•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ചരിത്രത്തിലെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി

നിഖ്യാസൂനഹദോസിന്റെ 1700-ാം വര്‍ഷം പ്രമാണിച്ച് നിഖ്യാസൂനഹദോസിനെയും നിഖ്യാവിശ്വാസപ്രമാണത്തെയുംകുറിച്ചുള്ള ഒരു പഠനപരമ്പര  8

    ചരിത്രത്തിലെ ഏറ്റവും വലിയ ചക്രവര്‍ത്തിമാരില്‍ ഒരാളാണ് കോണ്‍സ്റ്റന്റൈന്‍. റോമാസാമ്രാജ്യത്തിന്റെയും ബൈസന്റയിന്‍ സാമ്രാജ്യത്തിന്റെയും ചരിത്രത്തിലെയും ക്രിസ്തുമതത്തിന്റെ ചരിത്രത്തിലെയും ഏറ്റവും പ്രധാന ചക്രവര്‍ത്തിയായി കോണ്‍സ്റ്റന്റൈനെ കണക്കാക്കാവുന്നതാണ്. കോണ്‍സ്റ്റാന്‍സിയൂസ് - ഹെലേന  ദമ്പതികളില്‍നിന്ന് എഡി 285 ല്‍ ഇപ്പോഴത്തെ സ്ലൊവാക്യായിലെ നായിസൂസ് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. റോമന്‍ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന കാലത്ത് പടിഞ്ഞാറേ റോമാസാമ്രാജ്യത്തിലെ അദ്ദേഹത്തിന്റെ സഹചക്രവര്‍ത്തിയായിരുന്നു കോണ്‍സ്റ്റന്റൈന്റെ പിതാവായ കോണ്‍സ്റ്റാന്‍സിയൂസ്. ക്രിസ്ത്യാനികളെ ദാരുണമായി പീഡിപ്പിക്കുന്ന ഡയോക്ലീഷന്റെ ചെയ്തികളെ കോണ്‍സ്റ്റാന്‍സിയൂസ് ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെ ക്രിസ്തുമതത്തോടു കോണ്‍സ്റ്റാന്‍സിയൂസിനുണ്ടായിരുന്ന ചെറിയ ആഭിമുഖ്യം കോണ്‍സ്റ്റന്റൈന് ക്രിസ്തുമതത്തോടുള്ള താത്പര്യം ചെറുപ്പത്തിലേ ജനിപ്പിച്ചു. അദ്ദേഹത്തിന്റെ അമ്മ ഹെലേന തികഞ്ഞ ഭക്തയുമായിരുന്നു. കോണ്‍സ്റ്റാന്‍സിയൂസ് പിന്നീട് തെയഡോറയെ വിവാഹം ചെയ്തതിനാല്‍ ഹെലേനയെ സംരക്ഷിച്ചത് കോണ്‍സ്റ്റന്റൈനാണ്. കോണ്‍സ്റ്റന്റൈനും മാതാവായ ഹെലേനരാജ്ഞിയും കൂടിയാണ് റോമാസാമ്രാജ്യത്തെ ക്രിസ്തീയമാക്കിത്തീര്‍ത്തതിലെ മുന്‍നിരക്കാര്‍. 
അന്നത്തെ സഭാ, രാഷ്ട്രീയസാഹചര്യത്തെക്കുറിച്ച് സൊസോമെന്‍ 'സഭാചരിത്ര'ത്തില്‍ എഴുതുന്നു: 'കോണ്‍സ്റ്റന്റൈന്‍ സീസറിന്റെ കോണ്‍സുലേറ്റുകാലത്ത് സില്‍വെസ്റ്റര്‍ റോമാസഭയിലും അലക്‌സാണ്ടര്‍ അലക്‌സാണ്ട്രിയന്‍സഭയിലും മക്കാരിയോസ് ജറുസലേം സഭയിലും ഭരണം നടത്തിയിരുന്നു. മതപീഡനം നിമിത്തം അന്ത്യോക്യന്‍സഭയില്‍ റൊമാനൂസിനുശേഷം ആരെയും നിയമിച്ചിരുന്നില്ല. നിഖ്യായിലെ പിതാക്കന്മാര്‍, എവുസ്താതോസിന്റെ ജീവിതനൈര്‍മല്യവും സത്യപ്രബോധനവും നിമിത്തം അദ്ദേഹത്തെ ശ്ലൈഹികസിംഹാസനത്തിനു യോഗ്യനായിക്കണ്ടു. അദ്ദേഹത്തെ അവര്‍ അന്ത്യോക്യയിലേക്കു സ്ഥലംമാറ്റി നിയമിച്ചു. ഈജിപ്തിനപ്പുറം ലിബിയാവരെയുള്ള പൗരസ്ത്യ ക്രിസ്ത്യാനികള്‍ക്ക് ലിചീനിയുസ് എന്ന ഭരണാധികാരിയുടെ നിഷേധനിലപാടു നിമിത്തം സഭയെന്ന നിലയില്‍ പരസ്യമായി ഒന്നിച്ചുകൂടാന്‍ സാധിച്ചില്ല. എന്നാല്‍, ഗ്രീക്കുകാര്‍, മാസിഡോണിയാക്കാര്‍, ഇല്ലീറിയാക്കാര്‍ തുടങ്ങി പാശ്ചാത്യദേശത്തുള്ള ക്രിസ്ത്യാനികള്‍ക്ക് കോണ്‍സ്റ്റന്റൈന്റെ സംരക്ഷണം ഉണ്ടായിരുന്നതിനാല്‍, സുരക്ഷിതരായി ഒന്നിച്ചുകൂടി ആരാധിക്കാന്‍ കഴിഞ്ഞു. അദ്ദേഹം അപ്പോഴേക്കും റോമാസാമ്രാജ്യത്തിന്റെ തലപ്പത്ത് എത്തിക്കഴിഞ്ഞിരുന്നു.
1. കുരിശിന്റെ ചിഹ്നത്തില്‍ വിജയം
ഇറ്റലിയുടെയും ആഫ്രിക്കയുടെയും അധികാരി (ഇലമമെൃ) ആയിരുന്ന മാക്‌സെന്‍സിയൂസിന് എതിരേ 312 ല്‍ നടത്തിയ യുദ്ധമാണ് കോണ്‍സ്റ്റന്റൈന്റെ മാനസാന്തരത്തിനു കാരണമായത്. റോമന്‍ചരിത്രകാരനായ ലക്റ്റാന്‍സിയൂസ് ഈ സംഭവങ്ങള്‍ കൃത്യമായി വിവരിക്കുന്നുണ്ട്. മാക്‌സെന്‍സിയൂസിനെതിരേയുള്ള യുദ്ധത്തിനൊരുങ്ങുന്ന സമയത്ത് കോണ്‍സ്റ്റന്റയിന് ഒരു ദര്‍ശനമുണ്ടായി. കുരിശിന്റെ (†) ചിഹ്നത്തില്‍ യുദ്ധം ചെയ്യാനായിരുന്നു ദര്‍ശനം. അതിന്‍പ്രകാരം പട്ടാളക്കാരുടെ വസ്ത്രത്തില്‍ കുരിശിന്റെ ചിഹ്നം തുന്നിച്ചേര്‍ത്തു. ആ യുദ്ധത്തില്‍ കോണ്‍സ്റ്റന്റൈന്‍ വിജയിച്ചു. 312 ഒക്‌ടോബര്‍ 28 നായിരുന്നു ഈ വിജയം. ക്രിസ്ത്യാനികളുടെ ചിഹ്നമായ കുരിശാണ് തന്നെയും രക്ഷിച്ചത് എന്നായിരുന്നു കോണ്‍സ്റ്റന്റൈന്റെ വിശ്വാസം. ആ സംഭവംമുതല്‍ അദ്ദേഹത്തിന് ക്രിസ്തുമതത്തോടു കൂടുതല്‍ താത്പര്യമായി. 
ഇതു സംബന്ധിച്ച് സൊസോമെന്‍ എഴുതുന്നു: അദ്ദേഹം മാക്‌സെന്‍സ്യൂസുമായി യുദ്ധത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചപ്പോള്‍, എങ്ങനെ സൈനികനടപടി നടത്തണമെന്നും എവിടെനിന്നു സഹായം ലഭിക്കുമെന്നും സംശയിച്ചുനില്‍ക്കുമ്പോള്‍, ആകാശത്തില്‍ തിളങ്ങുന്ന ഒരു കുരിശിന്റെ ദര്‍ശനം ഉണ്ടായി. ഇതേപ്പറ്റി അദ്ദേഹം ആശ്ചര്യഭരിതനായി. എന്നാല്‍, സമീപത്തുനിന്ന ചില മാലാഖമാര്‍ ഇപ്രകാരം പറഞ്ഞു: ''ഓ, കോണ്‍സ്റ്റന്റൈന്‍, ഈ അടയാളത്താല്‍ വിജയിക്കുക''. ക്രിസ്തുതന്നെ അദ്ദേഹത്തിനു കാണപ്പെട്ടെന്നും, കുരിശിന്റെ അടയാളം കാണിച്ചെന്നും, അതുപോലൊന്നു നിര്‍മിക്കാനും വിജയം ഉറപ്പാകുമെന്നതിനാല്‍ യുദ്ധത്തില്‍ അതു സഹായത്തിനായി എടുക്കാനും കല്പിച്ചെന്നും പറയപ്പെടുന്നു.
മധ്യാഹ്നസമയത്ത് ആകാശത്തില്‍ പ്രകാശപൂരിതമായ ഒരു കുരിശും അതിനുചുറ്റും 'ഈ അടയാളത്താല്‍ കീഴടക്കുക' എന്ന എഴുത്തും, താനും കൂടെയുള്ള പട്ടാളക്കാരും കണ്ടതായി ചക്രവര്‍ത്തി ആണയിട്ടു പറഞ്ഞതായി എവുസേബിയസ് രേഖപ്പെടുത്തിയിരിക്കുന്നു. താന്‍ സൈന്യത്തെ നയിക്കണമോ എന്നു സംശയിച്ചപ്പോള്‍, വഴിയില്‍വച്ചാണ് ഈ ദര്‍ശനം ഉണ്ടായത്. ഇതിന്റെ അര്‍ഥമെന്തെന്നു ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍, രാത്രിയായി. അദ്ദേഹം ഉറങ്ങിക്കിടന്നപ്പോള്‍, ആകാശത്തില്‍ കാണപ്പെട്ട അടയാളത്തോടുകൂടി ക്രിസ്തു പ്രത്യക്ഷപ്പെട്ട്, അതിന്റെ രൂപം നിര്‍മിക്കാനും ശത്രുക്കളുമായുള്ള യുദ്ധത്തില്‍ സഹായത്തിനായി അതുപയോഗിക്കാനും കല്പിച്ചു. വ്യക്തതയ്ക്കു മറ്റൊന്നും ആവശ്യമില്ലായിരുന്നു. കാരണം, ദൈവസേവനത്തിന്റെ ആവശ്യകത ചക്രവര്‍ത്തിക്കു നന്നായി ബോധ്യപ്പെട്ടു.
ചക്രവര്‍ത്തി പ്രഭാതത്തില്‍ ക്രിസ്തുവിന്റെ പുരോഹിതന്മാരെ വരുത്തി, അവരുടെ പ്രബോധനങ്ങള്‍ എന്തെല്ലാമാണെന്നു തിരക്കി. അവരാകട്ടെ, തിരുലിഖിതം തുറന്ന് ക്രിസ്തുവിനെപ്പറ്റിയുള്ള സത്യം വിവരിക്കുകയും പ്രവാചകന്മാര്‍ പ്രവചിച്ചവ എപ്രകാരം പൂര്‍ത്തിയായെന്നു കാണിക്കുകയും ചെയ്തു. നരകത്തിന്മേലുള്ള വിജയമാണ് പ്രതീകാത്മകമായി കാണപ്പെട്ട അടയാളമെന്ന് അവര്‍ പറഞ്ഞു (ഋരരഹലശെമേെശരമഹ ഒശേെീൃ്യ, ആീീസ 1, ഇവ.3).
313 ലെ മിലാന്‍വിളംബരത്തിലൂടെ അദ്ദേഹം ക്രിസ്തുമതത്തിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിത്തുടങ്ങി. മതപീഡനകാലത്തു പിടിച്ചെടുത്ത സഭയുടെ സ്വത്തുക്കള്‍ തിരികെ നല്‍കി. മതപരമായ കാര്യങ്ങളില്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കി. അതിലുപരിയായി രണ്ടര നൂറ്റാണ്ടുകള്‍ നീണ്ട മതമര്‍ദനങ്ങള്‍ നിയമവിരുദ്ധമാക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ സഭയ്ക്കു നല്‍കി. ഞായറാഴ്ച അവധിദിവസമായി പ്രഖ്യാപിച്ചു. സഭയുടെ സ്വത്ത് കരമൊഴിവാക്കി. മെത്രാന്മാര്‍ക്ക് ഗവര്‍ണര്‍മാരുടെ അധികാരം നല്‍കി. ക്രിസ്ത്യാനികളുടെ കേസുകള്‍ രൂപതക്കോടതികള്‍ക്കു നല്‍കി. കുരിശുമരണം നിരോധിച്ചു. ക്രിസ്തീയധാര്‍മികത സാമൂഹികധാര്‍മികതയായി പ്രഖ്യാപിച്ചു. കോണ്‍സ്റ്റന്റൈന്‍ ഒരു ക്രിസ്ത്യാനിയെപ്പോലെ ജീവിക്കാന്‍ തുടങ്ങി. തന്റെ കുട്ടികള്‍ക്കു ക്രിസ്തീയവിദ്യാഭ്യാസം നല്‍കി. റോമില്‍ പല ബസിലിക്കകള്‍ പണിതു. വിശുദ്ധനാട്ടിലെ ബസിലിക്കകളുടെ നിര്‍മാണച്ചുമതല ഹെലേനയെ ഏല്പിച്ചു. പഴയ റോമന്‍വിജാതീയവിനോദങ്ങളിലൊന്നും അദ്ദേഹം പങ്കെടുത്തില്ല.
2. കോണ്‍സ്റ്റന്റൈന്റെ കീഴില്‍ ക്രിസ്തുമതം വളരുന്നു
കോണ്‍സ്റ്റന്റൈന്റെ കീഴില്‍ ക്രിസ്തുമതം വളര്‍ന്നതിനെക്കുറിച്ച് സൊസോമെന്‍ എഴുതുന്നു (ആീീസ 1, 
ഇവ. 6): 'കോണ്‍സ്റ്റന്റൈന്റെ ഭരണത്തിന്‍കീഴില്‍ സഭകള്‍ അഭിവൃദ്ധിപ്പെടുകയും അനുദിനം എണ്ണത്തില്‍ കൂടുകയും ചെയ്തു. ഉദാരമതിയും സുമനസ്സുള്ളവനുമായ ചക്രവര്‍ത്തി അവയെ പരിപോഷിപ്പിച്ചു. നേരത്തേ അവ നേരിട്ടിരുന്ന മതപീഡനങ്ങളില്‍നിന്നും ശല്യപ്പെടുത്തലുകളില്‍നിന്നും ദൈവം അവയെ സംരക്ഷിച്ചു. സഭകള്‍ ലോകത്തിന്റെ മറ്റിടങ്ങളില്‍ പീഡനവിധേയമായപ്പോള്‍, കോണ്‍സ്റ്റന്റൈന്റെ പിതാവായ കോണ്‍സ്റ്റാന്‍സിയൂസ് മാത്രം ഭയരഹിതമായി ദൈവത്തെ ആരാധിക്കാന്‍ ക്രിസ്ത്യാനികളെ അനുവദിച്ചിരുന്നു.
'രേഖപ്പെടുത്തേണ്ടഒ
ഒരസാധാരണസംഗതി അദ്ദേഹം ചെയ്തതായി എനിക്കറിയാം. തന്റെ കൊട്ടാരവുമായി ബന്ധപ്പെട്ട ശ്രേഷ്ഠരും നല്ലവരുമായ ചില ക്രിസ്ത്യാനികളുടെ വിശ്വസ്തത പരിശോധനാവിധേയമാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം അവരെയെല്ലാം വിളിച്ചുകൂട്ടി ബിംബാരാധനയും ദൈവാരാധനയും ഒന്നിച്ചുചെയ്താല്‍ അവര്‍ തന്റെ സേവനത്തില്‍ തുടരുമെന്നും സ്ഥാനഭ്രംശം സംഭവിക്കയില്ലെന്നും പറഞ്ഞു. എന്നാല്‍, തന്റെ ഇഷ്ടമനുസരിച്ചു ചെയ്യാതിരുന്നാല്‍, കൊട്ടാരത്തില്‍നിന്നു പിരിച്ചുവിടുമെന്നും പ്രതികാരനടപടികള്‍ക്കു വിധേയരാകേണ്ടിവരുമെന്നും പറഞ്ഞു. അവരുടെ ഇടയില്‍ അഭിപ്രായവ്യത്യാസമുണ്ടായി. അവര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു. ഒരുകൂട്ടര്‍ തങ്ങളുടെ മതം ഉപേക്ഷിക്കാനും മറ്റേക്കൂട്ടര്‍ ഇപ്പോഴത്തെ ജോലിയേക്കാള്‍ ദൈവാരാധന ശ്രേഷ്ഠമായി കരുതാനും തീരുമാനിച്ചു. തങ്ങളുടെ മതത്തോടു ചേര്‍ന്നുനിന്നവരെ ചക്രവര്‍ത്തി തന്റെ സ്‌നേഹിതരും ഉപദേശകരുമാക്കി. മറ്റവരെ പൗരുഷരഹിതരും ചാഞ്ചാട്ടമുള്ളവരുമായി കരുതി തന്റെ സന്നിധിയില്‍നിന്നു പുറത്താക്കി. തങ്ങളുടെ ദൈവത്തെ ഒറ്റിക്കൊടുക്കുന്നവര്‍ രാജാവിനോട് ഒരിക്കലും വിശ്വസ്തരായിരിക്കയില്ലെന്ന് അദ്ദേഹം വിധിച്ചു. കോണ്‍സ്റ്റാന്‍സിയൂസ് ജീവിച്ചിരുന്നപ്പോള്‍, ഇറ്റലിക്കപ്പുറത്തുള്ള സ്ഥലങ്ങളില്‍, അതായത്, ഗോള്‍, ബ്രിട്ടണ്‍, പടിഞ്ഞാറന്‍സമുദ്രംവരെയുള്ള പിരനെയന്‍ മലമ്പ്രദേശം എന്നിവിടങ്ങളില്‍, ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നതിനു തടസ്സമില്ലായിരുന്നു.'
രാജ്യത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളെല്ലാം ക്രിസ്ത്യാനികള്‍ക്കു നല്‍കി. പൗരസ്ത്യറോമാസാമ്രാജ്യത്തിന്റെ അധിപതിയായിരുന്ന ലിചിനസിനെ തോല്പിച്ച് അവിടെയും ക്രിസ്തുമതത്തിനു സ്വാതന്ത്ര്യം നല്‍കി. നേരത്തേ ക്രിസ്ത്യാനികളെ ബഹുമാനിച്ചിരുന്ന ലിചിനിയൂസ് ഈ യുദ്ധത്തിനുശേഷം മനസ്സുമാറ്റി തന്റെ ഭരണസീമയിലുള്ള നിരവധി വൈദികരെയും അനേകം ആളുകളെയും, പ്രത്യേകിച്ച് പട്ടാളക്കാരെയും അവഹേളിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കോണ്‍സ്റ്റന്റൈനോടുള്ള അഭിപ്രായവ്യത്യാസം നിമിത്തം അയാള്‍ ക്രിസ്ത്യാനികള്‍ക്കെതിരേ രോഷാകുലനായി. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് കോണ്‍സ്റ്റന്റൈനെ വേദനിപ്പിക്കുമെന്നും അയാള്‍ കരുതി. കോണ്‍സ്റ്റന്റൈന്‍ പരമാധികാരിയാകണമെന്നു ക്രിസ്ത്യാനികള്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നെന്ന് അയാള്‍ സംശയിച്ചു. കൂടാതെ, കോണ്‍സ്റ്റന്റൈനുമായുള്ള മറ്റൊരു യുദ്ധത്തിന്റെ തലേന്നാള്‍, യുദ്ധത്തിനൊരുക്കമായി അയാള്‍ ഗ്രീക്കുകാരുടെ ബലികള്‍ അര്‍പ്പിക്കുകയും അരുളപ്പാടുകള്‍ തേടുകയും ചെയ്തു. അധികാരവാഗ്ദാനങ്ങളില്‍ വഞ്ചിതനായി അയാള്‍ ഗ്രീക്കുമതങ്ങളിലേക്കു തിരികെപ്പോയി. ഈ കാലഘട്ടത്തില്‍ അയാള്‍ മിലേത്തോസിലെ അപ്പോളോ ദിദീമുസിന്റെ അരുളപ്പാടിനെ സമീപിച്ചെന്നും ഹോമറിന്റെ വാക്കുകളില്‍ പിശാച് യുദ്ധഫലത്തെപ്പറ്റി ഉത്തരം പറഞ്ഞെന്നും ഗ്രീക്കുകാര്‍ തന്നെ പറയുന്നു. 'വൃദ്ധാ, യുവാക്കള്‍ നിനക്കെതിരേ യുദ്ധം ചെയ്ത് നിന്നെ വളരെയധികം ക്ലേശിപ്പിക്കും. നിന്റെ ശക്തി ക്ഷയിച്ചു, നിന്റെ വാര്‍ധക്യം കഠിനതരമായിരിക്കും.'
ദൈവപരിപാലന ക്രിസ്തീയപ്രബോധനങ്ങളെയും അതിന്റെ വളര്‍ച്ചയെയും പിന്തുണയ്ക്കുന്നെന്ന് അനേകം സംഗതികളില്‍നിന്നു വ്യക്തമാണ്. സംഭവിച്ചവ അതിന് ഉപോദ്ബലകവുമാണ്. തന്റെ ഭരണസീമയിലുള്ള സഭകളെയെല്ലാം ലിചീനിയുസ് പീഡിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍, ബിഥീനിയായില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അത് അയാളും കോണ്‍സ്റ്റന്റൈനും തമ്മിലുള്ള യുദ്ധമായി പരിണമിച്ചു. ദൈവികസഹായം കോണ്‍സ്റ്റന്റൈനെ ബലപ്പെടുത്തി. 

റോമന്‍സാമ്രാജ്യത്തിന്റെ പരമാധികാരം തന്നില്‍ നിക്ഷിപ്തമായ ഉടനെ, ക്രിസ്തുമതത്തെ ബഹുമാനിക്കാനും സത്യദൈവത്തെ ശ്രദ്ധാപൂര്‍വ്വം ആരാധിക്കാനും അവനെ മാത്രം പരമസത്തയായി അംഗീകരിക്കാനും കല്പിച്ചുകൊണ്ട് കോണ്‍സ്റ്റന്റൈന്‍ ഒരു ഡിക്രി പുറപ്പെടുവിച്ചു: ''ആ ദിവ്യസത്തമാത്രം സത്യമായും ആരാധ്യമാണ്. അതുമാത്രം എന്നേക്കുമായി നന്മകള്‍ നല്‍കുന്നതില്‍ അവന്‍ സന്തോഷിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങളെ അവന്‍ ഫലമണിയിക്കുന്നു. എന്നാല്‍ നിയമലംഘകരുടെമേല്‍ യുദ്ധകാലത്തും സമാധാനകാലത്തും, രഹസ്യജീവിതത്തിലും പരസ്യജീവിതത്തിലും അനര്‍ഥങ്ങള്‍ നിപതിക്കുന്നു.'' കോണ്‍സ്റ്റന്റൈന്‍ ഇതും കൂട്ടിച്ചേര്‍ത്തു: ''ഭരിക്കാന്‍ യോഗ്യനായ ഉത്തമദാസനായി തന്നെ ദൈവം കണ്ടതിനാല്‍, ബ്രിട്ടീഷ് കടലില്‍നിന്ന് പൗരസ്ത്യപ്രൊവിന്‍സുകളിലേക്കുതന്നെ ആനയിച്ചു. ക്രിസ്തീയമതം വര്‍ധമാനമാകുന്നതിനും സത്യദൈവാരാധന നിമിത്തം പീഡനങ്ങള്‍ക്കും രക്തസാക്ഷിതത്തിനും വിധേയരായെങ്കിലും, ഉറച്ചുനിന്നവര്‍ പരസ്യമായി ബഹുമാനിക്കപ്പെടുന്നതിനും വേണ്ടിയായിരുന്നിത്.
ഈ പ്രസ്താവനകള്‍ക്കുശേഷം, തന്റെ പ്രജകള്‍ ഇതിലേക്ക് ആകൃഷ്ടരാകാനായി അദ്ദേഹം അനേകം വിശദാംശങ്ങളിലേക്കു കടന്നു. ക്രിസ്തീയസഭയ്‌ക്കെതിരേ മതപീഡകര്‍ പുറപ്പെടുവിച്ച സര്‍വഡിക്രികളും വിധികളും പിന്‍വലിക്കാന്‍ അദ്ദേഹം കല്പിച്ചു. ക്രിസ്തുവിനെ ഏറ്റുപറഞ്ഞതു നിമിത്തം തങ്ങളുടെ ഇച്ഛയ്‌ക്കെതിരായി ദ്വീപുകളിലേക്കോ, മറ്റിടങ്ങളിലേക്കോ നാടു കടത്തപ്പെട്ടവരെയും ഖനികളില്‍ ജോലി ചെയ്യുന്നതിനും പൊതുപണികള്‍ക്കും അന്തഃപുരസേവയ്ക്കും അലക്കിനും വിധിക്കപ്പെട്ടവരെയും പൊതുജോലിക്കായി നിശ്ചയിക്കപ്പെട്ടവരെയും സ്വതന്ത്രരാക്കണമെന്നു കല്പിച്ചു. നിന്ദ്യരെന്നു വിധിക്കപ്പെട്ടവരുടെ നിന്ദനം നീക്കിക്കളഞ്ഞു. സൈന്യത്തിലെ ഉന്നതശ്രേണിയില്‍നിന്നു നീക്കപ്പെട്ടവര്‍ക്ക് ഒന്നുകില്‍ ആ സ്ഥാനത്തു തിരിച്ചെത്താം അല്ലെങ്കില്‍ തങ്ങളുടെ ഇഷ്ടമനുസരിച്ച് മാന്യമായ തുകയോടു കൂടെ ജീവിതം തുടരാം. നേരത്തേ ഓരോരുത്തര്‍ക്കും ഉണ്ടായിരുന്ന ബഹുമാനസ്ഥാനത്തോടുകൂടെ സ്വതന്ത്രാവസ്ഥയിലേക്കു തിരികെപ്പോകാന്‍ അനുവദിച്ചു. അതുപോലെ അവര്‍ക്കുള്ള വസ്തുവകകള്‍ തിരികെനല്‍കി. കൊല്ലപ്പെട്ടവരുടെ കണ്ടുകെട്ടപ്പെട്ട വസ്തുവകകള്‍ അടുത്ത ബന്ധുക്കള്‍ക്കോ, ബന്ധുക്കള്‍ ഇല്ലെങ്കില്‍ സ്ഥലത്തെ പള്ളിക്കോ നല്‍കണമെന്നു കല്പനയിറക്കി. ആരുടെയെങ്കിലും കൈവശം ഇത്തരം വസ്തുവകകള്‍ എത്തിച്ചേര്‍ന്ന് പൊതുവകയോ, വ്യക്തികളുടെവകയോ ആയിത്തീര്‍ന്നെങ്കില്‍, അവ തിരിച്ചുനല്‍കണമെന്നും അദ്ദേഹം കല്പിച്ചു.
അതുപോലെ സര്‍ക്കാര്‍ഖജനാവ് വാങ്ങിയവയോ ദാനമായി ലഭിച്ചവയോ ആയ വസ്തുവകകള്‍ക്ക് ഉചിതമായും സാധ്യമാംവിധവും പരിഹാരം ഉണ്ടാക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പറഞ്ഞതുപോലെ, ഈ നടപടികള്‍ ചക്രവര്‍ത്തി നിര്‍ദേശിക്കുകയും നിയമമാക്കുകയും ഉടന്‍തന്നെ നടപ്പാക്കുകയും ചെയ്തു. റോമന്‍ ഭരണത്തിന്റെ എല്ലാ സുപ്രധാനസ്ഥാനങ്ങളിലും ക്രിസ്ത്യാനികളെ പ്രതിഷ്ഠിച്ചു. കപടാരാധന എല്ലായിടത്തും നിരോധിച്ചു. ജ്യോതിഷം, വിഗ്രഹപ്രതിഷ്ഠ, ഗ്രീക്ക് ഉത്സവങ്ങള്‍ എന്നിവയും നിരോധിച്ചു. നഗരങ്ങളില്‍ നടമാടിയിരുന്ന നിരവധി അതിപുരാതനമായ അനാചാരങ്ങള്‍ നിന്നുപോയി. ഈജിപ്തില്‍ നൈലിലെ വെള്ളത്തിന്റെ അളവ് അമ്പലങ്ങള്‍ നോക്കുന്നരീതി മാറ്റി പള്ളികളെ ഏല്പിച്ചു. റോമാക്കാരുടെ ഇടയിലെ മല്ലയുദ്ധക്കളരി നിരോധിച്ചു. വിവാഹത്തിനുമുമ്പ് കന്യകകളെ വേശ്യാവൃത്തിക്കു പ്രേരിപ്പിക്കുന്നരീതി ഫിനീഷ്യയിലും ലെബനോനിലും ഹേലിയോപ്പൊളീസിലും നിലനിന്നു. ഈ ദുര്‍നടപടിക്കുശേഷം അവര്‍ നൈയാമികവിവാഹത്തില്‍ പ്രവേശിക്കുമായിരുന്നു. ചക്രവര്‍ത്തി ഈ നിന്ദ്യരീതി നിര്‍ത്തലാക്കി.
പ്രാര്‍ഥനാലയങ്ങളില്‍ സാമാന്യം വലുപ്പമുള്ളവ കേടുപാടു തീര്‍ത്തു. മറ്റുചിലത് മനോഹരമായി വലുതാക്കി. മുമ്പ് പള്ളികള്‍ ഇല്ലാത്ത ഇടങ്ങളില്‍ പുതിയവ നിര്‍മിച്ചു. രാജകീയട്രഷറിയില്‍നിന്ന് ആവശ്യത്തിനു പണം നല്‍കാന്‍ പ്രൊവിന്‍ഷ്യല്‍ ഗവര്‍ണര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ആവശ്യമുള്ളവ സംബന്ധിച്ച് അറിയിക്കാന്‍ പട്ടണങ്ങളിലെ മെത്രാന്മാര്‍ക്കും ഈ കാര്യങ്ങളെക്കുറിച്ചു കത്തുകളെഴുതി. വൈദികശ്രേഷ്ഠര്‍ക്കു വിധേയരായിരിക്കാനും തീക്ഷ്ണതാപൂര്‍വം അനുസരണമുള്ളവരായിരിക്കാനും നിര്‍ദേശിച്ചു.
സാമ്രാജ്യത്തിന്റെ സമ്പദ്‌സമൃദ്ധിയോടൊപ്പം മതവും അഭിവൃദ്ധിപ്പെട്ടു. ലിചീനിയസുമായുള്ള യുദ്ധത്തിനുശേഷം വിദേശരാജ്യങ്ങളുമായുള്ള യുദ്ധത്തിലും ചക്രവര്‍ത്തി വിജയശ്രീലാളിതനായി. അദ്ദേഹം സര്‍മാത്യരെയും ഗോത്യരെയും കീഴടക്കി. അവരുമായി സമാധാന ഉടമ്പടി ഉണ്ടാക്കി. ഡാന്യൂബ് നദീതീരത്താണ് അവര്‍ പാര്‍ത്തിരുന്നത്. അവര്‍ യുദ്ധപ്രിയരും അംഗസംഖ്യയില്‍ മികച്ചവരുമായിരുന്നു. അവര്‍ എപ്പോഴും യുദ്ധസന്നദ്ധര്‍ ആയിരുന്നതിനാല്‍ മറ്റു കാട്ടുവര്‍ഗക്കാര്‍ അവരെ ഭയപ്പെട്ടിരുന്നു. അവര്‍ ശത്രുക്കളായി റോമാക്കാരെ മാത്രമേ കണ്ടിരുന്നുള്ളൂ. അവരുമായുള്ള യുദ്ധത്തില്‍ അടയാളങ്ങളാലും സ്വപ്‌നങ്ങളാലും ദൈവികപരിപാലനയുടെ പ്രത്യേക സംരക്ഷണം തനിക്കുണ്ടെന്നു കോണ്‍സ്റ്റന്റൈന്‍ വ്യക്തമായി ദര്‍ശിച്ചു. അതുകൊണ്ട്, യുദ്ധത്തില്‍ തനിക്കെതിരേ ഉയര്‍ന്നവരെയെല്ലാം തുരത്തിയശേഷം, ചക്രവര്‍ത്തി മതപരമായ കാര്യങ്ങളില്‍ തീക്ഷ്ണതാപൂര്‍വം ശ്രദ്ധചെലുത്തുകയും സത്യവിശ്വാസവും രക്ഷാമാര്‍ഗവും തിരിച്ചറിയാന്‍ ഗവര്‍ണര്‍മാരെ ഉപദേശിക്കുകയും ചെയ്തുകൊണ്ട് ക്രിസ്തുവിനോടുള്ള നന്ദി പ്രകാശിപ്പിച്ചു ആശ്രിതരാജ്യങ്ങളില്‍നിന്നു പിരിക്കുന്ന തുകയുടെ ഒരുഭാഗം സമീപസ്ഥനഗരങ്ങളിലെ വൈദികശ്രേഷ്ഠര്‍ക്കു നല്‍കണമെന്നും, ഈ നിയമം എന്നേക്കുമുള്ള നടപടിക്രമം ആയിരിക്കണമെന്നും കല്‍പിച്ചു. 
താന്‍ ആരാധിക്കുന്നതുപോലെ ദൈവാരാധനയ്ക്കു സൈനികരെ പരിചയപ്പെടുത്താന്‍ കുരിശിന്റെ അടയാളം ആയുധങ്ങളില്‍ ചിത്രീകരിക്കുകയും ഒരു പ്രാര്‍ഥനാലയം കൊട്ടാരത്തില്‍ സ്ഥാപിക്കുകയും ചെയ്തു. യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, പള്ളിയുടെ രൂപത്തിലുള്ള ഒരു കൂടാരം തനിക്കുമുമ്പേ വഹിക്കാന്‍ കല്പിച്ചു. മരുഭൂമിയില്‍ തങ്ങേണ്ടി വന്നാല്‍ തനിക്കും തന്റെ പടയാളികള്‍ക്കും ദൈവത്തെ ആരാധിക്കുന്നതിനും വിശുദ്ധ രഹസ്യത്തില്‍ പങ്കെടുക്കുന്നതിനുംവേണ്ടിയായിരുന്നിത്. വൈദികരും ഡീക്കന്മാരും ഈ കൂടാരത്തെ അനുധാവനം ചെയ്ത് സഭാനിയമം അനുസരിച്ചുള്ള ക്രമീകരണം പാലിച്ചിരുന്നു. അക്കാലം മുതല്‍ റോമന്‍ സൈന്യനിര നമ്പരാല്‍ അറിയപ്പെട്ടു. ഓരോന്നിനും അതതിന്റെ കൂടാരവും അനുധാവനം ചെയ്യുന്ന വൈദികരും ഡീക്കന്മാരും ഉണ്ടായിരുന്നു.
കര്‍ത്തൃദിവസം എന്നറിയപ്പെടുന്ന ദിവസത്തിന്റെ ആചരണം നിര്‍ബന്ധമാക്കി. ആഴ്ച്ചയുടെ ഒന്നാംദിവസമെന്ന് യഹൂദര്‍ അതിനെ വിളിക്കുന്നു. ഗ്രീക്കുകാര്‍ അത് സൂര്യനു സമര്‍പ്പിച്ചിരിക്കുന്നു. ഏഴാംദിവസത്തിനു മുമ്പുള്ള ദിവസവും അപ്രകാരംതന്നെ ആചരിക്കാന്‍ നിര്‍ദേശിച്ചു. ഈ ദിവസങ്ങളില്‍ നൈയാമികകാര്യങ്ങളോ, മറ്റു ബിസിനസ്‌കാര്യങ്ങളോ പാടില്ലെന്നും കല്പിച്ചു. പകരം പ്രാര്‍ഥനകളും അപേക്ഷകളുംകൊണ്ട് ദൈവാരാധന നടത്തണമെന്നു നിര്‍ദേശിച്ചു. കര്‍ത്താവ് മരിച്ചവരില്‍നിന്ന് ഉയിര്‍ത്തതിനാല്‍, കര്‍ത്തൃദിനവും, അവിടുന്ന് ക്രൂശിക്കപ്പെട്ടതിനാല്‍ ആറാം ദിവസവും അദ്ദേഹം ബഹുമാനിച്ച് ആദരിച്ചിരുന്നു.
ശത്രുക്കള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ കുരിശ് അദ്ദേഹത്തിനു നല്‍കിയ ശക്തിനിമിത്തവും ഈ അടയാളം കാണപ്പെട്ട ദൈവികരീതി നിമിത്തവും അദ്ദേഹം കുരിശിനെ പ്രത്യേക ബഹുമതിയോടെ പരിഗണിച്ചിരുന്നു. കോടതികളില്‍ തൂക്കിക്കൊല വിധിക്കുന്നതും നടപ്പാക്കുന്നതും നിയമംവഴി നിരോധിച്ചു. നാണയം അടിക്കുമ്പോഴും രൂപങ്ങള്‍ ഉണ്ടാക്കുമ്പോഴും തന്റെ പ്രതിച്ഛായകള്‍ നിര്‍മിക്കുമ്പോഴും ഈ ദിവ്യാടയാളം പതിച്ചിരിക്കണമെന്ന് അദ്ദേഹം കല്പിച്ചു. ഇപ്പോഴും അതേ രീതിയില്‍ കാണപ്പെടുന്നവ ഇതിനു സാക്ഷ്യം നല്‍കുന്നു. എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് നിയമങ്ങള്‍ ക്രോഡീകരിക്കുന്നതിലും, അദ്ദേഹം ദൈവസേവനം ലക്ഷ്യമാക്കിയിരുന്നു. അക്കാലംവരെ നടമാടിയിരുന്ന നിന്ദ്യവും ഭോഗാസക്തവുമായ നിരവധി സംഗതികള്‍ അദ്ദേഹം നിരോധിച്ചു. ഈ കാര്യങ്ങള്‍ സംബന്ധിച്ച് അദ്ദേഹം പുറപ്പെടുവിച്ച കല്പനകളില്‍നിന്ന് ഇവയില്‍ അദ്ദേഹത്തിനുള്ള താത്പര്യം ഒറ്റനോട്ടത്തില്‍ കാണാവുന്നതാണ്. മതകാര്യങ്ങളുടെ ബഹുമാനത്തിനും പരിഗണനയ്ക്കുമായി അദ്ദേഹം നടപ്പാക്കിയ നിയമങ്ങള്‍ സഭാചരിത്രത്തില്‍ പരാമര്‍ശിക്കേണ്ടത് ആവശ്യമാണ്.
പേര്‍ഷ്യന്‍ക്രിസ്ത്യാനികള്‍ പീഡനവിധേയരാകുന്നെന്നു കേട്ട റോമന്‍ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ രോഷാകുലനാകുകയും നീരസം പ്രകടിപ്പിക്കുകയും ചെയ്തു. അവര്‍ക്കു സഹായം ചെയ്യാന്‍ അദ്ദേഹം വളരെ താത്പര്യപൂര്‍വം ആഗ്രഹിച്ചു. എന്നാല്‍, എങ്ങനെ അതു സാധിക്കുമെന്ന് അദ്ദേഹത്തിന് അറിവില്ലായിരുന്നു. ഏതാണ്ട് ഈ അവസരം പേര്‍ഷ്യന്‍രാജാവിന്റെ കൊട്ടാരത്തില്‍നിന്ന് ചില പ്രതിപുരുഷന്മാര്‍ റോമന്‍ചക്രവര്‍ത്തിയുടെ പക്കലെത്തി. ചക്രവര്‍ത്തി അവരുടെ അപേക്ഷകള്‍ അംഗീകരിച്ച് അവരെ പറഞ്ഞയച്ചു. പേര്‍ഷ്യയിലെ ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഷപ്പൂറിന് എഴുതുന്നതിന് ഇതാണു പറ്റിയ സമയമെന്ന് അദ്ദേഹം കരുതുകയും പേര്‍ഷ്യന്‍രാജാവിന് എഴുതുകയും ചെയ്തു:
'ഗര്‍ഹണീയമായതൊന്നും അവരുടെ മതത്തിലില്ല, രക്തരഹിതബലിയിലൂടെ മാത്രമാണ് അവര്‍ ദൈവത്തോട് അപേക്ഷിക്കുന്നത്. കാരണം, രക്തം ചൊരിയലിലല്ല അവിടുന്ന് പ്രസാദിക്കുന്നത്. ഭക്തിയും സുകൃതവുമുള്ള സംശുദ്ധാത്മാക്കളില്‍ അവിടുന്ന് പ്രീതി പ്പെടുന്നു. ഈ കാര്യങ്ങള്‍ വിശ്വസിക്കുന്നവര്‍ പ്രശംസാര്‍ഹരാണ്.' ക്രിസ്ത്യാനികളോടു കരുണയോടെ പ്രവര്‍ത്തിച്ചാല്‍ ദൈവം കരുണ കാണിക്കുമെന്ന് ചക്രവര്‍ത്തി ഷപ്പൂറിന് ഉറപ്പുനല്‍കി. തന്റെയും വലേറിയന്റെയും ദൃഷ്ടാന്തം തെളിവായി അവതരിപ്പിക്കുകയും ചെയ്തു. 
ക്രിസ്തുവിലുള്ള വിശ്വാസം വഴിയും ദൈവകൃപയുടെ സഹായത്താലും പടിഞ്ഞാറന്‍ കടല്‍തീരത്തുനിന്ന് കോണ്‍സ്റ്റന്റൈന്‍ കടന്നുവന്ന് റോമന്‍സാമ്രാജ്യം മുഴുവന്റെയും അധിപനായി. വിദേശികള്‍ക്കും കടന്നുകയറ്റക്കാര്‍ക്കും എതിരേയുള്ള നിരവധി യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. എന്നാല്‍, അദ്ദേഹം ഇതിനൊന്നും ബലികളെയോ, മാന്ത്രികരെയോ ആശ്രയിച്ചില്ല. പിന്നെയോ, തന്റെ വിജയത്തിന് തന്റെ സൈന്യത്തിന്റെ മുമ്പില്‍ കുരിശിന്റെ പ്രതീകവും രക്തരഹിതവും മാലിന്യരഹിതവുമായ ശുദ്ധപ്രാര്‍ഥനകളുംമാത്രം ഉപയോഗിച്ചിരുന്നു. സഭയെ പീഡിപ്പിക്കാത്തിടത്തോളംകാലം വലേറിയന്റെ ഭരണകാലം സമ്പദ്‌സമൃദ്ധമായിരുന്നു. എന്നാല്‍, അയാള്‍ ക്രിസ്ത്യാനികള്‍ക്കെതിരേ പീഡനം അഴിച്ചുവിട്ടതിനാല്‍ ദൈവികകോപം അയാളെ പേര്‍ഷ്യാക്കാര്‍ക്ക് ഏല്പിച്ചു കൊടുത്തു. അവര്‍ അയാളെ തടവുകാരനായി പിടിക്കുകയും മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തു.
ക്രിസ്ത്യാനികളോടു മനോഗുണം കാണിക്കണമെന്നു കാണിച്ച് ഈ രീതിയിലാണ് ചക്രവര്‍ത്തി ഷപ്പൂറിന് എഴുതിയത്. റോമന്‍പ്രദേശത്തായാലും പേര്‍ഷ്യയിലായാലും എല്ലായിടത്തുമുള്ള ക്രിസ്ത്യാനികളുടെ കാര്യത്തില്‍ ചക്രവര്‍ത്തിയുടെ അതീവശ്രദ്ധ ഉണ്ടായിരുന്നു.
3. കോണ്‍സ്റ്റന്റൈന്റെ അന്ത്യം
 337 മേയ് 22 പന്തക്കുസ്താദിവസം കോണ്‍സ്റ്റന്റൈയിന്‍ മരിച്ചു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ ബൈസന്റൈന്‍സഭ 13-ാമത്തെ അപ്പസ്‌തോലനായും വിശുദ്ധനായുമാണ് കണക്കാക്കുക. 330 ലായിരുന്നു കോണ്‍സ്റ്റന്റയിന്‍ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനം റോമില്‍ നിന്ന് ഏഷ്യാമൈനറിലുള്ള കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു (പഴയപേര് ആ്യ്വമിശtuാ) മാറ്റുന്നത്. അതുകൊണ്ടാണ് ക്രിസ്തുമതത്തിന് ഏഷ്യാമൈനറില്‍ കൂടുതല്‍ വേരോട്ടമുണ്ടായത്. കോണ്‍സ്റ്റന്റൈന്റെ മരണത്തെക്കുറിച്ച് സൊസോമെന്‍ എഴുതുന്നു (ആീീസ 2, ഇവ 34): 'അദ്ദേഹം 65-ാം വയസ്സില്‍ മരിച്ചു. അത് അദ്ദേഹത്തിന്റെ ഭരണത്തിന്റെ 31-ാം വര്‍ഷവുമായിരുന്നു. അദ്ദേഹം ക്രിസ്തുവിന്റെ ശക്തനായ സംരക്ഷകനും സഭയ്ക്കുവേണ്ടി തീക്ഷ്ണത കാട്ടിയ ഒന്നാമത്തെ ചക്രവര്‍ത്തിയും സഭയ്ക്കു ധാരാളം നന്മ ചെയ്തവനുമായിരുന്നു. തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മറ്റെല്ലാ ചക്രവര്‍ത്തിമാരെയുംകാള്‍ അദ്ദേഹം വിജയശ്രീലാളിതനായിരുന്നു. ദൈവത്തെ കൂടാതെ അദ്ദേഹം യാതൊരു പദ്ധതിയും ആവിഷ്‌കരിച്ചിരുന്നില്ലെന്ന് എനിക്കു ബോധ്യമുണ്ട്. ഗോത്യരോടും സര്‍മാത്യരോടുമുള്ള യുദ്ധങ്ങളിലും എല്ലാ സൈനികനടപടികളിലും അദ്ദേഹം വിജയിച്ചിരുന്നു. അദ്ദേഹം വളരെ ശാന്തമായി തന്റെ തീരുമാനമനുസരിച്ച് ഭരണരീതിയില്‍ മാറ്റം വരുത്തി. മറ്റൊരു സെനറ്റും മറ്റൊരു ഇമ്പീരിയല്‍ നഗരവും സ്ഥാപിച്ചു. അതിന് തന്റെ പേരുതന്നെ നല്‍കി. ഗ്രീക്ക് പേഗന്‍മതത്തെ നിലംപരിശാക്കി. രാജാക്കന്മാരുടെയും ജനങ്ങളുടെയും ഇടയില്‍ ആ മതം ദീര്‍ഘനാള്‍ നിലനിന്നിരുന്നു.
ചക്രവര്‍ത്തിയുടെ മരണശേഷം ശരീരം ഒരു സ്വര്‍ണശവപ്പെട്ടിയില്‍ വച്ച് കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു കൊണ്ടുപോയി. കൊട്ടാരത്തില്‍ ഒരുയര്‍ന്ന പീഠത്തില്‍വച്ചു. ജീവിതകാലത്ത് കൊട്ടാരവാസികള്‍ ചക്രവര്‍ത്തിയോടു കാണിച്ചിരുന്ന ബഹുമാനാദരവുകള്‍ അപ്പോള്‍ അദ്ദേഹത്തോടു കാട്ടി. പിതാവിന്റെ മരണം അറിഞ്ഞ കോണ്‍സ്റ്റാന്‍സിയൂസ് പൗരസ്ത്യത്തുനിന്ന് ധൃതിയില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തി. ഏറ്റവും മഹനീയമായ രീതിയില്‍ മൃതശരീരം ശ്ലീഹന്മാരുടെ പള്ളിയില്‍, കോണ്‍സ്റ്റന്റൈതന്നെ പണികഴിപ്പിച്ച കല്ലറയില്‍ സംസ്‌ക്കരിച്ചു. അക്കാലം മുതല്‍ ചക്രവര്‍ത്തിമാരെ അവിടെ സം
സ്‌കരിക്കുക പതിവായിത്തീര്‍ന്നു. മെത്രാന്മാരെയും അവിടെ സംസ്‌കരിച്ചു. ഇമ്പീരിയല്‍ അധികാരത്തിന് തുല്യമാണ് ഹയരാര്‍ക്കിക്കല്‍ അധികാരം എന്നതിലുപരി വിശുദ്ധ സ്ഥലങ്ങളില്‍ അവര്‍ക്കാണ് പ്രാമാണ്യം എന്നു പ്രഖ്യാപിക്കപ്പെട്ടു.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)