മലയാളസാഹിത്യത്തില്‍ സക്കറിയയുടെ പേര് എഴുതപ്പെട്ടിട്ട് അര നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. ആദ്യം കൈവച്ചത് കഥാരംഗത്താണ്. കറിയാച്ചന്റെ കഥകള്‍ പൊടി പാറി. ആദ്യകാലകഥാപാത്രങ്ങള്‍ പലരും വായനക്കാരെ ചിരിപ്പിച്ചു മണ്ണുകപ്പിച്ചുവെന്നും പറയാം. എന്നാല്‍, പോള്‍ സക്കറിയ എന്ന കഥാകാരന്‍ എഴുതിയതൊന്നും ചിരിക്കഥകളേ ആയിരുന്നില്ല. ചുറ്റുപാടും കണ്ട കാര്യങ്ങള്‍ക്കുനേരേ നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ചു വിമര്‍ശനത്തിന്റെ കണ്ണാടി തിരിച്ചുവച്ച് എഴുതിയെന്നു മാത്രം. മര്‍മ്മത്തു കുത്തുന്ന കൂര്‍ത്ത പരിഹാസം പഠിക്കുന്ന കാലത്തുതന്നെ കഥാകാരന്റെ കൂടപ്പിറപ്പായിരുന്നുവെന്നതാണു ശരി.
ഒരു വര്‍ഷത്തിന്റെ വ്യത്യാസത്തിലാണ് പോള്‍ സക്കറിയയും ഞാനും പാലാ സെന്റ് തോമസ് കോളജില്‍ പഠിക്കാന്‍ വരുന്നത്. കൃത്യമായി പറഞ്ഞാല്‍ അറുപതു വര്‍ഷം മുമ്പ്. ഞാന്‍ ഡിഗ്രി ക്ലാസില്‍ ഒന്നാം വര്‍ഷമെത്തിയപ്പോഴായിരുന്നു പ്രീയൂണിവേഴ്‌സിറ്റിവിദ്യാര്‍ത്ഥിയായി കറിയാച്ചന്റെ കടന്നുവരവ്. വീട് ഉരുളികുന്നത്തായിരുന്നു. ഒന്നാംതരം കര്‍ഷകകുടുംബമായിരുന്നു മുണ്ടാട്ടുചുണ്ടയില്‍. അമ്മവീട് പാലായില്‍ത്തന്നെ മേനാംപറമ്പില്‍. അമ്മവീടിനും പാലാ കോളജിനുമിടയില്‍ സാക്ഷാല്‍ മീനച്ചിലാറും. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നേരത്തെതന്നെ അറിയാമായിരുന്നതുകൊണ്ടും അമ്മമാര്‍ തമ്മില്‍ അടുത്ത സൗഹൃദമായിരുന്നുവെന്നതുകൊണ്ടും ഞങ്ങളും പെട്ടെന്നുതന്നെ സൗഹൃദത്തിന്റെ പാലം പണിതു. എന്നാല്‍, അതു പിന്നീട് ആഴപ്പെട്ടത് വായനയുടെ ലോകത്താണ്. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍, 'സ്ഥലത്തെ പ്രധാന കൗമാരക്കാര്‍' പതിവായി സന്ധിച്ചിരുന്നത് ആര്‍.വി. പാര്‍ക്കിലും അതിനോടു ചേര്‍ന്നുള്ള മുനിസിപ്പല്‍ ലൈബ്രറിയിലുമായിരുന്നു. ഞങ്ങള്‍ക്കിടയിലെ ഏറ്റവും നല്ല വായനക്കാരന്‍ അന്നും പോള്‍ സക്കറിയ തന്നെ. പുസ്തകങ്ങളെപ്പറ്റി പറയുമ്പോള്‍ അന്നും കറിയാച്ചനു നൂറു നാവാണ്.
അക്കാലത്തു മുനിസിപ്പല്‍ ലൈബ്രറിയില്‍ പ്രധാന ചുമതലക്കാരന്‍ പാലാ രവി എന്ന പി. രവീന്ദ്രന്‍നായരും സഹായി ഞങ്ങളെല്ലാം ഏബ്രഹാംകുഞ്ഞ് എന്നു സ്‌നേഹത്തോടെ വിളിച്ചിരുന്ന ഇ.ഏ. ഏബ്രഹാമും ആയിരുന്നു. രവി പില്‍ക്കാലത്ത് പാലായില്‍ത്തന്നെ മുനിസിപ്പല്‍ കമ്മീഷണറായി. ഏബ്രഹാംകുഞ്ഞ് ചീഫ് ലൈബ്രേറിയനും. വായനക്കാര്യങ്ങളില്‍ അവരിരുവരും ഞങ്ങളുടെ യുവസംഘത്തിനു കാവലാളുകളും മാര്‍ഗ്ഗദര്‍ശികളുമായി. പേള്‍ ബക്കിന്റെ 'നല്ല ഭൂമി' യും 'ആരോഗ്യനികേതന്‍' ഉള്‍പ്പെടെ ഒട്ടേറെ ബംഗാളി നോവലുകളും ഞങ്ങളെക്കൊണ്ട് അവര്‍ വായിപ്പിച്ചു. നാലപ്പാടന്റെ 'രതിസാമ്രാജ്യം' പോലെയുള്ളവ ഞങ്ങള്‍ കാണാതെ മാറ്റിവച്ചു. മാത്യു ജോസഫ് മൂഴയില്‍ എന്ന ബേബിയും ഓമനക്കുട്ടന്‍ എന്ന നാരായണന്‍നായരും തോമസ് പുഞ്ചത്തല എന്ന ബേബിയും പിന്നെ ഗോപാലകൃഷ്ണനും അന്നത്തെ സ്‌പോര്‍ട്‌സ് ചാമ്പ്യനായിരുന്ന പി.ജെ. ആന്റണി എന്ന പാപ്പച്ചനും കെ.ജെ. ജോസ് കിഴക്കേക്കരയും പ്രഫ. പി.കെ. മാണിസാറിന്റെ മകന്‍ പ്രിന്‍സും പിന്നെ ഇടയ്ക്കു ചിലപ്പോഴൊക്കെ അക്കാലത്തെ ഒന്നാന്തരം പന്തുകളിക്കാരനായിരുന്ന ജോയപ്പന്‍ എന്ന ജോയി തോമസും തോസ് ജോസഫ് തൈക്കൂട്ടവും മധു വൈപ്പനയും പ്രഫസര്‍ കെ.എം. ചാണ്ടിസാറിന്റെ മകന്‍ അന്ന് എന്‍ജിനീയറിംഗിനു പഠിച്ചിരുന്ന കെ.സി. തോമസുമെല്ലാം സക്കറിയയ്ക്കും എനിക്കും പുറമേ പാലാ പാര്‍ക്കിലെ സായാഹ്നസംഘത്തിലിരുന്ന് ആകാശത്തിനു താഴെയുള്ള സര്‍വ്വവിഷയങ്ങളും മറകൂടാതെ ചര്‍ച്ച ചെയ്തിരുന്ന ഒരു കാലം! പിന്നെ പാലാപ്പാലത്തില്‍ പോയി നിന്നു മണിക്കൂറുകളോളം കാറ്റു കൊള്ളലും.
ഓരോരുത്തരും പിന്നീട് അവരവരുടെ വഴിയില്‍ തിരിഞ്ഞു. വ്യത്യസ്തസ്ഥലങ്ങളില്‍ കൂടുകൂട്ടി. ചിലര്‍ വിദേശത്തുപോയി. കറിയാച്ചന്‍ പില്‍ക്കാലത്തു പഠിക്കുവാന്‍ പോയത് കര്‍ണാടകത്തിലാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദമൊക്കെയെടുത്തു മടങ്ങി വന്ന് അക്കാലത്ത് പുതുതായി ആരംഭിച്ച കാഞ്ഞിരപ്പള്ളി കോളജില്‍ അധ്യാപകനായെങ്കിലും താമസിയാതെ ഉദ്യോഗംവിട്ട് ഡല്‍ഹിക്കു പോവുകയായിരുന്നു. പലരും പലയിടത്തായി പിരിഞ്ഞെങ്കിലും ഞങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ ചരടു പൊട്ടാതെനിന്നു. അവധിക്കാലത്തും മറ്റും ഞങ്ങള്‍ പാര്‍ക്കിലും ലൈബ്രറിയിലും ഒത്തുകൂടി. അപ്പോഴേക്കും പോള്‍ സ്‌കറിയ മലയാളകഥാസാഹിത്യത്തിലെ സക്കറിയ എന്നറിയപ്പെടുന്ന എഴുത്തുകാരനായി എഴുത്തിന്റെയും വായനയുടെയും ലോകത്തു സ്വന്തം പ്രതിഷ്ഠാസങ്കേതം കണ്ടെത്തിക്കഴിഞ്ഞിരുന്നു.
അന്നും ഇന്നും സക്കറിയയ്ക്കു കാര്യമായ മാറ്റമൊന്നുമില്ല. വിശ്വാസിയാണോ എന്നു ചോദിച്ചാല്‍ കറിയാച്ചന്‍ യുക്തിവാദിയൊന്നുമല്ല എന്നുതന്നെയാണ് എന്റെ ഉത്തരം. പാലാക്കാരനല്ലേ! എന്നാല്‍, മതത്തെയും വിശ്വാസത്തെയുമൊക്കെ ഒരുതരം നിര്‍മ്മമതയോടെ കാണാനുള്ള ഒരു മനസ്സാണ് സക്കറിയയ്ക്ക് അന്നും ഇന്നും. ചുറ്റും കാണുന്ന കാപട്യങ്ങളോടു സന്ധിയില്ല. എവിടെയും ഏതു സദസ്സിലും പറയാനുള്ളതു മയമില്ലാതെയും മറയില്ലാതെയും പറയും. തെറ്റായ പ്രവണതകള്‍ക്കെതിരേയുള്ള അടങ്ങാത്ത ധര്‍മ്മരോഷം അന്നും ഇന്നുമുണ്ട്. അതിന്റെപേരില്‍ വരുന്ന വിമര്‍ശനങ്ങളും എതിര്‍പ്പും ഭീഷണികളുമൊക്കെ ഒരു തനി പാലാക്കാരന്റെ ധൈര്യത്തോടെ നന്നായി ആസ്വദിക്കും.
കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റുകാരെയും ബിജെപി യെയുമെന്നല്ല, ആള്‍ദൈവങ്ങളെയും സക്കറിയ വെറുതേ വിടാറില്ല. എന്നാല്‍ ആത്മീയരോട് അന്ധമായ അകല്‍ച്ചയുമില്ല. ആസാമിലെ ആര്‍ച്ചുബിഷപ് ഡോ. തോമസ് മേനാംപറമ്പില്‍ മാതൃസഹോദരപുത്രനാണ്. തിരുവനന്തപുരം പോത്തന്‍കോട് ആശ്രമത്തിലെ കരുണാകരഗുരുവിന്റെ പ്രിയ മിത്രങ്ങളായിരുന്നല്ലോ ഒ. വി. വിജയനും സക്കറിയയും. ആ വകയില്‍ വന്ന വിമര്‍ശനങ്ങളെ രണ്ടുപേരും ഒട്ടും വകവച്ചതുമില്ല. അവസരവാദികളും അല്പമനസ്സുകളുമായ നേതാക്കളെയും മന്ത്രിമാരെയുമൊക്കെ അവരുടെ പാര്‍ട്ടിവ്യത്യാസമോ മുന്നണിവ്യത്യാസമോ നോക്കാതെ ഇത്ര ഭംഗിയായി പരിഹസിക്കുവാന്‍ കഴിയുന്ന മറ്റൊരു പ്രഭാഷകനും മലയാളത്തില്‍ അഴീക്കോടിനുശേഷം സക്കറിയ അല്ലാതെ ഇന്നു വേറേയില്ല എന്നു പറയാന്‍ ആര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടതുമില്ല. പുരസ്‌കാരങ്ങളുടെ എണ്ണം നോക്കിയാലും അഴീക്കോടു മാസ്റ്റര്‍ കഴിഞ്ഞാല്‍ രണ്ടാമന്‍ സക്കറിയതന്നെ ആവാനേ വഴിയുള്ളൂ. അവാര്‍ഡുകളോട് സക്കറിയയ്ക്ക് അലര്‍ജിയുമില്ല. ഇതിനൊന്നും തനിക്കര്‍ഹതയില്ലെന്നുള്ള അമിതവിനയത്തിന്റെ കാപട്യങ്ങളുമില്ല. മലയാളത്തില്‍ സക്കറിയയെപ്പോലെ ഇത്ര ആത്മവിശ്വാസമുള്ള എഴുത്തുകാരും ഇപ്പോള്‍ വേറേയില്ലല്ലോ.
സക്കറിയ അടിസ്ഥാനപരമായി നോക്കിയാല്‍ കഥാകാരന്‍ തന്നെ. എന്നാല്‍, എഴുതിയ നോവലുകളും ഹിറ്റുകളായി എന്നതാണു ശ്രദ്ധേയം. പിന്നെ ലേഖനസമാഹാരങ്ങള്‍. യാത്രകളും യാത്രാവിവരണങ്ങളും. യാത്രാവിവരണസാഹിത്യകൃതികളിലെല്ലാംതന്നെ എസ്.കെ. പൊറ്റക്കാടിന്റെ സ്വാധീനം പ്രകടമാണ്.
എഴുതിയ കഥകള്‍ക്കും നോവലുകള്‍ക്കും കണക്കില്ല. ലേഖനങ്ങള്‍ക്കും. 1969 കാലത്താണ് സക്കറിയയുടെമേല്‍ സഹൃദയശ്രദ്ധ പതിയുന്നത്. പിന്നെ കഥകളുടെ ഒരു പ്രളയമായിരുന്നു. കുന്ന്, അമ്പാടി, ഒരു നസ്രാണിയുവാവും ഗൗളി ശാസ്ത്രവും, ആര്‍ക്കറിയാം, സലാം അമേരിക്ക, കണ്ണാടി കാണ്‍മോളവും, കന്യാകുമാരിക്കഥകള്‍, സക്കറിയയുടെ യേശു തുടങ്ങിയവയൊക്കെ ശ്രദ്ധിക്കപ്പെട്ടു. നോവലുകളില്‍ ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും, എന്തുണ്ട് വിശേഷം പീലാത്തോസേ, ഇഷ്ടികയും ആശാരിയും, പ്രെയിസ് ദ് ലോര്‍ഡ് ഒക്കെ വായനക്കാര്‍ക്കിടയില്‍ ചിരിയും ചിന്തയുമുണര്‍ത്തി. ലേഖനങ്ങളില്‍ ചിലത് വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടു. ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം? സന്മനസ്സുള്ളവര്‍ക്കു സമാധാനം, മതം, സംസ്‌കാരം, മതമൗലികവാദം, സ്തുതിയായിരിക്കട്ടെ. എല്ലാം അക്കാലത്തു ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയുമായി. സക്കറിയയുടെ സാധാരണസംഭാഷണശൈലിപോലും വളരെ ഹൃദ്യമാണ്. ആകര്‍ഷകവും.
പ്രഭാഷകനെന്ന നിലയിലും സക്കറിയ ജനപ്രിയനാണ്. വേദികളില്‍ വേണമെന്നു വച്ചാല്‍ വാക്കുകള്‍ക്കൊണ്ട് തീ പടര്‍ത്താനും അറിയാം. നര്‍മ്മം കലര്‍ന്ന വിമര്‍ശനവും മര്‍മ്മത്തു കുത്തുന്ന പരിഹാസവുമാണ് സക്കറിയയുടെ പ്രസംഗശൈലി. എന്നാല്‍, കമ്പം എന്നും എഴുത്തിനോടുതന്നെ. എഴുതുന്നതിലും പറയുന്നതിലും മനസ്സു ചേര്‍ത്തു വയ്ക്കുമെന്നതാണ് സക്കറിയായുടെ സവിശേഷത. വിപ്ലവവും പുരോഗമനവുമൊക്കെ വാക്കില്‍ മാത്രമല്ല, ജീവിതത്തിലുമുണ്ട്. എം.എ.യ്ക്കു കൂടെപ്പഠിച്ച പെണ്‍കുട്ടിയോടു പ്രേമം തോന്നിയപ്പോള്‍ ജാതിയോ മതമോ ഭാഷയോ ഒന്നും നോക്കിയില്ല. പറഞ്ഞ വാക്കില്‍ ഉറച്ചുനിന്നു. ആന്ധ്രയിലെ ബ്രാഹ്മണകുടുംബത്തിലെ ലളിത ജീവിതസഖിയായി. അവിടെയും ഇവിടെയും എതിര്‍പ്പുണ്ടായി. സക്കറിയ സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും 'വിധേയന്‍' ആവുകയോ നിലപാടു മാറ്റി പിന്മാറുകയോ ചെയ്തില്ല, ലളിതയും. ഡല്‍ഹിയിലെ ഗാന്ധി മ്യൂസിയത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അന്നു ലളിത. കാലക്രമേണ തിരയടങ്ങി. സര്‍വ്വരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് എല്ലാം ശാന്തമായി. സക്കറിയ ഒരു വിശ്വാസി ആണെങ്കിലും അല്ലെങ്കിലും കറിയാച്ചന് എന്നും ഒരു ദൈവാധീനമുണ്ടായിരുന്നു എന്നു വിശ്വസിക്കുവാനാണ് എനിക്കിഷ്ടം!
എന്റെ ആത്മകഥാംശം കലര്‍ന്ന 'ഡല്‍ഹി ഡയറി' എഴുതിയപ്പോള്‍ അതിന് ഒരു അവതാരിക എഴുതുവാന്‍ ഞാനാവശ്യപ്പെട്ടത് മലയാളസാഹിത്യത്തിലെ നിത്യഹരിതനായകനെന്നു പറയാവുന്ന എന്റെ ആത്മസ്‌നേഹിതന്‍ പോള്‍ സ്‌കറിയ എന്ന സക്കറിയായോടാണ്. ഡല്‍ഹിയെ അതിന്റെ ആത്മാവിലും ശരീരത്തിലും ഇത്രമേല്‍ അടുത്തറിഞ്ഞിട്ടുള്ള മറ്റൊരു മലയാളി ഇല്ലല്ലോ. സ്വന്തം പുസ്തകത്തിന്റെ തിരക്കുകളിലായിരുന്നിട്ടും ഒരാഴ്ചയ്ക്കുള്ളില്‍ സക്കറിയയുടെ അവതാരിക എത്തുകയും ചെയ്തു. പുസ്തകത്തില്‍ ചില തിരുത്തലുകളും നിര്‍ദ്ദേശിച്ചു.
ഇപ്പോള്‍, കേരളത്തിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം എന്റെ പ്രിയ സ്‌നേഹിതനെ തേടിയെത്തിയിരിക്കുന്നു. അതും അദ്ദേഹത്തിന്റെ എഴുത്തിന്റെ ഹരിതകാലത്തുതന്നെ. എഴുത്തച്ഛന്‍ പുരസ്‌കാരം ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പ്രായക്കുറവും സക്കറിയയ്ക്കുതന്നെയാവണം. സമാനതകളില്ലാത്ത ഈ എഴുത്തിന്റെ വസന്തം അവസാനിക്കാതിരിക്കട്ടെ. ജ്ഞാപീഠവും അകലെയൊന്നുമല്ല.
ആയുഷ്മാന്‍ ഭവഃ