•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ജയിക്കാനായി ജനിച്ചവന്‍

മലയാളസിനിമയില്‍ ആണഴകിന്റെ പ്രതിരൂപമായിരുന്ന ഇതിഹാസനടന്‍ ജയന്‍ ഓര്‍മ്മയായിട്ട് നാല്പതു വര്‍ഷം. കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അനശ്വരനടന്‍ ജയനെ അനുസ്മരിക്കുന്നു: 


നാവികസേനയിലെ ഉന്നത ഉദ്യോഗത്തില്‍നിന്നു മലയാളസിനിമയുടെ പൗരുഷമുള്ള താരമായി മാറിയ ജയന്‍ എന്ന കൃഷ്ണന്‍നായര്‍ ഇന്നും മലയാളസിനിമയില്‍ മരിക്കാത്ത ഓര്‍മയാണ്. എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയന്‍ എന്ന അതുല്യ നടന്‍. വേഷത്തിലും ഭാവത്തിലും പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടനുണ്ടാകില്ല.
ആക്ഷന്‍ഹീറോ കഥാപാത്രങ്ങളുടെ തുടക്കം ജയനിലൂടെയായിരുന്നു. ഒരുകാലത്ത് അദ്ദേഹത്തിന്റെ ബെല്‍ബോട്ടം പാന്റും കൂളിംഗ് ഗ്ലാസും ഹെയര്‍ സ്‌റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു. ശരപഞ്ജരം, കഴുകന്‍, മീന്‍, അങ്ങാടി, കാന്തവലയം, നായാട്ട്, കരിമ്പന എന്നി സിനിമകളിലൂടെ മലയാളിയുടെ മനസ്സിലെ നായകസങ്കല്പങ്ങളെ പൊളിച്ചെഴുതിയ ജയന്‍ പുതിയൊരു യുഗം തുടങ്ങിവച്ചു. 1974 മുതല്‍ '80 വരെ കേവലം ആറു വര്‍ഷംകൊണ്ട് പൂട്ടാത്ത പൂട്ടുകള്‍'എന്ന തമിഴ്ചിത്രമുള്‍പ്പെടെ നൂറ്റിപ്പതിനാറ് ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു.കൊട്ടാരക്കര മാധവന്‍ പിള്ളയുടെയും ഓലയില്‍ ഭാരതിയമ്മയുടേയും മകനായി 1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയന്‍ ജനിച്ചത്.
1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ വെള്ളിത്തിരയില്‍ എത്തിയത്. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയനു കഴിഞ്ഞു. ഭാവാഭിനയത്തിനൊപ്പംതന്നെ ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിനു മുതല്‍ക്കൂട്ടായി. അതുകൊണ്ടുതന്നെ അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള അഭിനിവേശം തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ അദ്ദേഹത്തിനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാളസിനിമയുടെ കഥാഗതിയെപ്പോലും മാറ്റിയെഴുതി. 
ചെറിയ വില്ലന്‍വേഷങ്ങളില്‍നിന്നു പ്രധാന വില്ലന്‍വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെനിന്ന് നായകവേഷങ്ങളിലേക്കുമുള്ള ജയന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകനായെത്തിയ ആദ്യചിത്രം. 
അങ്ങാടി ആയിരുന്നു ജയനെ ജനകീയനടനാക്കിത്തീര്‍ത്ത ചിത്രം. അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം തന്മയത്വത്തോടെ കൈകാര്യം ചെയ്തു.  ഇംഗ്ലീഷ് ഡയലോഗുകള്‍ പറയുമ്പോള്‍ ഏവരും കോരിത്തരിപ്പോടുകൂടി കയ്യടിച്ചു. സാഹസികത ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ജയന്‍. മറ്റു നടന്മാര്‍ ഫൈറ്റ് സീനുകള്‍ക്കുവേണ്ടി ഡ്യൂപ്പുകളെ ഉപയോഗിച്ചപ്പോള്‍ ജയന്‍ അത് സ്വന്തമായി ചെയ്യുകയായിരുന്നു. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16നായിരുന്നു അദ്ദേഹം അകാലത്തില്‍ പൊലിഞ്ഞത്. ഹെലിക്കോപ്റ്ററില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തില്‍ മരണം സംഭവിക്കുകയായിരുന്നു. 
ആരാധകരുടെ മനസില്‍ കോളിളക്കം സൃഷ്ടിച്ച് അനന്തതയിലേക്കു മറഞ്ഞ അതുല്യനടന്‍ ജയനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ദീപനാളത്തിന്റെ വായനക്കാര്‍ക്കായി പങ്കുവയ്ക്കുകയാണ് ജയന്റെ സുഹൃത്തും ബഹുമുഖപ്രതിഭയുമായ ശ്രീകുമാരന്‍ തമ്പി:

  തയ്യാറാക്കിയത്: കെ.ജി. രഞ്ജിത്ത്

സുഹൃത്ബന്ധങ്ങള്‍ക്കു മൂല്യം കല്പിക്കുന്ന ആളായിരുന്നു ജയന്‍. ജാടയില്ലാത്ത ഒരു പച്ചയായ മനുഷ്യന്‍. സഹപ്രവര്‍ത്തകരോടും പരിചയക്കാരോടുമെല്ലാം സൗമ്യമായി ഇടപെടുന്ന അയാള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു, എനിക്കും. എന്നെക്കാള്‍ ഒരു വയസിന് മൂത്തത് ജയനായിരുന്നെങ്കിലും ഒരു ജ്യേഷ്ഠന്റെസ്ഥാനം എനിക്കു തന്നിരുന്നു. എന്നെ തമ്പിച്ചേട്ടനെന്നു വിളിക്കുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം. സാര്‍ എന്ന വിളിയില്‍ ഒരു അകല്‍ച്ച ഒളിച്ചിരുപ്പുണ്ടെന്നും, പേരെടുത്തു വിളിച്ചാല്‍ ബഹുമാനക്കുറവ് ഫീല്‍ ചെയ്യുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഞങ്ങള്‍ പരസ്പരം  വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്യുമായിരുന്നു. നേരില്‍ കാണുമ്പോള്‍ ഒരുപാട് സംസാരിക്കും, കൂടുതല്‍ ചര്‍ച്ചകളും സിനിമയെക്കുറിച്ചായിരുന്നു. 
ഒരു ഗായകന്റെ വേഷത്തിലാണ് ജയനെ ഞാന്‍ ആദ്യം കാണുന്നത്. ജീവിതത്തിലല്ല കേട്ടോ... എന്റെ സുഹൃത്തും ചെറുകഥാകൃത്തുമായ ജേസി കുറ്റിക്കാടന്‍ സംവിധാനം ചെയ്ത ശാപമോക്ഷം എന്ന സിനിമയില്‍ ഒരു ഗായകനായി വന്ന നടനായിരുന്നു അത്. ആദ്യകാഴ്ചയില്‍ത്തന്നെ വ്യത്യസ്തനായ അയാള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അന്വേഷിച്ചപ്പോള്‍ നേവി ഉദ്യോഗസ്ഥനായിരുന്നെന്നും ഇപ്പോള്‍ സിനിമയില്‍ ചെറിയ  വേഷങ്ങളൊക്കെ ചെയ്യുന്നുവെന്നും അറിയാന്‍ കഴിഞ്ഞു. നടന്‍ ജോസ് പ്രകാശിന്റെ മകന്റെ സുഹൃത്തു കൂടിയാണ് ജയനെന്ന് എഴുത്തുകാരനായ ജെ.സി കുറ്റിക്കാട്ടാണ് എന്നോട് ആദ്യം പറയുന്നത്.    
ജയനെന്ന നടനെക്കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കാനാവില്ല. ചെയ്യുന്ന ജോലിയോടു വളരെ ആത്മാര്‍ത്ഥത കാട്ടുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളായിരുന്നു ജയന്‍. സിനിമയോടുള്ള അമിതാവേശവും ആഗ്രഹവുമാണ് അദ്ദേഹത്തെ ഒരു നടനാക്കി മാറ്റിയത്. കഠിനാദ്ധ്വാനം ഒന്നുമാത്രമാണ് വില്ലനായി സിനിമയിലെത്തിയ ജയനെ നായകനടനാക്കി മാറ്റിയത്. സാഹസികതയെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു അദ്ദേഹം. ചെയ്യുന്ന പ്രവൃത്തിക്ക് ഏറ്റവും നല്ല റിസല്‍ട്ട് ലഭിക്കാന്‍ ഏതറ്റം വരെയും പോകുന്ന പ്രകൃതം. അപകടം പിടിച്ച പണിയാണെന്നറിഞ്ഞുകൊണ്ടായിരുന്നു അയാള്‍ അതിനു മുതിരുന്നതും. 
ഒരിക്കല്‍ എനിക്ക് ജയനോട് അല്പം കയര്‍ത്തുസംസാരിക്കേണ്ടതായി വന്നിട്ടുണ്ട്. പുതിയ വെളിച്ചം എന്ന എന്റെ സിനിമയുടെ ചിത്രീകരണത്തിനിടയിലാരുന്നു അത്.  ഒരു വലിയ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഓടിവന്ന് ഗുഡ്‌സ് ട്രെയിനു മുകളിലേക്കു ചാടുന്ന സീന്‍ ഉണ്ട്. ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്താനായിരുന്നു എന്റെ തീരുമാനം. ഇതിനായി മികച്ച ഡ്യൂപ്പുകളെ അണിനിരത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ജയന്‍ ഡ്യൂപ്പ് ഇല്ലാതെ ചെയ്യാമെന്നും തമ്പിച്ചേട്ടന്‍ അറിയേണ്ടന്നും സ്റ്റണ്ട് ഡയറക്ടറോടു പറഞ്ഞത്. സംഭവമറിഞ്ഞ ഞാന്‍ ജയനോടു വല്ലാതെ ദേഷ്യപ്പെട്ടു. എന്റെ സിനിമ എങ്ങനെ ചിത്രീകരിക്കണമെന്നും ആര് എന്തൊക്കെ ചെയ്യണമെന്നും തീരുമാനിക്കുന്നത് ഞാനാണെന്നും ഞാന്‍ ജയനോടു പറഞ്ഞു. കൂടാതെ, എന്റെ ലോക്കേഷനില്‍ ഓവര്‍സ്മാര്‍ട്ട് കാണിക്കരുതെന്നും ഞാന്‍ ക്ഷുഭിതനായി അയാളോടു പറഞ്ഞു. എല്ലാം കേട്ട് ശാന്തനായി നിന്ന ജയനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
എന്റെ സംവിധാനജീവിതത്തില്‍ ജയനെന്ന നടന്റെ സ്വാധീനം വളരെ വലുതാണ്. മികച്ച കഥകള്‍ തിരഞ്ഞെടുത്ത് കുടുംബചിത്രങ്ങളായി ഇറക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. കുടുംബസദസുകള്‍ക്കു കാണാനും ആസ്വദിക്കാനുമാകുന്ന കലാമൂല്യമുള്ള നല്ല ചിത്രങ്ങള്‍ മാത്രമാണ് എന്റെ മനസിലുണ്ടായിരുന്നത്. അടി, ഇടി, വെടിവയ്പ്പ് തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളോട് തീരെ താത്പര്യമില്ലാതിരുന്ന കാലം. ജയനാകട്ടെ അക്കാലത്ത് ആക്ഷന്‍ ഹീറോയായി ജനഹൃദയങ്ങള്‍ കീഴടക്കിയ സമയവും. അങ്ങനെയിരിക്കെ ജയന്‍ എന്നോടു പറയുകയുണ്ടായി, തമ്പിച്ചേട്ടന്‍ ഇടയ്‌ക്കൊക്കെ ആക്ഷന്‍ ചിത്രങ്ങളും കൂടി എടുക്കണം. എന്തിനെന്ന എന്റെ ചോദ്യത്തിന് തെല്ലും അമാന്തിക്കാതെ ജയന്റെ മറുപടിയെത്തി: ചേട്ടന്‍ ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്തങ്കിലല്ലേ എനിക്കു കൂടി അഭിനയിക്കാനാവൂ.
ജയിക്കാനായി ജനിച്ചവനെന്ന എന്റെ ആദ്യ കളര്‍സിനിമയുടെ ചിത്രീകരണവേളയില്‍ നടന്‍ പ്രേംനസീറാണ് ജയനെക്കൂടി ഉള്‍പ്പെടുത്തണമെന്നുള്ള ശിപാര്‍ശയുമായെത്തിയത്. ചിത്രത്തിന്റെ  സംവിധായകന്‍ ശശികുമാര്‍ സാറിന്റെ അഭിപ്രായംകൂടി കണക്കിലെടുത്ത് ജയനെ ചിത്രത്തിലെ പ്രധാന വില്ലനാക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. വിവരമറിഞ്ഞ ജയന്‍ പ്രതിഫലം പോലും ചോദിക്കാതെ അഭിനയിക്കാന്‍ തയ്യാറായി. എങ്കിലും അന്നത്തെ താരമൂല്യമനുസരിച്ച് മാന്യമായ പ്രതിഫലം നല്‍കിയാണ് അദ്ദേഹത്തെ മടക്കിയയച്ചത്. അന്നുമുതല്‍ എന്റെ സിനിമകളില്‍ അയാള്‍ക്കായി ഞാന്‍ അവസരങ്ങള്‍ മാറ്റി വയ്ക്കുമായിരുന്നു. 
ഒരിക്കല്‍  ജയന്‍ എന്നോടു പറഞ്ഞു: 
തമ്പിച്ചേട്ടാ എനിക്ക് ഒരു നായകനാകണം. നന്മ മാത്രമുള്ള നായകന്‍. സിനിമയിലെ ക്രൂരനായി അഭിനയിച്ച് ഞാന്‍ നാട്ടുകാരുടെ മനസില്‍ ശരിക്കുമൊരു വില്ലനായി മാറിയോ എന്നൊരു തോന്നല്‍. വളരെ ആത്മാര്‍ത്ഥമായി ജയന്‍ പറഞ്ഞ വാക്കുകള്‍..
ആ വാക്കുകള്‍ എന്റെ കാതുകളില്‍  മുഴങ്ങിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ 'ഏതോ ഒരു സ്വപ്നം' എന്ന സിനിമയുടെ ചര്‍ച്ചകള്‍ നടക്കവേ ജയനെക്കുറിച്ച് ഞാന്‍ ഓര്‍ത്തു. ആ സിനിമയില്‍ രണ്ടു നായകന്മാരാണ് ഉള്ളത്. അതില്‍ പ്രണയനൈരാശ്യംമൂലം സന്ന്യാസിയായി ജീവിതം കഴിച്ചുകൂട്ടേണ്ടിവരുന്ന വി.വി സ്വാമിയെന്ന മികച്ച കാരക്ടര്‍ റോള്‍ ഞാന്‍ ജയനുവേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. ചിത്രം വലിയ നേട്ടമൊന്നും സമ്മാനിച്ചില്ലെങ്കിലും മനോഹരമായ അതിലെ പാട്ടുകള്‍ ജനമനസുകളില്‍ ഇടം പിടിച്ചു. 
ഏതോ ഒരു സ്വപ്നം, പുതിയ വെളിച്ചം, വേനലില്‍ ഒരു മഴ, നായാട്ട്, ഇടിമുഴക്കം, എന്നു തുടങ്ങി ജയനെ അഭിനയിപ്പിച്ച് ഞാന്‍ പുറത്തിറക്കിയ ചിത്രങ്ങളെല്ലാം ജനപ്രീതി നേടിയിരുന്നു. ഞാന്‍ കഥയെഴുതി സംവിധാനവും നിര്‍മ്മാണവും നടത്തിയ ആക്രമണം എന്ന ചിത്രം പൂര്‍ത്തിയാക്കുംമുന്‍പേയായിരുന്നു ജയന്റെ വേര്‍പാട്. മികച്ച കഥയുടെ പിന്‍ബലത്തില്‍ ചിത്രീകരണം പുരോഗമിക്കവേ ജയന്റെ മരണം ആ സിനിമയെ വലിയ തോതില്‍ ദോഷകരമായി ബാധിച്ചു. ജയന്‍ മുഴുവന്‍ രംഗങ്ങളിലും അഭിനയിച്ചിരുന്നെങ്കില്‍ സൂപ്പര്‍ ഹിറ്റായി മാറേണ്ടിയിരുന്ന ചിത്രമായിരുന്നു അത്. ജയന്റെ മരണാനന്തരം മറ്റു മാര്‍ഗ്ഗമില്ലാതെ കഥതന്നെ മാറ്റിയെഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ആദ്യ പകുതിക്കുമുമ്പേ ജയന്റെ കഥാപാത്രം മരണപ്പെടുന്നതായി കഥ മാറ്റിയെഴുതി. അതോടെ ആ കഥയുടെ മൂല്യം നഷ്ടമാകുകയും പടം പൂര്‍ണ്ണതയില്ലാതെ അവസാനിക്കുകയും ചെയ്തു. വന്‍ സാമ്പത്തികനഷ്ടമാണ് എനിക്ക് ആ ചിത്രത്തിലൂടെ ഉണ്ടായത്. ജയനെന്ന നടനു പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്ന സത്യം ഞാനും മനസിലാക്കിയ നിമിഷം. 
ജയന്റെ മരണവാര്‍ത്ത വലിയ ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. അവിശ്വസനീയമായിരുന്നു. മരിച്ചെന്നു വിശ്വസിക്കാന്‍ മനസ് അനുവദിച്ചില്ല. പക്ഷേ, ഒടുവില്‍ ആ സത്യം അംഗീകരിക്കേണ്ടി വന്നു. സാഹസികത നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങളോട് ജയനു വലിയ താത്പര്യമായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവില്‍ ജയന്റെ ജീവനെടുത്തത്. ഇന്ന് അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ മലയാളവും കടന്ന് അന്യഭാഷകളിലും താരമായേനേ. വിധി, ഈശ്വരന്‍ അയാള്‍ക്ക് അത്ര ആയുസേ കൊടുത്തുള്ളു... നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കാം. പറഞ്ഞുതീരുമ്പോള്‍ ജയന്‍ ഏട്ടന്റെ സ്ഥാനം നല്‍കി ബഹുമാനിച്ച ശ്രീകുമാരന്‍തമ്പിയുടെ കണ്ഠം ഇടറുന്നുണ്ടായിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)