ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ നിമിഷം... ലോകബഹിരാകാശചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ-9 ദൗത്യത്തിലെ മറ്റു രണ്ട് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലിറങ്ങി. മാര്‍ച്ച് 19 പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.27 ന് മെക്സിക്കോ ഉള്‍ക്കടലില്‍ സുരക്ഷിതമായി സ്പ്ലാഷ് ലാന്‍ഡു ചെയ്ത ഡ്രാഗണ്‍ ഫ്രീഡം പേടകത്തിനരികിലേക്ക് സ്‌പേസ് റിക്കവറി കപ്പല്‍ എത്തി.
ആദ്യം നിക് ഹേഗ്, പിറകേ ബുച്ച് വില്‍മോറും, മൂന്നാമതായി സുനിത വില്യംസും, പിന്നെ അലക്‌സാണ്ടര്‍ ഗോര്‍ബനോവും വാഹനത്തില്‍ നിന്നിറങ്ങി. പുഞ്ചിരിതൂകി ഓരോ യാത്രികരും പേടകത്തിനു പുറത്തിറങ്ങിയതോടെ ലോകത്തിന്റെ ഒമ്പതു മാസത്തെ കാത്തിരിപ്പിനു വിരാമമായി. ഫ്‌ളോറിഡയിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലാണ് ഇനി ഈ നാലു ബഹിരാകാശസഞ്ചാരികളും കഴിയുക. ദിവസങ്ങള്‍ നീളുന്ന ആരോഗ്യപരിശോധനകളും പരിശീലനവും പൂര്‍ത്തിയാക്കി ഡോക്ടര്‍മാര്‍ അനുമതി നല്‍കിയ ശേഷമേ വീടുകളിലേക്ക് ഇവര്‍ മടങ്ങൂ. 45 ദിവസം ബഹിരാകാശസഞ്ചാരികള്‍ക്ക് റീഹാബിലിറ്റേഷന്‍ സമയമാണ്.ഒമ്പതുമാസത്തോളം മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തുതങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിനനുഗുണമായ ശാരീരിക, മാനസിക അവസ്ഥ വീണ്ടെടുക്കുന്നതിനു നാളുകളെടുക്കും. ഇത്രനാളും ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിച്ചതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. എല്ലുകള്‍ക്കു ബലക്ഷയം, ഉറക്കമില്ലായ്മ, മൂത്രത്തില്‍ കല്ല്, അണുബാധ (ബഹിരാകാശജീവിതം യാത്രികരുടെ പ്രതിരോധശേഷി കുറയ്ക്കും), മാനസികസമ്മര്‍ദം, തലകറക്കം, മന്ദത, ശരീരത്തിന്റെ തുലനനിലയില്‍ പ്രശ്‌നം, ബേബിഫീറ്റ് (പാദത്തിന്റെ അടിവശത്തെ ചര്‍മം നേര്‍ത്തുപോകുന്നത്) തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും.
ഗുജറാത്തിലെ മെഹ്‌സാന ജില്ലക്കാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയന്‍ വംശജയായ ഉറുസുലന്‍ ബോണിയുടെയും മകളായി 1965 സെപ്റ്റംബര്‍ 19 ന് ഓഹിയോവിലെ യൂക്ലിഡിലാണ് സുനിത ജനിച്ചത്. ജന്മംകൊണ്ട് അമേരിക്കക്കാരിയായെങ്കിലും പിതാവിലൂടെയും മാതാവിലൂടെയും യഥാക്രമംഇന്ത്യന്‍-സ്ലൊവേനിയന്‍വംശപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സുനിതയ്ക്ക് ബഹിരാകാശ ശാസ്ത്രജ്ഞയാകാനായിരുന്നു താത്പര്യം. ആ ലക്ഷ്യം നേടി എന്നുമാത്രമല്ല, ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച വ്യക്തികൂടിയായി സുനിതയിപ്പോള്‍.
അമേരിക്കക്കാരനായ മൈക്കല്‍ ജെ. വില്യംസ് എന്ന പോലീസ് ഓഫീസറെയാണ് സുനിത വിവാഹം കഴിച്ചത്. ഇവര്‍ക്കു കുട്ടികളില്ല. ബഹിരാകാശയാത്രയ്ക്ക്നാസതിരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് സുനിത വില്യംസ്. ആദ്യത്തെയാള്‍ കല്പനചൗളആയിരുന്നു.
അമേരിക്കന്‍ നാവികസേനയില്‍ ഓഫീസറായാണ് സുനിതയുടെ ഔദ്യോഗികജീവിതത്തിന്റെ തുടക്കം. 1998 ല്‍ നാസയില്‍ ചേര്‍ന്നു. ആദ്യ ബഹിരാകാശയാത്ര 2006 ഡിസംബറില്‍ ഡിസ്‌കവറി സ്പേസ് ഷട്ടിലില്‍. രണ്ടാമത്തെ യാത്ര 2012 ജൂലൈയിലും. ഇപ്പോള്‍ പൂര്‍ത്തിയായത് മൂന്നാംയാത്ര. മൂന്നു ബഹിരാകാശ ദൗത്യത്തിലായി ആകെ 62 മണിക്കൂര്‍ ആറു മിനിറ്റ് അവര്‍ സ്‌പേസ് വാക്ക് നടത്തി. നാസയുടെതന്നെ പെഗ്ഗി വിട്സന്‍ സ്ഥാപിച്ച 60 മണിക്കൂറും 21 മിനിറ്റും എന്ന റെക്കോഡാണ് സുനിത മറികടന്നത്.
സുനിത വില്യംസും ബുച്ച് വില്‍മോറും ഒമ്പതുമാസത്തിലേറെ നീണ്ട ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കിയാണ് ഭൂമിയില്‍ മടങ്ങിയെത്തിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ഇവര്‍ ബഹിരാകാശനിലയത്തിലേക്കു പോയത്. വെറും എട്ടു ദിവസത്തേക്കായിരുന്നു ഈ ബോയിംഗ് ദൗത്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതികത്തകരാറുകളെത്തുടര്‍ന്ന് സുനിതയെയും ബുച്ചിനെയും നിശ്ചിതസമയത്തു മടക്കിക്കൊണ്ടുവരാന്‍ ബോയിങ്ങിനായില്ല. 2024 സെപ്റ്റംബര്‍ 28 നായിരുന്നു ഹേഗും ഗോര്‍ബുനോവും ബഹിരാകാശത്തേക്കു തിരിച്ചത്. സുനിത വില്യംസ് മൂന്നു ദൗത്യങ്ങളിലായി 608 ദിവസവും, ബുച്ച് വില്‍മോര്‍ മൂന്ന് യാത്രകളിലായി 464 ദിവസവും, നിക് ഹേഗ് രണ്ടു ദൗത്യങ്ങളിലായി 374 ദിവസവും ബഹിരാകാശനിലയത്തില്‍ പൂര്‍ത്തിയാക്കി. 286 ദിവസം നീണ്ട ദൗത്യത്തില്‍ സുനിതയും ബുച്ചും 121,347,491 മൈലുകള്‍ താണ്ടുകയും ഭൂമിയെ 4,576 തവണ വലംവയ്ക്കുകയും ചെയ്തു.
സുനിത വില്യംസ് വന്ന അതേ ഡ്രാഗണ്‍ പേടകത്തില്‍ ഒരു ഇന്ത്യക്കാരന്‍ അധികം വൈകാതെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐഎസ്എസ്) പോകും. രാകേഷ് ശര്‍മയ്ക്കുശേഷം ബഹിരാകാശത്തേക്കു പോകുന്ന ആ ഇന്ത്യന്‍ പൗരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല ആണ്.
എത്ര ആഹ്ലാദകരമായ നേട്ടമാണ് സുനിതയുടേത്! തന്റെ വീരപുത്രിയുടെ ദൃഢനിശ്ചയത്തെയോര്‍ത്ത് ദീപക് പാണ്ഡ്യയും കുടുംബവും അഭിമാനിക്കുമ്പോള്‍ ഭാരതാംബയുടെ ഇടനെഞ്ചും സന്തോഷ വാത്സല്യങ്ങള്‍ കൊണ്ടു തുടിക്കുന്നുണ്ടാവും, തീര്‍ച്ച!
സുനിതാ വില്യംസ് എന്ന ധീരയായ മകളെയോര്‍ത്ത്, അവള്‍ക്കു ജന്മം നല്‍കിയ ദീപക് പാണ്ഡ്യയെയോര്‍ത്ത്. ഭാരതീയര്‍ക്കെല്ലാം അഭിമാനിക്കാം.
ലേഖനം
ആകാശങ്ങളെ കീഴടക്കിയ ഭാരതാംബയുടെ വീരപുത്രി
