ചരിത്രത്തില്‍ ഇതുവരെയുണ്ടായതില്‍വച്ച് ഏറ്റവും മലിനമായ അന്തരീക്ഷമാണ് ഡല്‍ഹിയില്‍ നിലനില്‍ക്കുന്നത്. നഗരമാകെ വിഷപ്പുകകൊണ്ടു നിറഞ്ഞിരിക്കുകയാണ്. ദീപാവലിപ്പിറ്റേന്നു തുടങ്ങിയ പുക അതീവഗുരുതരാവസ്ഥയിലായിരിക്കുന്നു. വായുമലിനീകരണം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകടന്നതിന്റെ അടയാളമാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടുത്ത പുകമഞ്ഞ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതരത്തിലേക്ക് അന്തരീക്ഷമലിനീകരണത്തിന്റെ തോതുയര്‍ന്നതോടെ, സ്‌കൂളുകള്‍ അടച്ചിടാനും ആളുകളെ പുറത്തിറങ്ങുന്നതില്‍നിന്നു നിയന്ത്രിക്കാനുമെല്ലാം ഡല്‍ഹി ഭരണകൂടം നിര്‍ബന്ധിതമായിരിക്കുകയാണ്. ലോകാരോഗ്യസംഘടന നിശ്ചയിച്ച പരിധിയെക്കാള്‍ അമ്പതുമടങ്ങധികമാണ് ഡല്‍ഹിയിലെ വായുമലിനീകരണത്തോത് എന്നു മനസ്സിലാക്കുമ്പോഴാണ് സംഭവത്തിന്റെ തീവ്രത വ്യക്തമാകുന്നത്. സ്വിസ് കമ്പനിയായ ഐ ക്യു എയറിന്റെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും മലിനമാക്കപ്പെട്ട രണ്ടാമത്തെ നഗരമാണ് ഡല്‍ഹി. പാക്കിസ്താനിലെ ലാഹോറാണ് ഒന്നാമത്തെ നഗരം.
വിഷപ്പുകയുടെ കാരണങ്ങള്‍
ഡല്‍ഹിക്കു സമീപമുള്ള ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ് അവശേഷിക്കുന്ന കുറ്റികള്‍ ഒഴിവാക്കാന്‍ കര്‍ഷകര്‍ പാടങ്ങളില്‍ തീയിടുന്ന ''പരളി''യാണ് അന്തരീക്ഷമലിനീകരണത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇതുമാത്രമല്ല, വാഹനങ്ങളിലെ പുകയാണ് മലിനീകരണത്തിന്റെ പ്രധാന കാരണമെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് അടുത്തിടെ നടത്തിയ പഠനത്തിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. 51.5 ശതമാനം വായുമലിനീകരണവും വാഹനങ്ങളില്‍നിന്നുള്ള പുകയുടെ സംഭാവനയാണെന്നാണ് അവരുടെ കണ്ടെത്തല്‍. കാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് മലിനമായ പുകയുടെ പ്രധാന ഉത്പാദകര്‍.
15 വര്‍ഷം പിന്നിട്ട 5.5 മില്യണ്‍ വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തിലുണ്ട്. ദീപാവലിയാഘോഷത്തിന്റെ തൊട്ടടുത്ത ദിവസം മുതലാണ് ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണത്തിന്റെ തോത് കുത്തനെ ഉയര്‍ന്നത്. ദീപങ്ങളുടെ ആഘോഷത്തിനു മിഴിവേകാന്‍ കരിമരുന്നുപ്രയോഗം വ്യാപകമായപ്പോള്‍ വലിയതോതില്‍ വിഷവാതകം അന്തരീക്ഷത്തിലേക്കു പമ്പു ചെയ്യപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. ശൈത്യകാലം പ്രാരംഭഘട്ടത്തില്‍ എത്തിയതും വായുസഞ്ചാരം കുറവായതും അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ വിഷപ്പുക അന്തരീക്ഷത്തില്‍ത്തന്നെ തങ്ങിനില്‍ക്കുന്നതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഗുരുതരമായ സാഹചര്യം
വായുനിലവാരസൂചിക (എ.ക്യു.ഐ) പ്രകാരം പൂജ്യംമുതല്‍ 50 വരെയാണ് മികച്ച വായുഗുണനിലവാരം എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. 50 മുതല്‍ 100 വരെയാണ് ഉചിതമായത് അല്ലെങ്കില്‍ താരതമ്യേന മോശമല്ലാത്തത് എന്ന വിഭാഗത്തില്‍. 100 മുതല്‍ 200 വരെയാണ് മോശം അവസ്ഥ. 200 മുതല്‍ 300 വരെ അപകടകരമായ അവസ്ഥയാണ്. 300 മുതല്‍ 400 വരെ രൂക്ഷമായ വിഭാഗത്തില്‍പ്പെടുന്നു. 400 മുതല്‍ മുകളിലേക്കുള്ളത് അതീവഗുരുതരവും മനുഷ്യജീവനുതന്നെ ഭീഷണിയുമാണ്. ഈ സൂചികയിലാണ് ഇപ്പോള്‍ ഡല്‍ഹിയുടെ ഭൂരിഭാഗം പ്രദേശങ്ങളും. കേന്ദ്രമലിനീകരണനിയന്ത്രണബോര്‍ഡ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം ഡല്‍ഹിയില്‍ വര്‍ഷത്തില്‍ 201 ദിവസംമാത്രമാണ് വായുനിലവാരസൂചിക (എ.ക്യു.ഐ.) 200 ല്‍ താഴുന്നത്. വായുഗുണനിലവാരസൂചികപ്രകാരം കേരളത്തില്‍ 48 ആണെന്നു മനസ്സിലാക്കുമ്പോഴാണ് ഡല്‍ഹി അകപ്പെട്ടിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാകുന്നത് .
കാന്‍സര്‍ അടക്കമുള്ള രോഗങ്ങളിലേക്കു ജനങ്ങളെ തള്ളിവിടുന്നതിനും ശരീരത്തിലെ രക്തയോട്ടത്തെ ദോഷകരമായി ബാധിക്കുന്നതിനും ഈ മലിനീകരണം ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുള്ളവര്‍ എന്നിവരെ അപകടകരമായ വിധം ബാധിക്കുന്നതാണ് എ ക്യുഐയുടെ മോശം നിലവാരം. കണ്ണുനീറ്റല്‍, ചുമ, ശ്വാസതടസ്സംപോലെയുള്ള രോഗങ്ങള്‍ തുടങ്ങിയവ നഗരത്തെ ഒന്നാകെ കീഴ്പ്പെടുത്തിക്കഴിഞ്ഞു.
അന്തരീക്ഷമലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഇന്ത്യയില്‍ പ്രതിവര്‍ഷം 15 ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണു കണക്ക്. മരണഹേതുവാകുന്ന വിഷയങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് അന്തരീക്ഷമലിനീകരണം. ആസ്ത്മരോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനും ഇതു കാരണമാകുന്നു. 2.2 ദശലക്ഷം കുട്ടികളിലെങ്കിലും അന്തരീക്ഷമലിനീകരണം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശ്വാസകോശസംബന്ധമായ അസുഖങ്ങളാണ് ഏറെയും. ഓട്ടിസംപോലുള്ള അവസ്ഥയ്ക്കും ഇത് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. കാര്‍ബണ്‍ ഡയോക്സൈഡ്, ക്ലോറോഫ്ളൂറോ കാര്‍ബണ്‍, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിവയാണ് അന്തരീക്ഷമലിനീകരണത്തിനു കാരണമാകുന്ന പ്രധാന വിഷവാതകങ്ങള്‍. കാര്‍ബണ്‍ ഡയോക്സൈഡാണ് ഇതില്‍ ഏറ്റവും കൂടുതലായി അന്തരീക്ഷത്തില്‍ എത്തുന്നത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളെ ഇപ്പോള്‍ വരിഞ്ഞുമുറുക്കുന്ന പുകമഞ്ഞിന്റെ പ്രധാന ഹേതുവും കാര്‍ബണാണ്.
നടപടികള്‍ അനിവാര്യം
കഴിഞ്ഞ ദിവസം മലിനീകരണവിഷയത്തില്‍ കണ്ണടയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെയും പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭരണഘടനയുടെ 21-ാം വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട്, സുരക്ഷിതമായ അന്തരീക്ഷത്തില്‍ ജനങ്ങള്‍ക്കു ജീവിക്കാന്‍ അവകാശമുണ്ടെന്നു പറഞ്ഞ കോടതി, എങ്ങനെയാണ് നിങ്ങള്‍ ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കാന്‍ പോകുന്നതെന്ന് സര്‍ക്കാരുകളോടു ചോദിച്ചു. 'ഉത്തരവുകള്‍ നടപ്പാക്കുന്നതും, നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതുംമാത്രമല്ല, ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ എന്തു നടപടിയാണ് നിങ്ങള്‍ സ്വീകരിക്കാന്‍ പോകുന്നത് എന്നാണു ചോദ്യം. എല്ലാ കാര്യങ്ങളും കൃത്യമായി നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്തനുള്ള സമയമായി'- സുപ്രീംകോടതി വിമര്‍ശിച്ചു.
ഒരു ദിവസംകൊണ്ടു പരിഹരിക്കാവുന്ന കാര്യങ്ങളല്ല തലസ്ഥാനത്തെ വിഷക്കോടയില്‍ പൊതിയുന്നത്. വ്യവസായശാലകള്‍, വാഹനങ്ങള്‍ എന്നിവയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു നിയമവും നിലപാടുമുണ്ട്. എന്നാല്‍, അതു നടപ്പാക്കുന്നതില്‍ പൊലീസോ ഭരണകൂടമോ ആസൂത്രിതമായി ഇടപെടുന്നില്ല എന്നതാണു സത്യം.