ജോണ്‍ 23-ാമന്‍ മാര്‍പാപ്പാ, കര്‍ദിനാള്‍ തിസ്സറാങ്ങിന്റെ മധ്യപൂര്‍വേഷ്യയുമായുള്ള ബന്ധം പരിഗണിച്ചുകൊണ്ട്, വിശുദ്ധനാടിന്റെ സംരക്ഷണച്ചുമതലയുള്ള ''ഓര്‍ഡര്‍ ഓഫ് ഹോളിസെപ്പള്‍ക്കര്‍'' എന്ന സംഘടനയുടെ അധ്യക്ഷനായി നിയമിച്ചു. വത്തിക്കാന്‍ ലൈബ്രറിയുടെ പൂര്‍ണചുമതലയ്ക്കുപുറമേ, കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ എന്ന പദവിയും തിരുക്കര്‍മാനുഷ്ഠാനങ്ങളുടെ തിരുസംഘത്തിന്റെ അധ്യക്ഷസ്ഥാനവും ബിബ്ലിക്കല്‍ കമ്മീഷന്റെ ചുമതലയും കര്‍ദിനാള്‍ യൂജേന്‍ തിസ്സറാങ്ങ് വഹിച്ചു. അദ്ദേഹത്തിന് ഒരു പദവിയും വെറും ആലങ്കാരികംമാത്രമായിരുന്നില്ലെന്ന് ദ് ഒര്‍മസോണ്‍ പ്രസ്താവിക്കുകയുണ്ടായി. ഉദാഹരണത്തിന്, പൊന്തിഫിക്കല്‍ തിരുക്കര്‍മങ്ങള്‍ ചിട്ടയോടെ പരികര്‍മം ചെയ്യപ്പെടണമെന്ന് കര്‍ദിനാളിനു നിര്‍ബന്ധമുണ്ടായിരുന്നു.
കര്‍ദിനാള്‍മാരുടെ പദവികള്‍
ഇക്കാര്യങ്ങളെല്ലാം എടുത്തുപറയുന്ന കൂട്ടത്തില്‍ കര്‍ദിനാള്‍സംഘത്തിന്റെ ത്രിവിധ പദവികളെക്കുറിച്ചും വ്‌ളാദിമിര്‍ ദ് ഒര്‍മെസോണ്‍ പരാമര്‍ശിക്കുന്നുണ്ട്. കര്‍ദിനാള്‍ തിസ്സറാങ്ങ് ഈ മൂന്നു പദവികളിലുമായിരുന്നിട്ടുണ്ട്. ആദ്യത്തേത് കര്‍ദിനാള്‍ ഡീക്കന്‍ എന്നാണ് അറിയപ്പെടുന്നത്. ഡീനറി ഓഫ് സെന്റ് വിത്തോ, മൊദെസ്‌തോ ആന്‍ഡ് ക്രെഷന്‍സിയ എന്നീ ചുമതലകളാണ് കര്‍ദിനാള്‍ തിസ്സറാങ്ങിനു ലഭിച്ചത്. രണ്ടാമത്തെ പദവി കര്‍ദിനാള്‍ വൈദികന്‍ എന്നതാണ്. ആ പദവിയിലുള്ളവര്‍ക്ക് റോമാരൂപതയിലെ ഒരിടവക ഭരമേല്പിക്കപ്പെടുന്നു. കര്‍ദിനാള്‍ തിസ്സറാങ്ങിനു ലഭിച്ചത് മിനേര്‍വ ഇടവകയാണ്. 1946 ല്‍ കര്‍ദിനാള്‍ മെത്രാന്‍ എന്ന പദവിയിലെത്തിയപ്പോള്‍ പോര്‍ത്തോ, വിശുദ്ധ റൂഫീനാ എന്നീ രൂപതകളുടെ ചുമതല ലഭിച്ചു.
1951 മുതല്‍ കര്‍ദിനാള്‍സംഘത്തിന്റെ ഡീന്‍ എന്ന നിലയില്‍ ഓസ്തിയ എന്ന രൂപതയുടെയുംകൂടി മെത്രാനായി കര്‍ദിനാള്‍ തിസ്സറാങ്ങ് നിയോഗിതനായി.
ഓസ്തിയ രൂപത
റോമും ഓസ്തിയായും മറ്റുമുള്‍പ്പെടുന്ന പ്രവിശ്യയുടെ പേര് ലാസ്യും എന്നാണ്. ഈ പ്രവിശ്യയില്‍, റോമാ കഴിഞ്ഞാല്‍ ഏറ്റവും പുരാതനമായ രൂപത ഓസ്തിയയാണ്. കര്‍ദിനാള്‍ തിസ്സറാങ്ങിന് രൂപതാഭരണം വളരെ പ്രധാനപ്പെട്ട ഒരു അജപാലനദൗത്യമായിരുന്നു. അദ്ദേഹത്തിനു ലഭിച്ച രൂപതകളില്‍ 20 പുതിയ ഇടവകകള്‍ക്കു കര്‍ദിനാള്‍ തിസ്സറാങ്ങ് തുടക്കം കുറിച്ചു. എട്ടു പള്ളികളും പതിനെട്ടു കുരിശുപള്ളികളും അദ്ദേഹം പുതുതായി നിര്‍മിക്കുകയും പല പള്ളികളും പുതുക്കിപ്പണിയുകയും ചെയ്തു. ഒരു പുതിയ കത്തീദ്രല്‍ സ്‌തോര്‍ത്താ എന്ന സ്ഥലത്ത് 1954 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി മാര്‍ച്ച് 24 ന് കൂദാശ ചെയ്തു. വത്തിക്കാനില്‍ ഫ്രാന്‍സിന്റെ അംബാസഡറായിരുന്ന ദ് ഒര്‍മസോണ്‍ അതില്‍ പങ്കെടുക്കുകയുണ്ടായി. തദവസരത്തില്‍ കര്‍ദിനാള്‍ തിസ്സറാങ്ങ് ഏറെ സന്തുഷ്ടനും സന്തോഷവാനുമായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അതിനും പുറമേ ബൃഹത്തായ ഒരു സെമിനാരിക്കെട്ടിടവും കര്‍ദിനാള്‍ പണികഴിപ്പിച്ചു. രൂപതകളിലെ ഇടവകകള്‍ കൃത്യമായി സന്ദര്‍ശിക്കാന്‍ കര്‍ദിനാള്‍ തിസ്സറാങ്ങ് സമയം കണ്ടെത്തിയിരുന്നു.
സ്റ്റേറ്റുവക സ്‌കൂളുകളിലെ മതബോധനം എപ്രകാരം നടക്കുന്നു എന്നറിയാന്‍ രൂപതാധ്യക്ഷന്‍തന്നെ നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി കര്‍ദിനാള്‍ തിസ്സറാങ്ങ് നടപ്പാക്കി. ഇറ്റാലിയന്‍ ഗവണ്‍മെന്റും വത്തിക്കാനുമായുള്ള ഉടമ്പടിയില്‍ ഇപ്രകാരം ഒരു വ്യവസ്ഥയുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എന്നാലും മറ്റൊരു രൂപതയിലും രൂപതാധ്യക്ഷന്‍തന്നെ നേരിട്ട് സ്‌കൂളിലെത്തിയിരുന്നില്ല. ഇപ്രകാരം ഓസ്തിയ രൂപതയിലെ കുട്ടികളുടെ മതബോധനം കാര്യക്ഷമമായി നടന്നിരുന്നുവെന്ന് ദ് ഒര്‍മസോണ്‍ പ്രസ്താവിക്കുന്നു.
രൂപതകളിലെ വൈദികരുമായി കര്‍ദിനാള്‍ തിസ്സറാങ്ങ് നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ആണ്ടുവട്ടത്തില്‍ രണ്ടുതവണ, ജൂണിലും നവംബറിലും അദ്ദേഹം വൈദികരെ ഒന്നിച്ചു വിളിച്ചുചേര്‍ത്തിരുന്നു. അവരുടെ വാര്‍ഷികധ്യാനാവസരത്തിലും കര്‍ദിനാളിന്റെ സാന്നിധ്യമുണ്ടായിരുന്നു.
തന്റെ രൂപതകളില്‍ വളരെയധികം സാമൂഹികപ്രവര്‍ത്തനങ്ങളും കര്‍ദിനാള്‍ തിസ്സറാങ്ങ് നടപ്പാക്കി. ഇതെല്ലാം പരിഗണിച്ച് ഇറ്റാലിയന്‍ റിപ്പബ്ലിക് ഒരു ഫ്രഞ്ചുകര്‍ദിനാളിനെ ദേശീയപുരസ്‌കാരം നല്കി ആദരിച്ചു എന്നത് ഫ്രാന്‍സിന് അഭിമാനകരമാണെന്ന് ദ് ഒര്‍മസോണ്‍ എടുത്തുപറയുകയുണ്ടായി.
ഗ്രന്ഥങ്ങള്‍, പ്രബന്ധങ്ങള്‍
കര്‍ദിനാള്‍ തിസ്സറാങ്ങ് നിരവധി ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നെസ്‌തോറിയന്‍ സഭകള്‍, സീറോ മലബാര്‍ സഭ, എത്യോപ്യന്‍ സഭകള്‍, ഈജിപ്തിലെ സഭകള്‍ തുടങ്ങി ആദിമനൂറ്റാണ്ടുകളിലെ പൗരസ്ത്യസഭകളെക്കുറിച്ച് ആധികാരികപ്രബന്ധങ്ങള്‍ കര്‍ദിനാള്‍ തിസ്സറാങ്ങ് രചിച്ചിട്ടുണ്ട്.
പേപ്പല്‍ ഡലഗേറ്റ് എന്ന നിലയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം അനേകം സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ലെബനോനിന്റെ തലസ്ഥാനഗരിയായ ബെയ്‌റൂട്ടില്‍ അറബിക് ഭാഷയിലാണ് അദ്ദേഹം പ്രസംഗിച്ചത്.
ഫ്രഞ്ച് അക്കാദമിയില്‍ കര്‍ദിനാള്‍ തിസ്സറാങ്ങിന്റെ സാന്നിധ്യം, അതിലെ അംഗങ്ങളുടെ കാഴ്ചപ്പാടുകള്‍ എന്തുതന്നെയായാലും ആധ്യാത്മികവും ധാര്‍മികവുമായ മൂല്യങ്ങളുടെ അംഗീകാരമാണെന്ന് തന്റെ പ്രസംഗത്തില്‍ ദ് ഒര്‍മെസോണ്‍ എടുത്തുപറഞ്ഞു. ''ഈ സുഹൃത്‌സംഘത്തില്‍ അങ്ങയുടെ അംഗത്വം ജീവിതാന്ത്യംവരെയാണെന്ന് ഞങ്ങള്‍ ആശംസിക്കുമ്പോള്‍ അങ്ങേക്ക് അതു നിസ്സാരമാണെന്നു ഞങ്ങള്‍ക്കറിയാം. അങ്ങയുടെ ജീവിതലക്ഷ്യം നിത്യമായ അമര്‍ത്ത്യതയാണെ''ന്ന വാക്കുകളോടെയാണ് വ്‌ളാദിമീര്‍ ദ് ഒര്‍മസോണ്‍ കര്‍ദിനാള്‍ യൂജേന്‍ തിസ്സറാങ്ങിനെ ഫ്രഞ്ച് അക്കാദമിയിലേക്കു സ്വാഗതം ചെയ്തത്.
വ്‌ളാദിമീര്‍ ദ് ഒര്‍മസോണ്‍തന്നെയാണ് പത്തുവര്‍ഷങ്ങള്‍ക്കുശേഷം ഫ്രഞ്ച് അക്കാദമിയിലേക്കു കര്‍ദിനാള്‍ തിസ്സറാങ്ങിനു പിന്‍ഗാമിയായിവന്ന കര്‍ദിനാള്‍ ഷാന്‍ ദനിയേലുവിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രഭാഷണം തയ്യാറാക്കിയത്.
1973 നവംബര്‍ 22 നാണ് പ്രസ്തുത സമ്മേളനം നിശ്ചയിച്ചിരുന്നത്. പക്ഷേ, 1973 സെപ്റ്റംബര്‍ 15 ന് രണ്ടുതവണ വത്തിക്കാനില്‍ ഫ്രഞ്ച് അംബാസിഡറും നലംതികഞ്ഞ ജേര്‍ണലിസ്റ്റുമായിരുന്ന വ്‌ളാദിമീര്‍ ദ് ഒര്‍മെസോണ്‍ ഈ ലോകത്തോടു വിട പറഞ്ഞു. അദ്ദേഹം തയ്യാറാക്കിയ പ്രഭാഷണം അക്കാദമിയിലെ അംഗമായ പിയേര്‍ എമ്മാനുവേല്‍ എന്ന കവിയാണു വായിച്ചത്. പ്രസ്തുത പ്രഭാഷണത്തില്‍ കര്‍ദിനാള്‍മാരായ തിസ്സറാങ്ങും ദനിയേലുവും പാണ്ഡിത്യത്തില്‍ സമശീര്‍ഷരാണെന്നു പ്രസ്താവിച്ചശേഷം അവരുടെ സ്വഭാവത്തിലെ പ്രത്യേകതകള്‍ സരസമായി താരതമ്യം ചെയ്യുന്നുണ്ട്:
'കര്‍ദിനാള്‍ തിസ്സറാങ്ങിന്റെ ബലിഷ്ഠമായ ശരീരവും പാത്രിയര്‍ക്കീസുമാരുടേതിനു തുല്യമായ താടിയും ഗൗരവപ്രകൃതിയും ഒരുവശത്ത്. മറുവശത്ത് കര്‍ദിനാളാണെങ്കിലും പഴയ രീതിയില്‍ തലയില്‍ തലതിരിച്ചുവച്ച ഒരു തൊപ്പിയും ഒരു സാധാരണ ഓവര്‍ക്കോട്ടും ധരിച്ച് ഓടിനടക്കുന്ന ഫാദര്‍ ദനിയേലുവും. തിസ്സറാങ്ങിനു മണിക്കൂറുകള്‍ നിശ്ചലനായിരിക്കാന്‍ കഴിയും. ദനിയേലുവിന് ഒരു നിമിഷം സ്വസ്ഥമായിരിക്കാന്‍ പറ്റില്ല.''
കര്‍ദിനാള്‍ ദനിയേലു അക്കാദമിയില്‍ ചെയ്ത പ്രസംഗത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍കൂടി ഇവിടെ കുറിക്കട്ടെ. ഒന്ന്, കര്‍ദിനാള്‍ തിസ്സറാങ്ങ് ചെയ്ത യാത്രകള്‍ അനവധിയാണ്. അദ്ദേഹത്തിന് 18 ഓണററി ഡോക്ടറേറ്റുകളും ലഭിച്ചിട്ടുണ്ട്.
ഡീന്‍ എന്ന നിലയില്‍ പോള്‍ ആറാമനോടൊപ്പം വിദേശയാത്രകളില്‍ പങ്കെടുത്തു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ആരംഭത്തില്‍ കൗണ്‍സില്‍സമ്മേളനങ്ങള്‍ക്ക് ആധ്യക്ഷ്യം വഹിച്ചിരുന്നവരുടെ പാനലിലെ മുഖ്യകര്‍ദിനാള്‍ തിസ്സറാങ്ങ് തിരുമേനിയായിരുന്നു. ''ജീവിതാന്ത്യത്തില്‍ ശൂന്യവത്കരണത്തിന്റെ അനുഭവത്തിലൂടെ കടന്നുപോകാന്‍ കര്‍ത്താവ് കര്‍ദിനാളിനെ അനുവദിച്ചു. ജോണ്‍ 23-ാമന്‍ പൗരസ്ത്യതിരുസംഘത്തിന്റെ ചുമതലകളില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. പോള്‍ ആറാമന്‍ പാപ്പാ പോര്‍ത്തോ രൂപതയുടെയും വത്തിക്കാന്‍ ലൈബ്രറിയുടെയും ചുമതകളില്‍നിന്നു മാറ്റി. 80 വയസ്സാകുമ്പോള്‍ മാര്‍പാപ്പാമാരെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍നിന്നു പുറത്താകുമെന്ന നിയമത്തോടെ ഭാവി കോണ്‍ക്ലേവില്‍നിന്നു പുറത്തായി.'' ഇപ്രകാരമാണ് കര്‍ദിനാള്‍ ദനിയേലു ഫ്രഞ്ച് അക്കാദമിയില്‍ 1973 ല്‍ പ്രസംഗിച്ചത്.
കര്‍ദിനാള്‍ യൂജേന്‍ തിസ്സറാങ്ങിന്റെ ആപ്തവാക്യം AB ORIENTE ET OCCIDENTE(കിഴക്കുനിന്നും പടിഞ്ഞാറുനിന്നും) എന്നായിരുന്നു.
1972 ഫെബ്രുവരി 21 ന് ദിവംഗതനായ കര്‍ദിനാള്‍ തിസ്സറാങ്ങിനെ സംസ്‌കരിച്ചിരിക്കുന്നത് അദ്ദേഹംതന്നെ പണികഴിപ്പിച്ച സ്‌തോര്‍തായിലെ കത്തീദ്രലിലാണ്.
മരണാനന്തരബഹുമതി
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലര്‍ യഹൂദകൂട്ടക്കൊല നടത്തിയപ്പോള്‍ യഹൂദരെ സംരക്ഷിച്ച ക്രിസ്ത്യാനികളെയും മറ്റും ഇസ്രയേല്‍രാജ്യം Yad Vashem (ഏശയ്യാ 56:5) എന്ന സ്മാരകത്തില്‍ പേര് ആലേഖനം ചെയ്ത് 'ജനതകളില്‍ നീതിനിഷ്ഠന്‍' എന്ന ബഹുമതി നല്കി ആദരിക്കുന്നുണ്ട്. റോമില്‍ അനേകം യഹൂദരെ രക്ഷിക്കാന്‍ മുന്‍കൈയെടുത്ത കര്‍ദിനാള്‍ തിസ്സറാങ്ങിനെയും 2021 ല്‍ ഇപ്രകാരം ആദരിക്കുകയുണ്ടായി.
(അവസാനിച്ചു.)