•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഈ വഴികള്‍ രക്തപങ്കിലമാക്കിയതാര്?

   പഠനത്തിനും തൊഴിലിനും ചികിത്സയ്ക്കുമൊക്കെയായി നാമെല്ലാം വിദേശത്തേക്കു പറക്കാന്‍ വെമ്പല്‍പൂണ്ടു നില്‍ക്കുകയാണ്. വിദേശരാജ്യങ്ങളെക്കുറിച്ചുപറയുമ്പോള്‍ നമുക്കു നൂറു നാവാണ്. അവിടുത്തെ നിയമങ്ങള്‍  കണ്ടുപഠിക്കണം, ശിക്ഷകള്‍ കര്‍ശനമാണ് തുടങ്ങി ധാരാളം വാഴ്ത്തുകള്‍! ഒരു രാജ്യത്തിനാവശ്യമായ സാമൂഹികസുരക്ഷയും ജീവിതസൗകര്യങ്ങളും അവിടങ്ങളില്‍ ആകര്‍ഷണീയമത്രേ! 
എന്തേ ഇതൊന്നും നമ്മുടെ രാജ്യത്തു പ്രാബല്യത്തിലാകുന്നില്ല? എവിടെ നമ്മുടെ രാജ്യസ്‌നേഹവും പൗരബോധവും?     വിദ്യാഭ്യാസത്തിനനുസരിച്ചുള്ള സംസ്‌കാരം ഇന്നു നമുക്കുണ്ടോ? വിദേശത്തു ചെന്നാല്‍ നിയമങ്ങള്‍ അനുസരിക്കണമെന്നതിനെക്കുറിച്ചുള്ള ശിക്ഷണവും ബോധനവും ഉണ്ട്; ഒപ്പം, അനുസരണക്കേടിന് കടുത്ത ശിക്ഷയുമുണ്ട്. ഇവിടെയോ? വളയം പിടിക്കാനും ആക്‌സിലറേറ്റര്‍ ചവിട്ടാനും അറിയാമെങ്കില്‍ ലൈസന്‍സ് ആയി! വാഹനമോടിക്കുമ്പോള്‍ എതിരേ വരുന്നവരും പിന്നാലെ വരുന്നവരും ഇരുവശങ്ങളിലൂടെ കടന്നുപോകുന്നവരും നമ്മെപ്പോലെ മനുഷ്യരും ജീവനു വിലയുള്ളവരുമാണെന്നു നാം കരുതാറുണ്ടോ? വിദേശികള്‍ക്ക് അവരുടെ ദേശവും അവരുടെ സുരക്ഷയും ആയുസ്സും ആരോഗ്യവും പ്രധാനമാണെന്നിരിക്കേ നാമൊക്കെ അപകടമരണങ്ങളുടെ ബലിയാടുകളായി മാറുന്നു.
ജീവിതം ഹ്രസ്വമാണ്. അശ്രദ്ധമായി ജീവിച്ച് പിന്നെയും അതിനെ ഹ്രസ്വമാക്കണോ? ജീവന്‍ അമൂല്യമാണെന്നു പഠിപ്പിക്കുകയും തദ്വാരയുള്ള പ്രവര്‍ത്തനശൈലി സ്വന്തമാക്കുകയും ചെയ്യുന്നവരാണ് വിദേശികള്‍. തൊണ്ണൂറ്റഞ്ചുകാരനും ചുറുചുറുക്കോടെയും കാര്യശേഷിയോടെയും ജീവിക്കുന്നത് വിദേശത്തു സാധാരണമാകുമ്പോള്‍, നമ്മുടെ നാട്ടില്‍ പ്രായഭേദമെന്യേ ദുരന്തമുഖത്തു സഞ്ചരിക്കുന്നവരാണ് അധികവും. രോഗങ്ങളും ദുരിതങ്ങളൂം ആത്മഹത്യകളും അക്രമങ്ങളും സൈ്വരജീവിതം തകര്‍ക്കുന്നു. എന്നിട്ട് നാടിന്റെ ഭാവി അപകടത്തിലാണെന്നു പറഞ്ഞു നാം 'ഉന്നതസമിതി'കള്‍ വിളിച്ച് അശാസ്ത്രീയത ചര്‍ച്ച ചെയ്യുന്നു. റോഡുപണിയെല്ലാം തീര്‍ത്ത് ഗതാഗതം സജീവമാകുന്നതുവരെ 'അശാസ്ത്രീയത' തിരിച്ചറിയാത്തതെന്ത്? നമ്മുടെ കണ്‍മുന്നില്‍ അപകടസാധ്യതയേറ്റുന്ന നിര്‍മാണരീതികള്‍ കണ്ടിട്ടും എന്തേ നേതാക്കളും  ജനപ്രതിനിധികളും മൗനംപാലിക്കുന്നത്? പൊതുജനാഭിപ്രായം വാചകമടിയില്‍ ഒതുങ്ങും... ആര്‍ക്കുവേണം പൊതുജനത്തെയും അവരുടെ അഭിപ്രായങ്ങളെയും?
   അശാസ്ത്രീയതയെക്കുറിച്ച് അസ്ഥാനത്തുള്ള വര്‍ത്തമാനങ്ങള്‍ സ്ഥിരം സംഭവമാകുന്ന ഒരു സ്റ്റേറ്റ് ഹൈവേയുടെ സമീപം താമസിക്കുന്ന ഒരാളാണ് ഈ കുറിപ്പെഴുതുന്നത്. മൂവാറ്റുപുഴ - തേനി ഹൈവേയുടെ മൂവാറ്റുപുഴ മുതല്‍ പെരുമാകണ്ടം വരെയുള്ള പതിനഞ്ചു കിലോമീറ്റര്‍ ഏകദേശം പണിപൂര്‍ത്തിയായ അവസ്ഥയിലാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. മുഴുനീള അശാസ്ത്രീയത ഈ റോഡിന്റെ പ്രത്യേകതയാണെന്ന് എല്ലാവരും പറയുന്നു. ഒപ്പം, നിരന്തര അപകടങ്ങളും. റോഡിന്റെ ദൂരക്കുറവും സഞ്ചാരസുഖവും കാരണം വാഹനങ്ങളുടെ തിരക്കുണ്ട്. വളരെ വീതിയില്‍ റോഡുവന്നിട്ട് ഇടുങ്ങിയ കലുങ്കും ചെറുപാലങ്ങളും! രാത്രിയാത്രക്കാര്‍ക്ക് വലിയ പ്രശ്‌നംതന്നെ; വളവുകള്‍ക്കു കുറവില്ല; കയറ്റങ്ങള്‍ക്കും! കയറ്റങ്ങളുടെ ഉച്ചിയില്‍ എത്തുമ്പോള്‍മാത്രമാണ് എതിരേ വരുന്ന വാഹനങ്ങളെ കാണാനാകുന്നത്. ഹൈവേയിലേക്കു വന്നുകയറുന്ന ശാഖാറോഡുകള്‍ക്കു വീതിയില്ല; വേണ്ടത്ര സുരക്ഷിതത്വവുമില്ല. മുഴുദൂരവും ക്രമമായ അകലത്തില്‍ വഴിവിളക്കു സ്ഥാപിക്കേണ്ടതാണ്; എന്നാല്‍, ഈ റോഡില്‍ കാണാനാകുന്നത് വഴിവിളക്കിന്റെ ടൗണ്‍ഷിപ്പ് ആണ്. അതായത്, വഴിവിളക്കുള്ളിടത്ത് അടുത്തടുത്തുണ്ട്. അല്ലാത്തിടം ഇരുട്ടിന്റെ ഇടങ്ങളും. ഗ്രാമീണാന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ അശാസ്ത്രീയതയ്ക്ക് ആരാണ് ഉത്തരം പറയുക? പൊതുജനത്തിന്റെ അഭിപ്രായത്തിനു വിലയില്ലല്ലോ? ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും യഥാസമയം ശ്രദ്ധിക്കാത്തതിന് അശാസ്ത്രീയതയെ കുറ്റംപറഞ്ഞിട്ടു കാര്യമുണ്ടോ? 
    ഡ്രൈവിങ്ങില്‍ ടെക്‌നോളജിയെ ആശ്രയിക്കുന്നതില്‍ കൂടുതല്‍ 'മനുഷ്യോളജി' ചിന്തയിലുണ്ടാകണം. ജീവന്റെ വില തിരിച്ചറിയാനാവണം. മനുഷ്യരുണ്ടെങ്കിലേ വാഹനവും നിരത്തുമൊക്കെ വിലപ്പെട്ടതാകൂ!  താത്കാലിക ലൈസന്‍സ്‌റദ്ദാക്കല്‍പോലുള്ള നിസ്സാരശിക്ഷകള്‍, മനുഷ്യജീവന്റെ വിലയും അമൂല്യതയും കണക്കാക്കി പുനഃപരിശോധിക്കണം. വിദേശത്തെ നിയമവാഴ്ചയും ശിക്ഷാരീതിയുമൊക്കെ പൗരബോധമുള്ള ജനതയുടെ ബാക്കിപത്രമാണെന്നറിയണം. ആരെയും വകവയ്ക്കാതെയുള്ള നമ്മുടെ ഡ്രൈവിങ് വിചിന്തനത്തിനു വിധേയമാക്കണം. മര്യാദയില്ലാത്ത ഓവര്‍ ടേക്കിങ്ങും ഇടതുവശത്തുകൂടിയുള്ള നുഴഞ്ഞുകയറ്റവുമെക്കെ നിരത്തുകളില്‍ കാണാം. വാഹനത്തിന്റെ വേഗമാണ് ഡ്രൈവറുടെ 'മെരിറ്റ്' എന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു. വാഹനം അത്യന്താധുനികമാണ്; അതുകൊണ്ട് അപകടം പേടിക്കേണ്ടതില്ലെന്ന ചിന്ത പാടില്ല; ഒട്ടും ആധുനികമല്ലാത്തവര്‍ക്കും യാത്ര ചെയ്യണമല്ലോ. മറ്റുള്ളവരെ മാനിക്കാനുള്ള ഒരു മാനസികാവസ്ഥ നാം സ്വന്തമാക്കണം. വിവേകവും പക്വതയും ഡ്രൈവിങ്ങിന്റെ അടിസ്ഥാനമാണ്; നാമെങ്ങോട്ടാണ് ഇത്ര മത്സരവേഗത്തില്‍ പോകുന്നതെന്നു ചിന്തിക്കണം. യുവത്വത്തിന്റെ തിളപ്പും വാഹനത്തിന്റെ കുതിപ്പും കാര്യങ്ങള്‍ വഷളാക്കുന്നു.
വാഹനങ്ങളില്‍ എഴുതിവച്ചിരിക്കുന്ന ചില വാചകങ്ങള്‍ നോക്കൂ! ഇവയ്ക്ക് വാഹനവുമായി വരുന്നവരുടെ മനോനിലയുമായി ബന്ധമുണ്ടോ? ഉദാഹരണത്തിന്, ഒരു വാഹനത്തിന്റെ മുന്‍വശത്ത് 'ഹാഫ്‌ലോയല്‍ ഹാഫ്‌വയലന്‍സ്' എന്നെഴുതിയിരിക്കുന്നു. പിന്നെ 'ഡെവിള്‍ ഓഫ് മൈവേള്‍ഡ്' 'നോ സൈലന്‍സ് ഒണ്‍ലി വയലന്‍സ്' തുടങ്ങി നിരവധിയായ നെഗറ്റീവ് എഴുത്തുകള്‍ യുവാക്കളില്‍ ചിലരുടെയെങ്കിലും വാഹനങ്ങളില്‍ കാണാം... ഇതു പക്വമായ ചിന്തയും എഴുത്തുമാണോ? വാഹനത്തിന്റെ നിരത്തിലെ പെര്‍ഫോമെന്‍സും ഇത്തരം കാര്യങ്ങളുമായി ബന്ധമുണ്ടോ? ഒപ്പം, ലഹരിയുടെ അകമ്പടിയുമുണ്ടോ? നമ്മുടെ മനസ്സിന്റെ നിയമസംഹിതയാണ് തിരുത്തിയെഴുതേണ്ടത്. അപകടമുണ്ടാക്കാതെ വാഹനമോടിക്കുകയും അതിനായി മറ്റുള്ളവരെ സഹായിക്കുകയും വേണം. നമ്മിലാരാണ് രാത്രിസമയങ്ങളില്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള്‍ ഡിം ചെയ്ത് പരസ്പരം ഗതാഗതം സുഗമമാക്കാന്‍ സഹകരിക്കുന്നത്? രാത്രികാലങ്ങളിലും അസമയത്തും ഉറക്കക്ഷീണം പ്രശ്‌നമാകുമ്പോള്‍ ദീര്‍ഘദൂരഡ്രൈവിങ് ഒഴിവാക്കരുതോ? ജീവനും ജീവിതവും അമൂല്യമാണെന്ന ചിന്ത ആദ്യം ഉണ്ടാകണം. 
നിരത്തുകളിലെ കട്ടിങ്ങും ഗട്ടറുകളും വീതിയില്ലായ്മയും ദുരന്തമുഖമുള്ള വളവുകളും ഇറക്കങ്ങളും പാലങ്ങളും അപകടത്തിനുമുമ്പേ ഉന്നതതലസമിതികള്‍ പഠനം നടത്തി പരിഹരിക്കണം. വഴിയിലെ പരസ്യബോര്‍ഡുകള്‍ ഇല്ലാതാകണം; കാഴ്ചയെ മറയ്ക്കുന്ന മരങ്ങളും മറ്റു തടസ്സങ്ങളും മാറണം. ട്രാഫിക് സിഗ്നലുകള്‍ നവീകരിച്ച് കാഴ്ചയിലേക്കെത്തിക്കണം. വഴിനീളെ ജീവന്റെ വിലയെക്കുറിച്ചുള്ള ബോധവത്കരണവാക്യങ്ങള്‍ എഴുതിവയ്ക്കണം; വിപത്തുകളെക്കുറിച്ചു വീണ്ടുവിചാരമുണ്ടാകണം. നവമാധ്യമങ്ങളില്‍നിന്നു തലയുയര്‍ത്തി പത്രവായന യുവാക്കള്‍ ശീലമാക്കണം; പൊതുവിജ്ഞാനം വര്‍ധിപ്പിക്കണം; സമൂഹത്തിന്റെ ചലനം ഇന്നത്തെ തലമുറ യഥാവിധി തിരിച്ചറിയണം. 'ആയിരം പേരെ ആയിരം യുദ്ധങ്ങളില്‍ ജയിക്കുന്നതിനേക്കാള്‍ സ്വയം ജയിക്കുന്നതാണ് ജയമെന്നു' നാമറിയണം. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)