ജപമാലഭക്തിയെക്കുറിച്ച് സുപ്രീംകോടതി റിട്ട. ജസ്റ്റീസ് കുര്യന്‍ ജോസഫ്
ചെറുപ്പത്തില്‍ത്തന്നെ എന്റെ മാതാപിതാക്കന്മാരില്‍നിന്നു കിട്ടിയ വലിയ ഒരു സുകൃതമായി ജപമാലയെ ഞാന്‍ കാണുന്നു. ജപമാല ചൊല്ലാന്‍ പഠിപ്പിച്ചത് എന്റെ മാതാപിതാക്കളും സഹോദരരുമാണ്. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ അര്‍പ്പിക്കുന്ന വിശേഷാല്‍ പ്രാര്‍ത്ഥനയാണ് ജപമാല. വിശുദ്ധ കുര്‍ബാനയും ജപമാലയും ജീവിതത്തിലിന്നേവരെ മുടങ്ങിയിട്ടില്ല. അതിന്റെ ധന്യമായ അനുഭവങ്ങള്‍ എന്നും എനിക്കു കാണാന്‍ കഴിഞ്ഞിട്ടുമുണ്ട്. മാതാവിന്റെ കൈപിടിച്ച്, മാതാവിന്റെ കൈകളിലേക്ക് വിട്ടുകൊടുക്കുന്നതാണ് ജപമാലപ്രാര്‍ത്ഥന. അങ്ങനെ നമ്മെ മാതാവിനു സമര്‍പ്പിച്ചുകഴിഞ്ഞാല്‍ മാതാവിന്റെ ഉത്തരവാദിത്വമാണ് നമ്മെ നോക്കുക എന്നുള്ളത്. അമ്മ നമ്മെ തീര്‍ച്ചയായും നോക്കിക്കൊള്ളും. അമ്മയുടെ ഏറ്റവും വലിയ സുകൃതമെന്നു പറയുന്നതുതന്നെ മക്കളെ നോക്കുക എന്നുള്ളതാണ്. അങ്ങനെ മാതാവ് സംരക്ഷിക്കുന്ന ഒരു മകനാണ് ഞാന്‍ എന്ന് സന്തോഷത്തോടെ, അഭിമാനത്തോടെ ഏറ്റുപറയുന്നു. ചെറുപ്പംമുതലേ ജപമാലഭക്തി എന്നില്‍ വളര്‍ന്നുവരാന്‍ സഹായകമായത് എന്റെ കുടുംബമാണെന്ന് ഞാന്‍ പറഞ്ഞല്ലോ.
ഞങ്ങളുടെ ഇടവകദൈവാലയത്തില്‍ ഒക്‌ടോബര്‍ മാസത്തിലെ ജപമാലപ്രാര്‍ത്ഥന വെളുപ്പിനെയായിരുന്നു. അന്നു ചൂട്ടുവെളിച്ചവുമായി പുലര്‍ച്ചെ അഞ്ചുമണിക്ക് പള്ളിയില്‍ പോയിരുന്നത് ഇന്നും എന്റെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഒക്‌ടോബര്‍മാസത്തെ ജപമാലപ്രാര്‍ത്ഥന പത്തുദിവസം പൂര്‍ത്തിയാകുമ്പോള്‍ മെഴുകുതിരി കത്തിച്ചുപിടിച്ചുള്ള ജപമാലപ്രദക്ഷിണമൊക്കെ ഇന്നും മനസ്സിലുണ്ട്. ഉള്ളിലുള്ള അന്ധകാരവും അസ്വസ്ഥതകളും മാറാന്‍ ജപമാല എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.
എന്തിനാണ് ജപമാലയില്‍ ഇത്രയധികം പ്രാവശ്യം ''നന്മനിറഞ്ഞ മറിയമേ'' ചൊല്ലുന്നതെന്ന് പലരും ചോദിക്കാറുണ്ട്. 53 പ്രാവശ്യം ചൊല്ലുന്നുണ്ട്. അത് മുഴുവന്‍ കൊന്തയാകുമ്പോള്‍ നാലു തവണ അമ്പത്തിമൂന്നുമണി ചൊല്ലുന്നു. അത് എന്തിനെന്നു ചോദിച്ചാല്‍ നാം ഒരാളെ വിളിച്ചിട്ടു കേട്ടില്ലായെങ്കില്‍ പിന്നെയും പിന്നെയും വിളിക്കാറില്ലേ. അവര്‍ കേള്‍ക്കുന്നതുവരെ വിളിച്ചുകൊണ്ടേയിരിക്കും. അങ്ങനെ വിളിക്കുന്നതും കേള്‍ക്കുന്നതും സന്തോഷമാണ്. ''അമ്മേ'' എന്നു വിളിക്കുന്നത് സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ വിളിയാണ്. നമുക്ക് അത്രയേറെ ഇഷ്ടമുള്ളവരെയാണ് പല പ്രാവശ്യം നാം വിളിക്കുന്നത്. അല്ലെങ്കില്‍ രണ്ടോ മൂന്നോ തവണ വിളിച്ച് അതങ്ങു നിര്‍ത്തും. നമ്മള്‍ സ്‌നേഹമുള്ളവരെ വിളിക്കുന്നത് അവര്‍ കേള്‍ക്കാന്‍വേണ്ടി മാത്രമല്ല; വിളിക്കുമ്പോള്‍ നമുക്കു തോന്നുന്ന സന്തോഷത്തിനു വേണ്ടിക്കൂടിയാണ്. മാതാവിനെ വിളിക്കുന്നതില്‍ നാം തീര്‍ച്ചയായും ഒരു സായുജ്യം അനുഭവിക്കുന്നുണ്ട്.
ജപമാല നിത്യവും കഴുത്തിലണിയുന്ന വ്യക്തിയാണ് ഞാന്‍. അത് ഒരു ആഭരണമായി അണിയുക മാത്രമല്ല ചെയ്യാറുള്ളത്. നിത്യവും ചൊല്ലുകയും ചെയ്യും. അത് നമുക്കു നല്കുന്ന സംരക്ഷണം അത്ര വലുതാണ്. എന്റെ ജീവിതത്തില്‍ എത്രയോ അവസരങ്ങളില്‍ ഞാന്‍ ഈ സംരക്ഷണം അനുഭവിച്ചിട്ടുണ്ട്.
ജപമാലരഹസ്യമെന്നു പറഞ്ഞാല്‍ നമ്മുടെ കര്‍ത്താവീശോമിശിഹാ ഇവിടെ ജനിച്ച്, നമുക്കുവേണ്ടി പീഡകള്‍ സഹിച്ചു മരിച്ച് ഉത്ഥാനം ചെയ്തതിന്റെ രക്ഷാകരരഹസ്യങ്ങളാണ്. ഇതാണ് നാം ജപമാലരഹസ്യങ്ങളായി ധ്യാനിക്കുന്നത്. ധ്യാനിക്കുന്ന സമയത്തുതന്നെ നമുക്ക് നമ്മുടെ ജീവിതത്തിന്റെ പിടികിട്ടാത്ത പല കാര്യങ്ങളുടെയും ചുരുള്‍ അഴിഞ്ഞു കിട്ടും. കാരണം, നാം ധ്യാനിക്കുന്നത് പരിശുദ്ധ അമ്മയോടും കുരിശിനോടും ചേര്‍ന്നുകൊണ്ടാണ്. കാരണം, കുരിശിലെ രക്ഷാകരമായ ആ അനുഭവമാണ് ക്രിസ്തുവിന്റെ ജനനംമുതല്‍ ഉത്ഥാനംവരെയും പിന്നീട് പരി. അമ്മയെ കിരീടം അണിയിക്കുന്നതുവരെയുമുള്ളത്.
ജീവിതത്തിലെ നിഗൂഢമായ പല കാര്യങ്ങളും എനിക്കു മനസ്സിലായിട്ടുള്ളത് ജപമാലയുടെ സമയത്താണ്. ജപമാലയുടെ സമയത്ത് പരിശുദ്ധ അമ്മ നമ്മുടെ കൂടെയിരുന്ന് നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. കര്‍ത്താവിലേക്കു നടന്നടുക്കാന്‍, കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാന്‍ എന്നെയും എന്റെ കുടുംബത്തെയും ജപമാല വളരെയധികം സഹായിച്ചിട്ടുണ്ട്.