2020 ഒക്‌ടോബര്‍ 3. അന്ന് വക്കീലിന്റെ 69-ാം ജന്മദിനമായിരുന്നു. ഗാന്ധിജി ജനിച്ചതിന്റെ പിറ്റേദിവസമാണ് താന്‍ ജനിച്ചതെന്ന് അദ്ദേഹം അഭിമാനപൂര്‍വ്വം പറയാറുണ്ട്. അന്നു രാവിലെ എട്ടുമണിയായിട്ടുണ്ടാവും, അദ്ദേഹത്തിന്റെ കൊച്ചുമകള്‍ (ഇളയമകന്റെ മകള്‍) ഭാവയെന്ന നാലരവയസ്സുകാരി മെല്ലെ അടുത്തുകൂടി മുട്ടിമുട്ടി നടന്നു. അവള്‍ക്കെന്തോ പറയാനുണ്ടെന്ന് അദ്ദേഹത്തിനു മനസ്സിലായി. ഒന്നും മനസ്സിലായില്ലെന്നമട്ടില്‍ അദ്ദേഹം അവളുടെ മുഖത്തേക്കു നോക്കിയിരുന്നു. കാര്യമെന്താണെന്നു തിരക്കാന്‍ അപ്പൂപ്പനു യാതൊരുദ്ദേശ്യവുമില്ലെന്നു ബോദ്ധ്യമായ ഭാവ നീട്ടിവിളിച്ചു,
''അപ്പൂപ്പാ...''
''എന്താ മോളേ...''
''ഇന്ന് അപ്പൂപ്പന്റെ ഹാപ്പി ബര്‍ത്ത്‌ഡേയല്ലേ?''
''അതെ.''
''എന്നിട്ടെന്താ അപ്പൂപ്പന്‍ കേക്കൊന്നും മേടിക്കാത്തത്? എന്റെയും ആഡ്യന്റെയും (അവളുടെ അനുജന്‍) ബര്‍ത്ത് ഡേക്ക് അപ്പൂപ്പന്‍ കേക്കൊക്കെ മേടിച്ച്, മെഴുകുതിരിയൊക്കെ കത്തിച്ചുവച്ച് ഞങ്ങളെക്കൊണ്ട് മുറിപ്പിച്ച് ഹാപ്പി ബര്‍ത്ത്‌ഡേ പാടിയില്ലേ? അപ്പൂപ്പന്റെ ബര്‍ത്ത്‌ഡേക്കെന്താ അതൊന്നുമില്ലാത്തത്?''
''അതേ, അപ്പൂപ്പനു വയസ്സായില്ലേ മോളേ, അപ്പൂപ്പന്മാരുടെ ബര്‍ത്ത്‌ഡേയൊന്നും ആരും ആഘോഷിക്കാറില്ല.''
''അതെന്താ?''
''അതൊക്കെ അങ്ങനെയാണു മോളേ.''
കൊച്ചുമക്കള്‍ വിട്ടില്ല.
''അപ്പൂപ്പാ, ഞാനും ആഡ്യനുംകൂടെ ഞങ്ങടെ അപ്പയോടു പറഞ്ഞിട്ട് നല്ലൊരു കേക്കു മേടിപ്പിക്കും; എന്നിട്ട് പേരപ്പനേം പേരമ്മേനേം സിനിമോള്‍ ചേച്ചിയേം അബുവിനേം (മൂത്തമകന്റെ മക്കള്‍) വരുത്തി കേക്കും മുറിച്ച്, മെഴുകുതിരിയും കത്തിച്ച് ഹാപ്പി ബര്‍ത്ത്‌ഡേ റ്റൂ യൂ അപ്പൂപ്പാ പാടുമല്ലോ.''
''അതൊന്നും വേണ്ട മോളേ, അപ്പൂപ്പനതൊന്നും ഇഷ്ടമല്ല.'' കൊച്ചുമകള്‍ വാക്കുപാലിച്ചു. അപ്പൂപ്പനറിയാതെതന്നെ അവള്‍ അപ്പയെക്കൊണ്ട് നല്ലൊരു കേക്ക് വാങ്ങിപ്പിച്ചു. പേരപ്പനെയും പേരമ്മയെയും അവരുടെ മക്കളെയും ക്ഷണിച്ചു.വൈകുന്നേരം ആഘോഷമായ ഒരു കേക്കുമുറിക്കുള്ള ഏര്‍പ്പാടുകളെല്ലാം ചെയ്തു. അമ്മൂമ്മ കൊച്ചുമകള്‍ക്കു വേണ്ട എല്ലാ ഒത്താശയും ഒതുക്കത്തില്‍ ചെയ്തുകൊടുത്തു. കാരണം, 41 വിവാഹവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നുവരെ ഈ അപ്പൂപ്പന്റെ കൈയില്‍നിന്ന് ഒരു കഷണം കേക്ക് വാങ്ങിക്കഴിക്കാനുള്ള യോഗം അവര്‍ക്കുണ്ടായിട്ടില്ല. പിശുക്കനായതുകൊണ്ടൊന്നുമല്ല. എന്തോ, അങ്ങേരങ്ങനെയാ'' എന്നു പറയാനാണ് അമ്മൂമ്മയ്ക്കിഷ്ടം.
പിറന്നാള്‍ദിവസം ഉച്ചയായപ്പോള്‍ ഇളയമകന്‍ ഒരു കാര്യം ശ്രദ്ധിച്ചു. അപ്പന്റെ മുഖം പതിവുപോലെ പ്രസന്നമല്ല... പറയാനിഷ്ടപ്പെടാത്ത എന്തോ ഒരു വിഷമം അപ്പനെ വേട്ടയാടുന്നതായി അയാള്‍ക്കുതോന്നി. തന്റെ വല്ല സംസാരവും അപ്പനു പിടിക്കാതെയെങ്ങാനും വന്നോ? അതിനു സാദ്ധ്യതയില്ല; കാരണം, കുറെക്കാലമായി താന്‍ വളരെ കരുതലോടെയേ സംസാരിക്കാറുള്ളൂ; നേരത്തേയൊക്കെ ആലോചനയില്ലാതെ എല്ലാവരോടുമെന്നതുപോലെ അപ്പനോട്എന്തും പറയുന്ന ഒരു പ്രകൃതമായിരുന്നു തന്റേത്. അതിന്റെ ചെറിയൊരു നീരസവും അദ്ദേഹത്തിനില്ലാതില്ല. സി.പി.യു. ഇല്ലാത്ത കമ്പ്യൂട്ടറാണെന്നാണ് അപ്പനു തന്നെപ്പറ്റിയള്ള അഭിപ്രായം. കമ്പ്യൂട്ടറിലേക്ക് ഡേറ്റാ ഫീഡ് ചെയ്താല്‍ അതിന്റെ സെന്‍ട്രല്‍ പ്രോസസ്സിങ് യൂണിറ്റ് പ്രോസ്സസ് ചെയ്യുന്നതുപോലെ, ഒരു കാര്യം പറയുന്നതിനുമുമ്പ് രണ്ടുവട്ടം മനസ്സിലിട്ട് പ്രോസ്സസ് ചെയ്തിട്ടേ സംസാരിക്കാവൂ എന്നാണ് അപ്പന്റെ പ്രമാണം. പക്ഷേ, ഈയിടെയായി തന്റെ സി.പി.യു. നല്ല വര്‍ക്കിംഗ് കണ്ടീഷനിലാണല്ലോ എന്ന കാര്യം അയാളോര്‍ത്തു. എന്നാല്‍പ്പിന്നെ എന്തായിരിക്കും പ്രശ്‌നം? എന്തായാലും തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ചേട്ടനോട് - തന്നെക്കാള്‍ നാലു വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും സുഹൃത്തിനെപ്പോലെയാണ് - തന്റെ സംശയം പങ്കുവച്ചു.
കേട്ടപാതി കേള്‍ക്കാത്ത പാതി മൂത്തമകന്‍ പാഞ്ഞെത്തി. പരഹൃദയജ്ഞാനമുള്ളവനാണ്; മനഃശാസ്ത്രജ്ഞന്‍. വന്നപാടേ അദ്ദേഹം അപ്പനെ അടിമുടിയൊന്നു വീക്ഷിച്ചു. പോലീസ് നായ പ്രതിയെ നോക്കുന്നതുപോലെ പതിവില്ലാത്ത, തലചുറ്റിച്ചുള്ള നോട്ടം കണ്ടിട്ട്, തെല്ലൊരസ്വസ്ഥതയോടെ അപ്പന്‍ ചോദിച്ചു: ''എന്താടാ, കീരി പാമ്പിനെ പിടിക്കാന്‍ പോകുന്നതുപോലെ നിന്റെയൊരു വലംവയ്പ്പ്?'' ഒന്നുകൂടി ദൃഷ്ടി തറപ്പിച്ചുനോക്കിയിട്ടു പറഞ്ഞു: ''അല്ല അനിയന്‍ പറഞ്ഞു, അപ്പന് ഉച്ചകഴിഞ്ഞപ്പോള്‍മുതല്‍ ഒരു മൂഡ്ഔട്ടാണെന്ന്.''
''എന്നിട്ട് നിനക്കെന്തു തോന്നുന്നു?''
''ശരിയാ, അവന്‍ പറഞ്ഞതു ശരിയാണെന്നാ എനിക്കും തോന്നുന്നത്, എന്തുപറ്റി? അപ്പന്‍ ഒരു തുറന്ന പുസ്തകമാണെന്നാണല്ലോ ഞങ്ങളോടു പറയാറ്; എന്തുണ്ടെങ്കിലും തുറന്നുപറ.''
''ശരി പറയാം, നീ ഇങ്ങടുത്തിരിക്ക്,'' മകന്‍ അപ്പന്റെ ചാരുകസേരയുടെയടുത്തേക്ക് തന്റെ കസേരയടുപ്പിച്ചിട്ടു. ''അതേ, കേക്ക് മുറിക്കാനുള്ള നിങ്ങടെ ഈ ഉത്സാഹമുണ്ടല്ലോ, അതേക്കുറിച്ചോര്‍ത്തിട്ടാ! ഒന്നു നിറുത്തിയിട്ട് അദ്ദേഹം ആത്മഗതംപോലെ പറഞ്ഞു: ''ഒരു 60 വയസ്സുവരെ ഞാന്‍ പ്രായത്തെപ്പറ്റി ചിന്തിച്ചിട്ടില്ല. അതുവരെ വര്‍ഷങ്ങള്‍ പോകുന്നത് സാവധാനമായിരുന്നു. ഇന്നിപ്പോള്‍ കണ്ണടച്ചു തുറക്കുന്നതുപോലെയാണ്. എട്ടുവര്‍ഷങ്ങള്‍ കടന്നുപോയത് ഞാനറിഞ്ഞതേയില്ല. ഇപ്പോള്‍ ഓരോ വര്‍ഷവും എന്റെ ജീവിതത്തിന്റെ അന്ത്യരംഗങ്ങളെ അടര്‍ത്തിക്കൊണ്ടാണു പറന്നു പോകുന്നത്. 68, 69, 70 എന്നൊന്നും പറയാനോ കേള്‍ക്കാനോ എനിക്കു താത്പര്യമില്ല. നിങ്ങടെയൊക്കെ ഉദ്ദേശ്യം എനിക്കു പിടികിട്ടി, ആഘോഷമായി കേക്കും മുറിച്ച്, ഹാപ്പി ബേര്‍ത്ത്‌ഡേയും പാടി ഈ കൊവിഡ് 19 ന്റെ കൂടെ മംഗളമായി യാത്രയയപ്പു നല്‍കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്? എനിക്കു ബര്‍ത്ത്‌ഡേ ആഘോഷമൊന്നും വേണ്ട. എന്നത്തെയുംപോലെ ഇന്നും. അതു മതി.
''അയ്യോ അപ്പാ ഞങ്ങള്‍ അങ്ങനെയൊന്നും...''
കൊച്ചുമക്കള്‍ അപ്പോഴേക്കും കേക്കു മുറിക്കാന്‍ അപ്പൂപ്പനെ ആഘോഷമായി ആനയിച്ചു കൊണ്ടുപോയി. കത്തിയെടുത്ത് അപ്പൂപ്പന്റെ കൈയില്‍ കൊടുത്തു. കത്തിച്ചുവച്ച മെഴുതിരികള്‍ കെടുത്തി ഓരോന്നു കൈയിലെടുത്ത് അടുക്കി വച്ചു. പെട്ടെന്ന് കത്തിയെടുത്ത് കേക്ക് തലങ്ങും വിലങ്ങും മുറിച്ചു. ആദ്യകഷണം, കേക്ക്, മേടിപ്പിച്ച ഭാവയുടെ വായില്‍ത്തന്നെ തിരുകി. ഒരു കഷണം കേക്ക് ഭാവ അപ്പൂപ്പന്റെ വായിലും കൊടുക്കണമെന്ന് ആസൂത്രണം ചെയ്തിരുന്നെങ്കിലും അപ്പൂപ്പന്റെ മുഖത്തെ രൗദ്രഭാവം കണ്ടിട്ട് ആര്‍ക്കും അതിനു ധൈര്യമുണ്ടായില്ല. ഹാപ്പി ബര്‍ത്ത്‌ഡേ പാടിയത് വളരെ ലോലമായിപ്പോയി. അദ്ദേഹം കേക്ക്മുറി കഴിഞ്ഞ് തിരക്കിട്ടു പോകാനൊരുങ്ങുന്നു. ഭാവ സാവധാനം അടുത്തുചെന്ന് അപ്പൂപ്പന്റെ കാതില്‍ മന്ത്രിച്ചു. അപ്പൂപ്പനെന്താ ആ മെഴുകുതിരിയെടുത്ത മാറ്റിയത്? അദ്ദേഹം എല്ലാവരുടെയും മുഖത്തേക്കു മാറി മാറി നോക്കിയതിനുശേഷം ഗര്‍ജ്ജിച്ചു. ''മെഴുകുതിരി കത്തിക്കാറായില്ല. അതിനിനി ഒരു പത്തിരുപതു കൊല്ലംകൂടിക്കഴിയണം. ഒന്നും മനസ്സിലാകാത്തതുപോലെ ഭാവയും ആഡ്യനും സിനിമോളും അബുവും പരസ്പരം നോക്കി. അവരുടെ മാതാപിതാക്കള്‍ താഴോട്ടും നോക്കി നിന്നു. ചെറിയൊരു മന്ദഹാസം അവരുടെ ചുണ്ടില്‍ വിരിഞ്ഞു.