്ടിക്കിള്‍ ആണുള്ളത്. ഇവ പ്രധാനമായും നാലെണ്ണമായി ക്രോഡീകരിച്ചിരിക്കുന്നു.
1. അതിജീവനത്തിനുള്ള അവകാശം. 2. സംരക്ഷണത്തിനുള്ള അവകാശം. 3. വികസനത്തിനുള്ള അവകാശം. 4. പങ്കാളിത്തത്തിനുള്ള അവകാശം. ഈ അവകാശാധിഷ്ഠിത ഉടമ്പടിപ്രകാരം എല്ലാ കുട്ടികള്‍ക്കും എല്ലാവിധ അവകാശങ്ങളും ലഭ്യമാക്കാന്‍ ഏവര്‍ക്കും കടമയും ഉത്തരവാദിത്വവും ഉണ്ട്. സുരക്ഷിതബാല്യം കുട്ടികളുടെ അവകാശമാണ്.
ഈ ഉടമ്പടിപ്രകാരം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ഓരോ സര്‍ക്കാരും ഭരണഘടനാധിഷ്ഠിതമായ കുട്ടികളുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിനും പരമാവധി പരിശ്രമിച്ചുവരുന്നു. ഇതുവരെ ഇവിടെയുണ്ടായിരുന്ന നിയമങ്ങള്‍ അവ ലോകനം ചെയ്തും അന്താരാഷ്ട്രനിയമങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടും നമ്മുടെ രാജ്യത്തും 2000 ല്‍ സമഗ്രമായ ബാലനിയമം ഉണ്ടായി. 2015 ല്‍ ഇതു പുതുക്കുകയും ചെയ്തു. ഇതുവഴി നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍, ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികള്‍ എന്നിങ്ങനെ പ്രധാനമായും രണ്ടായി തിരിച്ച് അവരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായവയെല്ലാം ഏര്‍പ്പെടുത്തിയിരിക്കുന്നു. ലൈംഗികാക്രമങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമവും (പോക്‌സോ ആക്ട് 2012) പാസ്സാക്കി.
2011 സെന്‍സസ് പ്രകാരം 18 വയസ്സില്‍ താഴെ 472 ദശലക്ഷം കുട്ടികള്‍ ഇന്ത്യയിലുണ്ട്. നമ്മുടെ രാജ്യത്ത് 100 കുട്ടികളില്‍ 32 പേരാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. 4 കുട്ടികളില്‍ ഒരാള്‍ സ്‌കൂളിനു പുറത്തുപോകുന്നു. 2% സ്‌കൂളുകള്‍ മാത്രമാണ് 12 വരെയുള്ള പൂര്‍ണ്ണവിദ്യാഭ്യാസം നല്‍കി വരുന്നത്.
5 വയസ്സുമുതല്‍ 14 വയസ്സില്‍ 10.13 ദശലക്ഷം കുട്ടികള്‍ ബാലവേല ചെയ്യുന്നു. ഇത് 5-18 വയസ് എന്ന കണക്കില്‍ 33 ദശലക്ഷമായി വര്‍ധിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്കുപ്രകാരം രാജ്യത്ത് ഏകദേശം 150 കുട്ടികളെ ഒരു ദിവസം അവരവരുടെ സ്ഥലത്തുനിന്നു കാണാതാകുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം കുറയുകയും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുവരുകയും ചെയ്യുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ അഞ്ചുമടങ്ങു വര്‍ദ്ധനവാണ് ഉണ്ടായത്.
ദിവസവും 109 കുട്ടികള്‍ ലൈംഗികപീഡനത്തിനിരയാകുന്നു എന്ന് എന്‍.സി.ആര്‍.ബി.യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അശ്ലീലസാമഗ്രികളുടെ നിര്‍മ്മിതിയില്‍ കുട്ടികളെ ഉപയോഗിക്കുന്നതും വര്‍ധിക്കുന്നു. ആരോഗ്യപോഷണരംഗത്തും കുട്ടികള്‍ ഏറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 6 വയസ്സിനു താഴെ 20 ദശലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നു. രണ്ടുവയസ്സിനു താഴെയുള്ള ആകെ കുട്ടികളില്‍ ഏകദേശം 10 ശതമാനത്തിനു മാത്രമാണ് പൂര്‍ണ്ണഭക്ഷണം ലഭിക്കുന്നത്.
ആരോഗ്യവിദ്യാഭ്യാസ വളര്‍ച്ചാമേഖലകളില്‍, കേരളം ഇന്ത്യയില്‍ ഏറെ മുന്നിലാണ് എന്നത് അഭിമാനാര്‍ഹമാണ്. എന്നാല്‍, കേരളത്തിലെ കുടുംബങ്ങളിലെ, മാതാപിതാക്കളുടെ പ്രശ്‌നങ്ങള്‍,  വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനം, മുതിര്‍ന്നവരുടെ അമിതമായ മദ്യോപയോഗം തുടങ്ങിയവ ഇന്ന് കുട്ടികളുടെ ഭാവിയെ ഏറെ ദോഷകരമായി ബാധിച്ചുകഴിഞ്ഞു. കുട്ടികളിലെ ലഹരിയുപയോഗവും, കുറ്റവാളികളായ കുട്ടികളുടെ എണ്ണവും വര്‍ധിക്കുന്നു. പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടാനാവാതെ മാനസികമായി തകര്‍ന്ന കുട്ടികളുടെ എണ്ണം ഉയരുകയും ചെയ്യുന്നു. മാനസികപ്രശ്‌നങ്ങളില്‍പ്പെട്ടുഴലുന്നതും  ചികിത്സ നല്‍കേണ്ടതുമായ അനേകം കുട്ടികള്‍ ഇന്നുണ്ട്. ആത്മഹത്യാനിരക്കും അനുദിനം വര്‍ധിക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലത്തുമാത്രം കേരളത്തില്‍ 123 കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഇത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്.
കൊവിഡ് 19 ന്റെ പരിണതഫലം കൂടുതലും അനുഭവിക്കാന്‍ പോകുന്നത് ഇന്നത്തെ കുട്ടികളാണ്. അവരുടെ അതിജീവനംതന്നെ വലിയ പ്രതിസന്ധിയായിക്കഴിഞ്ഞു. വിദ്യാഭ്യാസാരോഗ്യമേഖലയിലും ഇത് പ്രതിഫലിച്ചു. ദാരിദ്ര്യം കൂടുകയും പോഷകാഹാരം, പ്രതിരോധമരുന്നുകളുടെ ഉപയോഗം ഇവയില്‍ തടസ്സങ്ങള്‍ വന്നുചേരുകയും ചെയ്തു. ആശുപത്രിയില്‍ പോയി ചികിത്സിക്കാന്‍ സൗകര്യമില്ലാത്തതും, വൈറസ് ഭീതിയില്‍ ധൈര്യക്കുറവുമൂലം ചികിത്സിക്കാത്തതും, സമയത്ത് ചികിത്സ കിട്ടാത്തതും, ഓപ്പറേഷന്‍ പോലെയുള്ള ചികിത്സകള്‍ ചെയ്യാന്‍ സാധിക്കാത്തതും വലിയ പ്രശ്‌നങ്ങളിലേക്കു ചെന്നെത്തുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമല്ലെന്നു മാത്രമല്ല, പഠനമേഖല വിടുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ അപര്യാപ്തത പഠനമേഖലയെ ബാധിച്ചിട്ടുണ്ട്.
മാതാപിതാക്കള്‍ ജോലിക്കുപോകുമ്പോള്‍ ഒറ്റയ്ക്കു വീട്ടില്‍ കഴിയേണ്ടിവരുന്ന കുട്ടികളുടെ അവസ്ഥ, വ്യായാമക്കുറവ്, കളിസ്ഥലത്തിന്റെയും സാമൂഹികബന്ധങ്ങളുടെയും അഭാവം, കലാകായികമേഖലയിലെ പരിശീലന - മത്സര - സാഹചര്യങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിവിശേഷം ഇവ കുട്ടികളുടെ സമഗ്രവളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു ഇത് ഒരു പുതിയ ജീവിതശൈലി രൂപപ്പെടുത്തി.
ജനനംമുതല്‍ സംരക്ഷിക്കപ്പെടേണ്ട ഏറ്റവും ദുര്‍ബലവിഭാഗമായ കുട്ടികളെ സമഗ്രതയോടെ വളര്‍ത്തുമ്പോഴാണ് രാജ്യം വികസിതമാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കനുസൃതമായുള്ള ഉന്നമനത്തിലേക്കു കുട്ടികളുടെ വളര്‍ച്ച ഇന്നു സാധ്യമാകുന്നില്ല, പ്രത്യേകിച്ചു ഗ്രാമീണമേഖലയില്‍. കൂട്ടായ പരിശ്രമമാണ് ഇതിനാവശ്യം. ശാരീരിക - ബൗദ്ധിക - വളര്‍ച്ചപോലെതന്നെ അനുഭവസമ്പത്തുള്ള മനഃശാസ്ത്രകൗണ്‍സലേഴ്‌സിന്റെ സഹായത്തോടെ മാനസികവളര്‍ച്ചയ്ക്ക് ആവശ്യമായതുകൂടി ചെയ്യുമ്പോള്‍ കുട്ടികളിലൂടെ രാജ്യം വലിയ പുരോഗതിയില്‍ എത്തിച്ചേരുമെന്നതില്‍ സംശയമില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)