•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ജാതിസംവരണത്തിനു ജാതകം കുറിക്കുന്നവര്‍

ണ്ടു നൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ നമ്മെ വിഭജിച്ച്, തമ്മിലടിപ്പിച്ച് ഭരണം നടത്തി. പ്രധാന സമൂഹങ്ങളായ ഹിന്ദുക്കളെയും മുസ്ലീംകളെയും തമ്മിലകറ്റുന്ന നയത്തിന് നിയമപ്രാബല്യം ലഭിച്ചത് 1909 ലെ മിന്റോ-മോര്‍ലി ഭരണപരിഷ്‌കാരത്തിലൂടെയായിരുന്നു. അന്നു നിയമസഭാ കൗണ്‍സിലുകളിലേക്ക്  മുസ്ലീം സാമാജികരെ തിരഞ്ഞെടുക്കാന്‍ മുസ്ലീംകള്‍ക്കു മാത്രം വോട്ടവകാശം നല്‍കുന്ന നിയമം നടപ്പിലാക്കി. 1919 ല്‍ തുടങ്ങിയ ഖിലാഫത്ത് പ്രക്ഷോഭണമാണു മുസ്ലീംമതവികാരം ഏകീകരിപ്പിച്ചെടുക്കാന്‍ സഹായിച്ച മറ്റൊരു ഘടകം. ഈ വികാരം ഘനീഭവിച്ചപ്പോള്‍ ഉയര്‍ന്നുവന്ന ഡിമാന്റാണ് മുസ്ലീംകള്‍ക്ക് അവരുടെ സ്വന്തംരാജ്യം, പാക്കിസ്ഥാന്‍ വേണം എന്നത്.
രാജ്യത്തിന്റെ വിഭജനം ഒഴിവാക്കിക്കൊണ്ട് സ്വാതന്ത്ര്യം നേടാന്‍വേണ്ടി ഗാന്ധിജിയും നെഹ്‌റുവും പട്ടേലും കോണ്‍ഗ്രസ് പാര്‍ട്ടിയും അവസാനം വരെ ശ്രമിച്ചെങ്കിലും രാജ്യം വിഭജിക്കണം എന്ന ബ്രിട്ടീഷുകാരുടെ മനോഗതമറിഞ്ഞ് ജിന്ന തന്റെ കടുംപിടിത്തം അവസാനം വരെ തുടരുകയായിരുന്നു. അന്നു ഹിന്ദു മഹാസഭ ശക്തമായി വാദിച്ചു, പാക്കിസ്ഥാന്‍ ഒരു ഇസ്ലാമിക രാഷ്ട്രമാണെങ്കില്‍, ഹിന്ദുസ്ഥാന്‍ എന്ന ഇന്ത്യ, ഒരു ഹിന്ദുരാഷ്ട്രമായി വേണം രൂപീകരിക്കാന്‍ എന്ന്. പക്ഷേ, ഗാന്ധിജിയും കോണ്‍ഗ്രസും മതേതരനിലപാടില്‍ ഉറച്ചുനിന്നതുകൊണ്ട് അതു സംഭവിച്ചില്ല. നമ്മുടെ ഭരണഘടയുടെ മുഖവുരയില്‍ 'മതേതര' റിപ്പബ്ലിക് എന്ന വാക്കു  ചേര്‍ത്തത് 1976 ലാണെങ്കിലും ആദ്യംമുതലേ ഭരണഘടനാവ്യവസ്ഥകള്‍ വ്യക്തമായിരുന്നു. മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ ഓരോ പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും, അതനുസരിച്ചു ജീവിക്കാനും തന്റെ മതം പ്രചരിപ്പിക്കാനുമുള്ള അവകാശം രേഖപ്പെടുത്തിയിട്ടുണ്ട്. മതത്തിന്റെ പേരില്‍ ഒരു പൗരനും വിവേചനം അനുഭവിക്കാന്‍ ഇടയാകരുത് എന്നതു മറ്റൊരു വ്യവസ്ഥ. നമ്മുടെ ഭരണഘടന എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നു. ഒരു മതത്തിനും എതിരല്ല അത്.
അതേസമയം ഭരണഘടനയുടെ 15 ഉം 16 ഉം വകുപ്പുകളനുസരിച്ച് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഉദ്യോഗത്തിനും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനുമായി ഒരു നിശ്ചിതശതമാനം സംവരണം അനുവദിക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കുന്നു. ഭരണഘടനയുടെ 46-ാം വകുപ്പ്, പട്ടികജാതി, പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി നടപടിയെടുക്കണമെന്നും അവരെ അനീതി, ചൂഷണം മുതലായവയില്‍നിന്നു സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. ഈ നിര്‍ദ്ദേശങ്ങളെല്ലാം കണക്കിലെടുത്ത് തലമുറകളായി അവഗണനയ്ക്കും ചൂഷണത്തിനും വിധേയരായിക്കഴിഞ്ഞ പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നിയമസഭകളിലും ഉദ്യോഗങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇരുപത്തിരണ്ടര ശതമാനം സ്ഥാനങ്ങള്‍ സംവരണം ചെയ്യാന്‍ തീരുമാനിച്ചു. അന്ന് പത്തു കൊല്ലക്കാലത്തേക്കു മാത്രം എന്നു വ്യവസ്ഥ ചെയ്തിരുന്ന ഈ സംവരണം ഓരോ പത്തുകൊല്ലം അവസാനിക്കുമ്പോഴും ഭരണഘടനാഭേദഗതി ബില്ലുകള്‍ പാസാക്കി ഇപ്പോള്‍ 2030 വരെ നീട്ടിയിട്ടുണ്ട്.
1950 മുതല്‍ തന്നെ തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്തള്ളപ്പെട്ട സമൂഹങ്ങള്‍ എന്ന നിലയില്‍ പിന്നാക്ക സമുദായങ്ങളായി പ്രഖ്യാപിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം അനുവദിച്ചിരുന്നു. 1951 ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി വന്നതോടെ പട്ടികജാതിക്കാരല്ലാത്ത പിന്നാക്കസമുദായങ്ങള്‍ക്ക്  ഉദ്യോഗങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനും അനുവദിച്ച സംവരണം നിയമവിധേയമായിത്തീര്‍ന്നു. കേരളത്തില്‍ ഈഴവര്‍, മുസ്ലീംകള്‍, ലത്തീന്‍ കത്തോലിക്കര്‍ തുടങ്ങിയവര്‍ക്ക് ഈ സൗകര്യം അന്നുമുതല്‍ ലഭ്യമാണ്. കേന്ദ്രത്തിലും വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും പിന്നാക്കസമുദായങ്ങള്‍ക്ക് (ഒബിസി)റിസര്‍വേഷന്‍ സൗകര്യം ലഭിച്ചത് 1990 ല്‍ തന്ത്രശാലിയായ വി.പി. സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത്, മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കിയപ്പോഴായിരുന്നു. റിസര്‍വേഷന് ജാതി ഒരു അടിസ്ഥാനഘടകമാകാന്‍ പാടില്ലെന്നും, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ മാത്രമാണ് പരിശോധിക്കേണ്ടതെന്നും വ്യവസ്ഥകളുണ്ടെങ്കിലും ജാതിയടിസ്ഥാനത്തിലാണ് നമ്മുടെ സംവരണനയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. അപ്പോള്‍ ജാതിവ്യത്യാസം  ഒഴിവാക്കി സമത്വസമധര്‍മ്മസമൂഹം ഉരുവാക്കാനായി എടുത്ത നടപടി, ജാതിവ്യത്യാസത്തെയും വര്‍ഗ്ഗീയതയെയും അരക്കിട്ടുറപ്പിക്കുന്ന സ്ഥിതിയാണ് ഇന്നുണ്ടാക്കിയിരിക്കുന്നത്. ഇതിനിടയ്ക്ക് ഭരണഘടനയുടെ 93-ാം ഭേദഗതിയിലൂടെ 2006 ല്‍ സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളിലും പട്ടികജാതി, പിന്നാക്കസമുദായവിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കിയതും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍!
ഇങ്ങനെ 70 വര്‍ഷമായി തുടരുന്ന സംവരണസമ്പ്രദായത്തിന്റെ പ്രവര്‍ത്തനഫലമായി കേരളംപോലുള്ള ഒരു സംസ്ഥാനത്ത് സംവരണം ലഭ്യമായ ജാതികളിലും മതത്തിലുമുള്ളവരുടെ പിന്നാക്കാവസ്ഥ മാറിയാലും ഇല്ലെങ്കിലും സംവരണം എന്നും സംരക്ഷിക്കപ്പെടേണ്ട ഒരു സ്ഥാപിതതാത്പര്യമാണ് എന്ന ബോധ്യം അവരില്‍ ഉറച്ചിരിക്കുന്നു.
ഗുജറാത്തിലെ പുരോഗതി പ്രാപിച്ചിട്ടുള്ള പട്ടേല്‍ജാതിക്കാരും രാജസ്ഥാനിലെ ഗുജ്ജര്‍ വിഭാഗവുമെല്ലാം തങ്ങളെയും പിന്നാക്കസമുദായങ്ങളാക്കണം എന്നു വാദമുയര്‍ത്തി സമരം നടത്തുന്നതും ഈ സന്ദര്‍ഭത്തില്‍ നാമോര്‍ക്കണം.
കേരളത്തിലാണെങ്കില്‍ സംവരണപ്രശ്‌നം നേരത്തെതന്നെ ഉണ്ടാക്കിയിരുന്ന ജാതി, മത സ്പര്‍ദ്ധയും വര്‍ഗ്ഗീയചേരിതിരിവും രൂക്ഷമാക്കി ശക്തിയാര്‍ജ്ജിക്കാനാണ് ബിജെപിയുടെ ശ്രമം. കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീംലീഗുമാണല്ലോ കേരളത്തിലെ മറ്റു പ്രധാന കക്ഷികള്‍. ഈ പാര്‍ട്ടികള്‍ മൂന്നും തങ്ങളുടെ താല്‍ക്കാലികനേട്ടം  മാത്രം കരുതിയുള്ള നയങ്ങളിലൂടെ ബിജെപിയുടെ ലക്ഷ്യം നേടാന്‍ അവരെ സഹായിക്കുന്നു.
2016 ലെ തിരഞ്ഞെടുപ്പുവിജയം കേരളത്തില്‍ മികച്ച ഭരണം നടത്തി ചരിത്രത്തില്‍ ഇടംപിടിക്കാന്‍ സിപിഎമ്മിനും പിണറായി വിജയനും സുവര്‍ണാവസരമാണ് നല്‍കിയത്. പ്രത്യയശാസ്ത്രപരമായ കടുംപിടിത്തങ്ങള്‍ ഉപേക്ഷിച്ച് കേരളത്തിന്റെ വികസനത്തിനായി ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പാക്കി, കേരളത്തിന്റെ 'ഡെങ് സിയാവോ പിങ്' എന്നു പേരെടുക്കാനുള്ള അവസരം  മുഖ്യമന്ത്രി പിണറായി നഷ്ടപ്പെടുത്തിക്കഴിഞ്ഞു. പക്ഷേ, ഇവിടെ സുതാര്യമായ തീരുമാനങ്ങളെടുക്കുന്നതിനു പകരം, സ്ഥാപിതതാത്പര്യക്കാരായ കണ്‍സള്‍ട്ടന്റുമാരുടെയും ഉപദേശകവൃന്ദത്തിന്റെയും വലയില്‍പ്പെട്ട് വിവാദപദ്ധതികളിലൂടെ വഴിതെറ്റി ഉഴലുകയാണ് നമ്മുടെ മുഖ്യമന്ത്രി!
അതിനിടയ്ക്ക് സ്വര്‍ണ്ണക്കടത്തലിലും മയക്കുമരുന്നു ബിസിനസിലും പാര്‍ട്ടിക്കാരുടെ പങ്കിനെപ്പറ്റിയുള്ള വിവാദം; പിഎസ്‌സിയെ നോക്കുകുത്തിയാക്കി പുറംവാതിലിലൂടെ നടത്തുന്ന താത്കാലികനിയമനങ്ങള്‍; തിരഞ്ഞെടുപ്പിനുമുമ്പ് അവരെയെല്ലാം സര്‍ക്കാരില്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം, ഈ പ്രശ്‌നങ്ങളുണ്ടാക്കുന്ന കുരുക്കില്‍ ഭരണത്തുടര്‍ച്ച ലഭിക്കാന്‍ വേണ്ടിയുള്ള പുതിയ ബാന്ധവങ്ങള്‍. ഒരുവശത്ത് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ചേര്‍ക്കുന്നു. മറ്റൊരു വശത്ത് ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ ചീട്ടിറക്കി കളിക്കുന്നു. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം പുറത്തായതോടെ യുഡിഎഫ്, ലീഗിന്റെ നിയന്ത്രണത്തിലായി എന്നു പ്രചരണം. ഒരുപക്ഷേ കോണ്‍ഗ്രസിനു ലഭിക്കാമായിരുന്ന ചില ഹിന്ദുവോട്ടുകള്‍ നേടിയെടുക്കാനായേക്കാം. പക്ഷേ, കോണ്‍ഗ്രസിനു നഷ്ടപ്പെടുന്ന ഹിന്ദു വോട്ടുകളില്‍ ഭൂരിപക്ഷവും ചെന്നുചേര്‍ന്ന് ബിജെപി ശക്തമാകുന്നത് സിപിഎമ്മിന്റെ ദീര്‍ഘകാല താത്പര്യത്തിനു ചേര്‍ന്നതാണോ?
കോണ്‍ഗ്രസാണെങ്കില്‍ മുസ്ലീംലീഗിനോട് അതിരുകടന്ന വിധേയത്വം പ്രകടിപ്പിക്കുന്നു. ലീഗിനോടു മാത്രമല്ല, മതമൗലികവാദികളെന്നു കരുതപ്പെടുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നു.
ലീഗ് നയിക്കുന്ന മുസ്ലീംമുന്നണിയാണ് യുഡിഎഫ് എന്ന പ്രചരണത്തിന് ബലമേകുന്ന നീക്കമാണോ കോണ്‍ഗ്രസ് നടത്തേണ്ടത്?
മുസ്ലീംലീഗാണെങ്കില്‍ കഴിഞ്ഞ 60 കൊല്ലക്കാലത്ത് സമര്‍ത്ഥമായിത്തന്നെ കളിച്ചു. ആദ്യം വിമോചനസമരകാലത്ത് പിടി ചാക്കോ, പട്ടംതാണുപിള്ള ഇവരോടൊപ്പം ലീഗ് നേതാവ് സിഎച്ച് മുഹമ്മദ് കോയ, മുക്കൂട്ടുമുന്നണിയുടെ വിജയത്തിനായി പാടുപെട്ടു. തിരഞ്ഞെടുപ്പില്‍ ജയിച്ചുകഴിഞ്ഞപ്പോള്‍ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസും നെഹ്‌റുവും നേരിടുന്ന ധര്‍മ്മസങ്കടം ആത്മാര്‍ത്ഥതയോടെ മനസ്സിലാക്കി, നേതാവ് കെ.എം. സീതി സാഹിബ് ലീഗില്‍നിന്നു രാജിവച്ച് സ്പീക്കര്‍ പദവി വഹിക്കാന്‍പോലും സന്നദ്ധനായി. അന്നു ലീഗ് പ്രദര്‍ശിപ്പിച്ച വിശാലമനസ്സും അവരുടെതന്നെ ദീര്‍ഘകാലതാത്പര്യം മനസ്സിലാക്കാനുള്ള കഴിവും സഖ്യകക്ഷിയുടെ ധര്‍മ്മസങ്കടങ്ങളോട് അനുഭാവപൂര്‍വ്വകമായ നിലപാട് എടുക്കാനുള്ള സന്നദ്ധതയുമാണ് ഇന്നത്തെ ആവശ്യം. അതിനുപകരം ഓരോ പ്രാവശ്യവും കൂടുതല്‍ സീറ്റുകള്‍ക്കു വേണ്ടിയും മന്ത്രിസ്ഥാനങ്ങള്‍ക്കുവേണ്ടിയും സമ്മര്‍ദ്ദം ചെലുത്തുന്ന ശക്തിയായി പ്രത്യക്ഷപ്പെട്ടാല്‍ അതു സിപിഎമ്മും ബിജെപിയും യുഡിഎഫിന്റെ മേല്‍ക്കോയ്മയെപ്പറ്റി പറയുന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുകയേ ഉള്ളൂ.
പക്ഷേ, ഇക്കാര്യം ഇന്നത്തെ ലീഗ് നേതൃത്വം ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, മറ്റു ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുകൂടി അവകാശപ്പെട്ട പല സര്‍ക്കാര്‍ സഹായങ്ങളും കേരളത്തിലെ മുസ്ലീംസമുദായത്തിനു മാത്രമായി ഉപയോഗപ്പെടുത്തുന്ന സ്ഥിതിയാണ് ഇന്നുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ സഹോദരന്യൂനപക്ഷസമുദായങ്ങളുടെ താത്പര്യംകൂടി ന്യായമായ വിധത്തില്‍ പരിഗണിക്കാന്‍ അവര്‍ തയ്യാറാകേണ്ടതല്ലേ?
അതുപോലെ, കഴിഞ്ഞ 70 കൊല്ലമായി ഇവിടെ പിന്നാക്കസമുദായങ്ങള്‍ക്ക് ഉദ്യോഗങ്ങളിലും കോളജ് പ്രവേശനത്തിനും സംവരണാനുകൂല്യം ലഭിക്കുന്നു. മെറിറ്റ്‌സീറ്റുകളില്‍ പ്രവേശനം കിട്ടുന്നവരും അവിടെ നിരവധി. ഈ സാഹചര്യത്തില്‍ മുന്നാക്കസമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കായി, സംവരണസമുദായങ്ങളുടെ വിഹിതം നിലനിര്‍ത്തിക്കൊണ്ട് മെറിറ്റ് സീറ്റുകളുടെ 10 ശതമാനം മാറ്റിവയ്ക്കുന്നതിനെ എതിര്‍ക്കേണ്ട കാര്യമുണ്ടോ?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)