ഒരു ക്രിസ്ത്യാനിയായ ആന്റണിക്ക് എങ്ങനെ ഇത്ര മനോഹരമായി ഒരു വെളിച്ചപ്പാടിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് ചിത്രം കണ്ട പൊതുജനത്തിന്റെ ചോദ്യം. ഒരു വെളിച്ചപ്പാടിന്റെ ചേഷ്ടകളോ നടനരീതികളോ പൂജാക്രമങ്ങളോ ആചാരസമ്പ്രദായങ്ങളോ ഒന്നുംതന്നെ ആന്റണിക്കറിയില്ല. എം.ടി.യുടെ ആഗ്രഹത്തിനും നിര്‍ബന്ധത്തിനും വഴങ്ങിയാണ് ആന്റണി വെളിച്ചപ്പാടിന്റെ റോളെടുക്കാമെന്നു വച്ചത്. വാക്കു കൊടുത്ത നിലയ്ക്കും താനെടുക്കുന്ന റോളിന്റെ പ്രാധാന്യം കണക്കിലെടുത്തും വെളിച്ചപ്പാടിനെ എങ്ങനെ പ്രേക്ഷകഹൃദയങ്ങളില്‍ ആഴത്തില്‍ പ്രതിഷ്ഠിക്കാമെന്നായി ആന്റണിയുടെ ചിന്ത.
ചിറങ്ങര അമ്പലത്തിലെ വെളിച്ചപ്പാടിനെ നേരിട്ടുകണ്ടു കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം സഹകരിക്കാമെന്നു സമ്മതിച്ചു. അദ്ദേഹത്തെ ഒരു ഗുരുവായി സ്വീകരിച്ച് അദ്ദേഹത്തിന്റെ മുമ്പില്‍ ദക്ഷിണവച്ച് ആന്റണി പഠനമാരംഭിച്ചുവെന്നാണു കേട്ടിട്ടുള്ളത്. വെളിച്ചപ്പാട് തുള്ളിക്കാണിച്ചത് ആന്റണി അതേപടി ആവര്‍ത്തിച്ചു. പള്ളിവാളിന്റെ ചലിപ്പിക്കലും തുള്ളിക്കളിയുടെ താളവും ചുവടുകളുടെ ചിട്ടകളും നടത്തത്തിന്റെ പ്രത്യേകതകളും എന്നുവേണ്ട, മുഖത്തെ ഭാവപ്രകടനങ്ങളുമെല്ലാം ചുരുങ്ങിയ നാളുകള്‍കൊണ്ട് ആന്റണി ഒപ്പിയെടുത്തു. നിരന്തരമായ ഹോംവര്‍ക്കിലൂടെ ആന്റണി വെളിച്ചപ്പാടായി രൂപാന്തരപ്പെടുകയായിരുന്നു. ആ അധ്വാനത്തിനും അര്‍പ്പണബോധത്തിനും ലഭിച്ച സമ്മാനമാണ് ഭരത് അവാര്‍ഡ്.
കേരളത്തില്‍ ഭരത് അവാര്‍ഡ് ലഭിച്ചവര്‍ രണ്ടുപേരേയുള്ളൂ. ഒരാള്‍ പി.ജെ. ആന്റണിയും മറ്റേയാള്‍ കൊടിയേറ്റം ഗോപിയും. ഉര്‍വശി അവാര്‍ഡ് ലഭിച്ച ഏകവ്യക്തി ശാരദയും. മലയാളത്തിന്റെ പ്രിയനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, മുരളി, സുരേഷ് ഗോപി, ബാലന്‍ കെ. നായര്‍, ബാലചന്ദ്രമേനോന്‍, പ്രേംജി എന്നിവരുടെ പേരിനൊപ്പം ചിലര്‍ 'ഭരത്' ചേര്‍ത്തു വിളിച്ചുവരുന്നുണ്ട്. ഭരത് മമ്മൂട്ടി, ഭരത് മോഹന്‍ലാല്‍, ഭരത് മുരളി എന്നിങ്ങനെ. അതുപോലെതന്നെ, ഉര്‍വശി ശോഭന, ഉര്‍വശി മോനിഷ, ഉര്‍വശി മീരാ ജാസ്മിന്‍ എന്നിങ്ങനെയും വിളിക്കുന്നുണ്ട്. ഇതു സാങ്കേതികമായി തെറ്റാണ്. 1977 വരെ മികച്ച നടീനടന്മാര്‍ക്കു നല്‍കിയിരുന്ന പുരസ്‌കാരമാണ് ഉര്‍വശി-ഭരത് അവാര്‍ഡുകള്‍. 1978 മുതല്‍ ഈ രണ്ട് അവാര്‍ഡുകളും നിര്‍ത്തലാക്കി. ഇപ്പോള്‍ മികച്ച നടനും നടിക്കും നല്‍കുന്നതു ദേശീയപുരസ്‌കാരംമാത്രമാണ്. ഭരത്, ഉര്‍വശി എന്നീ പേരുകളില്ല എന്നര്‍ഥം.
അതിരിക്കട്ടെ, നമുക്ക് ആന്റണിയിലേക്കു തിരിച്ചുവരാം. ജീവിതത്തില്‍ ഒരുപാടു ദുഃഖങ്ങള്‍, ദുരിതങ്ങള്‍, പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍, ആത്മസംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം ആന്റണി അഭിമുഖീകരിച്ചിട്ടുണ്ട്. അവയെ തെല്ലും കൂസാതെ ധീരതയോടെ നേരിട്ട് എല്ലാവരോടും ചങ്കൂറ്റത്തോടെ പറഞ്ഞു: ''തോല്‍ക്കാന്‍ എനിക്കു മനസ്സില്ല.'' ഈ വീറും വാശിയും എല്ലാ രംഗത്തും പ്രകടിപ്പിച്ചു. ജനകീയനാടകകൃത്തായ ആന്റണി ജനപക്ഷത്തുനിന്നു നാടകങ്ങള്‍ രചിച്ചു. ഇടതുപക്ഷത്താണു നിലകൊണ്ടതെങ്കിലും അവരോടും കണക്കറ്റു കലഹിച്ചു. അതായത്, ആന്റണി ആരുടെ പിടിയിലും ഒതുങ്ങില്ല; ഒതുക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല.
മലയാളത്തിലെ നാടകത്തമ്പുരാക്കന്മാരെയും വൈയാകരണന്മാരെയും അദ്ദേഹം തെല്ലും വകവച്ചില്ല. അവരാരും ആന്റണിയെ പ്രമുഖനായ നാടകകൃത്തായി കണ്ടില്ല, അംഗീകരിച്ചില്ല. ആന്റണിയാവട്ടെ, അവരെ പുല്ലിനുപോലും വില കല്പിച്ചില്ല. ഒരനുഭവം ഓര്‍ക്കുന്നു; 1973 ലോ 1974 ലോ കൊടുങ്ങല്ലൂര്‍വച്ചു നടന്ന സമസ്തകേരളസാഹിത്യപരിഷത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള നാടകസമ്മേളനത്തില്‍ മേല്പറഞ്ഞ ചില നാടകപണ്ഡിതന്മാരോടൊപ്പം പി.ജെ. ആന്റണിയും ഞാനും പങ്കെടുത്തിരുന്നു. ആ സമ്മേളനത്തില്‍, അത്യന്താധുനികതയുടെ പേരു പറഞ്ഞു പരീക്ഷണം എന്ന ലേബലൊട്ടിച്ചു പടച്ചുവിടുന്ന കൃത്രിമനാടകസൃഷ്ടികളെ ആന്റണി നിര്‍ത്തി തൊലിപൊളിച്ചു. സ്ഥാനത്തും അസ്ഥാനത്തും കോറസ്, സൂത്രധാരന്‍, ചെണ്ടകൊട്ടുതാളമേളങ്ങള്‍, നൃത്തച്ചുവടുകള്‍ ഇതൊക്കെ കുത്തിനിറച്ചാല്‍ നാടകമാകുമോ? ചുറ്റുമുള്ള ജീവിതങ്ങളില്‍ നീറുന്ന നൂറുനൂറു പ്രശ്‌നങ്ങളുണ്ടായിട്ടും അവയൊന്നും കാണാതെ അവയില്‍നിന്ന് ഒളിച്ചോടി, ദുര്‍ഗ്രഹവും കൃത്രിമവുമായ പരീക്ഷണങ്ങള്‍ നടത്തുന്നവരെ അതിരൂക്ഷമായി വിമര്‍ശിച്ചു.
ഭരത് അവാര്‍ഡു ലഭിച്ച ആന്റണിക്ക് നാടിന്റെ നാനാഭാഗത്തും സ്വീകരണങ്ങള്‍ നല്‍കാന്‍ സുഹൃത്തുക്കളും കലാസംഘടനകളും തയ്യാറായെങ്കിലും ജോലിത്തിരക്കും ആരോഗ്യപ്രശ്‌നങ്ങളും കാരണം വളരെ ചുരുക്കം ചിലതിലേ അദ്ദേഹം സംബന്ധിച്ചുള്ളൂ. മൂത്തകുന്നത്ത് 1974 ഡിസംബര്‍ 31 ന് ആന്റണിക്ക് ഒരു വമ്പിച്ച സ്വീകരണം നല്‍കി. സ്വീകരണസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുന്നതു പ്രേംജി, സി.ജെ. തോമസിന്റെ പത്‌നി റോസി തോമസ്, ഞാന്‍, പറവൂര്‍ ജോര്‍ജ് തുടങ്ങിയവര്‍. ആന്റണി സഹധര്‍മിണി മേരിയോടൊപ്പമാണെത്തിയത്. ഭരത് പട്ടം ലഭിച്ചശേഷം ആന്റണിയെ ആദ്യം കാണുകയാണു ഞാനും പ്രേംജിയും. ഞങ്ങള്‍ കുറേനേരം വിശേഷങ്ങള്‍ കൈമാറി.
സംഘാടകരുടെ ശുഷ്‌കാന്തിക്കുറവുകൊണ്ടോ ഉദാസീനതമൂലമോ യോഗം ആരംഭിക്കാന്‍ വൈകി. അപ്പോള്‍ത്തന്നെ ആന്റണി അക്ഷമയും അസ്വസ്ഥതയും പ്രകടിപ്പിച്ചു. യോഗാനന്തരം ആന്റണിയുടെ ബഹുമാനാര്‍ഥം ഞങ്ങള്‍ക്കെല്ലാം വിഭവസമൃദ്ധമായ വിരുന്നുമൊരുക്കിയിരുന്നു.
പ്രസംഗത്തില്‍ പ്രേംജി, ആന്റണിയുമായുള്ള ദീര്‍ഘകാലബന്ധത്തെക്കുറിച്ചും അവരൊന്നിച്ചുള്ള ചില അനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു. ഞാന്‍ ആന്റണിയുടെ സിദ്ധികളെക്കുറിച്ചും ധീരമായ ചില നിലപാടുകളെക്കുറിച്ചും വിട്ടുവീഴ്ചയില്ലാത്ത സ്വഭാവത്തെപ്പറ്റിയും സംസാരിച്ച കൂട്ടത്തില്‍ ഇത്രയുംകൂടി പറഞ്ഞു: ''ആന്റണി ഒരു കാര്യത്തിനും ആരുടെമുമ്പിലും തലകുനിക്കാത്തവനാണ്. നട്ടെല്ലു വളയ്ക്കാത്തവനാണ്. നട്ടെല്ലു വളച്ചിട്ടുണ്ടെങ്കില്‍ അതു വൈദ്യപരിശോധയ്ക്കായി ഡോക്ടറുടെ മുമ്പില്‍മാത്രം. തലകുനിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി സ്‌നേഹിച്ചവരുടെ മുമ്പില്‍മാത്രം.'' റോസി തോമസും പറവൂര്‍ ജോര്‍ജും യഥാസമയം ആശംസകള്‍ നേര്‍ന്നു. ആന്റണി സമുചിതമായി മറുപടി പറഞ്ഞുകൊണ്ടു സദസ്യരെ സന്തുഷ്ടരാക്കി. യോഗം തീര്‍ന്നപ്പോള്‍ രാത്രി ഒമ്പതര കഴിഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുള്ള ആന്റണി വീട്ടില്‍ പോകാനായി തിടുക്കംകൂട്ടി. അപ്പോഴേക്കും സംഘാടകര്‍ വന്നിട്ടു ഭക്ഷണം കഴിച്ചേ പോകാവൂ എന്ന് ആന്റണിയോട് സ്‌നേഹപൂര്‍വം അഭ്യര്‍ഥിച്ചു. അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും തൃശൂരില്‍നിന്നുവന്ന പ്രേംജിയും ഞാനുമൊക്കെയുള്ളതുകൊണ്ട് മനസ്സില്ലാമനസ്സോടെ ആന്റണി വഴങ്ങി.
''ശരി, എന്നാല്‍ വേഗമാവട്ടെ. എവിടെയാ ഏര്‍പ്പാടു ചെയ്തിരിക്കുന്നത്?''
സംഘാടകര്‍ പറഞ്ഞു: ''മറുകരയിലുള്ള ഒരു വലിയ വീട്ടിലാ. പോകാനായി വള്ളം ഏര്‍പ്പാടാക്കിയിട്ടുണ്ട്.''
ഇതു കേട്ടയുടനെ ആന്റണിയുടെ ഭാവംമാറി. കലിപൂണ്ട് പൊട്ടിത്തെറിച്ചു: ''മറുകരയ്ക്കുപോകാനോ? ഈ പത്തുമണിക്കോ? വള്ളത്തില്‍ കേറ്റി എന്നെ കൊല്ലാനാണോ...?''
പിന്നെ അവിടെ മുഴങ്ങിയത് പരിസരം മറന്നുള്ള പച്ചത്തെറികളാണ്. നിഘണ്ടുവിലില്ലാത്ത കുറെ പദങ്ങള്‍. മേരി പറഞ്ഞിട്ടും ഒതുങ്ങിയില്ല. ക്ഷുഭിതനായി പൊട്ടിത്തെറിക്കുന്ന ആന്റണിയെ ആദ്യമായി അന്നാണു ഞാന്‍ കണ്ടത്. സ്വീകരണം ഗംഭീരമായെങ്കിലും അതിനുശേഷമുള്ളത് ആകെ അലങ്കോലമായി. ഞങ്ങളോടു സോറി പറഞ്ഞ് ആന്റണിയും മേരിയും സ്ഥലംവിട്ടു.
ഭക്ഷണം കഴിക്കാതെ ഞാനും പ്രേംജിയും തൃശൂര്‍ക്കു തിരിച്ചു.
ആരോഗ്യം വീണ്ടെടുത്തപ്പോള്‍ ആന്റണിക്ക് ഒരു തോന്നല്‍. ഇപ്പോള്‍ നല്ല ഗ്ലാമറുള്ള സമയമാണ്. സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ നിര്‍ത്തിവച്ചിരുന്ന നാടകാഭിനയം പുനരാരംഭിച്ചാലോ? ശങ്കരാടിയുമായി ആലോചിച്ചപ്പോള്‍ ആവാമെന്നു തീരുമാനമായി. അങ്ങനെ മൂഷികസ്ത്രീ, കാഴ്ചബംഗ്ലാവ് എന്നീ നാടകങ്ങള്‍ അരങ്ങേറിത്തുടങ്ങി.
ആയിടയ്ക്ക് അവരുടെ നാടകം തൃശൂരില്‍ അവതരിപ്പിച്ചപ്പോള്‍, ഞാന്‍ വളരെ നേരത്തേതന്നെ റീജണല്‍ തിയേറ്ററില്‍പോയി ആന്റണിയെ കണ്ടു. ഏറെ സന്തോഷം തോന്നിയ ആന്റണി, ശങ്കരാടിക്ക് എന്നെ വളരെ മതിപ്പോടെ പരിചയപ്പെടുത്തി. നാടകം തുടങ്ങാന്‍ പിന്നെയും സമയമുണ്ട്. ഒരു പ്രധാന കാര്യം പറയാനുണ്ടെന്നു പറഞ്ഞ് ഞാന്‍ ആന്റണിയെ വിളിച്ചു. ഉത്സാഹപൂര്‍വം അരികത്തുവന്നു. ഞാന്‍ പറഞ്ഞു: ''ഭരത് അവാര്‍ഡു ലഭിച്ച ആന്റണിക്ക് ഇനിയും ഒരുപാട് വിലപ്പെട്ട സംഭാവനകള്‍ ചലച്ചിത്രലോകത്തിനു കൊടുക്കാന്‍ കഴിയും.''
* * * * *
നാലു വര്‍ഷത്തിനുശേഷം 1979 മാര്‍ച്ച് 14 ന് മദ്രാസിലെ വിജയാ ഹോസ്പിറ്റലില്‍വച്ച് ആന്റണി അകാലത്തില്‍ അന്തരിച്ചു. മരിക്കുമ്പോള്‍ വെറും അമ്പത്തിനാലു വയസ്സ്!