''ഡാഡ്, അങ്ങ് തളര്‍ന്നുപോകരുതേ! നഷ്ടധൈര്യനാകാതെ ശക്തി സംഭരിക്കുക. അങ്ങ് എനിക്കും നാടിനും അഭിമാനമാകണം.''
അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റാകുന്ന ജോ ബൈഡന്റെ കാതില്‍ പുത്രനായ ബോ എല്ലാ ദിവസവും മന്ത്രിച്ചിരുന്ന വാക്കുകളാണിവ. ധമനിവീക്കം പിടിപെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയവേ മകന്‍ കാതില്‍ മന്ത്രിച്ച ആശ്വാസവാക്കുകള്‍ ജോ ബൈഡനു മറക്കാന്‍ കഴിയുകയില്ല. ഓരോ തിരഞ്ഞെടുപ്പുവിജയത്തിലും ബൈഡന്‍ ബോയെ സ്മരിക്കും. ദുരന്തങ്ങളുടെ കാലത്തും രാഷ്ട്രീയത്തില്‍ തുടരാന്‍ ജോയ്ക്ക് കരുത്തു പകര്‍ന്നുനല്കിയതും ബോയാണ്.
കളിക്കളത്തില്‍ തുടക്കം
യു.എസിലേക്കു കുടിയേറിയ ഐറിഷ് വംശജരായ മാതാപിതാക്കളുടെ മകനായി 1942 ലായിരുന്നു ജോയുടെ ജനനം. യൂസ്ഡ് കാറുകളുടെ സെയില്‍സ്മാനായിരുന്ന പിതാവ് തുച്ഛവരുമാനംകൊണ്ട് കുടുംബം പുലര്‍ത്താന്‍ ബുദ്ധിമുട്ടിയതിനാല്‍ മുത്തച്ഛനാണ് ജോയെ വളര്‍ത്തിയതും പഠിപ്പിച്ചതും. ഫുട്‌ബോളിലും ബേസ്‌ബോളിലും കമ്പമുണ്ടായിരുന്നു. സ്‌കൂള്‍പഠനകാലത്തെ അവസാനവര്‍ഷം ക്ലാസ്‌ലീഡറുമായി. ആസ്ത്മയുടെ അസുഖം ശല്യം ചെയ്തിരുന്നതിനാല്‍ സൈനികസേവത്തില്‍നിന്ന് ഒഴിവായി കോളജ് പഠനത്തിന് അവസരമൊരുങ്ങി. ഇംഗ്ലീഷിലും പൊളിറ്റിക്‌സിലും ബിരുദം നേടിയെങ്കിലും സ്വന്തമായ സമ്പാദ്യമൊന്നും ഇല്ലാതിരുന്നതിനാല്‍ നിയമബിരുദമെടുത്ത് വക്കീലായി. രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്ന നെയ്‌ല ഹന്‍ടറെ 1968 ല്‍ വിവാഹം ചെയ്തു. ജോ നെയ്‌ല ദമ്പതികള്‍ക്ക് മൂന്നുമക്കള്‍: ബോ, ഹന്‍ടര്‍, നവോമി.
1971 ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ജോ ബൈഡന് 29 വയസ്സേ ഉണ്ടായിരുന്നുള്ളൂ. സെനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാള്‍ എന്ന നിലയില്‍ ജോ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
തീരാദുഃഖം സമ്മാനിച്ച
ദുരന്തങ്ങള്‍
സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷം പങ്കുവയ്ക്കുന്നതിനിടെയാണ് ഒരു വലിയ ദുരന്തം ജോ ബൈഡനെ തേടിയെത്തിയത്. ക്രിസ്മസ്‌ഷോപ്പിംഗിനിറങ്ങിയ നെയ്‌ലയും മക്കളും ബൈക്കപകടത്തില്‍പ്പെട്ടു. നെയ്‌ലയും മകള്‍ നവോമിയും മരിച്ചു. ബോയും ഹന്‍ടറും ഗുരുതരപരിക്കുകളോടെ ആശുപത്രിയിലുമായി. മക്കളുടെ ആശുപത്രിക്കിടക്കയ്ക്കരികില്‍നിന്നാണ് ജോ സെനറ്ററായി ചുമതലയേറ്റത്. മക്കളെ പരിചരിക്കാന്‍ ആശുപത്രിയില്‍ തങ്ങുകയും സെനറ്റില്‍ സംബന്ധിക്കാന്‍ ദിവസവും മണിക്കൂറുകള്‍ നീണ്ട യാത്ര ചെയ്യുകയും ചെയ്തു. മക്കളുടെ ചികിത്സയ്ക്കുവേണ്ടി സെനറ്റംഗത്വം രാജിവയ്ക്കാനുള്ള ആലോചനയില്‍നിന്ന് ജോയെ പിന്തിരിപ്പിച്ചതും ബോ ആയിരുന്നു.
ധമനിവീക്കത്തെത്തുടര്‍ന്ന് ജോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഒരവസരം. മരണം അടുത്തെത്തിയെന്ന് ജോയ്ക്കു തോന്നിയതിനാല്‍ വൈദികനെ വരുത്തി രോഗീലേപനവും സ്വീകരിച്ചു. തുടര്‍ന്ന്, ബോയുടെ സഹായത്തോടെ മാതാപിതാക്കളെയും ഭാര്യയെയും മകളെയും സംസ്‌കരിച്ച സെമിത്തേരിയിലെത്തി. എന്നാല്‍, തന്റെ പിതാവ് പരാജിതനാകരുതെന്ന് ബോയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആത്മവിശ്വാസം കൈവിടരുതെന്ന ബോയുടെ കരുത്തു പകരുന്ന വാക്കുകളാണ് ജോ ബൈഡനെ ജീവിതത്തിലേക്കു തിരികെയെത്തിച്ചത്. ഇറാക്ക് യുദ്ധത്തില്‍ പങ്കെടുക്കുകയും പിന്നീട് രാഷ്ട്രീയത്തില്‍ ചുവടുവയ്ക്കുകയും ചെയ്ത ബോ, തലച്ചോറിലുണ്ടായ ട്യൂമറിനെത്തുടര്‍ന്ന് 2015 ല്‍ 46-ാമത്തെ വയസ്സില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
പ്രസിഡന്റ്സ്ഥാനത്തേക്കുള്ള പടികയറ്റം
1988-ലെ പ്രസിഡന്റുതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാനുള്ള മോഹം പരസ്യമാക്കിയെങ്കിലും പാര്‍ട്ടിയിലെ ശക്തമായ എതിര്‍പ്പുമൂലം നടക്കാതെപോയി. 2008 ലും ഇതുതന്നെ ആവര്‍ത്തിച്ചു.ബറാക് ഒബാമയോടൊപ്പം 2008 മുതലുള്ള എട്ടു വര്‍ഷം വൈസ് പ്രസിഡന്റ്പദവിയിലിരുന്ന ഭരണപരിചയം ജോ ബൈഡനുണ്ട്. മുന്‍ യു.എസ്. പ്രസിഡന്റുമാരില്‍ ഒരാള്‍ക്കുപോലും അവകാശപ്പെടാനാവാത്ത അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയപാരമ്പര്യവും ജോ ബൈഡനു സ്വന്തം. ഇതുവരെയുള്ള അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിയും അദ്ദേഹമാണ്, ഏഴുകോടി നാല്പതുലക്ഷം വോട്ടുകള്‍ (7.40 ദശലക്ഷം). ഏതാനും സംസ്ഥാനങ്ങളിലെ ലീഡ് കണ്ടപ്പോള്‍ തന്റെ വിജയം ഉറപ്പാണെന്നു വീമ്പിളിക്കിയ ഡൊണാള്‍ഡ് ട്രംപില്‍നിന്നു വ്യത്യസ്തനായി എളിമയോടും വിവേകത്തോടുംകൂടി പ്രസിഡന്റുപദം ഉറപ്പായശേഷം മാത്രം ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് ജോ ബൈഡന്‍ നടത്തിയ പ്രസംഗവും ശ്രദ്ധേയമായി. അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളുടെ രത്‌നച്ചുരുക്കം ഇങ്ങനെ:
''ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി ഞങ്ങളെ അധികാരത്തിലേറ്റിയ അമേരിക്കന്‍ ജനതയ്ക്കു നന്ദി പറയുന്നു. ലോകജനതയ്ക്കിടയില്‍ നമ്മുടെ രാജ്യത്തിന്റെ നഷ്ടപ്പെട്ട അഭിമാനം തിരിച്ചുപിടിക്കാനുള്ള ദൗത്യം ഞങ്ങള്‍ ഏറ്റെടുക്കുന്നു. ജനാധിപത്യത്തിന്റെ മാന്യതയും അന്തസ്സും നിലനിര്‍ത്തും. മുന്‍ഭരണസംവിധാനങ്ങള്‍ ഇല്ലാതാക്കിയ ലോകനേതൃപദവി വീണ്ടെടുക്കും. കൊവിഡ് മഹാമാരിയെ എത്രയുംവേഗം നിയന്ത്രണവിധേയമാക്കും. വംശീയത നീക്കി ഒന്നായി മുന്‍പോട്ടു നീങ്ങേണ്ട സമയമാണിത്. നമ്മുടെ സഹോദരങ്ങളായ ആഫ്രോ - അമേരിക്കന്‍, ഏഷ്യന്‍ - അമേരിക്കന്‍ വംശജര്‍ക്കും നന്ദി.''
രാജ്യത്തെ പ്രഥമ വനിതയാകുന്ന ജില്‍ ജേക്കബ്‌സാണ് ജോ ബൈഡന് താങ്ങും തണലുമായി ഒപ്പമുള്ളത്. 1977 ല്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് ആഷ്‌ലി എന്നു പേരുള്ള ഒരു മകളുണ്ട്.
കമലാ ഹാരിസ്
ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ രണ്ടാമത്തെ അധികാരകേന്ദ്രമായി ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസ് എന്ന 'ട്രോജന്‍ കുതിര' എത്തുന്നു. തീവ്ര ഇടതുപക്ഷ ചായ്‌വുള്ള കമലയ്ക്ക് ട്രംപുപക്ഷം നല്‍കിയ വിശേഷണമാണ് 'ട്രോജന്‍ കുതിര' എന്നത്. ബൈഡനെക്കാള്‍ ഭരണപക്ഷം ഭയപ്പെട്ടിരുന്നതും വൈസ് പ്രസിഡന്റ്സ്ഥാനാര്‍ത്ഥിയായിരുന്ന കമലയെയാണ്.
അമേരിക്കന്‍ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്; ആദ്യത്തെ ആഫ്രോ - ഏഷ്യന്‍ വംശജയും. കാലിഫോര്‍ണിയയില്‍നിന്നുള്ള ഈ അഭിഭാഷിക, 2003 ല്‍ സാന്‍ഫ്രാന്‍സിസ്‌കോയുടെ ജില്ലാ അറ്റോര്‍ണിയും, 2011 ല്‍ കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ അറ്റോര്‍ണി ജനറലുമായി. രാജ്യത്തെ ഏറ്റവും മികച്ച അറ്റോര്‍ണി ജനറലെന്നാണ് മുന്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ, കമലയെ വിശേഷിപ്പിച്ചത്. 2016 ല്‍ യു.എസ്. സെനറ്റിലേക്കു കാലിഫോര്‍ണിയയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട കമലയ്ക്ക് അഭിഭാഷകവൃത്തിയിലെ പരിചയസമ്പത്ത് വലിയ മുതല്‍ക്കൂട്ടായി. ട്രംപ് ഭരണകൂടത്തെ അവര്‍ ഇഴകീറി വിമര്‍ശിച്ചു. 2018 ആയപ്പോഴേക്കും 'ഭാവി അമേരിക്കന്‍ പ്രസിഡന്റ്' എന്ന വിശേഷണത്തിന് കമല പാത്രമായി. 2019 ല്‍ തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം കമല പ്രഖ്യാപിച്ചെങ്കിലും സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ ജോ ബൈഡനു മുന്‍തൂക്കം ലഭിച്ചു.
കമലയുടെ വേരുകള്‍
ഇന്ത്യയിലും
യു.എസിലേക്കു കുടിയേറിയ ജമൈക്കന്‍ വംശജനും സാമ്പത്തികശാസ്ത്രജ്ഞനുമായ പ്രഫ. ഡൊണാള്‍ഡ് ഹാരിസിന്റെയും തമിഴ്‌നാടു സ്വദേശിനിയായ ശ്യാമളഗോപാലന്റെയും മകളായി 1964 ലായിരുന്നു കമലയുടെ ജനനം. ബെര്‍ക്‌ലി സര്‍വകലാശാലയില്‍വച്ചു കണ്ടുമുട്ടിയ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഒരേസമയം പള്ളിയിലും ക്ഷേത്രത്തിലും വിശ്വസിക്കുന്ന മതേതരവാദിയായിട്ടാണ് കമല വളര്‍ന്നുവന്നത്. വിദ്യാര്‍ത്ഥിനിയായിരിക്കേ, വിയറ്റ്‌നാംയുദ്ധത്തില്‍നിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ട് അന്നത്തെ യു.എസ്. പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന് കത്തയച്ച ചരിത്രവും കമലയ്ക്കുണ്ട്. 'നമ്മള്‍ പുലര്‍ത്തുന്ന സത്യങ്ങള്‍' എന്ന ആത്മകഥ കഴിഞ്ഞവര്‍ഷം പുറത്തിറക്കി. ജൂതവംശജനും അഭിഭാഷകനും വിവാഹമോചിതനുമായ ഡഗ്ലസ് എംഹോഫാണ് കമലയുടെ ഭര്‍ത്താവ്. ആദ്യവിവാഹത്തില്‍ എംഹോഫിന് രണ്ടു മക്കളുണ്ട്. രണ്ടു വളര്‍ത്തുമക്കളുമുണ്ട് കമലയ്ക്ക്. കോള്‍, എംഹോഫ് എന്നിവര്‍.
കമലയ്ക്ക് വൈറ്റ്ഹൗസ്
അകലെയല്ല
സംഭവബഹുലമായ ജീവിതത്തിനുടമയായ കമലയ്ക്ക് വൈറ്റ്ഹൗസ് അത്ര അകലത്തിലല്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം. ജോ ബൈഡന്റെ ഏറ്റവും വലിയ വിമര്‍ശകയെന്നനിലയില്‍നിന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തയായ അനുയായി എന്ന നിലയിലേക്കുള്ള കമലയുടെ വളര്‍ച്ച. 78 കാരനായ ബൈഡന് ഏതെങ്കിലും കാരണവശാല്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാതെവന്നാല്‍, സ്വാഭാവികമായും കമലയാവും പ്രസിഡന്റ്. ഗര്‍ഭച്ഛിദ്രം, തോക്കുനിരോധനം, ലൈംഗികത്തൊഴില്‍, നികുതിപരിഷ്‌കരണം, മയക്കുമരുന്നു വ്യാപനം തുടങ്ങിയ വിഷയങ്ങളില്‍ പുരോഗമനപരമെന്നു വിശേഷിപ്പിക്കപ്പെടുന്ന നിലപാടുകളാണ് കമലയുടേത്. മധ്യവര്‍ത്തിയായ ജോ ബൈഡനെക്കാള്‍ തീവ്രനിലപാടുകാരിയായ കമലയെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭയം. തിരഞ്ഞെടുപ്പുവിജയത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ കമല പറഞ്ഞു: വലിയ ഭൂരിപക്ഷം നല്‍കി ഞങ്ങളെ വിജയിപ്പിച്ചതിനു നന്ദി. ഇത് ഞങ്ങളുടെ വിജയമല്ല, മറിച്ച്; അമേരിക്കന്‍ജനതയുടെ വിജയമാണ്. ചരിത്രം തിരുത്തിയെഴുതപ്പെടുന്ന മുഹൂര്‍ത്തമാണിത്. നിങ്ങളുടെ മനസ്സിനേറ്റ മുറിവ് ഉണക്കും, മാന്യത കാത്തുസൂക്ഷിക്കും. വംശീയത വച്ചുപൊറുപ്പിക്കില്ല, മനുഷ്യരെല്ലാം തുല്യരാണ്. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തെങ്കിലും ഞാന്‍ അവസാനത്തെയാളല്ല.''