•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പൗരസ്ത്യറീത്തിനു പുതുമുഖം നല്‍കിയ ഭരണാധിപന്‍

2
    1908 ല്‍ പത്താംപീയൂസ് മാര്‍പാപ്പായുടെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച റോമാവാസം 1962 ലും കര്‍ദിനാള്‍ യൂജേന്‍ തിസ്സറാങ്ങ് തുടരുകയാണെന്ന് തന്റെ പ്രസംഗത്തില്‍ വ്‌ളാദ്മീര്‍ ദ് ഒര്‍മെസ്സോണ്‍ എടുത്തുപറഞ്ഞു. പൗരസ്ത്യഭാഷകളിലുള്ള കൈയെഴുത്തുരേഖകള്‍ക്കായുള്ള അന്വേഷണം ഫാ. തിസ്സറാങ്ങിനെ മിലാനിലെ അംബ്രോസിയന്‍ ലൈബ്രറിയിലും എത്തിച്ചു. അവിടെ ലൈബ്രേറിയനായ മോണ്‍. അക്കിലെ റാത്തിയെ ഫാ. തിസ്സറാങ്ങ് പരിചയപ്പെട്ടു. ഈ മോണ്‍. റാത്തിയാണു പിന്നീടു പതിനൊന്നാം പീയൂസ് മാര്‍പാപ്പാ ആയത്.
  ഫാ. തിസ്സറാങ്ങ് യൂറോപ്പിലെ മറ്റു പ്രധാന ലൈബ്രറികളും സന്ദര്‍ശിക്കുകയുണ്ടായി. പാരീസിലെ കാത്തലിക് ഇന്‍സ്റ്റിറ്റ്യൂട്ട് പൗരസ്ത്യഭാഷകളുടെ പ്രൊഫസറായി തിസ്സറാങ്ങിനെ അങ്ങോട്ടു ക്ഷണിച്ചെങ്കിലും വത്തിക്കാനിലെ ചുമതലകള്‍ അദ്ദേഹത്തെ റോമില്‍ത്തന്നെ പിടിച്ചുനിറുത്തി.
   1914 ല്‍ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ഫ്രഞ്ചുസൈന്യത്തില്‍ സേവനം അനുഷ്ഠിക്കാനായി തിസ്സറാങ്ങ് മധ്യപൂര്‍വേഷ്യയിലെത്തി. യുദ്ധത്തില്‍ മുറിവേറ്റ അദ്ദേഹം കുറെക്കാലം പാരീസില്‍ യുദ്ധകാര്യമന്ത്രാലയത്തില്‍ ജോലി ചെയ്തു. അദ്ദേഹത്തിന്റെ അറബിഭാഷാപരിജ്ഞാനം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തി.
   1917 ല്‍ വീണ്ടും സൈന്യത്തിന്റെ ഭാഗമായി പലസ്തീനയില്‍ ഒരു പട്ടാളയൂണിറ്റിനെ നയിച്ചു. യുദ്ധകാലസേവനങ്ങള്‍ക്കു ഫ്രഞ്ച് ഗവണ്‍മെന്റ് വിശിഷ്ടമെഡല്‍ നല്കി തിസ്സറാങ്ങിനെ ആദരിച്ചു.
യുദ്ധാനന്തരം 1919 ല്‍ വത്തിക്കാനില്‍ തിരിച്ചെത്തി ഫാ. തിസ്സറാങ്ങ് ലൈബ്രറിയുടെ പ്രീഫെക്ടിന്റെ സഹായിയായും തുടര്‍ ന്ന് പ്രോ-പ്രീഫെക്ടായും നിയമിതനായി.
   പത്താം പീയൂസ് മാര്‍പാപ്പായ്ക്കുശേഷം  1917 മുതല്‍ 1922 വരെ തിരുസ്സഭയെ നയിച്ച പതിനഞ്ചാം ബനഡിക്ട് മാര്‍പാപ്പായുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത് മോണ്‍. യൂജേന്‍ തിസ്സറാങ്ങിനെ വളരെ വിലമതിച്ചിരുന്ന കര്‍ദിനാള്‍ അക്കീലെ റാത്തിയാണ്. 
പതിനൊന്നാം പീയൂസ് മാര്‍പാപ്പായുടെ കാലത്ത് വത്തിക്കാന്‍ ലൈബ്രറിയുടെ സുവര്‍ണകാലഘട്ടമായിരുന്നു.
1927 ല്‍ പതിനൊന്നാം പീയൂസ് മാര്‍പാപ്പാ മോണ്‍. തിസ്സറാങ്ങിനെ ഒരു പ്രത്യേക ദൗത്യം ഭരമേല്പിച്ച് അമേരിക്കന്‍ ഐക്യനാടുകളിലേക്കയച്ചു. ലൈബ്രറികളുടെ നടത്തിപ്പില്‍ അമേരിക്ക സ്വീകരിച്ച നവീനസാങ്കേതികവിദ്യകള്‍ നേരിട്ടു മനസ്സിലാക്കുക എന്ന ദൗത്യമാണ് മോണ്‍. തിസ്സറാങ്ങിനെ മാര്‍പാപ്പാ ഏല്പിച്ചത്. എല്ലാ പ്രധാനപ്പെട്ട ലൈബ്രറികളും സന്ദര്‍ശിച്ച അദ്ദേഹം തിരിച്ചെത്തി വത്തിക്കാന്‍ ലൈബ്രറിയിലും വലിയ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. തുടര്‍ന്നും പല പ്രാവശ്യം മോണ്‍. തിസ്സറാങ്ങ് അമേരിക്കന്‍ ലൈബ്രറികള്‍ സന്ദര്‍ശിച്ചു.
മോണ്‍. തിസ്സറാങ്ങിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനായ പതിനൊന്നാം പീയുസ് മാര്‍പാപ്പാ 1936 ജൂണ്‍ 15-ാം തീയതി 52 വയസ്സുമാത്രമുണ്ടായിരുന്ന തിസ്സറാങ്ങിനെ കര്‍ദിനാള്‍ പദവി നല്കി  ആദരിച്ചു. അദ്ദേഹം മെത്രാനായി അഭിഷിക്തനാകുന്നത് 1937 ജൂലൈ 25-ാം തീയതിയാണ്. അന്നു സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കര്‍ദിനാള്‍ പിച്ചേല്ലി (പിന്നീട് പന്ത്രണ്ടാം പീയൂസ് പാപ്പാ)യാണ് തിസ്സറാങ്ങിന്റെ മെത്രാഭിഷേകം നടത്തിയത്. വത്തിക്കാന്‍ ലൈബ്രറിയുടെ ചുമതലകള്‍ക്കുപുറമേ മറ്റുത്തരവാദിത്വങ്ങളും പരിശുദ്ധപിതാവ് കര്‍ദിനാളിനെ ഭരമേല്പിച്ചു.
പൗരസ്ത്യതിരുസംഘം
അന്നു മാര്‍പാപ്പാതന്നെയായിരുന്നു ഈ തിരുസംഘത്തിന്റെ അധ്യക്ഷന്‍. സെക്രട്ടറിസ്ഥാനം വഹിച്ചിരുന്നത് ഒരു കര്‍ദിനാളുമായിരുന്നു. 1917 ല്‍ ഒരു സ്വതന്ത്രതിരുസംഘമായി പൗരസ്ത്യതിരുസംഘത്തെ ഉയര്‍ത്തിക്കൊണ്ട് ബനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പാ പറഞ്ഞു: ''സഭ ലത്തീനുമല്ല, ഗ്രീക്കുമല്ല, സ്ലാവുമല്ല, അതു കാതോലികമാണ്.''
1936 ല്‍ തിരുസംഘത്തിന്റെ സെക്രട്ടറിയായിരുന്ന കര്‍ദിനാള്‍ ലൂയിജി സിന്‍ചേരോ ദിവംഗതനായപ്പോള്‍ ആ സ്ഥാനത്തേക്ക് പതിനൊന്നാം പീയൂസ് മാര്‍പാപ്പാ വലിയ ദീര്‍ഘദൃഷ്ടിയോടെ നിയമിച്ചത് യൂജേന്‍ കാര്‍ഡിനല്‍ തിസ്സറാങ്ങിനെയാണ്.
ഫ്രഞ്ച് അക്കാദമിയില്‍ വ്‌ളാദിമിര്‍ ദ് ഒര്‍മെസ്സോണ്‍ നടത്തിയ സമഗ്രമായ പ്രസംഗത്തില്‍ പൗരസ്ത്യതിരുസംഘത്തില്‍ കര്‍ദിനാള്‍ തിസ്സറാങ്ങ് ചെയ്ത കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്.
1938 മാര്‍ച്ച് 25-ാം തീയതി പതിനൊന്നാം പീയൂസ് മാര്‍പാപ്പാ പൗരസ്ത്യതിരുസംഘത്തിന്റെ അധികാരപരിധി എല്ലാ പൗരസ്ത്യകത്തോലിക്കരിലേക്കും വ്യാപിപ്പിച്ചു. നൈയാമികവും ഭരണപരവും നീതിന്യായപരവുമായ എല്ലാക്കാര്യങ്ങളും ഈ തിരുസംഘത്തിന്റെ അധികാരപരിധിയില്‍ വരുമെന്ന് ടമിമേ ഉലശ ഋരരഹലശെമ (ദൈവത്തിന്റെ വിശുദ്ധസഭ) എന്ന തിരുവെഴുത്തുവഴി പരിശുദ്ധപിതാവ് പ്രഖ്യാപിച്ചു. ഈജിപ്ത്, സീനായ്, സൈപ്രസ്, ഇറാന്‍, ലെബനോന്‍, സിറിയാ, പലസ്തീന്‍, ഇസ്രയേല്‍, ജോര്‍ദാന്‍, ഇറാക്ക്, തുര്‍ക്കി, ബള്‍ഗേറിയ, അഫ്ഗാനിസ്ഥാന്‍, എത്യോപ്യാ, ഇന്ത്യയുടെ ഏതാനും ഭാഗങ്ങള്‍ എന്നിവിടങ്ങളിലുള്ള പൗരസ്ത്യറീത്തുകാരാണ് ഈ തിരുസംഘത്തിനു കീഴില്‍ വരുന്നത്. അവര്‍ അന്ത്യോക്യന്‍, ഗ്രീക്ക് ബൈസന്റൈന്‍, സ്ലാവ് ബൈസന്റൈന്‍, അലക്‌സാണ്ട്രിയന്‍, അര്‍മേനിയന്‍, കാല്‍ഡൈന്‍, സിറിയന്‍, മെല്‍ക്കൈറ്റ്, കോപ്റ്റിക് എന്നീ റീത്തുകളില്‍പ്പെടുന്നു. ഈ പാരമ്പര്യങ്ങളിലുള്ള അകത്തോലിക്കാസഭകളുമായും പൗരസ്ത്യതിരുസംഘത്തിനു ബന്ധമുണ്ടായിരുന്നു. 23 കൊല്ലം തുടര്‍ച്ചയായി കര്‍ദിനാള്‍ തിസ്സറാങ്ങ്  ഈ തിരുസംഘത്തിന്റെ തലപ്പത്തുണ്ടായിരുന്നു. അക്കാലയളവില്‍ വിവിധ റീത്തുകളുടെ ആരാധനക്രമങ്ങളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി കമ്മീഷനുകള്‍ നിലവില്‍വന്നു. 
കര്‍ദിനാള്‍ തിസ്സറാങ്ങ് ഈ പൗരസ്ത്യസഭകളെ എല്ലാം സന്ദര്‍ശിച്ചു. എല്ലായിടത്തും പരിശുദ്ധസിംഹാസനത്തിന് ഈ സഭകളോടുള്ള സ്‌നേഹവും താത്പര്യവും അറിയിക്കുക എന്നതായിരുന്നു കര്‍ദിനാളിന്റെ ദൗത്യം. ഈ യാത്രകള്‍ ഈ സഭകളുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ കര്‍ദിനാളിന് അവസരം നല്‍കി. എല്ലായിടത്തും, പ്രത്യേകിച്ച് 1953 ല്‍ സീറോ മലബാര്‍ രൂപതകളില്‍ നടത്തിയ സന്ദര്‍ശനാവസരത്തില്‍ കര്‍ദിനാള്‍ തിസ്സറാങ്ങിന് ഊഷ്മളസ്വീകരണമാണു ലഭിച്ചതെന്ന് ദ് ഒര്‍മെസോണ്‍ എടുത്തുപറയുന്നുണ്ട്. കര്‍ദിനാള്‍ തിസ്സറാങ്ങിന്റെ സന്ദര്‍ശനത്തിന്റെ ഫലമായി പൗരസ്ത്യസഭകളില്‍ ഇരുപതോളം പുതിയ രൂപതകളും പുതിയ സെമിനാരികളും ദൈവാലയങ്ങളുമെല്ലാം ആരംഭിച്ചു. മധ്യപൂര്‍വേഷ്യയില്‍ നേഴ്‌സറിമുതല്‍ സ്‌കൂളുകള്‍ തുടങ്ങാനും പൗരസ്ത്യതിരുസംഘം സഹായം നല്കി. കമ്യൂണിസ്റ്റുഭരണത്തിന്‍കീഴിലുള്ള സഭാസമൂഹങ്ങളെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. എങ്കിലും അവരുടെ കാര്യങ്ങളില്‍ തത്പരനായ ഒരു കര്‍ദിനാള്‍ റോമിലുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു.
വത്തിക്കാന്‍ ലൈബ്രറിയുടെ ചുമതലകള്‍ക്കുപുറമേയാണ് കര്‍ദിനാള്‍ തിസ്സറാങ്ങ്  പൗരസ്ത്യതിരുസംഘത്തെ സമര്‍ഥമായി നയിച്ചിരുന്നത്. 23-ാം ജോണ്‍പോള്‍ മാര്‍പാപ്പാ 1959 ല്‍ കൂരിയായില്‍ ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ കര്‍ദിനാള്‍ തിസ്സറാങ്ങിന് പൗരസ്ത്യതിരുസംഘത്തിന്റെ സെക്രട്ടറിസ്ഥാനം കര്‍ദിനാള്‍ അമെലേത്തോ ചിക്കോഞ്ഞാനിയെ ഏല്പിക്കേണ്ടിവന്നു. അതേക്കുറിച്ച് വ്‌ളാദിമിര്‍ ദ് ഒര്‍മെസോണ്‍ പറയുന്നത് ഇപ്രകാരമാണ്: ''വലിയ മനോവിഷമത്തോടുകൂടിയല്ല അങ്ങ് പൗരസ്ത്യസഭകള്‍ക്കായുള്ള തിരുസംഘത്തിന്റെ ചുമതല ഒഴിഞ്ഞതെന്നു പ്രസ്താവിക്കാന്‍ സാധിക്കുകയില്ല.''
കര്‍ദിനാളിന്റെ സാന്നിധ്യത്തിലാണ് ഈ പ്രസംഗം നടക്കുന്നതെന്ന് നാമോര്‍ക്കണം. 1961 ആയപ്പോഴേക്കും കര്‍ദിനാളിന്റെ സഹപ്രവര്‍ത്തകനും ഒരു പൗരസ്ത്യസഭാംഗവുമായ കര്‍ദിനാള്‍ ഗബ്രിയേല്‍ കൂസ്സാ പൗരസ്ത്യതിരുസംഘത്തിന്റെ തലപ്പത്തുവന്നത് കര്‍ദിനാള്‍ തിസ്സറങ്ങിനെ സന്തുഷ്ടനാക്കുന്നുണ്ടെന്നും ദ് ഒര്‍മസോണ്‍ പ്രസ്താവിക്കുന്നുണ്ട്.  
                   
(തുടരും)  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)