''അന്തശ്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകയില്ല. അന്തശ്ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകയില്ല.''(മര്‍ക്കോ. 3:24,25). മലയോരങ്ങളില്‍ പ്രസംഗിച്ച്, രോഗികളെ സുഖപ്പെടുത്തിയ സുവിശേഷത്തിലെ ക്രിസ്തുവിനെ അനുധാവനം ചെയ്യുന്ന കടമ, സ്വയം ഏറ്റെടുത്തു ജീവിക്കുന്ന സമൂഹമാണ് സന്ന്യാസസഭകള്‍. ഭക്തി, ജ്ഞാന, കര്‍മ്മമാര്‍ഗ്ഗങ്ങളിലൂടെ ക്രിസ്തുവിന്റെ പുനരവതരണമാണ് ഓരോ സന്ന്യാസിയുടെയും ജീവിതത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത് എന്നിരിക്കേ സന്ന്യാസസഭകള്‍ക്കും വ്യക്തികള്‍ക്കും മൂല്യച്യുതി സംഭവിക്കുന്നുവോ എന്നത് ആനുകാലികസംഭവങ്ങളെ മുന്‍നിര്‍ത്തി പരിചിന്തനത്തിനു വിധേയമാക്കേണ്ടതുണ്ട്.
ഒരു ആശ്രമത്തിന്റെ കെട്ടുറപ്പ് അതിന്റെ തടിയുടെയും മണ്ണിന്റെയും ഉറപ്പിലല്ല; മറിച്ച്, അവിടെ വസിക്കുന്ന അംഗങ്ങളുടെ പരസ്പരസ്‌നേഹത്തിലാണ് എന്ന് വി. ചാവറയച്ചന്‍ പറയുമ്പോള്‍, സന്ന്യാസജീവിതത്തിന്റെ അടിസ്ഥാനശില ക്രിസ്തുവും അവന്റെ അകമഴിഞ്ഞ സ്‌നേഹവുമാണെന്നു വ്യക്തം. ''പിന്നെ, അവന്‍ മലമുകളിലേക്കു കയറി തനിക്കിഷ്ടമുള്ളവരെ തന്റെ അടുക്കലേക്കു വിളിച്ചു'' (മര്‍ക്കോ 3:13). ഈ വിളിയും തിരഞ്ഞെടുപ്പുമാണ് സന്ന്യാസസമൂഹത്തിന്റെ കൂട്ടായ്മയ്ക്കു നിദാനം. തുടര്‍ന്ന്, ''തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം നല്കുന്നതിനുമായി അവന്‍ പന്ത്രണ്ടു പേരെ നിയോഗിച്ചു'' (14,15).
ഇങ്ങനെ നിയുക്തരാക്കപ്പെടുന്ന സന്ന്യാസസമൂഹങ്ങളില്‍, പരസ്പരമുള്ള വിശ്വാസമില്ലായ്മയില്‍ എന്താണ് പ്രഘോഷിക്കപ്പെടുന്നത്? സമൂഹാംഗങ്ങളിലെ പരസ്പരസ്‌നേഹമില്ലായ്മ ക്രിസ്തുസ്‌നേഹത്തെ പരാജയപ്പെടുത്താനല്ലേ ഉപകരിക്കൂ? വിശ്വാസ, സ്‌നേഹക്കൂട്ടായ്മയാണ് ക്രൈസ്തവസാക്ഷ്യം. അതിന്റെ തീവ്രഭാവം ഉള്‍ക്കൊള്ളുന്ന സമൂഹങ്ങളാണ് സന്ന്യാസസമൂഹങ്ങള്‍. ആരോപണപ്രത്യാരോപണങ്ങള്‍വഴി മലീമസമാക്കപ്പെടുന്ന സഞ്ചാരപഥങ്ങളിലായാലും ''ക്രിസ്തുമാര്‍ഗ്ഗം'' രൂപപ്പെടുന്നു. ഇത് സന്ന്യാസസമൂഹങ്ങളിലെ വിഘടവാദത്തിനു തുടക്കമിടും എന്നതു തീര്‍ച്ച.
ക്രിസ്തുസാഹോദര്യത്തില്‍ ജീവിക്കാന്‍ സന്ന്യാസസമൂഹങ്ങള്‍ ശ്രദ്ധിക്കുന്നിടത്താണ് സുവിശേഷം അര്‍ത്ഥവത്തായി ജീവിക്കുന്നത്. ധാരണകള്‍ക്കും ധാരണപ്പിശകുകള്‍ക്കുമപ്പുറം അധികാരികളിലൂടെ ദൈവോന്മുഖതയുടെ വെളിപ്പെടുത്തലുകളാണ് ഓരോ തീരുമാനവുമെന്നു സമൂഹാംഗങ്ങള്‍ മനസ്സിലാക്കണം. പ്രതിഫലം ഇച്ഛിക്കാത്ത നിസ്വാര്‍ത്ഥസ്‌നേഹത്തിന്റെ ഉറവിടമാണ് പിതാവായ ദൈവം. അങ്ങനെതന്നെ തങ്ങളുടെമേല്‍നോട്ടത്തിന് ഏല്പിക്കപ്പെട്ടിട്ടുള്ളവരെ ഈ സ്‌നേഹവലയത്തില്‍ ഒന്നിപ്പിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കുന്നിടത്താണ് പിതാവായ ദൈവത്തിന്റെ കരുതലും സ്‌നേഹവും സമൂഹത്തിനു സംരക്ഷണമായിത്തീരുന്നത്.
സഭയുടെ കരുത്ത് സന്ന്യാസി ഭവനങ്ങളാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുമ്പോള്‍ ക്രിസ്തുധര്‍മ്മം, സ്വധര്‍മമായി കണ്ടു ജീവിക്കുന്ന സന്ന്യാസസമൂഹങ്ങളാണ് പിതാക്കന്മാരുടെ മനസ്സില്‍ നിലനിന്നിരുന്നത്. ആദ്യനൂറ്റാണ്ടുകളില്‍ മാത്രമല്ല, മധ്യകാലഘട്ടത്തിലും സഭയ്ക്കു വിശുദ്ധരെ നല്‍കിയിരുന്നത് സന്ന്യാസസഭകളായിരുന്നു. അവരുടെ വിശുദ്ധിയുടെ നിക്ഷേപത്തില്‍നിന്നാണ് സഭ വിശുദ്ധിയുടെ മകുടം ചൂടിയിരുന്നതും. എന്നാല്‍, കളങ്കിതമാക്കപ്പെടുന്നവിധം സന്ന്യാസസഭകളുടെയും അതിന്റെ ഫലമായി കത്തോലിക്കാസഭയുടെയും വിശുദ്ധിയിലുള്ള നിലനില്പിന് കേടുപാടുകള്‍ വന്നുതുടങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഒരു സന്ന്യാസ/സന്ന്യാസിനീസമൂഹത്തെ ആത്മീയമായി ഉജ്ജീവിപ്പിച്ചുനിര്‍ത്തുന്ന പ്രധാന ഘടകം അതു നിരന്തരമായി നിഷ്ഠയോടെ ക്രമപ്പെടുത്തുന്ന മാനുഷികനന്മതന്നെയാണ്. സുവിശേഷത്തിലെ ക്രിസ്തുവിനെ സന്ന്യാസം കണ്ടെത്തുന്നത് അവനവന്റെ ഉള്ളിലും കര്‍മ്മപഥങ്ങളിലും കാത്തുസൂക്ഷിക്കുന്ന മാനുഷികമൂല്യങ്ങളിലുമാണ്. വ്യക്തിതാത്പര്യങ്ങളും സുഖങ്ങളും അതിക്രമിച്ചു കയറിയാല്‍ സന്ന്യാസസമൂഹമെന്നത് ആള്‍ക്കൂട്ടമായി മാറും. വെറും സ്വത്തിന്റെയും അഹന്തയുടെയും കാവല്‍ക്കാരായി സന്ന്യാസികള്‍ക്കു രൂപമാറ്റം വന്നുചേരുമ്പോള്‍ അത് ആഗോളസഭയുടെ മുറിവിന്റെ ആഴം വര്‍ധിപ്പിച്ചുകൊണ്ടിരിക്കും.
ലേഖനം
വിശ്വാസം നഷ്ടപ്പെടുന്ന സന്ന്യാസം!
