പ്രത്യേകിച്ചു പരിപാടികള്‍ ഒന്നുമില്ലെങ്കില്‍ വൈകുന്നേരം നടക്കാന്‍ പോകുന്നത് ഞാന്‍ ഒഴിവാക്കാറില്ല. നടപ്പുകൊണ്ട് ശരീരത്തെക്കാള്‍ ഏറെ ഗുണം മനസ്സിനാണെന്ന് എനിക്കു തോന്നാറുണ്ട്. കാരണം, ഇടവകാംഗങ്ങളെയും മറ്റുള്ളവരെയും നേരില്‍ കാണാനും അല്പനേരം അവരോടു സംസാരിക്കാനും കഴിയുന്നതുവഴി എനിക്കു ''മൈലേജ'' , കൂടുതല്‍ കിട്ടുന്നു എന്നതുതന്നെ കാരണം. മരച്ചീനി, കൈത, തുടങ്ങിയ കൃഷിയിനങ്ങളുടെ ദൈന്യാവസ്ഥ, ഫലങ്ങളുടെ വിലയിടിവ്, റോഡിന്റെ ശോച്യാവസ്ഥ തുടങ്ങി തലേ ഞായറാഴ്ച ഞാന്‍ കുര്‍ബാനമധ്യേ ചെയ്ത പ്രസംഗംവരെ ആ നടപ്പില്‍ വിഷയമാകാറുണ്ട്. രോഗികളുള്ള വീട്ടില്‍ കയറി അല്പം പ്രാര്‍ഥിക്കുന്നതും പലര്‍ക്കും ആശ്വാസമാണ്. രോഗികള്‍ ഇല്ലെങ്കിലും അച്ചനെ വീട്ടിലൊന്നു കേറ്റിയിട്ടു വിടാനും പലര്‍ക്കും ഉത്സാഹമാണ്. ഇതൊക്കെ 'നല്ല നടത്ത'ത്തിനു ഗുണകരമല്ലെങ്കിലും ആരെയും നിരാശപ്പെടുത്താന്‍ മനസ്സുവരാറില്ല.
ഒരു ദിവസം മേല്പറഞ്ഞ നടത്തത്തിന്റെ ഭാഗമായി പഞ്ചായത്തുവഴിയേ നടന്നുവരുമ്പോള്‍ പതിവില്ലാതെ ഒരാള്‍ എന്നെ കാത്തുനില്‍ക്കുന്നു. നഗരത്തില്‍ പലചരക്കുകട നടത്തുന്ന കുറുവച്ചനാണ് ആള്‍. എന്നെ പലകുറി കണ്ടിട്ടുള്ളതാണെങ്കിലും 'ഞാനിതൊക്കെ എത്ര കണ്ടതാ' എന്ന ഭാവത്തില്‍ തലതിരിച്ചു നില്‍ക്കാറുള്ള കുറുവച്ചന്‍ ഇന്ന് എന്നെക്കണ്ട് വെളുക്കെ ചിരിച്ചു.
''എന്താ കുറുവച്ചാ... ഇന്നു കട തുറന്നില്ലേ..'' ഞാന്‍ കുശലാന്വേഷണം നടത്തി.
''ഇല്ലച്ചോ. രണ്ടുദിവസമായി ഒരു പനിക്കോള്... ഡോക്ടറ് റെസ്റ്റെടുക്കാന്‍ പറഞ്ഞു.'' അയാള്‍ വിനിയാന്വിതനായി കൈകൂപ്പി നില്‍ക്കുകയാണ്. സംസാരംകേട്ട് വീടിനകത്തുനിന്ന് കുറുവച്ചന്റെ ഭാര്യ സൂസമ്മയും രണ്ടു കുട്ടികളും ചാടിവന്നു കൈകൂപ്പി.
''ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ.'' അവര്‍ കോറസ്‌പോലെ പറഞ്ഞു. ഞാന്‍ കൈകൂപ്പി അതു വരവുവച്ചു.
''അച്ചാ, ഒന്നു കയറിയിട്ടു പോകാം.'' കുറുവച്ചന്റെ വാക്കുകള്‍ വീണ്ടും വിനയാന്വിതമായി.
ഇതെന്തുകൂത്ത്! ഒരിക്കലും എന്നെ മൈന്‍ഡു ചെയ്യാത്ത കുറുവച്ചനു മാനസാന്തരമോ? ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല. കാലന്‍കുട കുത്തി സൂക്ഷിച്ച് കുത്തുകല്ലു കയറി വീട്ടുമുറ്റത്തെത്തി. സൂസമ്മയും കുട്ടികളും മുമ്പിലും കുറുവച്ചന്‍ എന്റെ പിമ്പിലുമായി ജാഥ വീട്ടിനകത്തേക്ക്...!
ഇതിനിടെ എന്റെ പിറകില്‍ നടന്ന കുറുവച്ചന്‍ ആകാശത്തേക്കു നോക്കി ഇരു കൈയും വായുവിലെറിഞ്ഞ് മുദ്രാവാക്യം വിളിക്കുംപോലെ എന്തോ കാണിച്ചു. അയാള്‍ വീണ്ടും അതു തുടര്‍ന്നപ്പോള്‍ ഞാന്‍ തലതിരിച്ചു നോക്കി. ഒരു കാലും രണ്ടു കൈകളും വായുവില്‍ പൊക്കി ഭരതനാട്യക്കാരിയെപ്പോലെ നില്‍ക്കുകയാണ് കുറുവച്ചന്‍! ഞാന്‍ കണ്ടെന്നു മനസ്സിലായപ്പോള്‍ അയാള്‍ ജാള്യത്തോടെ പൂര്‍വസ്ഥിതി പ്രാപിച്ച് എന്നെ അനുഗമിച്ചു. ഇതെന്നാ മനുഷ്യനെ വിളിച്ചുവരുത്തി അപമാനിക്കുകയാണോ എന്നു ചോദിക്കാന്‍ എന്റെ നാക്കു തരിച്ചെങ്കിലും ഞാനാ ചോദ്യം പുറത്തേക്കു വരാതെ ചവച്ചിറക്കി.
കട്ടന്‍കാപ്പിയും അച്ചപ്പവും പാത്രത്തിലാക്കി സൂസമ്മ എന്റെ മുമ്പില്‍ വച്ചു. വച്ചതറിയാതെ ജൂനിയര്‍ കുറുവച്ചന്‍മാര്‍ അച്ചപ്പം കൈക്കലാക്കി പുറത്തേക്കു പാഞ്ഞു. കാലിയായ പാത്രത്തിനുമുമ്പില്‍ ഞാന്‍ ഇളിഭ്യനായി ഇരുന്നു കട്ടന്‍ കുടിച്ചുതീര്‍ത്തു.
കുശലാന്വേഷണത്തിനുശേഷം പുറത്തേക്കിറങ്ങുമ്പോള്‍ കുറുവച്ചന്‍ പറഞ്ഞു:
''അച്ചോ, മറ്റൊന്നും വിചാരിക്കരുത്... അച്ചനെ വീട്ടിലൊന്നു കയറ്റണമെന്ന് വളരെ നാളായി എന്റെ ആഗ്രഹമാണ്. ഇപ്പോള്‍ അവനും കണ്ടുകാണും അച്ചന്‍ വന്നത്...''
അവനോ? അതാര്? ഞാന്‍ ചോദിക്കുംമുമ്പേ അയാള്‍ തുടര്‍ന്നു:
''ഇവളുടെ ആങ്ങള ദുബായിലാ. അവനുമായി ഞാനൊരു പന്തയം വച്ചു. അവന്‍ പറഞ്ഞു, അച്ചന്‍ ഇവിടെ വരില്ലാന്ന്.''
ദുബായിക്കാരന്‍ ഞാന്‍ വന്നത് എങ്ങനെ അറിയാന്‍? ഞാന്‍ സംശയം മറച്ചുവച്ചില്ല.
കുറുവച്ചന്‍ മുറ്റത്തുനിന്ന തേക്കിന്റെ മുകളില്‍ പിടിപ്പിച്ചിരിക്കുന്ന സിസിടിവി ക്യാമറയിലേക്കു കൈചൂണ്ടി. ''ക്യാമറയിലൂടെ അവന്‍ കാണും എപ്പോഴെങ്കിലും.''
ദൈവമേ! ഇതെന്തൊരു കാലം! ഞാന്‍ വീഴാതെ സൂക്ഷിച്ച് കുത്തുകല്ലില്‍ ചവിട്ടി റോഡിലേക്കിറങ്ങി. അറിയാതെ കല്ലില്‍ തട്ടി ഞാന്‍ വീണാല്‍ വികാരിയച്ചന്‍ ചക്ക വെട്ടിയിട്ടതുപോലെ റോഡില്‍ കിടക്കുന്നത് എക്‌സ്‌ക്ലൂസീവ് ആയി ദുബായിക്കാരന്‍ കണ്ടാലോ?
ലേഖനം
അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി
