വര്‍ഗീസ്ചേട്ടന്റെ ചായക്കടയില്‍നിന്നു നോക്കിയാല്‍ ഗീവര്‍ഗീസ് പുണ്യാളന്റെ കപ്പേള കാണാം. ഓരോ ചായയും ഉയര്‍ത്തിയടിക്കുമ്പോള്‍ കപ്പിനും ഗ്ലാസിനുമിടയിലൂടെ വര്‍ഗീസ്‌ചേട്ടന്‍ കപ്പേളയിലേക്കൊന്നു നോക്കും, ഉള്ളില്‍ പറയും; പുണ്യാളാ കാത്തോളണേ!
ലോട്ടറിയുമായി സ്ഥിരമെത്തുന്ന അന്തോണിയുടെ സ്നേഹനിര്‍ബന്ധത്തിനു വഴങ്ങി അന്ന് വര്‍ഗീസേട്ടന്‍ ബംപറെടുക്കാന്‍ തീരുമാനിച്ചു. ലോട്ടറിക്കെട്ടില്‍നിന്നു ഭാഗ്യമുള്ളതെന്ന് ആരോ പറഞ്ഞ ചില നമ്പറുകള്‍ ഉള്‍പ്പെട്ട ലോട്ടറിയൊന്ന് വലിച്ചെടുത്തു. വികാരിയച്ചന്‍ കാസയെടുത്തുയര്‍ത്തുംപോലെയുള്ള ഭയഭക്തി ബഹുമാനത്തോടെ വര്‍ഗീസ് ഇരുകൈയിലുമായി ലോട്ടറി ഉയര്‍ത്തിപ്പിടിച്ചതു കപ്പേളയ്ക്കു നേരേയാണ്. ചില്ലിനപ്പുറത്തുള്ള രൂപത്തിലേക്കു നോക്കി ഇങ്ങനെ ഒരു ഓഫറും:
'ഇതടിച്ചാല്‍ പുണ്യാളാ, നിന്റെ കുന്തം ഞാന്‍ സ്വര്‍ണമാക്കും.'
ചായയുടെ കറയും പഴംപൊരിയുടെ എണ്ണച്ചൂരും പറ്റിപ്പിടിച്ചു പുതുഭാവമേറ്റ തോര്‍ത്തുമുണ്ടുകൊണ്ടു കടയിലെ കര്‍ത്താവിന്റെ രൂപമൊന്നു തുടച്ച്, അതിനു പിന്നിലേക്കു ലോട്ടറി തിരുകിവയ്ക്കുമ്പോഴും വര്‍ഗീസ് ഉള്ളില്‍ പറഞ്ഞു.
'കര്‍ത്താവേ, കാത്തോളണേ!'
പിറ്റേന്നും വര്‍ഗീസ് ചൂടന്‍ ചായ ഉയരത്തിലടിക്കുന്നതു തുടര്‍ന്നു; ഉയര്‍ന്നുവീഴുന്ന ചായയുടെ പശ്ചാത്തലത്തിലൂടെ പുണ്യാളനിലേക്കു കണ്ണെറിയുന്നതും...
നാളുകള്‍ക്കുശേഷം സൈക്കിളില്‍ പാഞ്ഞെത്തിയ അന്തോണി ബംപറടിച്ചെന്നു പറഞ്ഞതും വര്‍ഗീസിന്റെ നോട്ടം പോയതു പുണ്യാളന്റെ കുന്തത്തിലേക്ക്.
ഏറെനേരം അതിലേക്കു നോക്കി നിന്നു. കണ്ണെടുക്കാതെതന്നെ വര്‍ഗീസ് പറഞ്ഞൊപ്പിച്ചു:
'അല്ലെങ്കിലും ഒരു കുന്തത്തിലെന്തിരിക്കുന്നു?
അതു സ്വര്‍ണമായാലും ഇരുമ്പായാലും പുണ്യാളന് പാമ്പിനെ കൊന്നാപ്പോരേ?!'
ഉടന്‍ പണം
പണത്തില്‍ കേന്ദ്രീകരിക്കപ്പെട്ട ജീവിതക്രമത്തിലേക്ക്, ചില വേള ലാഭത്തിനെന്നോണം ദൈവത്തെയും ചേര്‍ത്തുനിര്‍ത്തുകയും തരംപോലെ മാറ്റിനിര്‍ത്തുകയും ചെയ്യുന്ന പ്രവണതയ്ക്കുനേരേ ചാട്ടവാറുയര്‍ത്തുന്ന ക്രിസ്തു, എല്ലാക്കാലത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സൂക്ഷ്മവായനകളിലും വിശകലനങ്ങളിലും ആ ചാട്ടവാറടി ചെറുതായെങ്കിലുമേറ്റവരുമേറെ.
പഞ്ച് ഡയലോഗുകളും അത്യാവശ്യം ആക്ഷനുകളുമുള്ള ദേവാലയശുദ്ധീകരണം ചെറുപ്പത്തില്‍ ബൈബിള്‍ ദൃശ്യാവതരണ, തെരുവുനാടകമത്സരങ്ങളില്‍ വിഷയമാക്കാന്‍ ആവേശം കൂടുതലായിരുന്നു.
ചാട്ടവാറെടുക്കുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള പുതുകാലചര്‍ച്ചകളില്‍ 'തരംപോലെ' എന്ന പ്രവണത പ്രകടമെന്നു പരിഭവിക്കുന്നവരുമുണ്ട്. ക്രിസ്തീയ സ്വാതന്ത്ര്യത്തില്‍ ഉള്‍ച്ചേര്‍ന്ന ഉദാരസമീപനങ്ങളുടെ ആനുകൂല്യവും ആഘോഷവും ഇപ്പോഴും എപ്പോഴും സമൃദ്ധമാണ്.
പണാഭിമുഖ്യങ്ങളിലേക്ക് ക്രിസ്തുവിനെയോ ക്രിസ്ത്വാഭിമുഖ്യങ്ങളിലേക്കു പണത്തെയോ ലയിപ്പിക്കാന്‍ നൈപുണ്യം പ്രകടമാക്കുന്നവരോട് ഇന്നത്തെ സുവിശേഷം കലഹിക്കുന്നുണ്ട്. കച്ചവടത്തിനിരിക്കുമ്പോള്‍ മാത്രമല്ല, എന്റര്‍ടെയ്ന്‍മെന്റിനിരിക്കുമ്പോഴും കിട്ടേണ്ടത് 'ഉടന്‍ പണം'കൂടിയാണെന്നു കുട്ടികളും ഏറ്റുപാടുന്ന കാലം.
ശുദ്ധീകരണപ്രക്രിയയിലെ ചാട്ടവാറുകള്‍ ആരെയെല്ലാം തേടുന്നു?
ക്രിസ്തു ദേവാലയം
തന്റെ ശരീരമാകുന്ന ആലയത്തെക്കുറിച്ച്(2.21) കൃത്യമായി സൂചിപ്പിക്കുന്ന ക്രിസ്തു അതിലേക്കു കച്ചവടവും ദുഷ്പ്രവണതകളും കയറിവരരുതെന്നു ശക്തമായി ഓര്‍മിപ്പിക്കുന്നു. തന്നെ അയച്ചവനെക്കുറിച്ച്, നിയോഗത്തെക്കുറിച്ച്, അതിന്റെ പൂര്‍ത്തീകരണത്തെക്കുറിച്ച് തെളിമയുള്ള കാഴ്ചപ്പാടുകള്‍ ക്രിസ്തുവിന്റെ വാക്കുകളിലുണ്ട്. സ്വയം നഷ്ടമാകുകയും അപരനു നേട്ടമുണ്ടാവുകയും ചെയ്യുന്ന തന്റെ നിയോഗവഴികളോടു പൊരുത്തപ്പെടാത്ത പ്രവണതകള്‍ ക്രിസ്തുവിനു സ്വീകാര്യമല്ല.
ക്രിസ്തു ആര്‍ക്കെങ്കിലും കച്ചവടച്ചരക്കാകുന്നുണ്ടോ? ഏതര്‍ഥത്തിലും അവനെ, അവന്റെ വാക്കുകളെ വിറ്റു കച്ചവടം ചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍ ആലയത്തില്‍ നിന്നും അതിനാല്‍ത്തന്നെ ക്രിസ്തുവില്‍നിന്നും പുറത്താകേണ്ടവരാണ്. ജീവിതപരിസരങ്ങള്‍ ഉരുക്കിവാര്‍ത്ത് ഉള്ളില്‍ നിക്ഷേപിച്ച സുവിശേഷേതര ആശയങ്ങളുടെ ആവിഷ്‌കാരത്തിനായി ക്രിസ്തുവിനെ വളച്ചൊടിച്ചു വിളമ്പുന്നതിലും കച്ചവടമനസല്ലാതെ മറ്റെന്ത്?
'എന്റെ ഇഷ്ടത്തിന് ക്രിസ്തു' എന്നതില്‍നിന്ന് 'ക്രിസ്തുവിന്റെ ഇഷ്ടത്തിനു ഞാന്‍' എന്നതിലേക്കുള്ള ദൂരമാണ് സുവിശേഷം. മറിയം അതായിരുന്നല്ലോ. 'നിന്റെ ഇഷ്ടം എന്നില്‍ നിറവേറട്ടെ'യന്നായിരുന്നു മരിയമൊഴി.
ക്രിസ്തുവിന്റെ ഇഷ്ടത്തിലേക്കു ഞാനൊന്നു പരുവപ്പെട്ടെങ്കില്‍!
ആലയത്തോടുള്ള തീക്ഷ്ണത
'അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു' എന്ന സങ്കീര്‍ത്തകന്റെ വരികള്‍ (69.9) ക്രിസ്തുവിനൊപ്പമുള്ള ശിഷ്യന്മാര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. 'അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം എന്റെമേല്‍ നിപതിച്ചു' എന്ന അടുത്ത വരിയിലും ആലയത്തോടും അയച്ചവനോടുമുള്ള തീക്ഷ്ണതയുടെ ആഴം വായിച്ചെടുക്കാം.
സൈന്യങ്ങളുടെ കര്‍ത്താവിന്റെ ആലയത്തില്‍ ഒരു വ്യാപാരിയും ഉണ്ടായിരിക്കുകയില്ല (സഖറിയ. 14.21) എന്ന പഴയനിയമപശ്ചാത്തലത്തിലും ദേവാലയവിശുദ്ധിയെ വരച്ചിടുന്നു.
കാളയും ആടും പ്രാവും വില്‍ക്കുന്നവര്‍, നാണയം മാറ്റിക്കൊടുക്കുന്നവര്‍ എന്നിവരെല്ലാം അനിവാര്യമായ ക്രിസ്തുവിന്റെ കലിപ്പിന് ഇരകളാകുന്നുണ്ട്. കാലങ്ങള്‍ക്കിപ്പുറവും എന്റെ പിതാവിന്റെ ആലയം കച്ചവടസ്ഥലമാക്കരുതെന്ന (2.16) പഞ്ച് ഡയലോഗ് നമ്മുടെ പള്ളിപ്പരിസരങ്ങളില്‍ മുഴങ്ങുന്നുണ്ടാവണം.
'നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്, നിന്റെ ചെരുപ്പുകള്‍ അഴിച്ചുമാറ്റുക' (പുറ. 3) എന്ന പഴയനിയമ വാക്യം, തിളങ്ങുന്ന ടൈല്‍ വരിച്ച വലിയ ദേവാലയകവാടങ്ങളില്‍ എഴുതിവച്ച നമ്മള്‍, എന്തുകൊണ്ടാണു 'ദേവാലയം കച്ചവടസ്ഥലമാക്കരുതെ'ന്ന പുതിയനിയമ വചനം എഴുതിവയ്ക്കാന്‍ മറക്കുന്നത്? എഴുതിവച്ചില്ലെങ്കിലും ആ പഞ്ച് ഡയലോഗ് നമ്മുടെ പള്ളിപ്പരിസരങ്ങളില്‍ മുഴങ്ങുന്നതു കാതോര്‍ത്താല്‍ കേള്‍ക്കാം.
ശുദ്ധീകരിക്കപ്പെടേണ്ട അകം
അപരന്റെ അരുതുകളെ നോക്കി അവിടെ ക്രിസ്തു ചാട്ടവാറുമായി വരുമെന്നും സിനിമ സ്‌റ്റൈലില്‍ അടിച്ചു പുറത്താക്കുമെന്നുമൊക്കെ പറയുന്നതില്‍ നല്ല ആവേശമൊക്കെയുണ്ട്. അപരനിലേക്കു വാക്കുകളുടെ ചാട്ടയെറിയും മുമ്പ് നമ്മുടെ അകം പരിശോധിക്കാം. അകം വൃത്തിയായാലേ പുറത്തേക്കു വിളമ്പുന്നതില്‍ ജീവനുണ്ടാകൂ. ദേവാലയത്തിന്റെ അകം വെടിപ്പാക്കുന്ന ക്രിസ്തു നമ്മുടെ അകങ്ങളിലെ അരുതുകള്‍ക്കു നേരേയും ചാട്ടവാറെടുക്കില്ലേ?
നമ്മുടെ അകം ശുദ്ധീകരിക്കപ്പെട്ടതാണോ? അതോ ഒരു ശുദ്ധീകരണപ്രക്രിയയ്ക്കായി അകമൊന്നു തുറന്നുകൊടുക്കേണ്ടതാണോ? അപരനു നേരേ കൈചൂണ്ടുംമുമ്പ് എന്റെ അകം ശുദ്ധിയാക്കാന്‍ എനിക്കായെങ്കില്‍!
അധികാരത്തിന്റെ
അടയാളം
ആലയം ക്രിസ്തുവാകുമ്പോള്‍ ആലയത്തിലെ അരുതുകളോടു ക്രിസ്തു അരുതെന്നു പറയും. ദേവാലയത്തില്‍ ചാട്ടവാറെടുക്കാനും അരുതുകളെ അടിച്ചോടിക്കാനുമുള്ള അധികാരത്തെക്കുറിച്ചും ആ അധികാരത്തിന്റെ അടയാളത്തെക്കുറിച്ചുമുള്ള (2.18) യഹൂദരുടെ ചോദ്യം സുവിശേഷത്തില്‍ കാണുന്നുണ്ട്. സംഭവിക്കാനിരിക്കുന്ന മരണവും ഉത്ഥാനവുമെന്ന മഹത്തായ അടയാളമാണ് ക്രിസ്തുവിനു പങ്കുവയ്ക്കാനുള്ളത്.
അധികാരത്തിന്റെ ഉദാത്തമായ പ്രകാശനം സ്വയം ശൂന്യമാകുന്നിടത്തും, ഇല്ലാതാകുന്നിടത്തുമാണെന്നു പഠിപ്പിക്കുകയാണ് ക്രിസ്തു. ആയുധമേന്തുന്നതും വെട്ടിപ്പിടിക്കുന്നതും സ്വന്തമാക്കുന്നതും ഭീതിപ്പെടുത്തുന്നതും വരച്ച വരയില്‍ നിര്‍ത്തുന്നതുമെല്ലാമാണ് അധികാരത്തിന്റെ അടയാളങ്ങളെന്നു നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരാണ്?
രാജത്വത്തിരുനാളിലേക്കാണു വരുംദിനങ്ങളില്‍ നമ്മുടെ സഞ്ചാരം. കുരിശായിരുന്നു ക്രിസ്തുവിന്റെ ഏറ്റവും വലിയ അധികാരാലങ്കാരം. തലപ്പൊക്കമുള്ള കസേരയും ചുറ്റും ഉപജാപകവൃന്ദങ്ങളും ആര്‍ഭാടപ്പെരുമയും കുതന്ത്രപാടവവുമൊക്കെ അധികാരത്തിന്റെ തൊങ്ങലുകളായി ആസ്വദിക്കുന്നവര്‍ക്ക് ഇണങ്ങാത്തതും വഴങ്ങാത്തതും ക്രിസ്തു മാത്രമായിരിക്കും.