ആ ആന ആറാട്ട്
ഈ ഈച്ച ഈരണ്ട്
ഊ ഊണ് ഊഞ്ഞാല്
ഏ ഏണി ഏലക്കാ
കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കാനുള്ള സൂത്രവാക്യം. അമ്മ കഴിഞ്ഞാല്‍ പരിചയപ്പെടുന്നത് ആനയെ! കുരുന്നുമനസ്സില്‍ അക്ഷരം ഉറപ്പിക്കാന്‍ പറ്റിയ സൂത്രവാക്യം!
അമ്മ: ആറ്റിപ്പാ?
കുഞ്ഞ്: ആം.
അമ്മ: തോട്ടിപ്പാ?
കുഞ്ഞ്: ആം.
അമ്മ: ആനേം കുതിരേം കണ്ടാ പേടിക്കോ?
കുഞ്ഞ്: ഇല്ല.
കുഞ്ഞിന്റെ കണ്ണില്‍ അമ്മ ഒറ്റ ഊത്ത്!
കുഞ്ഞ് പിറുപിറെ കണ്ണടക്കുന്നു. അമ്മേം കുഞ്ഞും ചിരിക്കുന്നു. കുഞ്ഞുങ്ങളെ കളിപ്പിക്കാനുള്ള ഒറ്റമൂലി!
''ആനത്തലയോളം
വെണ്ണതരാമെടാ,
ആനന്ദശ്രീകൃഷ്ണാ
വാ മുറുക്ക്!''
ഉണ്ണിക്കൃഷ്ണന്‍ മണ്ണുവാരിത്തിന്നതുകണ്ട് കൂട്ടുകാര്‍ ഓടിച്ചെന്ന്, അമ്മ യശോദയെ വിവരം അറിയിക്കുന്നു. യശോദ ഓടിവന്ന് ഉണ്ണിയോടു വായ് പൊളിക്കാന്‍ പറയുന്നു. അവന്‍ വായ് പൊളിച്ചു. ഭൂലോകം മുഴുവന്‍ അവന്റെ വായില്‍ തെളിയുന്നു. അന്തംവിട്ട യശോദ പറഞ്ഞതാണിത്. കുഞ്ഞുങ്ങള്‍ക്ക് ഉണ്ണിക്കൃഷ്ണന്റെ ബാലലീലകള്‍ കേള്‍ക്കാനിഷ്ടമാണ്. കവിതയിലൂടെ അവതരിപ്പിക്കുമ്പോള്‍ അതിന്റെ രസം വര്‍ധിക്കും. കൂടാതെ, കുട്ടികള്‍ക്കു കവിതയോട് ആഭിമുഖ്യം ഉണ്ടാക്കാനും ഇതു സഹായിക്കും. പള്ളിക്കൂടങ്ങളില്‍ വ്യാകരണം പഠിക്കുന്ന രീതി നിലനിന്നിരുന്നപ്പോള്‍, അതിന്റെ ബാലപാഠം പഠിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുള്ള ഒരു വാക്യമുണ്ട്: ''ആന തടി വലിക്കുന്നു.''
''ആരാണു തടി വലിക്കുന്നത്?''
''ആന.'' - കര്‍ത്താവ്
''എന്താണു വലിക്കുന്നത്?''
''തടി.'' - കര്‍മം.
''ആന എന്താണു ചെയ്യുന്നത്?'' ''വലിക്കുന്നു'' - ക്രിയ സന്ധിനിയമം പഠിപ്പിക്കാനുള്ള ഒരു വാക്യം:
''ആന പുറത്തു കയറി വരുന്നു.'' തെറ്റു തിരുത്തുക.
ആന+പുറം = ആനപ്പുറം. ഇവിടെ 'പ' ഇരട്ടിക്കുന്നു. ദിത്വസന്ധി. കുട്ടികളെ രസിപ്പിക്കാനും പഠിപ്പിക്കാനും ആനയുടെ പങ്കുവലുതാണ്.
സുപ്രസിദ്ധരും കുപ്രസിദ്ധരുമായ കരിവീരന്മാര്‍! ഗുരുവായൂര്‍ രാധാകൃഷ്ണന്‍, നെച്ചിക്കോട്ടു രാമചന്ദ്രന്‍, ചിറയ്ക്കല്‍ കാളിദാസന്‍, പാമ്പാടി രാജന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍, പാറമേക്കാവ് കാളിദാസന്‍ മുതലായവരാണ് നാട്ടിലെ പ്രമാണിമാര്‍. കാട്ടിലേക്കു കടന്നാല്‍ അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, ഒറ്റക്കൊമ്പന്‍, പടയപ്പ എന്നിങ്ങനെ നീളുന്ന അവിടത്തെ കൊലകൊമ്പന്മാര്‍. ഇവറ്റകള്‍ക്കു താരശോഭ പകരുന്നതു മാധ്യമങ്ങളാണ്. പ്രത്യേകിച്ചു ചാനലുകാര്‍. ഇവയ്ക്കുവേണ്ടി കണ്ണീരൊഴുക്കുന്നതും കൈയടിക്കുന്നതും ആനപ്രേമികളും ആനഭക്തരുമാണ്. ബഹുജനങ്ങള്‍ക്കു പൊതുവിലുള്ള പങ്ക് ചെറുതായി കാണാനാവില്ല.
കരിവീരന്മാരുടെ വീരശൂരക്രൂരപരാക്രമങ്ങളുടെ പത്രത്തലക്കെട്ടുകള്‍ നോക്കാം: ''ബന്ദിപ്പൂരിനു സമീപം കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു.''
''പടയപ്പ ചുഴറ്റിയെറിഞ്ഞ യുവതിക്ക് ഗുരുതരപരിക്ക്.''
''രണ്ടു ജീവനെടുത്തു കാട്ടാന; ദമ്പതികളെ ചവിട്ടിക്കൊന്നു.''
''തട്ടേക്കാടും കാട്ടാനയാക്രമണം; വീട്ടമ്മ രക്ഷപ്പെട്ടത് തല നാരിഴയ്ക്ക്.''
''അരിക്കൊമ്പന്‍ നടുറോഡില്‍ത്തന്നെ നിലയുറപ്പിച്ചു.''
''ആറളം ഫാമില്‍ വീണ്ടും കാട്ടാനയാക്രമണം; കാട്ടാന യുവതിയെ തുമ്പിക്കൈക്കൊണ്ട് ചുഴറ്റിയെറിഞ്ഞു.''
''ഒറ്റക്കൊമ്പനു പരിക്കേറ്റു.''
''മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന ചവിട്ടിമറിച്ചു.''
''പടയപ്പനു മദപ്പാട്.''
ഇങ്ങനെ എത്രയെത്ര വാര്‍ത്തകള്‍! തലക്കെട്ടുകള്‍ എഴുതാന്‍തന്നെ ഒരു പുസ്തകം വേണ്ടി വരും. വാര്‍ത്തകള്‍ സരസമായി അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നു. ചാനലുകള്‍ രംഗം ശോഭ വര്‍ധിപ്പിച്ച് ചൂടാറാതെ നല്കാന്‍ നിതാന്തജാഗ്രത പുലര്‍ത്തുന്നു! വിശദവിവരങ്ങള്‍ ഇഴകീറി പരിശോധിക്കുന്നു! ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണു വരിക്കാശ്ശേരി ക്ഷേത്രത്തില്‍ ഇടഞ്ഞ ഊട്ടോളി മഹാദേവന്‍ ആനയുടെ പരാക്രമം ടി.വി. ചാനലില്‍ തെളിയുന്നത്. ആനയുടെ പരാക്രമങ്ങള്‍ വിവരിക്കുന്നത് ഒരു ഫുട്‌ബോള്‍ മത്സരം നടക്കുമ്പോഴുള്ള കമന്ററിയെയും വെല്ലുന്നു! ''ആരാന്റമ്മയ്ക്ക് ഭ്രാന്തു വന്നാല്‍ കാണാന്‍ നല്ല ശേല!'' ഇക്കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പൊലിഞ്ഞത് 262 മനുഷ്യജീവനുകള്‍!
ഉത്തരവാദിത്വപ്പെട്ടവര്‍ പ്രൈമറി പള്ളിക്കൂടത്തിലെ കുട്ടികളെപ്പോലെ ആനക്കാര്യം കേട്ടു രസിക്കുന്നു! മന്ത്രിമാരും എം.എല്‍.എ. മാരും പാര്‍ട്ടിവ്യത്യാസമില്ലാതെ നേതാക്കളെല്ലാം മരിച്ചടക്കില്‍ പങ്കെടുക്കും; അനുശോചനം രേഖപ്പെടുത്തും. ബന്ധപ്പെട്ടവരെ ചേര്‍ത്തുപിടിച്ചാശ്ലേഷിച്ച് അഗാധമായ ദുരന്തം അനുഭവിച്ചാലെന്നപോലെ അഭിനയിച്ചു രേഖപ്പെടുത്തും. ജീവനു വിലയായി അഞ്ചുലക്ഷം രൂപയാണു സാധാരണമായി സര്‍ക്കാര്‍ നല്‍കാറുള്ളത്. ബഹുമാനപ്പെട്ട ഹൈക്കോടതി പറയുന്നു: വന്യമൃഗാക്രമണങ്ങളില്‍ ആശ്വാസവാക്കുകളും ധനസഹായവൂം മനുഷ്യജീവനു പകരമാകില്ല.'' കോടതി ചോദിക്കുന്നു: ''വെടിക്കെട്ടു സ്ഥലത്തേക്ക് ആനകളെ എന്തിനു കൊണ്ടുപോകുന്നു? ഇതിനുള്ളില്‍ വ്യംഗമായ ഒരു ചോദ്യംകൂടിയുണ്ട്: ''എന്തിനാണ് ഈ വെടിക്കെട്ട്?'' ഇതിനിടെ ഒരു വിലാപം കേട്ടു: ''കേരളത്തില്‍ ആകെ 382 ആനകളേ ഉള്ളൂ. അതുകൊണ്ട് അന്യസംസ്ഥാനങ്ങളില്‍നിന്ന് ആനകളെ കൊണ്ടുവരണം!'' കാട്ടാനയാക്രമണത്തില്‍ എല്ലാം നഷ്ടപ്പെട്ട ശ്യാമള എന്ന സാധുസ്ത്രീയുടെ ചോദ്യം: ''ഇനി ഒരാളും കൊല്ലപ്പെടില്ലെന്ന് ഉറപ്പു തരാമോ?'' ചോദ്യം സര്‍ക്കാരിനോടാണ്.
ഇതിനിടെ, ഇതാ വിചിത്രമായ ഒരു പരാതിയുമായി ആനപ്രേമികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. ''വാക്കിങ് ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി' എന്ന സംഘടനയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മൂന്നാറില്‍ പരിക്കേറ്റ കാട്ടാനയ്ക്കു ചികിത്സ നല്കണമെന്നാണ് അവരുടെ ആവശ്യം. അവന്‍ കൊന്നുകൊലവിളിച്ച മനുഷ്യജന്മങ്ങളെ ഓര്‍ക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് ഒരു കൈത്താങ്ങു കൊടുക്കാനും ആവശ്യപ്പെടുന്ന ഒരു മനുഷ്യസ്‌നേഹിസംഘടന നമുക്കില്ലാതെപോയല്ലോ! ആനയെയും മനുഷ്യനെയും തൂക്കിനോക്കിയാല്‍ മനുഷ്യന്റെ തട്ട് ഉയര്‍ന്നു പോകാമല്ലോ എന്ന 'ലോജിക്' ഒരു വിധത്തില്‍ ശരിയല്ലേ?
കാട്ടാനകളുടെ കാര്യത്തില്‍ അവയെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനു തന്നെയാണെന്ന കാര്യത്തില്‍ ആരും തര്‍ക്കമുന്നയിക്കുകയില്ല. പക്ഷേ, സര്‍ക്കാര്‍ കൈമലര്‍ത്തി മാറി നില്‍ക്കാനാണു നോക്കുന്നത്. കാട്ടാനകളെ കാട്ടിനുള്ളില്‍ത്തന്നെ ഒതുക്കിനിര്‍ത്താന്‍ നിര്‍ദേശങ്ങള്‍ പലതുമുണ്ട്. പക്ഷേ, ഫലപ്രദമായി ഒന്നും നടക്കുന്നില്ല. ഒരു ദുരന്തമുണ്ടാകുമ്പോള്‍ എന്തെങ്കിലും കാട്ടിക്കൂട്ടുക. അടുത്ത ദുരന്തത്തിനുവേണ്ടിയുള്ള കാത്തിരുപ്പാണ് പതിവ്. ശക്തമായ ഫെന്‍സിങ് പണി തുടങ്ങി പാതിവഴി ഇട്ടിട്ടു മാറി നില്ക്കുന്നു. ഒരിക്കലും അതു പൂര്‍ത്തിയാക്കപ്പെടുന്നില്ല. ആനകള്‍ക്കു കുടിവെള്ളം ഉറപ്പാക്കാനുള്ള പദ്ധതികളും ഒന്നുംതന്നെയില്ല. അങ്ങനെ, സര്‍ക്കാരിനു ചെയ്യാവുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ അവതാളത്തില്‍ കിടക്കുന്നതാണു ദുരന്തങ്ങളുടെ മുഖ്യകാരണം.
അ കാര്യത്തില്‍ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ല. വനനിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാനസര്‍ക്കാരിനു പറ്റില്ല. അതിനുള്ള നിയമനിര്‍മാണം നടത്തേണ്ടതു കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാരിന്റെ നിരുത്തരവാദിത്വപരമായ നിലപാടാണ് ഏറ്റവും വലിയ ഭീഷണി. അവിടെ സമ്മര്‍ദമുണ്ടാക്കാന്‍ ജനപ്രതിനിധികള്‍ക്കു കഴിയുന്നില്ല. അതിനു രാഷ്ട്രീയക്കാര്‍ മുഴുവന്‍, ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കാണിക്കുന്ന അലംഭാവം കുറ്റകരമായ അനാസ്ഥയാണ്. കാട്ടാനകളുടെ ആക്രമണത്തിനിരയാകുന്നത് പാര്‍ശവത്കരിക്കപ്പെട്ട ജനതയാണ്. അവര്‍ ന്യൂനപക്ഷമാണ്. അസംഘടിതരുമാണ്. അപ്പോള്‍, അവരെ അവഗണിക്കാന്‍ സര്‍ക്കാരിനെളുപ്പമാണ്. അവരുടെ ശബ്ദം വനരോദനമായി അവഗണിക്കപ്പെടുന്നു! ഒരു കാര്യം ഉറപ്പാണ്, കാട്ടിലെ ഒരു കൊലകൊമ്പനും ഒറ്റക്കണ്ണനോ അരിക്കൊമ്പനോ ചക്കക്കൊമ്പനോ പടയപ്പയോ തിരുവനന്തപുരത്തെത്തില്ല. സെക്രട്ടറിയേറ്റിന്റെ പടിക്കല്‍പ്പോലും കാലുകുത്തില്ല. അതുകൊണ്ട്, ഭരണകര്‍ത്താക്കളും അവരുടെ കുടുംബാംഗങ്ങളും എന്നും സുരക്ഷിതരായിരിക്കും. പ്രതിപക്ഷനേതാക്കളുടെയും സ്ഥിതി മറിച്ചല്ല. പിന്നെ, അവരെന്തിനു വനത്തിലെ കാര്യത്തിലിടപെടുന്നു? അവരൊക്കെ വെയിലും ചൂടും ഏല്ക്കാതെ മന്ത്രി മന്ദിരങ്ങളിലും പ്രതിപക്ഷനേതൃതാവളങ്ങളിലും ആനന്ദിച്ചാഹ്ലാദിച്ചഭിരമിക്കുന്നു. അസൂയപ്പെട്ടിട്ടു കാര്യമില്ല! സമ്മര്‍ദംമൂലം ഇരിക്കപ്പൊറുതിയില്ലാതെവരുമ്പോള്‍ കേന്ദ്രത്തിനെ പഴിചാരി കേരളസര്‍ക്കാര്‍ തടിതപ്പുന്നു. പ്രതിപക്ഷം ഭരണപക്ഷത്തെ പഴിചാരി നല്ലപിള്ള ചമഞ്ഞു നടക്കുന്നു. പാവം കര്‍ഷകര്‍! അവരുടെ ജീവനും പറമ്പും ദേഹണ്ഡവും ആനക്കൂട്ടം ചവിട്ടിത്തകര്‍ത്തു മുന്നേറുന്നു!
ഇനി, നാട്ടാനകളുടെ കാര്യമാകുമ്പോള്‍ ബഹുജനങ്ങളും പ്രതിപ്പട്ടികയിലാണ്. ഉത്സവം നടത്തിപ്പുകാരും പെരുനാള്‍ കമ്മിറ്റിക്കാരും പ്രതിപ്പട്ടികയില്‍ ഒന്നാംസ്ഥാനത്തുതന്നെ. ആനയെഴുന്നള്ളത്തു കാണാനാണല്ലോ ഭക്തജനങ്ങള്‍ അമ്പലങ്ങളിലും പള്ളികളിലും പോകുന്നത്. ഇത് ആനക്കമ്പക്കാരുടെ ഭാഷ്യമാണ്. ആനയില്ലെന്നു കരുതി ഒരു ഭക്തന്റെയും വിശ്വാസത്തിന് ഒരു കോട്ടവുമുണ്ടാകില്ല; അവര്‍ വന്നു പ്രാര്‍ഥിച്ചു മടങ്ങിക്കൊള്ളും. വെടിക്കെട്ടും ആനക്കൂത്തും കാണാന്‍വേണ്ടി ശരിയായ ഒരു ഭക്തരും അമ്പലത്തിലോ പള്ളിയിലോ പോകില്ല. കച്ചവടക്കാരുടെയും ബിസിനസ്സുകാരുടെയും നടത്തിപ്പുകാരുടെയും വയറ്റിപ്പിഴപ്പിനുവേണ്ടി ബഹുജനത്തെ ചൂഷണം ചെയ്യുന്നു. ആന കലിയിളകി എല്ലാം തല്ലിത്തകര്‍ത്തു മുന്നേറുമ്പോള്‍, ആളുകളെ ചവിട്ടിമെതിച്ചും തുമ്പിക്കൈ കൊണ്ടു ചുഴറ്റിയെറിഞ്ഞും കലിതുള്ളുന്നതു കാണുമ്പോള്‍, ആ ക്രൂരവിനോദം കണ്ടാസ്വദിക്കുന്ന കഠിനഹൃദയര്‍ക്കുവേണ്ടി പാവം ജനങ്ങള്‍ ബലിയാടുകളാകുന്നു.
ജനം മരണവെപ്രാളത്തില്‍ പിടയുമ്പോള്‍ ഭരണക്കാരും പ്രതിപക്ഷക്കാരും അടുത്ത നിമയമസഭാതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. ബൂത്തുതലം, വാര്‍ഡുതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ എല്ലാ തലങ്ങളിലുമുള്ള സമ്മേളനങ്ങളും ശക്തിപ്രകടനങ്ങളിലുമാണ് ശ്രദ്ധമുഴുവനും. ആനയെ പിടിക്കാനല്ല, ആളെപിടിക്കാനുള്ള കെണികളാണു രൂപകല്പന ചെയ്യുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നയരേഖ രൂപീകരിക്കുന്ന ആലോചനായോഗങ്ങളില്‍ ഓരോ പാര്‍ട്ടിയുടെയും പ്രവര്‍ത്തനമികവിനെ പ്രകീര്‍ത്തിച്ചുകൊണ്ടു സ്തുതിപാഠകര്‍ പാട്ടുപാടുകയും നൃത്തം ചവിട്ടുകയും ചെയ്യുന്നു. നേതാക്കള്‍ക്ക് 'കീജെ' വിളിച്ച് ഓളം സൃഷ്ടിച്ച്, പാകപ്പെടുത്തിയെടുക്കുന്ന പ്രകടനപത്രിക മിക്കവാറും തയ്യാറാക്കിക്കഴിഞ്ഞിരിക്കുന്നു. പാവം ജനം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്നു! ആനയെപ്പേടിച്ച് നാടുവിടുന്നതിനെപ്പറ്റിയും അവര്‍ ആലോചിക്കുന്നു. നഷ്ടപ്പെടാന്‍ വിലങ്ങുകള്‍; കിട്ടാനുള്ളതു പുതിയൊരുലോകം. വര്‍ണവര്‍ഗവിവേചനമില്ലാത്ത, ദുഃഖദുരിതങ്ങളില്ലാത്ത സമത്വസുന്ദരസ്വര്‍ഗം സ്വപ്നം കണ്ട് അന്തിയുറങ്ങാം. ഇടതുവലതു രാഷ്ട്രീയക്കാരേ, ആനകളില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ... ആമ്മേന്‍!