നിഖ്യാസൂനഹദോസിന്റെ 1700-ാം വര്‍ഷം പ്രമാണിച്ച് നിഖ്യാസൂനഹദോസിനെയും നിഖ്യാവിശ്വാസപ്രമാണത്തെയുംകുറിച്ചുള്ള ഒരു പഠനപരമ്പര 9
കുറഞ്ഞ ശ്രദ്ധയോടും കൂടുതല്‍ വേഗത്തിലും നാം ചൊല്ലുന്ന ഒരു പ്രാര്‍ഥനയാണ് വിശ്വാസപ്രമാണം. ''സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ'' ഈശോ നമുക്കു നല്‍കിയ ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ഥനയാണെങ്കില്‍, ''വിശ്വാസപ്രമാണം'' തിരുസ്സഭ നമുക്കു നല്‍കിയിരിക്കുന്ന ഏറ്റവും വിശിഷ്ടമായ ഒരു പ്രാര്‍ഥനയാണ്. വിശ്വാസപ്രമാണം ഒരു പ്രാര്‍ഥനയായതിനാലാണ് മറ്റു പ്രാര്‍ഥനകള്‍പോലെ ഇതും ''ആമ്മേന്‍''ല്‍ അവസാനിക്കുന്നത്. വിശ്വാസപ്രമാണത്തിന് അതര്‍ഹിക്കുന്നതും, സഭ ഉദ്ദേശിക്കുന്നതുമായ പ്രാധാന്യം നാം പലപ്പോഴും കൊടുക്കാറില്ല. ഇതിന്റെ പ്രാധാന്യവും പ്രസക്തിയും അര്‍ഥവും വ്യാപ്തിയും ചരിത്രവും ശാസ്ത്രവും അറിയായ്കയാലാണ് ഇപ്രകാരം സംഭവിക്കുന്നത്. സഭയിലെ ഏറ്റവും ആദ്യത്തെ പ്രാര്‍ഥനയായി ഇതിനെ കാണുന്നവരുണ്ട്; പ്രാര്‍ഥനകളുടെയെല്ലാം പ്രാര്‍ഥന എന്നു വിശേഷിപ്പിക്കുന്നവരുണ്ട്; തിന്മയുടെമേല്‍ വിജയം വരിക്കാനുള്ള ആയുധമായിക്കാണുന്നവരുണ്ട്; ദൈവശാസ്ത്ര സമ്പുഷ്ടവും ചരിത്രവഴികളിലൂടെ കടന്നുവന്നതും സാര്‍വത്രിക സൂനഹദോസുകളിലെല്ലാം ചര്‍ച്ചചെയ്തു ശുദ്ധീകരിച്ചതും അംഗീകരിച്ചതുമായ സഭയുടെ ഏറ്റവും ശ്രേഷ്ഠമായ ഒരു പ്രാര്‍ഥനയാണിത്.
1. മാമ്മോദീസായ്ക്ക് ഉപയോഗിച്ചിരുന്ന പ്രാര്‍ഥന
''പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍'' എന്ന ആദ്യകാലപ്രാര്‍ഥനയാണ് കാലാകാലങ്ങളില്‍ അതിനോടു മറ്റുകാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇന്നത്തെ രീതിയിലുള്ള ഒരു ദീര്‍ഘപ്രാര്‍ഥനയായി പരിണമിച്ചത്. ആരംഭംമുതലേ സഭ അവളുടെ വിശ്വാസം ഹ്രസ്വങ്ങളായ പ്രസ്താവങ്ങളിലൂടെ പ്രകടിപ്പിക്കുകയും പകര്‍ന്നുകൊടുക്കുകയും ചെയ്തിരുന്നു (റോമ 10:9). ഇവ ആദ്യം വിശിഷ്യാ ജ്ഞാനസ്‌നാനാര്‍ഥികളെ ഉദ്ദേശിച്ചായിരുന്നു. ഇത്തരം വിശ്വാസ സമന്വയങ്ങളെ വിശ്വാസപ്രമാണങ്ങള്‍ എന്നു നാം വിളിക്കുന്നു; കാരണം, ഇവ ക്രിസ്ത്യാനികള്‍ ഏറ്റുപറയുന്ന വിശ്വാസത്തിന്റെ സംഗ്രഹമാണ്. വിശ്വാസപ്രമാണത്തിന്റെ ഇംഗ്ലീഷിലുള്ള പേര് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. creed എന്നതിന്റെ ലത്തീന്‍ രൂപം credo എന്നാണ്; ഇതിനര്‍ഥം 'ഞാന്‍ വിശ്വസിക്കുന്നു' എന്നാണുതാനും. അതിനാല്‍ 'ഞാന്‍ വിശ്വസിക്കുന്ന'/'ഞങ്ങള്‍ വിശ്വസിക്കുന്ന' കാര്യങ്ങളാണ് ഇവിടെ ഒരു ഫോര്‍മുലപോലെ ഏറ്റുപറയുന്നത്. വിശ്വാസപ്രമാണങ്ങളെ വിശ്വാസസംഹിതകള്‍ Symbols of Faith) എന്നും വിളിക്കാറുണ്ട്. വിശ്വാസം ഉള്‍ക്കൊള്ളുന്ന പ്രധാനതത്ത്വങ്ങളുടെ സമാഹരണമാണ് വിശ്വാസപ്രമാണം. ഇത് ക്രിസ്തീയവിശ്വാസ സംഹിതകളുടെ അര്‍ഥസമ്പുഷ്ടവും ഔദ്യോഗികവും ആധികാരികവുമായ രത്‌നച്ചുരുക്കമാണ്. തന്മൂലം മതബോധനത്തിന്റെ പ്രഥമവും ആധികാരികവുമായ സംശോധകസ്രോതസ്സായി വിശ്വാസപ്രമാണം നിലകൊള്ളുന്നു
(കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, പി.ഒ.സി. 2011, പേജ് 52).
വിശ്വാസപ്രഖ്യാപനം ആദ്യം നടത്തുന്നത് മാമ്മോദീസാസ്വീകരണത്തിലാണ്. വിശ്വാസപ്രമാണം, പ്രഥമവും പ്രധാനവുമായി മാമ്മോദീസാപ്രഖ്യാപനംതന്നെയാണ്. മാമ്മോദീസാ നല്‍കുന്നത് 'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍' ആയതിനാല്‍ മാമ്മോദീസായില്‍ നാം പരിശുദ്ധത്രിത്വത്തിലെ മൂന്നാളുകളിലുള്ള വിശ്വാസം ഏറ്റുപറയുകയാണ്. അതിനാല്‍, വിശ്വാസപ്രമാണത്തിന് മൂന്നു ഭാഗങ്ങളുണ്ട്: പിതാവായ ദൈവത്തിന്റെ സൃഷ്ടികര്‍മ്മവും പുത്രനായ ദൈവത്തിന്റെ മനുഷ്യാവതാരകര്‍മവും പരിശുദ്ധാത്മാവായ ദൈവത്തിന്റെ വിശുദ്ധീകരണകര്‍മവും.
ആദ്യ മൂന്നു നൂറ്റാണ്ടുകള്‍ മതമര്‍ദനങ്ങളുടെ കാലമായിരുന്നു. ഈശോയുടെ പഠനങ്ങള്‍ അപ്പസ്‌തോലന്മാരില്‍നിന്നു ലഭിച്ചത് ആദിമക്രൈസ്തവര്‍ ജീവിച്ചു പോന്നു. അതില്‍ അവര്‍ക്ക് അശേഷം സംശയമില്ലായിരുന്നു. ഈശോയോടുകൂടിയുള്ള ജീവിതമായിരുന്നു യഥാര്‍ഥജീവിതമെന്നും അത് മരണത്തോടുകൂടിയേ സാധ്യമാകൂ എന്നും അവര്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ ആദിമക്രൈസ്തവരെല്ലാം 'ക്രിസ്ത്യാനി'യായിരിക്കുന്നതിന്റെ നല്ല ഉദ്ദേശ്യത്തിലും പൂര്‍ണാര്‍ഥത്തിലും ജീവിക്കാന്‍ ശ്രമിച്ചിരുന്നു; അതായത്, രക്തസാക്ഷിത്വത്തിനുവേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു. മരണത്തിന്മേലും സഹനങ്ങളുടെമേലും തിന്മകളുടെമേലും വിജയം വരിച്ച ഉത്ഥിതനായ ഈശോയോടൊത്തുള്ള ജീവിതമായിരുന്നു അവരെല്ലാം ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് മതമര്‍ദനങ്ങളും പീഡനമാര്‍ഗങ്ങളും രക്തസാക്ഷിത്വവുമൊക്കെ ആദിമക്രൈസ്തവസഭയെ വളര്‍ത്തുകയാണു ചെയ്തത്. മതമര്‍ദനങ്ങളുടെ കാലത്ത് വിവിധ പീഡനമാര്‍ഗങ്ങളിലൂടെ ക്രിസ്ത്യാനികളെ നശിപ്പിച്ചിരുന്നെങ്കിലും അവരുടെ ധീരതയും ക്രിസ്തുവിനോടുള്ള വിശ്വസ്തതയും ഭാവിജീവിതത്തിലുള്ള പ്രത്യാശയും കണ്ട് മറ്റനേകര്‍ ക്രിസ്ത്യാനികളാവുകയായിരുന്നു. എന്നാല്‍, മതമര്‍ദനങ്ങള്‍കൊണ്ട് ഇനി ക്രൈസ്തവരെ ഇല്ലാതാക്കാന്‍ സാധിക്കില്ല. മാത്രവുമല്ല, അവരുടെ എണ്ണം വര്‍ധിക്കാനേ അതു കാരണമാകൂ എന്നു മനസ്സിലാക്കിയാണ് ഡയക്ലീഷ്യന്‍ മതമര്‍ദനം അവസാനിപ്പിച്ചത്.
കോണ്‍സ്റ്റന്റൈനോടുകൂടി സഭയ്ക്കു സ്വാതന്ത്ര്യം കിട്ടി. എന്നാല്‍, പ്രശ്‌നങ്ങളും ഭിന്നതകളും മുളപൊട്ടാന്‍ തുടങ്ങി; ദൈവശാസ്ത്രചിന്തകളും സംശയങ്ങളും വാദപ്രതിവാദങ്ങളും പ്രശ്‌നങ്ങളിലേക്കു നയിച്ചു. പിതാവും പുത്രനും പരിശുദ്ധാത്മാവുമടങ്ങുന്ന ത്രിതൈ്വകദൈവത്തെ അവര്‍ ഇതുവരെ സംശയമില്ലാതെ ഏറ്റുപറഞ്ഞിരുന്നുവെങ്കില്‍, എങ്ങനെ മൂന്നു പേര്‍ക്ക് ഒരേസമയം ഒന്നായിരിക്കാന്‍ സാധിക്കും? അവരുടെ സത്തയും സ്വഭാവവും പ്രവര്‍ത്തനരീതിയും ഇച്ഛയും ഒന്നാണോ? വ്യത്യസ്തമാണോ? എന്നിങ്ങനെ വ്യത്യസ്തമായി ചിന്തിക്കാന്‍ തുടങ്ങി. ആദ്യം ത്രിത്വത്തെ പൊതുവായി സംബന്ധിച്ചായിരുന്നു സംശയമെങ്കില്‍ പിന്നീട് ഒന്നാമത്തെയാളായ പിതാവിനെപ്പറ്റിയും തുടര്‍ന്ന് രണ്ടാമത്തെയാളായ പുത്രനെപ്പറ്റിയും തുടര്‍നൂറ്റാണ്ടുകളില്‍ മൂന്നാമത്തെയാളായ പരിശുദ്ധാത്മാവിനെപ്പറ്റിയും പഠനങ്ങള്‍ തുടങ്ങി. വിവിധ സ്ഥലങ്ങളിലുള്ള സഭകളെ കേന്ദ്രീകരിച്ച് വിവിധ ചിന്തകള്‍ ഉടലെടുത്തതിനാല്‍ ഇക്കാര്യങ്ങളില്‍ അഭിപ്രായൈക്യം ഉണ്ടായില്ല; എന്നുമാത്രമല്ല, ചില ചിന്തകള്‍ കാലക്രമത്തില്‍ പാഷണ്ഡതകള്‍ക്കും വിഭജനങ്ങള്‍ക്കും കാരണമാകുന്നുമുണ്ട്. എന്നാല്‍, അതോടൊപ്പംതന്നെ ദൈവശാസ്ത്രവും രൂപപ്പെടാന്‍ തുടങ്ങി. വാസ്തവത്തില്‍ തെറ്റായ പഠനങ്ങളാണ് - ആര്യനിസം, ഏകസ്വഭാവവാദം, ഏകചിത്തവാദം, മൊണാര്‍ക്കിയനിസം, മോഡലിസം തുടങ്ങിയവ - ശരിയായ പഠനങ്ങള്‍ക്കു വഴിതെളിച്ചത്. അതിനാല്‍ ആദ്യനൂറ്റാണ്ടുകളിലെ (12 വരെയുള്ള 12 കൗണ്‍സിലുകളില്‍) ഒട്ടുമിക്ക പാഷണ്ഡചിന്താധാരകള്‍ക്കുമുള്ള ഉത്തരം വിശ്വാസപ്രമാണത്തില്‍ കാണാനാവും. അവയ്‌ക്കെതിരേ സഭ എന്താണു മുറുകെപ്പിടിച്ചത് എന്നു വിശ്വാസപ്രമാണം വ്യക്തമാക്കുന്നു. ആദ്യനൂറ്റാണ്ടുകളിലുണ്ടായ പഠനങ്ങളില്‍ ചിലതുമാത്രം സഭ ഔദ്യോഗികമായി സ്വീകരിച്ചപ്പോള്‍ ബാക്കിയുള്ളവ അനൗദ്യോഗികവും അകത്തോലികവും അംഗീകരിക്കാനാവാത്തതും പാഷണ്ഡതയുമൊക്കെയായിത്തീര്‍ന്നു. അങ്ങനെയെങ്കില്‍ എല്ലാ ദൈവശാസ്ത്രപഠനമേഖലകളും; പ്രത്യേകിച്ച് ക്രിസ്തുവിജ്ഞാനീയം, സഭാവിജ്ഞാനീയം, പരിശുദ്ധാത്മശാസ്ത്രം, മരിയശാസ്ത്രം, രക്ഷാവിജ്ഞാനീയം തുടങ്ങിയവയുടെയെല്ലാം സാരസംഗ്രഹവും ഉദ്ഭവകാരണങ്ങളും വിശ്വാസപ്രമാണത്തില്‍ കാണാനാവും.
പുത്രന്റെ ദൈവത്വം നിഷേധിച്ച ആര്യനിസത്തിനുള്ള ഉത്തരമാണ് നിഖ്യാ വിശ്വാസപ്രമാണം രൂപപ്പെടാനുള്ള പ്രധാനകാരണം. അക്കാലത്തു ജറുസലേമില്‍ നിലവിലിരുന്ന, ജ്ഞാനസ്‌നാനാര്‍ഥികള്‍ ഉപയോഗിച്ചിരുന്ന ഒരു ചെറുപ്രാര്‍ഥനയാണ് നിഖ്യാവിശ്വാസപ്രമാണത്തിന് അടിത്തറയാകുന്നത്. അതിനോട് ആരിയൂസിനുള്ള മറുപടിയുംകൂടി ചേര്‍ത്തു എന്നുമാത്രം. തുടര്‍ന്നുണ്ടായ സെമി-ആര്യനിസത്തിന്റെ പശ്ചാത്തലം അവസരമാക്കി നിഖ്യാവിശ്വാസപ്രമാണത്തോട് അല്പംകൂടി ചേര്‍ത്ത് കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് (381) നിഖ്യാ-കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം രൂപപ്പെടുത്തി. ക്രിസ്തുവിലുള്ള രണ്ടു സ്വഭാവങ്ങളും വ്യക്തിത്വവും സംബന്ധിച്ചുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ നടത്തപ്പെട്ട എഫേസൂസ് കൗണ്‍സിലും (431) കാല്‍സിഡണ്‍ കൗണ്‍സിലും (451) ഈ വിശ്വാസപ്രമാണം ആവര്‍ത്തിച്ച് അംഗീകരിക്കുന്നുണ്ട്. മൂന്നധ്യായങ്ങളെ പുറന്തള്ളാന്‍ കൂടിയ രണ്ടാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസും ഏകചിത്തവാദത്തെ എതിര്‍ക്കാന്‍ സമ്മേളിച്ച മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസും നിഖ്യാ കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം അംഗീകരിച്ചുറപ്പിക്കുന്നുണ്ട്. തുടര്‍ന്ന്, ഐക്കണ്‍ തകര്‍ക്കല്‍ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന നിഖ്യാ II ല്‍ നിഖ്യാ-കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തിനു നിര്‍വചനവും വ്യാഖ്യാനവും കൊടുക്കുന്നതുകാണാം. തുടര്‍ന്നുനടന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ IV, ലാറ്ററന്‍ I, II, III, IV ലിയോണ്‍സ് I, II, എന്നിവയില്‍ നിഖ്യാ-കോണ്‍സ്റ്റാന്റിനോപ്പില്‍ വിശ്വാസപ്രമാണം ചര്‍ച്ചചെയ്ത് അംഗീകരിച്ച് ഉറപ്പിക്കുന്നുണ്ട്.
2. വിവിധ വിശ്വാസപ്രമാണങ്ങള്‍
വിവിധ വിശ്വാസപ്രമാണങ്ങള്‍ സഭയില്‍ രൂപം കൊണ്ടിട്ടുണ്ട്. നിഖ്യാ, കോണ്‍സ്റ്റാന്റിനോപ്പിള്‍, കാല്‍സിഡണ്‍, തൊളേദോ, ലാറ്ററന്‍, ലിയോണ്‍സ്, ത്രെന്തോസ്, ക്വിക്കുംക്വെ (quiqumque) എന്നറിയപ്പെടുന്ന അത്തനാസിയൂസിന്റെ വിശ്വാസപ്രമാണം, ദമാസൂസ് വിശ്വാസപ്രമാണം ((Fides Damasi), അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണം, ദൈവജനത്തിന്റെ വിശ്വാസപ്രമാണം തുടങ്ങിയവ. ഇവയില്‍ രണ്ടെണ്ണമാണ് കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്നവ: നിഖ്യാ - കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണവും അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണവും.
അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണം, അപ്പസ്‌തോലന്മാരുടെ രണ്ടാം തലമുറയില്‍പ്പെട്ട, റോമിലെ ഒരു വിശ്വാസപരിശീലകന്‍ ക്രോഡീകരിച്ചു സൂക്ഷിച്ചതാണ്. ഈ വിശ്വാസപ്രമാണത്തില്‍ അപ്പസ്‌തോലന്മാരായ വി. പത്രോസിന്റെയും വി. പൗലോസിന്റെയും പ്രധാനപഠനങ്ങളുടെ വലിയ സ്വാധീനം കാണാം. കിഴക്കും പടിഞ്ഞാറുമായി ഇന്നു നിലവിലിരിക്കുന്ന എല്ലാ വിശ്വാസപ്രമാണങ്ങളുടെയും ആദിമരൂപമായി നിലകൊള്ളുന്ന ഈ വിശ്വാസസംഹിത എ.ഡി. 100 നോടടുത്താണ് വിരചിതമായത്. റോമന്‍സഭയുടെ പ്രാചീനമായ മാമ്മോദീസാ - വിശ്വാസപ്രമാണമാണിത്. മിലാനിലെ വി. അംബ്രോസിന്റെ അഭിപ്രായത്തില്‍ അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണത്തിന്റെ സവിശേഷമായ ആധികാരികതയ്ക്ക് അടിസ്ഥാനമായ വസ്തുത ഇതാണ്. അപ്പസ്‌തോലന്മാരില്‍ പ്രഥമനായ വി. പത്രോസിന്റെ സിംഹാസനമായ റോമാസഭയില്‍ വിശ്വസിക്കുന്നതെന്തോ അതാണ് വിശ്വാസപ്രമാണം. അതിനോടാണ് പൊതുവായ വിശ്വാസം ബന്ധപ്പെടുത്തിയിരിക്കുന്നത്.(St. Ambrose, Explanatio Symboli ad initiandos, PL XVII, 1196). . ഈ വിശ്വാസപ്രമാണത്തെക്കുറിച്ച് വി. അംബ്രോസ് പറയുന്നത് ഇപ്രകാരമാണ്: ഈ വിശ്വാസപ്രമാണം ആത്മീയമുദ്രയാണ്; നമ്മുടെ ഹൃദയത്തിന്റെ ധ്യാനമാണ്; എപ്പോഴും ജാഗ്രതയായിരിക്കുന്ന കാവല്‍ക്കാരനുമാണ്; ഇതു നിസംശയം നമ്മുടെ ആത്മാവിന്റെ നിക്ഷേപമാണ്. (St. Ambrose, Explanatio Symboli ad initiandos, PL XVII, 1193). എല്ലാ പ്രധാന പാശ്ചാത്യ - പൗരസ്ത്യ സഭകള്‍ക്കും പൊതുവായിട്ടുള്ളതാണ് നിഖ്യാ - കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം. ഈ വിശ്വാസപ്രമാണത്തിന്റെ ആധികാരികതയുടെ അടിസ്ഥാനം ഇത് ആദ്യത്തെ രണ്ടു സാര്‍വത്രിക സൂനഹദോസുകളില്‍നിന്നും (നിഖ്യാ - 325, കോണ്‍സ്റ്റാന്റിനോപ്പിള്‍ - 381) രൂപംകൊണ്ടു എന്നതാണ്.
(തുടരും)