•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അണിചേരാം നമുക്ക് ഈ സ്‌നേഹച്ചങ്ങലയില്‍

നുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള കൊലവിളികളും കൊലപാതകങ്ങളും കൂട്ട ആത്മഹത്യകളും നിരന്തരം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരു സമൂഹമായി കേരളം മാറിയിരിക്കുന്നു. ഓരോ സംഭവത്തിനുശേഷവും നിരവധി പ്രതികരണങ്ങളും ചര്‍ച്ചകളും ഉണ്ടാകും. ഹിംസാത്മകപ്രവര്‍ത്തനങ്ങളെ അപലപിച്ചും അതിനോടുള്ള ഖേദം പ്രകടിപ്പിച്ചും വ്യവസ്ഥിതിയെ കുറ്റപ്പെടുത്തിയും ചിലപ്പോള്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചും പതിവുപോലെ അവ അവസാനിക്കുകയും ചെയ്യും. വീണ്ടും അതിനെക്കാള്‍ ഭയാനകമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും പിന്നീട് അത് മറക്കുകയും ചെയ്യും. ചര്‍ച്ചകള്‍ക്കും പ്രതികരണങ്ങള്‍ക്കുമപ്പുറം സമൂഹത്തിനാവശ്യം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ്. കേരളസമൂഹത്തിനുവേണ്ടിമാത്രമല്ല, ലോകസമാധാനത്തിനുംകൂടിവേണ്ടി സാമ്പത്തികച്ചെലവ് ഒന്നും കൂടാതെ, ഓരോരുത്തര്‍ക്കും അവരായിരിക്കുന്ന ഇടങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന ഒരു പ്രോജക്ടാണ് ലേഖകന്റെ മനസ്സിലുള്ളത്. വളരെ നിസ്സാരമെന്നു പറഞ്ഞോ, ഫലപ്രദമല്ല എന്നു കരുതിയോ പിന്തിരിയരുത്. ആര്‍ജവത്തോടെ നടപ്പിലാക്കാന്‍ ധൈര്യമുണ്ടോ എന്നാണ് അറിയേണ്ടത്.
COL (Chain Of  Love -  സ്‌നേഹച്ചങ്ങല)  എന്നതാണീ പദ്ധതിയുടെ പേര്. ആശയത്തിന്റെ അടിസ്ഥാനം എന്തെന്ന് ആദ്യം പറയാം. നമ്മുടെ ചുറ്റുവട്ടങ്ങളില്‍ പ്രയോഗിക്കപ്പെട്ടു വിജയിക്കുന്ന തന്ത്രമാണല്ലോ ഒരു നുണ നൂറാവൃത്തി പറഞ്ഞ് സത്യമായി അവതരിപ്പിക്കുകയെന്നത്. സത്യാനന്തരകാലം എന്നാണ് വര്‍ത്തമാനകാലജീവിതം ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു നുണ ആവര്‍ത്തിച്ചുപറഞ്ഞ് സത്യമായി അവതരിപ്പിക്കുന്നു. ഫലമോ, നാം ഇതു വിശ്വസിക്കുന്നു. ചരിത്രം ഇതിനെ ഗീബല്‍സിയന്‍ കുതന്ത്രം എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതേപോലെ നുണ പറഞ്ഞു വിജയിക്കാനുള്ള ഒരാഹ്വാനമല്ലിത്; മറിച്ച്, സത്യമായുള്ളവയെക്കുറിച്ച്, നന്മയായിട്ടുള്ളതിനെക്കുറിച്ച്, മൂല്യങ്ങളെക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക. ഒന്നല്ല, രണ്ടല്ല, നൂറാവൃത്തി പറഞ്ഞുകൊണ്ടേയിരിക്കുക. വാക്കിനൊരു ശക്തിയുണ്ട്. വാക്കിനെക്കാള്‍ ഊക്കുള്ളൊരു വസ്തു ഭൂലോകത്തില്ല. നമ്മള്‍ മരിച്ചാലും നാം പറഞ്ഞ വാക്കുകള്‍ നിലനില്‍ക്കും. അത് അന്തരീക്ഷത്തില്‍ ഉണ്ടാകും. കവി കടമ്മനിട്ട പറയുന്നതുപോലെ, നാലഞ്ച് നല്ല വാക്കുകള്‍ ഓതി ഓരോ ദിവസവും പിന്നിടണം. അതുകൊണ്ട് ഇന്ന് എല്ലാവരും എല്ലായിടങ്ങളിലും ഉണര്‍വോടെ പറയേണ്ടത് ഇതാണ്: ''ആരെയും തല്ലില്ല, കൊല്ലില്ല, ഉപദ്രവിക്കില്ല, മുറിവേല്പിക്കില്ല.'' അതു തിന്മയാണെന്ന്. മുന്നിലുള്ളത് ആരുമാകട്ടെ ഒരുവനെയും ഉപദ്രവിക്കരുതെന്ന്, ആരുടെയും മനസ്സിനെയും ശരീരത്തെയും മുറിവേല്പിക്കില്ലെന്ന്, അതു തെറ്റായ പ്രവൃത്തിയാണന്ന് നാം പറയാന്‍ തയ്യാറാകണം.
ഉദാഹരണത്തിന്, ഒരു കുടുംബത്തില്‍ അപ്പനും അമ്മയും മക്കളും രാവിലെയും വൈകിട്ടും പരസ്പരം പറയുകയും ആവര്‍ത്തിക്കുകയും ചെയ്യട്ടെ, നുണ പറയുന്നതു തെറ്റാണ്, നാം അതു ചെയ്യരുത് എന്ന്. സത്യം മാത്രം പറയണം. അതാണു ശരിയെന്ന്. ഒരു പത്തിരുപതു ദിവസം നാം ഇത് ആവര്‍ത്തിച്ചാല്‍ കുടുംബത്തില്‍മാത്രമല്ല ഈ കുടുംബത്തിലെ അംഗങ്ങള്‍ എവിടെയായിരുന്നാലും ഓഫീസിലായാലും സ്‌കൂളിലായാലും സ്‌നേഹിതരുടെ വലയത്തിനുള്ളിലായാലും അവര്‍ സത്യമേ പറയൂ. നുണ പറയുന്നതു തെറ്റാണെന്ന ബോധ്യം അവരറിയാതെ ബോധമനസ്സില്‍മാത്രമല്ല അവരുടെ ഉപബോധമനസ്സിലും അബോധമനസ്സിലും രൂപപ്പെടും. ഇതു പരിശീലിച്ചും പരീക്ഷിച്ചും ഉറപ്പുവരുത്താവുന്നതാണ്. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണ് കാരണവന്മാര്‍ ഇതിനെക്കുറിച്ചു പറയുന്നത്. പഴഞ്ചൊല്ലില്‍ ഒന്നും പതിരില്ല എന്ന സത്യം മനസ്സിലാകും. ഇനി ഒരു ഓഫീസിലെ സ്റ്റാഫ് ഒന്നുചേര്‍ന്ന് എല്ലാദിവസവും രണ്ടുനേരം പറയട്ടെ, കൈക്കൂലി വാങ്ങുന്നതു തെറ്റാണ്, സാമൂഹികതിന്മയാണ്, ഞാന്‍ ഇതു ചെയ്യില്ല, ഞങ്ങളിതു ചെയ്യില്ല എന്ന്. ഒരു മാസത്തിനകം അഴിമതിയും കൈക്കൂലിയും ഇല്ലാത്ത കേരളത്തിലെ ഓഫീസായി അതു മാറുമെന്നതിനു സംശയമില്ല.COL - സ്‌നേഹച്ചങ്ങല എന്ന പദ്ധതിയുടെ ആശയം ഇതാണ്. സ്‌നേഹച്ചങ്ങലയുടെ കണ്ണികളായി നമുക്കിന്നു പറഞ്ഞുതുടങ്ങാം. ഏതൊരാളില്‍നിന്നും എത്ര പ്രകോപനമുണ്ടായാലും അവരെ ശാരീരികമായും മാനസികമായും ഉപദ്രവിക്കില്ല, മുറിപ്പെടുത്തില്ല എന്ന് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടേയിരിക്കുക. ഇതാണു സമാധാനമന്ത്രം.
ആരെയും ശാരീരികമായും മാനസികമായും ഉപദ്രവിക്കില്ല എല്ലാവരെയും സ്‌നേഹിക്കും എന്ന് ആദ്യം കുഞ്ഞുങ്ങള്‍തന്നെ പറഞ്ഞുതുടങ്ങട്ടെ. കളരിയിലും പ്രൈമറിസ്‌കൂളിലും പറഞ്ഞുതുടങ്ങണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് തലങ്ങളില്‍ ഇത് ആവര്‍ത്തിക്കണം. രാഷ്ട്രീയസംഘടനകളില്‍ ഓരോരുത്തരും ഇതു പറഞ്ഞുതുടങ്ങട്ടെ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പറയണം. നിയമസഭയിലും വാര്‍ത്താപ്രക്ഷേപണസംവിധാനങ്ങളിലും പറഞ്ഞുതുടങ്ങണം. ഭരണകേന്ദ്രങ്ങളില്‍, ജുഡീഷ്യറി സംവിധാനങ്ങളില്‍, തൊഴിലാളിപ്രസ്ഥാനങ്ങളില്‍, റസിഡന്‍സ് അസോസിയേഷനുകളില്‍, കുടുംബങ്ങളില്‍, കുടുംബസമ്മേളനങ്ങളില്‍, ഉത്സവക്കമ്മിറ്റികളില്‍, തെരുവുകളില്‍, കളിക്കളങ്ങളില്‍, പൊതുവിടങ്ങളില്‍, അമ്പലത്തില്‍, പള്ളിയില്‍, മോസ്‌കില്‍, സഭയില്‍, ആത്മീയകൂട്ടായ്മകളില്‍, എല്ലായിടങ്ങളിലും സമാധാനത്തിനുവേണ്ടിയിട്ടുള്ള ദൂത് അനസ്യൂതം വാക്കുകളാല്‍ ആവര്‍ത്തിക്കട്ടെ. അന്തരീക്ഷം സമാധാനസന്ദേശംകൊണ്ട് ഓരോ ദിവസവും മുഖരിതമാകട്ടെ. തിന്മകള്‍ ദേശത്തുനിന്നു പടിയിറങ്ങും. സംശയമില്ല. പക്ഷേ, നാം ഇതു പറഞ്ഞുതുടങ്ങണം. ആര്‍ജവത്തോടെ പറയാനുള്ള സത്യസന്ധത ഉണ്ടാകണം. ഇപ്പോള്‍ ഇതു വെറും സ്വപ്നംമാത്രം. ഇത്  വാക്കായി മാറിയാല്‍ തീര്‍ച്ചയായും നമ്മുടെ പ്രവൃത്തികളില്‍ നിഴലിക്കും 
എങ്ങനെ നമുക്ക് ഈ ദൂത് ഹൃദയത്തില്‍നിന്നു പറയാനാകും? അതിന് ഓര്‍മകള്‍ ഉണ്ടാകണം. നഷ്ടപ്പെട്ടതിന്റെ, നഷ്ടപ്പെടുന്നതിന്റെ വേദനയുണ്ടാകണം. ഓരോ ജീവനും ഒരു മുഴം കയറിലോ, കത്തിമുനയിലോ, അവസാനിക്കുന്നതു കാണുമ്പോള്‍ നാം വേദനിക്കുന്നുണ്ട്. കല്ലുകൊണ്ടും ചുറ്റികകൊണ്ടും തല തല്ലിപ്പൊട്ടിക്കാന്‍,  അത് അമ്മയുടേതാണെങ്കില്‍പ്പോലും മടിയില്ലാത്ത, അറപ്പില്ലാത്ത കുഞ്ഞുങ്ങള്‍ നമുക്കുചുറ്റും അശാന്തമായ മനസ്സോടെ കറങ്ങിനടപ്പുണ്ട് എന്ന ഭയപ്പെടുത്തുന്ന ഓര്‍മകള്‍ ഇല്ലേ? മരണത്തിലേക്ക് ഒരു അമ്മ കൂട്ടിക്കൊണ്ടുപോയ ഓമനക്കുഞ്ഞുങ്ങളുടെ  മായാത്ത മുഖം നെഞ്ചില്‍ ഒരു നെരിപ്പോടായി അണയാതിരിപ്പില്ലേ? ഇതുമതി ഈ ദൂത് ഏറ്റുപറയാനുള്ള ധൈര്യം കിട്ടാന്‍. മാനിഷാദ എന്ന്ഉറക്കപ്പറയുന്ന ഒരു തലമുറ ഇവിടെ ഉണ്ടാകണം. 'നിര്‍ത്തുക നാമീ രക്തംചൊരിയല്‍; തീര്‍ക്കുക നാമിനി സ്‌നേഹച്ചങ്ങല' എന്ന് ആവേശത്തോടെ സര്‍വം മറന്ന് പറയാന്‍ ആരുണ്ട് ഇവിടെ?
കൊലപാതകവും അക്രമവും മദ്യവും ലഹരിയും അഴിഞ്ഞാട്ടങ്ങളും ഒക്കെയായി വര്‍ത്തമാനകാലസിനിമകള്‍ യുവജനങ്ങള്‍ക്ക് ആവേശമായി മാറുമ്പോള്‍ ജീവിതങ്ങളിലേക്കുംകൂടിയത് വല്ലാതെ ആവാഹിക്കപ്പെടുന്നുവെന്ന തിരിച്ചറിവുണ്ടാകണം. വഷളത്തരങ്ങള്‍കൊണ്ടും കലാപങ്ങള്‍കൊണ്ടും കലഹങ്ങള്‍കൊണ്ടും രക്തംചൊരിയല്‍കൊണ്ടും സ്വയംഹത്യകൊണ്ടുമൊക്കെ പരിഹാരവും പ്രതികാരവും ചെയ്ത് ജീവിതത്തെ സംതൃപ്തമാക്കാമെന്നു വിചാരിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുമ്പോള്‍, കുറെ നല്ല വിചാരങ്ങളും നല്ലനല്ല വര്‍ത്തമാനങ്ങളും സുന്ദരമായ കാഴ്ചകളുമായി നഷ്ടപ്പെട്ടുപോയ ചിരിയും പ്രകാശവും ജീവിതങ്ങളിലേക്കു തിരികെക്കൊണ്ടുവരാനുള്ള പ്രാര്‍ഥനാനിര്‍ഭരമായ കുറിപ്പാണിത്. സ്വീകരിക്കുക. മരണങ്ങളും കൊലപാതകങ്ങളും ആഘോഷിക്കപ്പെടുന്ന ഒരു നാടായി കേരളം മാറുമ്പോള്‍, ജല്പനങ്ങളായി മാറുന്ന ചില പ്രതികരണങ്ങള്‍ക്കുമപ്പുറം വ്യക്തതയാര്‍ന്ന തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാകണം. നവോത്ഥാനശില്പികളും സാംസ്‌കാരികനായകന്മാരും അപ്രത്യക്ഷമാകുകയോ അപ്രസക്തമാകുകയോ ചെയ്യുന്ന വര്‍ത്തമാനകാലസാമൂഹികസ്ഥിതിയില്‍ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ഇനിയും ജ്ഞാനികള്‍ ആരും വരാനില്ല. നമ്മള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുക!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)