ലോകമെങ്ങും ശാന്തിയും സമാധാനവും നിലനിറുത്തുകയെന്ന വലിയ സ്വപ്നത്തില്‍നിന്നാണ് ഐക്യരാഷ്ട്രസഭയുടെ പിറവി. രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതാനുഭവങ്ങളില്‍നിന്നുണ്ടായ സമാധാനവികാരമാണ് ഐക്യരാഷ്ട്രസംഘടയുടെ തുടക്കത്തിനു കാരണമായത്. ലോകസമാധാനം നിലനിര്‍ത്താന്‍ ഒരു സംഘടന രൂപവത്കരിക്കണമെന്നും ഇനിയുമൊരു ലോകമഹായുദ്ധം ഉണ്ടാകരുതെന്നുമുള്ള വലിയ വികാരത്തില്‍നിന്നാണ് 1945 ജൂണ്‍ 24 ന് ഇന്ത്യ ഉള്‍പ്പടെ 51 രാജ്യങ്ങളുടെ പ്രതിനിധികള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒത്തുകൂടിയത്. ഈ സമ്മേളനത്തിലാണ് ഐക്യരാഷ്ട്ര സംഘടനയ്ക്കാധാരമായ യു എന്‍ ചാര്‍ട്ടര്‍ എഴുതിയുണ്ടാക്കിയത്. ഈ ചാര്‍ട്ടറിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനം. ഈ ഉടമ്പടിപത്രത്തിന് യു എന്നിന്റെ ഭരണഘടനയുടെ സ്ഥാനമാണുള്ളത്. യു എന്‍ ചാര്‍ട്ടര്‍ ഔദ്യോഗികമായി നിലവില്‍വന്ന 1945 ഒക്‌ടോബര്‍ 24 യു എന്നിന്റെ സ്ഥാപകദിനമായി കണക്കാക്കി. തുടര്‍ന്ന് എല്ലാ വര്‍ഷവും ഈ ദിനം യു എന്‍ ദിനമായി ആചരിച്ചുവരുന്നു.
യു എന്‍ ചാര്‍ട്ടറിന്റെ ചരിത്രം
1941 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ ഡി. റൂസ്‌വെല്‍റ്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവര്‍ സംയുക്തമായി ഒപ്പുവച്ച അറ്റ്‌ലാന്റിക് ചാര്‍ട്ടര്‍ യു എന്‍ ചാര്‍ട്ടറിന്റെ രൂപീകരണത്തിലെ അടിസ്ഥാനപ്രമാണമാണ്. ലോകസമാധാനം നിലനിര്‍ത്തുക എന്നതായിരുന്നു അറ്റ്‌ലാന്റിക്ചാര്‍ട്ടറിന്റെ ലക്ഷ്യം. 1942 ല്‍ ഇരുപത്തിയാറ് രാജ്യങ്ങള്‍ ചാര്‍ട്ടറിലെ നയങ്ങള്‍ അംഗീകരിച്ചുകൊണ്ട് യുണൈറ്റഡ് നേഷന്‍സ് ഡിക്ലറേഷനില്‍ ഒപ്പുവച്ചു. ഇവിടെവച്ചാണ് റൂസ്‌വെല്‍റ്റ് 'യുണൈറ്റഡ് നേഷന്‍സ്' എന്ന പദം ആദ്യമായി പരാമര്‍ശിക്കുന്നത്. വീണ്ടും 1944 ല്‍ വാഷിംഗ്ടണ്‍ ഡി സിയിലെ ഡംബാര്‍ട്ടണ്‍ ഓക്‌സില്‍ നടത്തിയ വിശദചര്‍ച്ചകള്‍ക്കുശേഷം പുതിയ സംഘടനയുടെ രൂപരേഖ തയ്യാറാക്കി. സംഘടനയിലെ അംഗത്വവും വോട്ടവകാശവും സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ 1945 ല്‍ ഉക്രൈനിലെ യാള്‍ട്ടയില്‍ നടന്ന ഉച്ചകോടിയില്‍ പരിഹരിച്ചു. തുടര്‍ന്ന്, 1945 ഏപ്രില്‍ 25 ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ 50 രാജ്യങ്ങള്‍ പങ്കെടുത്ത യു എന്‍ കോണ്‍ഫെറന്‍സ് നടന്നു. 1945 ജൂണ്‍ 26 ന് ഈ അമ്പതുരാജ്യങ്ങളും യു എന്‍ ചാര്‍ട്ടറില്‍ ഒപ്പുവച്ചു. കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാതിരുന്ന പോളണ്ട് പിന്നീട് യഥാര്‍ഥ അംഗമായിത്തന്നെ ഒപ്പുവച്ചു. അങ്ങനെ നാലു മാസങ്ങള്‍ക്കുശേഷം ഒക്‌ടോബര്‍ 24 ന് യു എന്‍ ചാര്‍ട്ടര്‍ നിലവില്‍വന്നു. ഈ ദിനത്തിന്റെ വാര്‍ഷികം 1948 മുതല്‍ ഐക്യരാഷ്ട്രസഭാദിനമായി ആചരിക്കപ്പെടുന്നു.
യു എന്‍ ചാര്‍ട്ടറിന്റെ പ്രസക്തി
ഐക്യരാഷ്ട്രസംഘടനയുടെ നിയമപുസ്തകമാണ് ചാര്‍ട്ടര്‍ എന്നറിയപ്പെടുന്നത്. യുദ്ധത്തില്‍നിന്ന് മനുഷ്യരാശിയെ രക്ഷിക്കുക, സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയമങ്ങളെയും പിന്തുണയ്ക്കുക, സാമൂഹികപുരോഗതിയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍. ലോകത്തെ ഭൂരിപക്ഷം രാഷ്ട്രങ്ങളും യു എന്നില്‍ അംഗങ്ങളാണ്. ഈ രാജ്യങ്ങള്‍ക്കെല്ലാംതന്നെ യു എന്‍ ചാര്‍ട്ടറിലെ തത്ത്വങ്ങള്‍ ബാധകമാണ്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവുമധികം സ്വാധീനമുള്ള നിയമ പുസ്തകമെന്ന് യു എന്‍ ചാര്‍ട്ടറിനെ വിശേഷിപ്പിച്ചാലും അതില്‍ അതിശയോക്തിയില്ല. മനുഷ്യരാശിയുടെ പൊതുവായ ക്ഷേമമാണ് യു എന്‍ ചാര്‍ട്ടറിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന ഐക്യരാഷ്ട്രസംഘടനയുടെ പ്രധാനലക്ഷ്യം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള പൊതുവേദികൂടിയാണ് ഐക്യരാഷ്ട്ര സംഘടന. ഏതു സ്വതന്ത്രരാഷ്ട്രത്തിനും യു എന്നില്‍ അംഗമാകാം. വലിപ്പച്ചെറുപ്പമോ ദാരിദ്ര്യമോ സമ്പത്തോ ഒന്നും പരിഗണിക്കാതെ യു എന്‍ പൊതുസഭയില്‍ എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും തുല്യസ്ഥാനമുണ്ട്. യു എന്നിന്റെ പ്രധാന ഘടകങ്ങളായ ജനറല്‍ അസംബ്ലി, സെക്യൂരിറ്റി കൗണ്‍സില്‍, സെക്രട്ടറിയേറ്റ്, ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍, ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റീസ്, ട്രിസ്റ്റിഷിപ്പ് കൗണ്‍സില്‍ എന്നിവ കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഏജന്‍സികളും പിന്തുടരുന്നത് യു എന്‍ ചാര്‍ട്ടറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്. കൂടാതെ, യു എന്നുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന പതിനെട്ടോളം സ്‌പെഷ്യല്‍ ഏജന്‍സികളുടെയും ഇരുപതില്‍പ്പരം കമ്മിറ്റികളുടെയും പ്രചോദനം ചാര്‍ട്ടറിലെ തത്ത്വങ്ങളാണ്. 1948 ഡിസംബര്‍ പത്തിലെ ആഗോളമനുഷ്യാവകാശപ്രഖ്യാപനം ഉള്‍പ്പടെ നിരവധി അന്തര്‍ദേശീയ പ്രഖ്യാപനങ്ങളുടെയും പ്രചോദനം ചാര്‍ട്ടര്‍തന്നെയാണ്. കൂടാതെ, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കോളനിഭരണത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം നേടിയ അസംഖ്യം രാജ്യങ്ങളുടെ ഭരണഘടനാനിര്‍മ്മാണത്തിലും യു എന്‍ ചാര്‍ട്ടര്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോകസമാധാനത്തിന്റെ പ്രതീകമായ യു എന്‍ ചാര്‍ട്ടര്‍ 75 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഇനിയും നൂറ്റാണ്ടുകളോളം പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് നിലനില്‍ക്കട്ടെ എന്നു പ്രതീക്ഷിക്കാം.