കുട്ടികള്‍ക്കുള്ള ശിക്ഷയും ശിക്ഷണവും ഇന്നത്തെ സാമൂഹികപരിസരത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. തികച്ചും വ്യത്യസ്തങ്ങളായ അഭിപ്രായധാരകള്‍ മാധ്യമങ്ങളിലൂടെ ഒഴുകിയെത്തുന്നു. നവമാധ്യമങ്ങളിലെന്നല്ല നാല്‍ക്കവലകളില്‍പ്പോലും ഇത് ചൂടേറിയ ചര്‍ച്ചാവിഷയമാണ്. കുട്ടികള്‍ എന്തേ ഇങ്ങനെയാകുന്നത്, കുറ്റം ആരുടേതാണ്, പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ് എന്നിത്യാദി കാര്യങ്ങള്‍ ആകുലതയോടെയാണ് ഏവരും ഉന്നയിക്കുന്നത്. ഏതു പ്രശ്‌നത്തിന്റെ മുമ്പിലും അതിന്റെ ഉത്തരവാദികള്‍ ആരെന്നു സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രത നമുക്കു സഹജമാണല്ലോ. കുട്ടികളുടെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിലും പെരുമാറ്റവൈകൃതങ്ങളിലും ഉത്തരവാദികളെ തേടുന്ന പ്രവണത സ്വാഭാവികംമാത്രം. പ്രധാനമായും രക്ഷിതാക്കളെയും അധ്യാപകരെയുമാണ് സമൂഹം ചൂണ്ടിക്കാണിക്കുന്നത്. അതില്‍ അദ്ഭുതപ്പെടാനില്ല. കുട്ടികളെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ചുമതലയില്‍നിന്ന് ഒഴിവാകാനാവില്ലല്ലോ.
രക്ഷാകര്‍ത്തൃത്വത്തിലും അധ്യാപനത്തിലും ശിക്ഷയും ശിക്ഷണവും ആവശ്യമില്ലേ? ശിക്ഷണത്തില്‍ ശിക്ഷ ഉള്‍ച്ചേരുന്നില്ലേ? ആധുനികലോകത്തില്‍ ശിക്ഷകള്‍ പ്രാകൃതവുമല്ലേ? ശിക്ഷകൂടാതെയുള്ള ശിക്ഷണമാര്‍ഗങ്ങളിലൂടെ കുട്ടികളെ നേര്‍വഴിക്കു നയിക്കാനാവുമോ? ചൂരലിന് ഇന്നും പ്രസക്തിയില്ലേ? വടിയെടുക്കാന്‍ ഒക്കാത്തിടത്ത് നാവിന്റെ പ്രയോഗം കൂടുകയല്ലേ? ചൂരല്‍ അപ്രത്യക്ഷമായതുകൊണ്ടല്ലേ ലാത്തിപ്രയോഗം വര്‍ധിച്ചുവരുന്നത്? കുട്ടികളെ ശാരീരികവും മാനസികവുമായി മുറിപ്പെടുത്തുന്നത് നിയമവിരുദ്ധമല്ലേ? നല്ല വാക്കോതിയും നല്ലവഴി കാട്ടിക്കൊടുത്തും കുട്ടികളെ തെറ്റില്‍നിന്നു മാറ്റിനിര്‍ത്താന്‍ ആവില്ലേ? ചോദ്യങ്ങള്‍ നിരവധിയാണ്. ഇതൊക്കെ ഉന്നയിക്കുന്നത് രക്ഷിതാക്കളും അധ്യാപകരുംമാത്രമല്ല, മാധ്യമങ്ങളും പൊലീസും സാമൂഹികപ്രവര്‍ത്തകരും കോടതിയുമൊക്കെച്ചേര്‍ന്നാണ്.
യാതൊരു വിധത്തിലുമുള്ള ശിക്ഷകള്‍ പാടില്ലെന്നു വാദിക്കുന്ന ഒരു ആദര്‍ശപക്ഷം ഇക്കാര്യത്തില്‍ തീവ്രമായ നിലപാടുകളുമായി രംഗത്തുവരുന്നതു നാം കാണുന്നുണ്ട്. ബാലാവകാശനിയമങ്ങളും ആധുനികമനഃശാസ്ത്രപഠനങ്ങളും ഇക്കൂട്ടര്‍ക്കു ബലമേകുന്നുണ്ട്. ഒരു പരിഷ്‌കൃതസമൂഹത്തിന് ഈ വാദത്തെ അംഗീകരിക്കാതെ തരമില്ല.
പാടത്തെ പണിക്ക് വരമ്പത്തു കൂലി വേണമെന്നു പറയുന്ന കര്‍ക്കശവാദികളും സജീവമാണ്. തലമുറകളായി അനുശീലിച്ചുപോരുന്ന ശിക്ഷണരീതികളും പഴഞ്ചൊല്ലുകളും മതദര്‍ശനങ്ങളുമൊക്കെ അവര്‍ക്കു പിന്‍ബലമേകാനുണ്ട്. ശിക്ഷയില്ലാതെ കുട്ടികള്‍ നന്നാവില്ല എന്ന് ഇക്കൂട്ടര്‍ ഉറച്ചുവിശ്വസിക്കുന്നു. അധ്യാപകര്‍ ചൂരല്‍ കൈയിലെടുക്കുന്നതില്‍ തെറ്റില്ലെന്ന നിരീക്ഷണം കോടതി നടത്തിയതിന്റെ തൊട്ടുപിന്നാലെയാണ് വടിയെടുത്തവരെയും ബന്ധപ്പെട്ടവരെയും നടപടിക്കു വിധേയമാക്കാന്‍ അധികാരികള്‍ ആവശ്യപ്പെടുന്നത്. ഈ വിഷയത്തിലെ വിവാദങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരുവശത്ത് ആദര്‍ശവാദികളെയും മറുവശത്ത് പ്രായോഗികവാദികളെയും കാണാനാകും. ഇവ രണ്ടും സമാന്തരരേഖകളായി നിലനില്‍ക്കുന്നിടത്തോളം കാലം പരിഹാരം നീണ്ടുപോകുമെന്നതില്‍ സംശയമില്ല.
വടികൊണ്ടുവേണ്ടാ, ഒരു വാക്കുകൊണ്ടോ ഒരു നോട്ടംകൊണ്ടുപോലുമോ വേദനിപ്പിക്കാതെ കുട്ടികളെ വളര്‍ത്താന്‍ കഴിയുമെന്നു വാദിക്കുന്നവര്‍, അതു വിജയിക്കാത്ത സന്ദര്‍ഭങ്ങളെയും പരിഗണിക്കേണ്ടതാണ്. സുരക്ഷിതമായ അകലങ്ങള്‍ മാഞ്ഞുപോകുന്നിടത്ത് ചേര്‍ത്തുനിര്‍ത്തലിന്റെ സങ്കീര്‍ത്തനങ്ങള്‍ എത്രത്തോളം വാസ്തവമാകുമെന്നു സംശയിക്കണം. അതേസമയം, 'തെറിക്കുത്തരം മുറിപ്പത്തല്‍' എന്നു നിനയ്ക്കുന്ന കര്‍ക്കശക്കാര്‍ അരങ്ങൊഴിയേണ്ടിവരുമെന്ന സത്യത്തെ മറുവശത്തുള്ളവര്‍ അംഗീകരിച്ചേ മതിയാകൂ. ഞാന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന പിടിവാശി ഉപേക്ഷിച്ചിട്ടേ ഇത്തരം ചര്‍ച്ചകളിലേക്കു നാം കടന്നിരിക്കാവൂ. കാരണം, നന്മയെപ്പോഴും അവിടെയും ഇവിടെയുമല്ല നടുവിലാണ്. അന്ധമായ ശിക്ഷണത്തിന്റെയും അമിതമായ അവകാശബോധത്തിന്റെയും തടവില്‍നിന്ന് സമൂഹമാകെ പുറത്തുകടക്കണം. ആദര്‍ശത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും ഇടയിലുള്ള പ്രായോഗികഭൂമികയില്‍നിന്നുവേണം നമുക്കെന്തെങ്കിലും ചെയ്തുതുടങ്ങാന്‍. ശിക്ഷണത്തിനായുള്ള ശിക്ഷകളും അവയോടൊപ്പം കാലത്തിന്റെ മാറ്റങ്ങളും ആവശ്യങ്ങളും കനിവാര്‍ന്ന സമീപനങ്ങളുമൊക്കെ പരിഗണിക്കേണ്ടിവരും. ഓര്‍ക്കുക: നന്മ നടുവിലാണ്. ഇരുവശത്തുനിന്നും ലക്ഷ്യത്തിനായി ഒരുമിച്ചു നടന്നുതുടങ്ങിയാല്‍ നടുവിലെത്താം. അതാണ് നന്മ! അവിടെയാണ് നന്മ!