ഫാ. സേവ്യര്‍ വടക്കേക്കരയെക്കുറിച്ച് ആദ്യമായി കേട്ടത് ഒരു സഹപ്രവര്‍ത്തകന്റെ നാവില്‍ നിന്നായിരുന്നു. പത്തോ പതിനഞ്ചോ വര്‍ഷം മുമ്പായിരിക്കണം അത്. കാഴ്ചക്കുറവുള്ള സേവ്യറച്ചന്‍ പുസ്തകം വളരെ അടുപ്പിച്ചുവച്ചാണ് വായിക്കുന്നതെന്നും അങ്ങനെ പണിപ്പെട്ട് മാറ്റര്‍ വായിച്ചതിനുശേഷമാണ് പുസ്തകങ്ങള്‍ മീഡിയ ഹൗസ് വഴി അച്ചന്‍ പ്രസിദ്ധീകരിക്കുന്നതെന്നുമാണ്, മീഡിയ ഹൗസ് വഴി ഒന്നിലധികം പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുള്ള ആ സഹപ്രവര്‍ത്തകന്‍ എന്നോടു പറഞ്ഞത്. അന്നുമുതല്‍ ഒരു അദ്ഭുതമായും വിസ്മയമായും ഫാ. സേവ്യര്‍ വടക്കേക്കര എന്ന പേര് മനസ്സില്‍ കയറിക്കൂടിയിരുന്നു.
ആരോഗ്യവും സമയവും ഉണ്ടായിട്ടും പുസ്തകങ്ങള്‍ വായിക്കാന്‍ സന്നദ്ധതയും സന്മനസ്സും ഇല്ലാത്തവര്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്താണ് സേവ്യറച്ചന്‍ അക്ഷരങ്ങളോടു പുലര്‍ത്തിയ പ്രതിബദ്ധതയും പുസ്തകങ്ങളോടു കാണിക്കുന്ന ആത്മസമര്‍പ്പണവും നമ്മെ അമ്പരപ്പിക്കുന്നത്. അതിശയോക്തിയെന്നു തോന്നിക്കുന്ന ഒരു പ്രതികരണവും ആ സഹപ്രവര്‍ത്തകന്‍ അന്നു നടത്തുകയുണ്ടായി. അടുപ്പിച്ചുവച്ചുവായിക്കുമ്പോള്‍ അതുവഴി ലഭിക്കുന്ന അക്ഷരങ്ങളുടെ ഗന്ധം മനസ്സിലാക്കിയത്രേ അദ്ദേഹം ഓരോ പുസ്തകവും അച്ചടിക്കാന്‍ തീരുമാനിക്കുന്നത്.
അക്ഷരങ്ങളുടെ ഗന്ധം, സുഗന്ധമോ ദുര്‍ഗന്ധമോ എന്നു തിരിച്ചറിയാന്‍ അച്ചനെപ്പോലെ കഴിവുണ്ടായിരുന്ന പ്രസാധകര്‍ വളരെ കുറവാണെന്നു തോന്നുന്നു. അക്ഷരങ്ങളുടെ ഗന്ധം ഹൃദ്യമായി തിരിച്ചറിയാനുള്ള ആ കഴിവിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് മീഡിയ ഹൗസ് ആദ്യമായി അവതരിപ്പിച്ച ബോബി ജോസ് കട്ടിക്കാട് എന്ന എഴുത്തുകാരന്‍. ഇന്ന് വായനയുടെ ലോകത്ത് പുതിയ തരംഗമായിത്തീര്‍ന്നിരിക്കുന്ന ബോബിയച്ചനെ ആദ്യമായി മലയാളികള്‍ക്കു 'സഞ്ചാരിയുടെ ദൈവ'ത്തിലൂടെ പരിചയപ്പെടുത്തിയത് സേവ്യറച്ചന്‍ നേതൃത്വം നല്കിയ ഡല്‍ഹി മീഡിയ ഹൗസായിരുന്നു. അതുപോലെ കസന്‍ദ്‌സാക്കിസിന്റെ സെന്റ്ഫ്രാന്‍സിസിനെ പ്രഫ. ജോസഫ് മറ്റത്തിന്റെ വിവര്‍ത്തനത്തിലൂടെ മലയാളികള്‍ക്കു പരിചിതമാക്കിക്കൊടുത്തതും. ഇങ്ങനെ എത്രയെത്ര പുസ്തകങ്ങള്‍, എഴുത്തുകാര്‍! അക്ഷരങ്ങളെ ഇത്രയധികം പ്രകാശിപ്പിച്ച, അവയുടെ പ്രസക്തിയും ധര്‍മവും തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ച മറ്റൊരാള്‍ സേവ്യറച്ചനെപ്പോലെ ഉണ്ടോയെന്നു സംശയമുണ്ട്. അതുപോലെ അക്ഷരങ്ങള്‍ക്കുവേണ്ടി, പ്രസാധനരംഗത്തിനുവേണ്ടി സ്വജീവിതംതന്നെ സമര്‍പ്പിച്ച ഒരാളും. അസ്സീസി മാസികയും ഇന്ത്യന്‍ കറന്റ്‌സുമൊക്കെ അതിനുള്ള തെളിവുകളാണല്ലോ. നിര്‍ഭയമായി തന്റെ കാഴ്ചപ്പാടുകള്‍ - അതു സമൂഹത്തിലെയും സഭയിലെയും വിഷയങ്ങളായിരുന്നുകൊള്ളട്ടെ - അവതരിപ്പിക്കുന്നതില്‍ അദ്ദേഹം മടികാണിച്ചിരുന്നില്ല.
അദ്ദേഹം വഹിച്ച സ്ഥാനങ്ങളും പ്രവര്‍ത്തിച്ച മേഖലകളും വ്യത്യസ്തമായിരുന്നിരിക്കാം. പക്ഷേ, എവിടെയും മാധ്യമങ്ങളുടെ ധാര്‍മികത അദ്ദേഹം മുറുകെപ്പിടിച്ചിരുന്നു. ക്രൈസ്തവമാധ്യമങ്ങളുടെ മൂലക്കല്ല് ക്രൈസ്തവികതയായിരിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. സമൂഹത്തെയും സഭയെയും വ്യക്തമായ ദിശാബോധത്തോടെ നയിക്കാനുള്ള കൃത്യമായ മാര്‍ഗമായിട്ടാണ് പ്രസാധനരംഗത്തെ അദ്ദേഹം കണ്ടത്. ഏതൊരു വിഷയത്തെ അവതരിപ്പിക്കുമ്പോഴും അവയ്ക്കു വ്യത്യസ്തസമീപനങ്ങള്‍ നല്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. വളരെ പുരോഗമനപരവും അതേസമയം, യാഥാസ്ഥിതികവുമായ കാഴ്ചപ്പാടുകള്‍ ഒരേ വിഷയത്തില്‍ത്തന്നെ നല്കിക്കൊണ്ട് വായനക്കാരന്റെ ആലോചനയെ പിടിച്ചുകുലുക്കുകയും ചിന്തയുടെ ചുവട്ടില്‍ തീ കൊളുത്തുകയും ചെയ്തിരുന്ന മാധ്യമസമീപനമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്.
ജീവിതത്തിന്റെ അവസാനകാലംവരെയും അദ്ദേഹം പ്രവര്‍ത്തനനിരതനായിരുന്നുവെന്നാണ് സഹവൈദികനായ ഒരാള്‍ സ്വകാര്യസംഭാഷണത്തില്‍ മനസ്സുതുറന്നത്. ക്രൈസ്തവമാധ്യമലോകത്തിന് ഒരിക്കലും നിഷേധിക്കാന്‍ കഴിയാത്ത സേവ്യറച്ചന്‍ പാലാ രൂപതയിലാണു ജനിച്ചത് എന്നതിന്റെ പേരില്‍ക്കൂടി നമുക്ക് അഭിമാനിക്കാം.
ജന്മനാ അന്ധനായ ഒരാളെങ്ങനെയാണ് മറ്റൊരാളെ തിരിച്ചറിയുന്നത്? പരിചിതമായ വഴികളിലൂടെ പരസഹായം കൂടാതെ സഞ്ചരിക്കുന്നത്? അവര്‍ക്ക് ഒരു ഉള്‍വെളിച്ചമുണ്ട്. അകക്കണ്ണുണ്ട്. കണ്ണുകള്‍ക്കു ഭേദപ്പെട്ട ശക്തിയുള്ള നമ്മെ അതിശയിപ്പിക്കുന്ന വിധത്തിലാണ് അവരൊക്കെ പെരുമാറുന്നത്. അത്തരമൊരു അകക്കണ്ണും ഉള്‍വെളിച്ചവും സേവ്യറച്ചനുമുണ്ടായിരുന്നു. തന്റെ ശാരീരികപരിമിതികളെ അതിലംഘിക്കുന്ന വിധത്തില്‍ അദ്ദേഹത്തിനു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അതുകൊണ്ടായിരിക്കും.
ഫാ. സേവ്യര്‍ വടക്കേക്കര മരണാനന്തരം തന്റെ ഭൗതികശരീരം പഠനാവശ്യത്തിനു വിട്ടുനല്കാന്‍ സമ്മതമറിയിച്ചിരുന്നു. സ്യൂഡോ സാന്താമോ ഇലാസ്തിക്യം എന്ന അപൂര്‍വരോഗം ബാധിച്ച വ്യക്തിയായിരുന്നു ഫാ. സേവ്യര്‍. ദശലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം ബാധിക്കുന്ന ഈ അപൂര്‍വരോഗം അദ്ദേഹത്തിന്റെ സഹോദരന്മാര്‍ക്കും ഉണ്ടായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് റിസേര്‍ച്ച് ആവശ്യത്തിനായി അദ്ദേഹം തന്റെ ശരീരം മെഡിക്കല്‍കോളജിനായി ജീവിച്ചിരുന്ന കാലത്തുതന്നെ എഴുതിവച്ചത്. എന്തുകൊണ്ട് ഈ അസുഖം വരുന്നുവെന്നത് ലോകത്തിനു മനസ്സിലാക്കാനുള്ള പാഠമായിട്ടാണ് അദ്ദേഹം ഈ ധീരകൃത്യം ചെയ്തിരിക്കുന്നതും.
ക്രൈസ്തവമാധ്യമലോകത്തിന് എന്നും പുതിയ ദിശാബോധവും കാഴ്ചപ്പാടും നല്കിയ സേവ്യറച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.