ഹാര്‍ട്ടറ്റാക്കുണ്ടാകുന്നവരില്‍ 90 ശതമാനം രോഗികളും തീവ്രപരിചരണവിഭാഗത്തില്‍ എത്തുമ്പോഴാണ് തങ്ങള്‍ക്കുണ്ടായ രോഗാവസ്ഥയുടെ കാഠിന്യത്തെയും സങ്കീര്‍ണതകളെയുംപറ്റി ചിന്തിക്കുന്നത്. ലോകത്താകമാനം ഏകദേശം ഒന്നരലക്ഷം പേരാണ് പ്രതിദിനം മരണപ്പെടുന്നതെന്നതാണ് കണക്ക്. ഇതില്‍ ഏറ്റവുമധികം ആള്‍ക്കാര്‍ മരിക്കുന്നതു ഹൃദയധമനീരോഗങ്ങള്‍ കൊണ്ടുതന്നെ (48,742).
ഹൃദ്രോഗസാധ്യതയും അതേത്തുടര്‍ന്നുള്ള മരണവും നിയന്ത്രിക്കാന്‍ ഏറ്റവും മെച്ചം പ്രതിരോധമാര്‍ഗ്ഗങ്ങളോ ചികിത്സാപദ്ധതികളോ എന്നതിനെപ്പറ്റി ചര്‍ച്ചകളും പഠനങ്ങളും തുടങ്ങിയിട്ട് ദശകങ്ങളായി.
1975 നും 2000 നുമിടയ്ക്കു നടന്ന പല നിരീക്ഷണങ്ങളിലും അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടത്, കര്‍ശനമായി ജീവിതശൈലി ക്രമപ്പെടുത്തുന്നതിലൂടെയും ആപത്ഘടകങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നതിലൂടെയും 51 ശതമാനവും വിവിധ ചികിത്സാരീതികളിലൂടെ 40 ശതമാനവും ഹൃദ്രോഗാനന്തരമരണസംഖ്യ കുറയ്ക്കുവാന്‍ സാധിച്ചു എന്നതാണ്. ഫിന്‍ലണ്ടില്‍ നടന്ന ഒരു പഠനത്തില്‍ ഹൃദ്രോഗാനന്തരമരണസംഖ്യ 76 ശതമാനത്തോളം കുറയ്ക്കുവാന്‍ സാധിച്ചത് അപകടഘടകങ്ങളുടെ സമയോചിതമായ നിയന്ത്രണം കൊണ്ടു മാത്രമാണെന്നു കണ്ടെത്തി.
ഹാര്‍ട്ടറ്റാക്കും പെട്ടെന്നുള്ള മരണവും 40-50 ശതമാനത്തോളം സംഭവിക്കുന്നത് നേരത്തേ രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരിലാണെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലാത്തവരെയും ഹൃദ്രോഗസാധ്യതയുള്ളവരെയും നേരത്തേതന്നെ കണ്ടുപിടിച്ച് പ്രാഥമികനടപടികള്‍ (പ്രൈമറി പ്രിവന്‍ഷന്‍) നടത്തുക തികച്ചും അന്വര്‍ത്ഥമാണ്. അതിനു പ്രധാനമായി അഞ്ചു കാരണങ്ങളാണുള്ളത്.
1. അനേകരെ കൊന്നൊടുക്കുന്ന സര്‍വ്വസാധാരണവും ഭീതിദവുമായ ഒരു രോഗമായി ഹൃദ്രോഗം മാറിക്കഴിഞ്ഞു.
2. സമുചിതവും കര്‍ക്കശവുമായ ജീവിതഭക്ഷണക്രമീകരണങ്ങള്‍കൊണ്ടും കൃത്യവും സ്ഥിരവുമായ വ്യായാമമുറകള്‍കൊണ്ടും നിയന്ത്രണവിധേയമാക്കാവുന്നതാണ് ഈ രോഗം.
3. രോഗം വന്നുപെട്ടാല്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘകാലമെടുക്കും.
4. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഹാര്‍ട്ടറ്റാക്കോ പെട്ടെന്നുള്ള മരണമോ സംഭവിക്കാനുള്ള കാലയളവ് ഹ്രസ്വമാണ്.
5. ധമനികളില്‍ ബ്ലോക്കുണ്ടാകുന്ന പൊതുവായ ജരിതാവസ്ഥ ഗുരുതരമായാല്‍ ശാശ്വതപരിഹാരമില്ല.
രോഗതീവ്രതയുള്ള ചെറിയ ശതമാനം ആള്‍ക്കാര്‍ക്ക് വളരെ ചെലവേറിയ ചികിത്സ നല്‍കുന്ന സമ്പ്രദായമാണ് ഇന്നു പ്രബലമായട്ടുള്ളത്. രോഗാതുരതയിലേക്കു വലിച്ചിഴയ്ക്കുന്ന ആപത്ഘടകങ്ങളെ കാലേകൂട്ടി തിരിച്ചറിഞ്ഞ് അവയെ പിടിയിലൊതുക്കാനുള്ള ക്രിയാത്മകവും ചെലവു കുറഞ്ഞതുമായ പ്രതിരോധനടപടികള്‍ സ്വീകരിക്കുന്ന പ്രവണത ഇന്ന് നന്നേ കുറവാണെന്നു പറയേണ്ടിയിരിക്കുന്നു. അതിനു തുനിയുന്ന ഭിഷഗ്വരന്മാരും വിരളം. ആന്‍ജിയോപ്ലാസ്റ്റിയും ബൈപ്പാസ് സര്‍ജറിയുമെല്ലാം ഗുരുതരമായ രോഗാവസ്ഥയ്ക്കുള്ള ചികിത്സ മാത്രമാണ്. ഈ രണ്ടു ചികിത്സാവിധികളും രോഗംവന്ന കൊറോണറിധമനികള്‍ പരിപോഷിപ്പിക്കുന്ന ഹൃദയപേശികളെ പ്രവര്‍ത്തനയോഗ്യമാക്കുകയാണു ചെയ്യുന്നത്. രോഗിയില്‍ രൂഢമൂലമായിരിക്കുന്ന സമൂലമായ രോഗത്തിനുള്ള ശാശ്വതപരിഹാരമല്ല ഇവയെന്ന് ഓര്‍ക്കണം. ഇന്നു ഹൃദ്രോഗചികിത്സാരംഗത്തുള്ള ചികിത്സ നടത്തുന്നത് 90 ശതമാനവും രോഗം മൂര്‍ച്ഛിച്ചതിനുശേഷമുള്ളതാണ്.
ഓരോ വ്യക്തിയിലെയും അപകടസാധ്യത അടിസ്ഥാനപരമായി വിലയിരുത്തുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാര്‍ഗ്ഗരേഖകളില്‍ എല്ലാംതന്നെ പ്രായം, ലിംഗം, പ്രഷര്‍, പുകവലി, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, പല നൂതന ആപത്ഘടകങ്ങളും പുതുതായി കണ്ടെത്തിയിട്ടുണ്ട്. സി. റിയാക്ടീവ് പ്രോട്ടീന്‍, പാരമ്പര്യപ്രവണത, മാനസികസംഘര്‍ഷം, ഹീമോഗ്ലോബിന്‍ എ വണ്‍ സി ഇവയെല്ലാം ഓരോ തരത്തില്‍ ഹൃദ്രോഗസാധ്യതയെ ഉദ്ദീപിപ്പിക്കുന്നു.
അപകടഘടകങ്ങളുടെ പ്രസക്തി വിലയിരുത്താന്‍ ആദ്യമായി സംവിധാനം ചെയ്യപ്പെട്ട പഠനം 'ഫ്രാമിങ്ങാം ഹാര്‍ട്ട് സ്റ്റഡി' യാണ്. 1948 ലാണ് ഈ പഠനമാരംഭിച്ചത്. 52 രാജ്യങ്ങളില്‍ നിന്നായി 27000 ആള്‍ക്കാരെ ഉള്‍പ്പെടുത്തി നടത്തിയ അതിബൃഹത്തായ മറ്റൊരു പഠനത്തില്‍ (ഇന്റര്‍ഹാര്‍ട്ട്) ഒന്‍പത് ആപത്ഘടകങ്ങളുടെ (പുകവലി, രക്താതിമര്‍ദ്ദം, പ്രമേഹം, ദുര്‍മേദസ്, വ്യായാമക്കുറവ്, ഭക്ഷണശൈലി, കൊളസ്‌ട്രോള്‍, മദ്യം, സ്‌ട്രെസ്) അതിപ്രസരം 90 ശതമാനത്തോളം ഹൃദ്രോഗമുണ്ടാക്കുവാന്‍ ഹേതുവാകുന്നുവെന്നു തെളിഞ്ഞു. ആപത്ഘടകങ്ങളില്‍ ഏറ്റവും ശക്തമായ പാരമ്പര്യപ്രവണത നിയന്ത്രണാതീതമായി നിലകൊള്ളുന്നു. മറ്റ് ആപത്ഘടകങ്ങളെ സമയോചിതമായി നിയന്ത്രണവിധേയമാക്കുകവഴി 30 ശതമാനം വരെ ഹൃദ്രോഗം നിയന്ത്രിക്കാം.
കൊവിഡ്-19 വ്യാപനകാലത്ത് മരണപ്പെട്ടവരില്‍ നല്ലൊരു ശതമാനം അമിതരക്തസമ്മര്‍ദ്ദമുള്ളവരാണ്. അമിതരക്തസമ്മര്‍ദ്ദം സമുചിതമായി നിയന്ത്രിക്കപ്പെടാതെപോയാല്‍ അത് ഹാര്‍ട്ടറ്റാക്ക്, ഹൃദയപരാജയം, സ്‌ട്രോക്ക്, വൃക്കപരാജയം, അന്ധത, മറവിരോഗം തുടങ്ങിയ അവസ്ഥകളിലേക്കു രോഗിയെ വലിച്ചിഴയ്ക്കുന്നു. പ്രഷര്‍ചികിത്സയ്ക്കായി വിപണിയില്‍ നിരവധി മരുന്നുകള്‍ ലഭ്യമാണെങ്കിലും സമുചിതമായ പ്രതിരോധമാര്‍ഗ്ഗങ്ങളിലൂടെ ഈ 'നിശ്ശബ്ദ കൊലയാളി'യുടെ പിടിവിട്ടു നില്‍ക്കുന്നതുതന്നെ ഉചിതം. അതിനായി സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍.
1. സമീകൃതാഹാരം കഴിക്കുക. കറിയുപ്പ് കുറഞ്ഞ, ഇന്തുപ്പ് കൂടുതലുള്ള ഭക്ഷണമുറകള്‍ക്കു പ്രാമുഖ്യം കൊടുക്കുക.
2. കൃത്യവും ഊര്‍ജ്ജസ്വലവുമായ എയ്‌റോബിക് വ്യായാമമുറകള്‍ പരിശീലിക്കുക (നടത്തം, ജോഗിങ്, സൈക്ലിംഗ്, നീന്തല്‍, ഡാന്‍സിംഗ്) ദിവസേന കുറഞ്ഞത് 30-45 മിനിട്ട് വ്യായാമം ആഴ്ചയില്‍ ആറു ദിവസമെങ്കിലും ചെയ്യുക.
3. ശരീരഭാരം സന്തുലിതമാക്കുക. ബി.എം.ഐ. 25 ല്‍ താഴെ നിലനിര്‍ത്തണം. 25 ല്‍ കൂടിയാല്‍ അമിതഭാരവും 30 ല്‍ കൂടിയാല്‍ അപകടകരമായ ദുര്‍മേദസുമായി. പൊക്കവും ഭാരവും തമ്മിലുള്ള അനുപാതമാണ് ബോഡി-മാസ് ഇന്‍ഡക്‌സ്.
4. മദ്യപാനം പ്രഷര്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.
5. പുകവലിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കുതിച്ചുകയറുന്നു.
6. സ്‌ട്രെസ് നിയന്ത്രിക്കപ്പെടാതിരുന്നാല്‍ സ്ഥിരമായ അമിതരക്തസമ്മര്‍ദ്ദമാണ് ഫലം. സ്‌ട്രെസ് മാനജ്‌മെന്റ് തെറാപ്പി വളരെ പ്രധാനം. ദിവസേന 7-8 മണിക്കൂര്‍ ഉറങ്ങണം. ഉറക്കക്കുറവ് പ്രഷര്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണമാണ്.
പ്രമേഹവും അമിതരക്തസമ്മര്‍ദ്ദവും മിക്കപ്പോഴും ഒരുമിച്ച് സഹവസിക്കുന്നു. പഞ്ചസാരയെ വെളുത്ത വിഷമെന്നാണു വിളിക്കുക. പഞ്ചസാരയും മധുരപലഹാരങ്ങളും അന്നജവുമടങ്ങിയ ആഹാരപദാര്‍ത്ഥങ്ങളും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവു വര്‍ദ്ധിപ്പിക്കുന്നതിനു കാരണമാകുന്നു. പ്രമേഹരോഗികളില്‍ ജനിതകമായ പ്രവണത മുന്‍പന്തിയില്‍ നില്ക്കുന്നു. കൃത്യമായി വ്യായാമം ചെയ്യുക, ഫൈബറടങ്ങുന്ന ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, സ്‌ട്രെസും മാനസികസംഘര്‍ഷവും നിയന്ത്രിക്കുക, ചിട്ടയായ ജീവിതശൈലി അവലംബിക്കുക തുടങ്ങിയവയെല്ലാം പ്രമേഹനിയന്ത്രണത്തിന്റെ നെടുംതൂണുകളായി നിലകൊള്ളുന്നു.
മയമുള്ള മെഴുകിന്റെ രൂപഘടനയുള്ള കൊളസ്‌ട്രോള്‍ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഒഴിച്ചൂകൂടാന്‍ പാടില്ലാത്ത ഒന്നാണ്. എന്നാല്‍, അധികമായാല്‍ അതു വില്ലനായി മാറും. കൊളസ്‌ട്രോളിന്റെ ഉപഘടകമായ സാന്ദ്രത കുറഞ്ഞ എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ ഒരു ശതമാനം കൂടുമ്പോള്‍ ഹൃദ്രോഗസാധ്യത മൂന്നു ശതമാനം വര്‍ദ്ധിക്കുന്നു. അതുകൊണ്ടുതന്നെ ഹൃദ്രോഗമുണ്ടാകാതിരിക്കാനും എല്‍.ഡി.എല്‍.ന്റെ തോത് കര്‍ശനമായി കുറച്ചിരിക്കണം. ഹാര്‍ട്ടറ്റാക്ക് കഴിഞ്ഞവര്‍ക്ക് 55 മില്ലിഗ്രാം ശതമാനത്തില്‍ കുറഞ്ഞിരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ സൂചിപ്പിക്കുന്നത്. ഇനി ഹൃദ്രോഗസാധ്യത കുറച്ചാല്‍ അത് നൂറില്‍ താഴെയായിരിക്കുകയും വേണം.
കൊളസ്‌ട്രോള്‍ രക്തത്തില്‍ കുറയ്‌ക്കേണ്ടത് എങ്ങനെയെന്നതിനെപ്പറ്റി പല ദുരൂഹതകളുമുണ്ട്. തീര്‍ച്ചയായും സര്‍വ്വശക്തനായ സ്റ്റാറ്റിന്‍മരുന്നുകള്‍ നെടുംതുണുകളായി നില്പുണ്ട്. എന്നാല്‍, ഔഷധങ്ങള്‍ കൂടാതെയുള്ള നിയന്ത്രണംതന്നെ നന്ന്. പൂരിതകൊഴുപ്പും ട്രാന്‍സ്ഫാറ്റുകളും കുറച്ച്, പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമടങ്ങുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി കഴിച്ച്, ഫൈബറടങ്ങുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ക്കു പ്രാധാന്യം കൊടുത്ത്, കൃത്യമായി വ്യായാമം ചെയ്ത് ശരീരത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുവാന്‍ സാധിക്കും. പാരമ്പര്യപ്രവണതകള്‍മൂലം വര്‍ദ്ധിച്ച കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് മിക്കപ്പോഴും ഔഷധങ്ങളെ അഭയംപ്രാപിക്കേണ്ടി വരും. ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുകവലി വേണ്ട. ഒമേഗ 3 ഫാറ്റി അമ്ലങ്ങള്‍ അടങ്ങുന്ന കടല്‍മത്സ്യം ഏറെ പ്രയോജനം ചെയ്യും.
ഹൃദ്രോഗം, പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, വര്‍ദ്ധിച്ച കൊളസ്‌ട്രോള്‍ എന്നീ രോഗാവസ്ഥകള്‍ക്ക് ജനിതകമായ പ്രവണത ഏറെ സ്വാധീനം ചെലുത്തുന്നു. പാരമ്പര്യസഹജമായ പ്രവണതകള്‍ ചികിത്സിച്ചുമാറ്റാന്‍ സാധിക്കുകയില്ലെങ്കിലും കര്‍ശനമായി മറ്റ് ആപത്ഘടകങ്ങള്‍ ക്രമീകരിക്കുന്നതിലൂടെ അവയ്ക്കും ജനിതകമാറ്റം സംഭവിക്കാമെന്നും അതുവഴി രോഗത്തിന്റെ രൂക്ഷത കുറയ്ക്കാമെന്നും പുതിയ ജനിതകപഠനങ്ങള്‍ തെളിയിക്കുന്നു. അച്ഛന് 55 വയസ്സിനു താഴെയും അമ്മയ്ക്ക് 60 വയസ്സിനു താഴെയും ഹാര്‍ട്ടറ്റാക്കുണ്ടായാല്‍ മക്കള്‍ക്ക് അതുണ്ടാകാനുള്ള സാധ്യത ഏറി നില്‍ക്കുന്നു. ഇക്കൂട്ടര്‍ രോഗസാധ്യതയെ ചെറുക്കേണ്ടത് മറ്റ് ആപത്ഘടകങ്ങള്‍ കര്‍ശനമായി നിയന്ത്രിച്ചും കൃത്യമായി വ്യായാമങ്ങളിലേര്‍പ്പെട്ടുമാണ്. എന്നാല്‍ ഇതര ജനിതകഹൃദ്രോഗാവസ്ഥകളായ ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോ മയോപ്പതി, ലോങ്ക്യുറ്റി സിന്‍ഡ്രോം, ഫമീലിയന്‍ ഹൈപ്പര്‍ കൊളസ്റ്ററോളേമിയ തുടങ്ങിയവ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ക്ക് വഴിപ്പെടാതെ നില്‍ക്കുന്നു.
(ലേഖകന്‍ എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ്.)