ഈ വര്‍ഷത്തെ ഈസ്റ്റര്‍ദിനത്തില്‍ യുക്രെയ്ന്‍യുദ്ധത്തിനു താത്കാലികവിരാമം ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഒരു ദിവസംകൊണ്ട് യുക്രെയ്ന്‍യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് യു എസ് പ്രസിഡന്റുതിരഞ്ഞെടുപ്പിന്റെ പ്രചാരണവേളകളില്‍ പ്രസംഗിച്ചുനടന്ന ട്രംപിന്റെ ഇപ്പോഴത്തെ നീക്കം നൂറു ദിവസത്തിനുള്ളിലെങ്കിലും യുദ്ധത്തിനു വിരാമമിടാന്‍ കഴിയുമോയെന്നതാണ്.
കടമ്പകള്‍ നിരവധി
ഫെബ്രുവരി 24-ാം തീയതി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ കടന്നുപോകേണ്ട കടമ്പകള്‍ നിരവധിയാണ്.
നാറ്റോയില്‍ ചേരുന്നതില്‍നിന്നു യുക്രെയ്ന്‍ പിന്‍തിരിയുക, റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ അവര്‍ക്കു നല്കുക, റഷ്യയില്‍നിന്ന് യുക്രെയ്ന്‍ കവര്‍ന്നെടുത്ത കുര്‍സ്‌ക് മേഖലയില്‍നിന്നു പിന്മാറുക തുടങ്ങിയവയാണ് ട്രംപിന്റെ പ്രധാന നിര്‍ദേശങ്ങള്‍. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു 'നിസൈനികമേഖല' സ്ഥാപിക്കണമെന്ന നിര്‍ദേശവുമുണ്ട്. സൈനികരഹിതമേഖലയില്‍ യൂറോപ്പിലെ ബഹുരാഷ്ട്രസേനകള്‍ നിലയുറപ്പിക്കും (അമേരിക്കന്‍ സൈനികര്‍ സമാധാനമേഖലയില്‍ ഉണ്ടായിരിക്കുകയില്ല).
ഒത്തുതീര്‍പ്പിന്റെ ആദ്യഘട്ടമെന്ന നിലയില്‍ യുക്രെയ്‌ന്റെയും റഷ്യയുടെയും നേതാക്കള്‍ തമ്മില്‍ ആശയവിനിമയം നടത്തുമെന്നും തുടര്‍ന്ന്, രണ്ടു രാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കു തയ്യാറാകണമെന്നും ട്രംപ് നിര്‍ദേശിച്ചു. ചര്‍ച്ചകള്‍ക്കു മാധ്യസ്ഥ്യം വഹിക്കാനുള്ള സന്നദ്ധതയും ട്രംപ് വെളിപ്പെടുത്തി. യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കണമെന്നുള്ള പ്രഖ്യാപനം പുറപ്പെടുവിക്കുന്ന മേയ് 9 നുശേഷം സൈനികനിയമം നീട്ടുകയോ സൈനികരെ വിന്യസിക്കുകയോ ചെയ്യരുതെന്നും യുക്രെയ്‌നോടു ട്രംപ് ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ കരാറിനു പുടിന്‍ സഹകരിക്കുന്നപക്ഷം റഷ്യയ്‌ക്കെതിരേയുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കും. എന്നാല്‍, റഷ്യയുടെമേല്‍ പുതുതായി ഏര്‍പ്പെടുത്തുന്ന തീരുവകള്‍ കൊണ്ട് യുക്രെയ്‌ന്റെ പുനര്‍ നിര്‍മാണം നടത്തുമെന്ന വാഗ്ദാനവും ട്രംപ് മുമ്പോട്ടുവയ്ക്കുന്നു. മേഖലയില്‍ സമാധാനം കൈവരുത്താമെന്ന പ്രതീക്ഷയില്‍ 43 ലക്ഷംകോടി അമേരിക്കന്‍ ഡോളറിന്റെ പദ്ധതിരേഖയും തയ്യാറാക്കിക്കഴിഞ്ഞു.
പാപഭാരം മുഴുവന്‍ സെലെന്‍സ്‌കിയുടെ ചുമലില്‍
യുക്രൈയ്‌നിലേക്ക് ആദ്യം കടന്നുകയറിയതു റഷ്യയാണെങ്കിലും യുദ്ധത്തിനുത്തരവാദി സെലെന്‍സ്‌കിയാണെന്ന ട്രംപിന്റെ പ്രഖ്യാപനം പുടിനെ ഒപ്പം നിറുത്താനുള്ള ട്രംപിന്റെ തന്ത്രമാണെന്നു നിരീക്ഷിക്കുന്നവരുണ്ട്. ഈ നിലപാട് പക്ഷേ, വെടിനിര്‍ത്തലിനു പുടിനെ പ്രേരിപ്പിച്ചേക്കാമെന്നാണ് പരക്കെയുള്ള വിശ്വാസം. 2016 ലെ യു എസ് പ്രസിഡന്റുതിരഞ്ഞെടുപ്പില്‍ പുടിന്‍ നല്കിയെന്നു പറയപ്പെടുന്ന രഹസ്യപിന്തുണയ്ക്കുള്ള നന്ദിപ്രകാശനമാണോ ട്രംപിന്റെ നിലപാടുമാറ്റത്തിനു പിന്നിലെന്നു സംശയിക്കുന്നവരുണ്ട്. യുദ്ധത്തിനു മുതിരാതെ റഷ്യയുമായി ധാരണയുണ്ടാക്കാനുള്ള നിരവധി അവസരങ്ങള്‍ സെലെന്‍സ്‌കി പാഴാക്കിയെന്ന് ട്രംപ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിനെ നേരിടാത്ത ഏകാധിപതിയാണ് സെലെന്‍സ്‌കിയെന്നും, സമാധാനശ്രമങ്ങള്‍ക്കു സഹകരിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിനു രാജ്യമില്ലാത്ത അവസ്ഥയാകുമെന്നും ട്രംപ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചുവച്ചു.
''റഷ്യന്‍നുണകളുടെ കുമിളകളില്‍ ട്രംപ് കുടുങ്ങിക്കിടക്കുകയാണ്'' എന്നായിരുന്നു സെലെന്‍സ്‌കിയുടെ പ്രതികരണം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതെ യാഥാര്‍ഥ്യം എന്താണെന്നു മനസ്സിലാക്കാന്‍ ട്രംപ് തയ്യാറാകണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു. തങ്ങളെ മാറ്റിനിര്‍ത്തിയുള്ള ഒരു കരാറും തങ്ങള്‍ അംഗീകരിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുക്രെയ്ന്‍ തലസ്ഥാനമായ കീവ് സന്ദര്‍ശിച്ച അമേരിക്കയുടെ പ്രത്യേക പ്രതിനിധി കെയ്ത്ത് കെല്ലോഗ് സെലെന്‍സ്‌കിയും സൈനികകമാന്‍ഡര്‍മാരുമായും ചര്‍ച്ച നടത്തി. നാറ്റോയില്‍ ചേരുകയെന്ന യുക്രെയ്ന്‍സ്വപ്നം യാഥാര്‍ഥ്യമാകില്ലെന്ന സൂചനയാണ് അദ്ദേഹം നല്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 18-ാം തീയതി സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ചേര്‍ന്ന അമേരിക്കയുടെയും റഷ്യയുടെയും സംയുക്തയോഗം മൂന്നു ലക്ഷ്യങ്ങള്‍ക്കുവേണ്ടി യോജിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തു.
1. രണ്ടു രാജ്യങ്ങളിലെയും എംബസികളില്‍നിന്നു പരസ്പരം പുറത്താക്കിയ ഉദ്യോഗസ്ഥരെയെല്ലാം തിരികെ വിളിക്കും.
2. സമാധാനചര്‍ച്ചകളില്‍ സഹായിക്കാന്‍ ഒരു ഉന്നതതലസംഘത്തെ രണ്ടു രാജ്യങ്ങളും നിയമിക്കും.
3. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധങ്ങള്‍ സുദൃഢമാക്കാനും സാമ്പത്തികസഹകരണം മെച്ചപ്പെടുത്താനുമുള്ള പുതുവഴികള്‍ കണ്ടെത്തും. അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്‌റോവും റിയാദ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.
റഷ്യയും യുക്രെയ്‌നും വിട്ടുവീഴ്ചയ്ക്കു തയ്യാറായാല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നാണ് മാര്‍ക് റൂബിയോ അഭിപ്രായപ്പെട്ടത്.
ഭാവിചര്‍ച്ചകളില്‍ യുറോപ്യന്‍ രാജ്യങ്ങളെക്കൂടി പങ്കെടുപ്പിക്കുന്നതിന് റിയാദ് ഉച്ചകോടിയില്‍ തീരുമാനമെടുത്തെങ്കിലും ട്രംപ് - പുടിന്‍ കൂടിക്കാഴ്ചയുടെ തീയതിയും സ്ഥലവും സംബന്ധിച്ച തീരുമാനമുണ്ടായില്ല. റിയാദില്‍ നടന്ന ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും സമാധാനചര്‍ച്ചകളില്‍നിന്ന് സെലെന്‍സ്‌കിയെ മാറ്റിനിര്‍ത്തിയതല്ലെന്നും പുടിന്‍ വ്യക്തമാക്കി.
യുക്രെയ്ന്‍ വില്പനച്ചരക്കല്ല
യുദ്ധം തുടങ്ങിയ നാള്‍മുതല്‍ ഇതുവരെയായി അമേരിക്ക നല്കിയ 6,700 കോടി ഡോളറിന്റെ ആയുധങ്ങള്‍ക്കും 3,100 കോടി ഡോളര്‍ ധനസഹായത്തിനും പകരമായി യുക്രെയ്‌നിലെ 50 ശതമാനം ധാതുവിഭവങ്ങള്‍ വിട്ടുനല്കാന്‍ സെലെന്‍സ്‌കിയോട് ട്രംപ് ആവശ്യപ്പെട്ടത് പുതിയ വഴിത്തിരിവാണ്. ''യുക്രെയ്ന്‍ ഒരു വില്പനച്ചരക്കല്ല, ഞങ്ങള്‍ രാജ്യത്തെ പ്രതിരോധിക്കുകയാണ്'' സെലെന്‍സ്‌കി പറയുന്നു. യുദ്ധകാലസഹായത്തിനു പ്രത്യുപകാരമായി യുക്രെയ്‌ന്റെ പകുതി ധാതുസമ്പത്ത് (ഏകദേശം 50,000 കോടി യു എസ് ഡോളര്‍) നല്കണമെന്ന ആവശ്യം സെലെന്‍സ്‌കി തള്ളിക്കളഞ്ഞിരിക്കുകയാണ്. അധികാരമേറ്റയുടന്‍ ഗ്രീന്‍ലന്റിനു വില പറഞ്ഞ ട്രംപിന്റെ കഴുകന്‍കണ്ണുകള്‍ അവിടത്തെയും യുക്രെയ്‌നിലെയും ഖനനം ചെയ്യപ്പെടാത്ത അമൂല്യമായ ധാതുസമ്പത്തിലാണു നോട്ടമിട്ടിരിക്കുന്നതെന്നു വ്യക്തം.
അധ്യാപകനും ടെലിവിഷന്‍ സീരിയലുകളില്‍ ഹാസ്യനടനുമായിരുന്ന വൊളോഡിമിര്‍ സെലെന്‍സ്‌കി, 2019 ലെ പാര്‍ലമെന്റുതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചാണ് പ്രസിഡന്റുപദത്തിലെത്തിയത്. അഴിമതിക്കെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട സെലെന്‍സ്‌കിയെ 'ഏകാധിപതി' എന്നു വിശേഷിപ്പിച്ച ട്രംപിന്റെ നടപടിയില്‍ ലോകനേതാക്കള്‍ അസംതൃപ്തരാണ്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ''തികച്ചും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് 2019 ഏപ്രില്‍ 21 ന് യുക്രെയ്ന്‍ പ്രസിഡന്റായി അധികാരമേറ്റ വൊളോഡിമിര്‍ സെലെന്‍സ്‌കിയെ അപകീര്‍ത്തിപ്പെടുത്താനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം അപക്വവും അപകടം നിറഞ്ഞതുമാണ്.''
യുക്രെയ്ന്‍ എന്ന സ്വതന്ത്രപരമാധികാരരാഷ്ട്രത്തിന്റെ ഭരണാധികാരിയായി നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിയെ അപമാനിക്കുംവിധമുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നായിരുന്നു ഫ്രഞ്ചു പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പുപ്രക്രിയകള്‍ അട്ടിമറിക്കുകയും രാഷ്ട്രീയ എതിരാളികളെ വധിക്കുകയും ചെയ്ത് രണ്ടരപ്പതിറ്റാണ്ടായി അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ നിശിതമായ ഭാഷയില്‍ വിമര്‍ശിക്കാനും മക്രോണ്‍ ധൈര്യം കാണിച്ചു. യുദ്ധം താറുമാറാക്കിയ ഒരു രാജ്യത്ത് തിരഞ്ഞെടുപ്പുപ്രക്രിയകള്‍ വൈകുന്നതു സ്വാഭാവികംമാത്രമാണെന്നും ഫ്രഞ്ചുപ്രസിഡന്റ് അഭിപ്രായപ്പെട്ടു. യുദ്ധം ഇല്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം ആദ്യം യുക്രെയ്‌നില്‍ തിരഞ്ഞെടുപ്പു നടക്കേണ്ടതായിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കിയെര്‍ സ്റ്റാര്‍മര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇപ്രകാരം പറഞ്ഞു: ''യുക്രെയ്‌നിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ സമയമായി. അവിടത്തെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ നമ്മള്‍ കണ്ടേ മതിയാകൂ. എല്ലാം നഷ്ടപ്പെട്ട ജനതയാണവിടെയുള്ളത്. ഭാവിയില്‍ ഭയപ്പാടില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കേണ്ടത് നമ്മളാണ്.'' അമേരിക്കയും റഷ്യയും ഏകപക്ഷീയമായി റിയാദില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ യുക്രെയ്‌നെയും യൂറോപ്യന്‍രാജ്യങ്ങളെയും 'നാറ്റോ'യുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്താതിരുന്നതിലുള്ള അതൃപ്തിയും സ്റ്റാര്‍മര്‍ രേഖപ്പെടുത്തി. ഇമ്മാനുവല്‍ മക്രോണും കിയെര്‍ സ്റ്റാര്‍മറും വാഷിങ്ടണില്‍ എത്തുകയും തങ്ങളുടെ എതിര്‍പ്പ് ട്രംപിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇമ്മാനുവല്‍ മക്രോണ്‍ പാരീസില്‍ വിളിച്ചുചേര്‍ത്ത യൂറോപ്യന്‍രാജ്യങ്ങളുടെ ഉച്ചകോടിയിലും ട്രംപിന്റെ പുതിയ നിലപാടിനെതിരേ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ യുക്രെയ്‌നെ കൈയൊഴിയുകയും യൂറോപ്യന്‍രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്തത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ട്രംപിനെ ഓര്‍മിപ്പിക്കാനും നേതാക്കള്‍ മറന്നില്ല. എന്നാല്‍, യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രാന്‍സും ബ്രിട്ടനുമുള്‍പ്പെടെയുള്ള യൂറോപ്യന്‍രാജ്യങ്ങളോ നാറ്റോയോ ഒന്നും ചെയ്തിട്ടില്ലെന്ന ട്രംപിന്റെ ആരോപണവും നിലനില്ക്കുന്നുണ്ട്. യൂറോപ്പിനെ ഉള്‍പ്പെടുത്താതെതന്നെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയായിക്കഴിഞ്ഞുവെന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. സമാധാന ഉടമ്പടിയില്‍ സെലെന്‍സ്‌കിയെക്കൊണ്ട് ഒപ്പിടുവിക്കാന്‍ കഴിയുന്നപക്ഷം കരാറിലെ നിബന്ധനകള്‍ അംഗീകരിക്കാന്‍ യൂറോപ്യന്‍രാജ്യങ്ങളും നിര്‍ബന്ധിതരാകും.
യുദ്ധം മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ഫെബ്രുവരി 24-ാം തീയതി ജീവന്‍പൊലിഞ്ഞ സൈനികരുടെയും പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരുടെയും ഏകദേശകണക്കുകള്‍ യുക്രെയ്ന്‍ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടു. 70,000 ല്‍അധികം യുക്രെയ്ന്‍ സൈനികര്‍ മരണമടയുകയും 1,20,000 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 1,20,000 റഷ്യന്‍ സൈനികരുടെ മരിക്കുകയും, 1,80,000 ലധികംപേര്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. യുദ്ധം തുടങ്ങിയ നാള്‍മുതല്‍ വിവിധ രാജ്യങ്ങളിലേക്കു പലായനം ചെയ്തവരുടെ എണ്ണം 70 ലക്ഷത്തിലധികമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.